അദ്ധ്യായം 81-84
ഭാഗം :- 81. മന്ദഗതിയില്‍ ദിവസങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരുന്നു. ജീവിതം പഴയ മട്ടിലേക്ക് തിരിച്ചെത്തി. ദേവു പണിക്ക് പോയാലുണ്ടാവുന്ന ഏകാന്തത ഒഴിവാക്കാന്‍ പുറത്തേക്കിറങ്ങും. മിക്കവാറും സായ്‌വിന്‍റെ വീട്ടില്‍ ചെന്ന് തിരിച്ചുപോരും. യു ട്യൂബില്‍ കയറി പഴയ മലയാള സിനിമ ഗാനരംഗങ്ങള്‍ കാണും. കൂട്ടുകാര്‍ കള്ളുഷാപ്പിലേക്ക് ക്ഷണിക്കാറുണ്ട്. പക്ഷെ അവിടേക്ക് ചെല്ലുകയോ ചീട്ടുകളിക്കുകയോ ചെയ്യാറില്ല. ''നിങ്ങള് ഇങ്ങനെ മാറുംന്ന് ഞാന്‍ സ്വപ്നത്തിലുംകൂടി വിചാരിച്ചിട്ടില്ല'' എന്ന് ദേവു എപ്പോഴും പറയും. തിരുവാതിര ഞാറ്റുവേലയില്‍ പെയ്യാന്‍ മറന്ന മഴ പുണര്‍തത്തിന്‍റെ പിന്നേഴില്‍ ആ കോട്ടം തീര്‍ക്കുന്നുണ്ട്. വൈകിയെത്തിയ മഴക്കാലം ആസ്വദിച്ചുകൊണ്ട് വീട്ടില്‍തന്നെ ചടഞ്ഞുകൂടുകയാണ്. ''കലക്ടറടെ പണ്യോന്ന്വൊല്ലല്ലോ നിനക്ക്. മഴകൊണ്ട് നനഞ്ഞ് പിതുങ്ങ്യേ തുണ്യായിട്ട് വൈകുന്നേരംവരെ നില്‍ക്കണ്ടേ. നാല് ദിവസം വെറുതെ വീട്ടിലിരിക്ക്''എന്ന് ദേവുവിനോട് പറഞ്ഞുനോക്കി. ''മഴ്യാണ് എന്നും പറഞ്ഞ് കുടീല് വെറുതെ കുത്തിരുന്നാല്‍ ആരാ നമുക്ക് തിന്നാന്‍ തരാനുള്ളത്''എന്നവള്‍ പറഞ്ഞപ്പോള്‍ ഒന്നും തിരിച്ചുപറ...