അദ്ധ്യായം 1-10
ഭാഗം :-1.
പതിമൂന്ന് ചീട്ടുകളും ഇട്ടുതീരുന്നതുവരെ ക്ഷമിച്ചിരുന്നു. ചിലര്‍ കിട്ടിയ ചീട്ടുകളെല്ലാം അപ്പപ്പോള്‍ തന്നെ നോക്കി അടുക്കിവെക്കുന്നുണ്ട്. അത്ര തിരക്കിട്ട് നോക്കണമെന്നില്ല. മുന്നൂറ്റിപ്പത്ത് പോയിന്‍റുമായി സ്കൂട്ട് ചെയ്യാന്‍ നിവൃത്തിയില്ലാതെ നില്‍ക്കുന്ന ഒരാള്‍ക്ക് എന്തായാലെന്താ. വരാനുള്ളത് വരും. ഔട്ടായാല്‍ ഔട്ടാവട്ടെ. കാശ് പോവും. അല്ലാതെ ഒന്നൂല്യാ.
''കുഞ്ച്വോട്ടോ, ചീട്ട് എടുത്ത് നോക്കിന്‍, നിങ്ങളല്ലേ ആദ്യം കളിക്കണ്ടത്'' തൊട്ടടുത്തിരിക്കുന്ന വേശന്‍ പറഞ്ഞു.
''എന്താണ്ടാ നിനക്കിത്ര ധൃതി. ചീട്ടിട്ട് കഴിയട്ടെ''. പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരും മുന്നൂറ് പോയന്‍റിന്‍റെ അടുത്ത് എത്തിയിട്ടുണ്ട്. ഒരു കൈ പാളിയാല്‍ മുന്നൂറ്റി ഇരുപത് കടക്കും. കളിയില്‍നിന്ന് ഔട്ടാവും. അതാണ് ഇത്ര ആകാംക്ഷ. ചീട്ടുകളെടുത്ത് അടുക്കിവെച്ചു. എന്‍റെ ഭഗവതി. കയ്യ് അടിച്ചിരിക്കുന്നു.
''എന്നാലേ എല്ലാവരും പോയിന്‍റ് പറയിന്‍. കൈ അടിച്ചുകിടക്ക്വാണ്''. ചീട്ട് നിരത്തി കാണിച്ചു. എല്ലാവരുടേയും മുഖത്ത് കളിയില്‍നിന്ന് ഔട്ട് ആയതിന്‍റെ നിരാശ.
''ഔട്ടായോര് കാശ് വെക്കിന്‍'' ഉറക്കെ വിളിച്ചുപറഞ്ഞു. തോറ്റവര്‍ നീട്ടിയ നോട്ടുകള്‍ വാങ്ങി പോക്കറ്റിലിട്ടു.
''എട്ടുമണി കഴിഞ്ഞു. ഞാന്‍ പണിക്ക് പോവ്വാണ്'' ഭാര്യയുടെ ശബ്ദംകേട്ട് ഞെട്ടിയുണര്‍ന്നു''ഡപ്പേല് ഞാന്‍ അഞ്ഞൂറുപ്പിക വെച്ചിട്ടുണ്ട്. ആഴ്ച്ച കടക്കാരന്‍ ഇന്ന് വരും. അയാള്‍ക്ക് കൊടുക്കണം''.
കിടക്കപ്പായില്‍ എഴുന്നേറ്റിരുന്നു. പുതച്ചിരുന്ന ലുങ്കിയെടുത്ത് ഇരുന്ന ഇരുപ്പില്‍ത്തന്നെ അരയില്‍ ചുറ്റി. അനിയത്തിയുടെ വീട് പാര്‍പ്പിന്ന് പാത്രങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ ഭാര്യ ആഴ്ച്ച കടക്കാരന്‍റെ കയ്യില്‍നിന്ന് കടം വാങ്ങിയിട്ടുണ്ട്. അയാളിന്ന് പിരിവിന് വരും. സമയത്തിന് പണം കൊടുത്തില്ലെങ്കില്‍ പലിശ കൂടും. മാത്രമല്ല അയാളുടെ വായിലുള്ളത് കേള്‍ക്കുകയും വേണം.
''എന്നാല്‍ ഞാന്‍ ഇറങ്ങുണൂ''ഭാര്യ ഇറങ്ങിപ്പോയി.
മൊബൈല്‍ എടുത്ത് സമയം നോക്കി. എട്ടര ആയിരിക്കുന്നു. ഉറക്കം മതിയായിട്ടില്ല. നല്ലൊരു സ്വപ്നം കണ്ടതാണ്. അത് മുഴുവനാക്കാന്‍ പറ്റാതെ പോയി. പല്ലുതേച്ച് ചായ കുടിച്ചു. എടുത്തുവെച്ചാല്‍ അത് തണുത്തുപോകും. അടുപ്പില്‍ ഒരുകലം വെള്ളം വെച്ചിട്ടുണ്ട്. അടപ്പു പൊക്കി വെള്ളത്തില്‍ വിരലിട്ടുനോക്കി. ഇളം ചൂടുണ്ട്. കുളിച്ചിട്ടു മതി ഭക്ഷണം കഴിക്കല്‍.
പാത്രത്തിലെ വെള്ളം പ്ലാസ്റ്റിക്ക് ബക്കറ്റിലൊഴിച്ച് അതുമായി തെങ്ങിന്‍റെ ഓല മെടഞ്ഞതുകൊണ്ടു മറച്ച കുളിമുറിയിലേക്ക് നടന്നു. വാസനസോപ്പ് തേച്ച് കുളിച്ചപ്പോള്‍ ഒരു ഉന്മേഷം തോന്നി.
കുളികഴിഞ്ഞതും അടുക്കളയിലേക്ക് ചെന്ന് പാത്രംതുറന്നുനോക്കി. നാല് ഇഡ്ഢലിയും ചട്ട്ണിയുമുണ്ട്. രാവിലെ ഭാര്യ ഒരുവീട്ടില്‍ മുറ്റമടിക്കാന്‍ പോവുന്നുണ്ട്. അവിടെനിന്ന് കിട്ടിയതാണ് രാവിലത്തെ ഈ ആഹാരം. നല്ല ആള്‍ക്കാര്. വായിന് രുചിതോന്നുന്ന എന്തെങ്കിലും ഉണ്ടാക്കിക്കൂടേ. എന്നും ഇഡ്ഡലി തന്നെ. അതെങ്ങിനെ. ഇത്ര എളുപ്പത്തില്‍ വേറെന്താ ഉണ്ടാക്കാന്‍ പറ്റുക.
ആഹാരം കഴിച്ച് കൈ കഴുകി. ഇനിയെന്താ വേണ്ടത്. ആഴ്ച്ചകടക്കാരന്‍ കാശുവാങ്ങാന്‍ വരുമ്പോള്‍ ഉച്ചയാവും. അതുവരെ വെറുതെ വീട്ടില്‍ കുത്തിരിക്കാന്‍ വയ്യ. വഴിക്കുവെച്ച് അവനെ കാണും. അപ്പോള്‍ പൈസ കൊടുക്കാം. ഭാര്യ തിരുമ്പിത്തേച്ചുവെച്ച ഷര്‍ട്ടും ഡബിള്‍മുണ്ടുമെടുത്ത് ധരിച്ചു. വാച്ച് എടുത്തുകെട്ടി. മൊബൈല്‍ പോക്കറ്റിലിട്ട് വാതില്‍ പൂട്ടി പുറത്തിറങ്ങി. എങ്ങോട്ട് പോവണമെന്ന് കുറച്ചുനേരം ആലോചിച്ചു. കള്ളുഷാപ്പില്‍ പരിചയക്കാര് ആരെങ്കിലുമുണ്ടാവും. ശരി. അങ്ങോട്ട് പോവാം.
ഇടവഴി കടന്ന് റോഡിലേക്ക് കയറിയപ്പോള്‍ നേരെ മുന്നില്‍ കാശുമണി. ഗ്രഹപ്പിഴയായല്ലോ. ഈ കുരുത്തംകെട്ടോനെ ഇപ്പോള്‍ കാണുമെന്ന് ഒട്ടും കരുതിയില്ല.
''എവിടേക്കാടാ നീ ഈ നേരത്ത്'' അവനോട് ചോദിച്ചു.
''നിങ്ങളെ കാണാന്‍ തന്നെ''.
''എന്താ ഇത്ര അത്യാവശ്യമായിട്ട്''.
''ഇന്നലെ എന്‍റേന്ന് വാങ്ങ്യേ പൈസ വാങ്ങാന്‍ വരുണതാ''.
ഇന്നലെ ചീട്ടുകളിച്ച് തോറ്റപ്പോള്‍ ഇവനോട് ഇരുന്നൂറ് ഉറുപ്പിക കടം പറഞ്ഞിരുന്നു. നേരം വെളുക്കുംമുമ്പ് അത് വാങ്ങാന്‍ വന്നതാണ് ഈ ദരിദ്രവാസി. കഷ്ടപ്പെട്ട് അദ്ധാനിച്ചുണ്ടാക്കിയ പൈസ കടം വാങ്ങിയ മട്ടിലാണ് ഇവന്‍റെ പറച്ചില്.
''അതിന് നീ തിരഞ്ഞുവരണ്ട കാര്യൂണ്ടോ. ഞാന്‍ തരില്ലേ''.
''നിങ്ങളെ എനിക്കറിയില്ലേ. എല്ലാരും വെള്ളത്തില്‍ മുങ്ങുമ്പൊ നിങ്ങള് പാറേല്‍ മുങ്ങും. അതാ സൈസ്സ്''.
''ഇരുന്നൂറ് ഉറുപ്പിക്യല്ലേ ഉള്ളൂ. അത് ഞാന്‍ രണ്ടുദിവസത്തിനുള്ളില്‍ തന്നോളാം''.
''മര്യാദയ്ക്ക് എന്‍റെ പൈസ തന്നോളിന്‍. ഇല്ലെങ്കില്‍ നിങ്ങടെ വാച്ചും മൊബൈലും ഞാനെടുക്കും''.
''നീ വല്യേ പത്രാസ്സ് കാട്ടണ്ടാ. ഇതാ പിടിച്ചോ നിന്‍റെ പൈസ. ബാക്കി മുന്നൂറ് ഇങ്കിട്ട് താ'' ഭാര്യ ഏല്‍പ്പിച്ച അഞ്ഞൂറിന്‍റെ നോട്ടെടുത്ത് നീട്ടി.
''നിങ്ങള് ചെറ്റ്യാണെങ്കിലും ആളൊരു തറവാട്യാണ്'' അവന്‍ പൈസ വാങ്ങി. ഡ്രോയര്‍ പോക്കറ്റില്‍ കയ്യിട്ട് പണമെടുത്ത് നൂറിന്‍റെ മൂന്ന് നോട്ടുകള്‍ നീട്ടി. അതും വാങ്ങി നേരെ തെക്കോട്ട് നടന്നു.
ഭാഗം :-2.
പന്ത്രണ്ടര ആയാല്‍ ഹോട്ടലിലേക്ക് പോവാമായിരുന്നു. ഹോട്ടലില്‍ നിന്നാണ് ഉച്ചനേരത്ത് ചോറുണ്ണാറ്. ഭാര്യക്ക് രാവിലെ ചോറും കൂട്ടാനും ഉണ്ടാക്കിത്തരാന്‍ നേരം കിട്ടാറില്ല. മുറ്റമടിച്ച് വന്നതും അവള്‍ക്ക് കുളി കഴിഞ്ഞ് പുറപ്പെടണം. എന്നാലേ സമയത്തിന്ന് പണിക്ക് പോവാന്‍പറ്റൂ. അതുകൊണ്ട് ഉച്ചഭക്ഷണം ഹോട്ടലില്‍ നിന്നാക്കി. വീട്ടിലാവുമ്പോള്‍ ചോറും ഒരു കൂട്ടാനും മാത്രമേ ഉണ്ടാവൂ. ഹോട്ടലില്‍ സാമ്പാറും രണ്ട് കറിയും ഉപ്പേരിയും അച്ചാറും പപ്പടവും രസവുമൊക്കെ കിട്ടും.
പതിവുകാരനായതുകൊണ്ട് ഇരുപത്തഞ്ച് ഉറുപ്പിക കൊടുത്താല്‍ മതി. ശനിയാഴ്ച അത് ഒന്നിച്ചുകൊടുക്കും. തലേദിവസം തന്നെ ഭാര്യയുടെ കയ്യില്‍നിന്ന് ആ പൈസ വാങ്ങിവെക്കും.
ആഴ്ച്ചകടക്കാരന്‍ വന്നിട്ടുണ്ടോ എന്നറിയില്ല. വീട്ടില്‍ ചെല്ലുമ്പോള്‍ വാതില്‍ പൂട്ടിയത് കണ്ടാല്‍ തിരിച്ചുപോവും. ഒരുകണക്കില്‍ വീട്ടില്‍നിന്ന് പോന്നത് നന്നായി. അഞ്ഞൂറ് കൊടുക്കാന്‍ ഇനി പറ്റില്ല. അതില്‍ നിന്ന് ഇരുന്നൂറ് പോയല്ലോ. വീട്ടിലിരുന്നാലും കാശുമണി തിരഞ്ഞെത്തി പൈസ വാങ്ങിയിട്ടുണ്ടാവും. അടുത്ത ആഴ്ച്ച ഭാര്യ ഒന്നിച്ച് ആയിരം കൊടുത്തോട്ടെ. അതുവരെ വട്ടച്ചിലവിന്ന് ബാക്കി മുന്നൂറ് എടുക്കാം. ഉങ്ങുമരത്തിന്‍റെ ചുവട്ടില്‍ ലോട്ടറിക്കാരന്‍ ചന്ദ്രനെ കണ്ടു.
''കുഞ്ച്വോട്ടാ, ടിക്കറ്റ് എടുക്കിണില്ലേ''അവന്‍ ചോദിച്ചപ്പോള്‍ ചെന്നു. പത്തോ നൂറോ മുടക്കി ടിക്കറ്റെടുത്താലോ. എപ്പഴാ ഭാഗ്യം തിരിയ്യാ എന്ന് പറയാനാവില്ല. ഒരുകോടി അടിച്ചാലോ. വേണ്ടാ. അത്രയ്ക്ക് അത്യാഗ്രഹം. പത്തുലക്ഷം, അല്ലെങ്കില്‍ അഞ്ച് ആയാലും മതി. ഇനി അയ്യായിരം ആണച്ചാലോ, അതുമതി. ഒരാഴ്ച അടിച്ചുപൊളിച്ച് കഴിയാം.
''കുഞ്ചൂ, നിന്‍റെ വീട്ടില് ഭാര്യീണ്ടോ''തിരിഞ്ഞുനോക്കിയപ്പോള്‍ നേരെ മുന്നില്‍ ആഴ്ച്ചക്കടക്കാരന്‍. പെട്ടു. ഇനി രക്ഷയില്ല.
''അവള് രാവിലെ പണിക്ക് പോയി''.
''ഇന്ന് അഞ്ഞൂറ് തരാന്നവള്‍ പറഞ്ഞതാണ്. ഒന്നും പറഞ്ഞ് ഒരുവഴിക്ക് പോണത് ഇന്ന് ഞാന്‍ തീര്‍ക്കും. അവള് പണിയെടുക്കുന്ന ദിക്കില്‍ ചെന്ന് നാല് വാക്ക് പറയും''. സംഗതി കുഴഞ്ഞല്ലോ. പത്താളുടെ മുമ്പില്‍വെച്ച് വേണ്ടാത്തത് കേള്‍ക്കണ്ടിവന്നാല്‍ അവള്‍ വീട്ടില്‍നിന്ന് അടിച്ചോടിക്കും. കയ്യിലുള്ളത് കൊടുത്ത് എന്തെങ്കിലും തരികിട പറഞ്ഞ് രക്ഷപ്പെടാം.
''നിങ്ങള് അവളെ അന്വേഷിച്ച് പോവ്വോന്നും വേണ്ടാ. പണം ഞാന്‍ തരാം'' പോക്കറ്റില്‍നിന്ന് മുന്നൂറെടുത്ത് നീട്ടി.
''ഇത് മുന്നൂറല്ലേ ഉള്ളൂ''പൈസ എണ്ണി പോക്കറ്റിലിടുമ്പോള്‍ അയാള്‍ പറഞ്ഞു.
''നോക്കിന്‍. നിങ്ങള്‍ക്ക് തരാന്‍വേണ്ടി അവള് അഞ്ഞൂറ് എടുത്തു വെച്ചതാ. അപ്പഴല്ലേ വിചാരിക്കാത്ത ചിലവുണ്ടായത്''.
''എന്തു ചിലവ്. അതെന്താ സംഗതീന്ന് പറയിന്‍''.
''അവളുടെ ഏടത്തിടെ പേരക്കുട്ടി കുളത്തില്‍പ്പെട്ടു''.
''അയ്യോ. എന്നിട്ടെന്തുണ്ടായി''.
''കുളത്തില്‍പ്പെട്ടാല്‍ എന്താ ഉണ്ടാവ്വാ. കുട്ടി പോയി''.
''കഷ്ടം. ഞാന്‍ അന്വേഷിച്ചൂന്ന് ഭാര്യടടുത്ത് പറയിന്‍''. സൈക്കിളില്‍ കയറി അയാള്‍ സ്ഥലംവിട്ടു.
''ഭാര്യടെ ഏടത്തിടെ പേരക്കുട്ടി കുളത്തില്‍ വീണുമരിച്ചൂന്നല്ലെ നിങ്ങള് പറഞ്ഞത്. എന്നിട്ട് ഞാനൊന്നും കേട്ടില്ലല്ലോ''ചന്ദ്രന്‍ ചോദിച്ചു.
''എടാ. അങ്ങിനെ ഒരു കുട്ട്യോന്നൂല്യാ. അവളടെ ഏടത്തി പെറ്റിട്ടില്ല. പിന്നല്ലേ പേരക്കുട്ടി''. ഏടത്തി മാത്രമല്ല അനിയത്തിയും പ്രസവിച്ചിട്ടില്ല.
''നിന്‍റെ കുടുംബത്തിന്‍റെ പാരമ്പര്യം കൊണ്ടാണ് മക്കളുണ്ടാവാതെ പോയത്''എന്ന് ഭാര്യയെ കുറ്റപ്പെടുത്താറുണ്ട്.
''നിങ്ങടെ സ്വഭാവത്തിന്ന് മക്കളില്ലാത്ത കേടേ ഉള്ളൂ''എന്ന് അവളും പറയും
''നിങ്ങള് അസ്സല് ആള്. കെട്ടിക്കൂട്ടി പറയാന്‍ നിങ്ങളെ കഴിച്ചേ ഭൂമീല് ആളുണ്ടാവൂ''.
''ആരായാലും ചിലപ്പൊ ഇങ്ങന്യോക്കെ പറയണ്ടിവരും''.
''നിങ്ങക്ക് ടിക്കറ്റ് വേണ്ടേ. ഇന്നെടുക്കുണ കാരുണ്യ തരട്ടെ''.
''എന്‍റേല് കാശില്ല. പിന്നെ തന്നാ മതീച്ചാല്‍ എടുക്കാ''.
''നിങ്ങളത്ര ബുദ്ധിമുട്ടണ്ടാ. ഞാന്‍ വേറെ ആരക്കെങ്കിലും വിറ്റോളാം''.
''എന്നാ ശരി. നീ വിറ്റോ. ഞാന്‍ പോണൂ''കള്ളുഷാപ്പിലേക്ക് പോവാം. ഈ നേരത്ത് വേറെ എവിടെ പോവാനാണ്. തിരിച്ച് അങ്ങോട്ടേക്ക് നടന്നു.
ഭാഗം :-3.
''ശങ്കരേട്ടാ, ഒരു പപ്പടംകൂടി തരിന്‍''ചോറിനോടൊപ്പം ആദ്യം വിളമ്പിയ പപ്പടം തീര്‍ന്നപ്പോള്‍ ചോദിച്ചു.
''ഇന്നെന്താ എന്നൂല്യാത്ത മാതിരി ഒരു പപ്പടം ചോദിക്കല്''.
''കൂട്ടാനൊക്കെ നല്ല ടേസ്റ്റ്. അതിന്‍റെ കൂടെ പപ്പടം കൂടി ആയാല്‍ രസാണ്''.
''അത്ര രസം മതി. നീ ചോറിന് എത്ര്യാ തരുണത്. വെറും ഇരുപത്തഞ്ച് ഉറുപ്പിക. അപ്പൊ ഒരു പപ്പടംതന്നെ ധാരാളം''.
''അതിന് ഞാന്‍ ഒറ്റപ്രാവശ്യോല്ലേ ചോറ് വാങ്ങുണുള്ളൂ. അതും എല്ലാരും വാങ്ങുണതിനേക്കാള്‍ കുറവ്''.
''നോക്ക്. ഇമ്മാതിരി എച്ചിക്കൂട്ടം കൂട്വാണച്ചാല്‍ ഇനിമേലാല്‍ നീ ഇങ്കിട്ട് വരണ്ടാ''.
''ദേഷ്യപ്പെടണ്ടാ. സൌകര്യൂണ്ടെങ്കില്‍ തരിന്‍. ഇല്ലെങ്കില്‍ വേണ്ടാ''.
എന്തോ പിറുപിറുത്തുകൊണ്ട് ശങ്കരന്‍ വീണ്ടുമൊരു പപ്പടം നീട്ടി. ഒന്നു പുഞ്ചിരിച്ച് അത് വാങ്ങി ഒന്ന് കടിച്ചു.
''സാധനങ്ങള്‍ക്കൊക്കെ എന്താ വിലാന്ന് നിനക്കറിയ്യോ. അതെങ്ങിനെ. ഭാര്യ കഷ്ടപ്പെട്ട് സമ്പാദിച്ച് നിന്നെ പുലര്‍ത്ത്വല്ലേ''.
''ഞാനെന്തിനാ കഷ്ടപ്പെടുണത്. മക്കളില്ല, കുട്ട്യേളില്ല. ആകെ രണ്ടാള് മാത്രം. അപ്പൊ ആരെങ്കിലും ഒരാള് പണ്യെത്താല്‍ പോരേ''.
''മതി. അത് ഇങ്ങനേല്ല. നീ പണ്യെടുത്ത് അവളെ പോറ്റണം. അല്ലാണ്ടെ നീ അവള് അദ്ധ്വാനിച്ച് കിട്ടുണത് വാങ്ങി തിന്ന്വേല്ല''.
''അതേ ശങ്കരേട്ടാ, കുഞ്ച്വോ, നീ പണ്യേടുത്ത് കഷ്ടപ്പെടരുതേന്ന് ഞാന്‍ ജനിക്കുമ്പൊ ദൈവം എന്‍റടുത്ത് പറഞ്ഞിട്ടുണ്ട്''.
''ഈ വായില്‍നാവും കൂടി ഇല്ലെങ്കില്‍ നിന്‍റെ വായില് മണ്ണന്നെ''.
''ദൈവം ഓരോരുത്തര്‍ക്ക് ഓരോന്ന് അറിഞ്ഞ് കൊടുക്കുണൂ. എനിക്ക് കിട്ട്യേത് നാവാണ്''.
''ശരി. വേഗം ഉണ്ടിട്ട് സ്ഥലം വിട്''.
''നിങ്ങള്‍ക്ക് അരി വേണോ ശങ്കരേട്ടാ''. ഇയാളുടെ മനസ്സൊന്ന് മാറ്റണം .
''നിനക്കെന്താ അരിക്കച്ചോടം ഉണ്ടോ''.
''റേഷന്‍ കടേന്ന് കിട്ടുണ അരി കൂട്ടിക്കൂട്ടിവെച്ച് കുറച്ചായിട്ടുണ്ട്. അത് വേണച്ചാല്‍ നിങ്ങക്ക് തരാം''.
''നിന്‍റെ വീട്ടില് വെപ്പും തീനും ഒന്നൂല്ലേ''.
''കെട്ട്യോള് രാവിലെ പണിക്ക് നില്‍ക്കുണ വീട്ടിന്ന് എനിക്കെന്തെങ്കിലും കൊണ്ടുവരും. ഉച്ചയ്ക്ക് ഇവിടെനിന്നാണ് ഭക്ഷണം. വൈകുന്നേരം അവള്‍ ചോറോ കഞ്ഞ്യോ ഉണ്ടാക്കും. അതിന്ന് കുറച്ച് മാറ്റിവെച്ച് ഉച്ചയ്ക്ക് കഴിക്കാന്‍ അവള് കൊണ്ടുപോവും. അതിന് എത്ര്യേന്നെ വേണം''.
''നല്ല ഏര്‍പ്പാട്. അതുപോട്ടെ. നിനക്ക് അരി വെറുതെ കിട്ടുണതല്ലേ''.
''അത് നോക്കണ്ടാ. നല്ല ഒന്നാന്തരം അര്യാണ്''.
''അതിന് ഞാനെന്താ നിനക്ക് തരണ്ടത്''.
''നല്ല കഥ. നിങ്ങടേന്ന് കാശ് വാങ്ങ്വേ. അതൊന്നും വേണ്ടാ. വല്ലപ്പഴും എനിക്ക് ചായ്യോ എണ്ണക്കട്യോ തന്നാ മതി''.
''അതും പറഞ്ഞ് രണ്ടുനേരൂം ചായകുടിക്കാന്‍ വന്നാല്‍ പറ്റില്ല. അത് ആദ്യംതന്നെ പറയാം''.
''എനിക്ക് നിങ്ങളുടെ ചായീം വേണ്ടാ, ഒന്നും വേണ്ടാ. എന്നാ പോരേ''.
''അങ്ങന്യാച്ചാല്‍ അരി കൊണ്ടുവന്നോ''.
''നാളെ പിള്ളരെ ആരേങ്കിലും അയച്ചോളിന്‍. ഞാന്‍ കൊടുത്തുവിടാം''.
''ഇവിടെ പിള്ളരൊന്നൂല്യാ. നീ വരുമ്പൊ കൊണ്ടുവന്നാ മതി''.
''ശരി.നോക്കട്ടെ''
ഊണുകഴിഞ്ഞ് കൈ കഴുകി. ഇനിയെന്താ വേണ്ടത്. വീട്ടില്‍ ചെന്നാല്‍ കുറച്ചുനേരം ഉറങ്ങാം. അതോ ചുറ്റിത്തിരിഞ്ഞ് നടന്ന് സന്ധ്യയോടെ വീടെത്തിയാല്‍ മതിയോ. റോഡിലേക്ക് നോക്കി കടത്തിണ്ണയില്‍ നിന്നു. എതിര്‍വശത്തെ തുണിപീടികയുടെ മുന്നില്‍ ഒരു ബൈക്ക് വന്നുനിന്നു. അതില്‍ നിന്നിറങ്ങിയ ആള്‍ ഹെല്‍മെറ്റ് ഊരി. ഭാസ്ക്കരന്‍റെ മകനല്ലേ ഇത്. ഇവന്‍ എന്നാണ് ലീവില്‍ വന്നത്. മിലിട്ടറിക്കാരനായതോണ്ട് നല്ല സാധനം വല്ലതുംകൊണ്ടുവന്നിട്ടുണ്ടാവും. വെറുതെ ചോദിച്ചുനോക്കാം. കിട്ടിയാലാവട്ടെ. റോഡിന്‍റെ രണ്ടുവശത്തേക്കും നോക്കി മറുവശത്തേക്ക് നടന്നു.
ഭാഗം :-4.
മരച്ചോട്ടില്‍ നില്‍ക്കുന്ന ബൈക്കിനരികില്‍ നിന്നു. കടയിലേക്ക് കയറിയ ആള്‍ തിരിച്ചുവരുന്നതുവരെ കാത്തുനില്‍ക്കാതെ പറ്റില്ലല്ലോ. കടയില്‍ വലിയ തിരക്കില്ല. ചിലപ്പോള്‍ വേഗം തിരിച്ചുവരും.
ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന വണ്ടികളിലെ ചില ഡ്രൈവര്‍മാര്‍ തണലിലിരുന്ന് കാര്യമായി സംസാരിക്കുകയാണ്. പൊട്ടികിടന്ന ഒരു ഇലക്ട്രിക്ക്പോസ്റ്റ് ബെഞ്ചുപോലെവെച്ചിട്ടുണ്ട്. അതിലാണ് അവരുടെ ഇരിപ്പ്. വേണമെങ്കില്‍ അവര്‍ വര്‍ത്തമാനം പറയുന്നതുംകേട്ട് അവിടെ നില്‍ക്കാം. അതിനിടയില്‍ ജവാന്‍ പോയാലോ.
പട്ടാളക്കാരന്‍ കടയില്‍നിന്ന് ഇറങ്ങിവരാന്‍ പത്തുപതിനഞ്ച് മിനുട്ട് വേണ്ടിവന്നു. ഒരു പ്ലാസ്റ്റിക്ക്സഞ്ചി കയ്യില്‍ പിടിച്ചിരിക്കുന്നു. തുണി എന്തോ വാങ്ങിച്ചിട്ടുണ്ട്.
''എന്നാ കുട്ട്യേ ലീവില്‍ വന്നത്''ചിരിച്ചുകൊണ്ട് അയാളോട് ചോദിച്ചു.
''മിനിഞ്ഞാന്ന് എത്തി''.
''കുറച്ചുദിവസം ഇവിടെ ഉണ്ടാവ്വോലോ''.
''ഒരു മാസത്തെ ലീവുണ്ട്''.
ഇനിയെന്താണ് പറയുക, എന്തെങ്കിലും സംസാരിക്കണമല്ലോ. വയ്യാതെ കിടക്കുന്ന അച്ഛനെക്കുറിച്ചായാലോ.
''ഭാസ്ക്കരേട്ടന് ഇപ്പൊ എങ്ങനീണ്ട്''.
''വാക്കറില്‍ പിടിച്ച് വീട്ടിന്‍റെ ഉള്ളിലൊക്കെ നടക്കും''.
''മൂപ്പരെ കാണണംന്ന് എനിക്ക് നല്ല മോഹൂണ്ട്. പക്ഷെ വീട്ടിലിക്ക് വരാന്‍ വയ്യ. എന്നെ കണ്ടാല്‍ മൂപ്പര് കരയും. അത്ര ഇഷ്ടാണ് എന്നെ. എന്താ ചെയ്യാ. എത്ര ഡീസന്‍റായി നടന്ന ആളാണ്. കയ്യും കാലുംവരാതെ കിടക്കുണ നില വരുംന്ന് ഒരാളും സ്വപ്നത്തില്‍ കരുതീട്ടുണ്ടാവില്ല''.
''മനുഷ്യന്‍റെ അവസ്ഥ ഇതൊക്കെത്തന്നെ അല്ലേ''.
''അത് ശര്യാണ്. എന്നെ എപ്പൊ കണ്ടാലും കുഞ്ച്വോ ഇന്നാ, ഇതുവെച്ചോന്ന് പറഞ്ഞ് മൂപ്പര് എന്തെങ്കിലും തരും. അത് ആലോചിച്ചാല്‍ സങ്കടം വരും''.
''ഞാനുള്ളപ്പൊ ഒരുദിവസം നിങ്ങള് വരിന്‍. നേരില്‍ കാണാലോ''.
''ശരി. ഒഴിവോടെ വരാട്ടോ കുട്ട്യേ''.
''എന്നാല്‍ ഞാന്‍ പോണൂ''.
''എനിക്കൊന്നൂല്യേ''. പട്ടാളക്കാരന്‍ പേഴ്സിനകത്തുനിന്ന് എടുത്തു നീട്ടിയ പൈസ വാങ്ങി കണ്ണില്‍മുട്ടിച്ച് പോക്കറ്റിലിട്ടു.
''ഞാന്‍ ഇതല്ല വിചാരിച്ചത്. പട്ടാളത്തിന്ന് വന്നതല്ലേ. എന്തെങ്കിലും സാധനം കൊണ്ടുവന്നിട്ടുണ്ടാവുംന്ന് കരുതി ചോദിച്ചതാണ്''.
''അത് ശരി. അങ്ങിനെ പറയിന്‍. ഇപ്പഴല്ലേ മനസ്സിലായത്''.
''ഞാന്‍ വൈകുന്നേരത്ത് വീട്ടില് വരാ. അപ്പൊ തന്നാ മതി''.
''അതിനുവേണ്ടി വീട്ടിലിക്കൊന്നും വരണ്ടാ. ഞാനിപ്പൊ ഒരുസ്ഥലത്തിക്ക് പോവ്വാണ്. നാളെ ഈ നേരത്ത് ഇവിടെ നിന്നാമതി. ഞാന്‍ കൊണ്ടുവന്ന് തരാം''.
''സന്തോഷായി. ഭാസ്ക്കരേട്ടന്‍റടുത്ത് ഞാന്‍ ചോദിച്ചൂന്ന് പറയണേ''.
''ശരി. അങ്ങിനെ ആവട്ടെ'' ചെറുപ്പക്കാരന്‍ ബൈക്കില്‍ കയറി പോയി. പോക്കറ്റിലിട്ട നോട്ടെടുത്ത് നോക്കി. ഇരുന്നൂറിന്‍റെ ഒറ്റനോട്ട്. കഞ്ചന്‍. അഞ്ഞൂറ് തന്നാല്‍ എന്താ നഷ്ടം. സാരൂല്യാ. കിട്ടിയത് ലാഭം. നാളെ ഈ നേരത്ത് കുപ്പി തരാന്ന് പറഞ്ഞിട്ടുണ്ട്. റം ആയിരിക്കും. അതെങ്കിലത് പോരട്ടെ.
******************************************
പരുവക്കൂട്ടത്തിന്‍റെ തണലിലിരുന്ന് ചെക്കന്മാര് പുഴയില്‍നിന്ന് മീന്‍ പിടിക്കുന്നുണ്ടാവും. കുറച്ചുനേരം അത് നോക്കിയിരിക്കാം. നേരെ പുഴവക്കത്തേക്ക് നടന്നു. തീപോലെ പൊള്ളുന്ന ചൂടാണ്. പുഴകടന്ന് വരുന്ന കാറ്റുംകൊണ്ട് തണലത്തിരിക്കാന്‍ നല്ലസുഖമാണ്. കുറെനേരം ഇരുന്ന് നാലര അഞ്ചാവുമ്പോള്‍ വീട്ടിലേക്ക് പോയാല്‍ മതി.
പണിമാറി ദേവു വന്നാല്‍ ആഴ്ചകടക്കാരന്ന് പൈസകൊടുത്ത കാര്യം ചോദിക്കും. എന്താണ് പറയേണ്ടത്. സത്യം പറഞ്ഞാല്‍ അവള്‍ ചീത്ത പറയും. കൊടുത്തു എന്ന് നുണ പറയാം. അടുത്ത ആഴ്ച ബാക്കികൂടി ചേര്‍ത്ത് കൊടുക്കേണ്ടിവരും. അപ്പോള്‍ എന്താ പറയുക. തല്‍ക്കാലം കൊടുത്തുഎന്ന് പറയാം. പിന്നെ എന്താ വേണ്ടത് എന്നാലോചിക്കാം.
കുളിക്കടവിന്‍റെ പടവുകളിറങ്ങി പുഴയിലെത്തി. പരുവക്കൂട്ടത്തിന്‍റെ ചുവട്ടില്‍ ആരേയും കാണാനില്ല. സാധാരണ ഈ നേരത്ത് ആറേഴെണ്ണം മീന്‍പിടിക്കുന്നുണ്ടാവും. ഇന്നെന്താ ഒരുത്തനും വരാത്തത്. ടൌണില്‍ പുതിയ പടം റിലീസ് ചെയ്തിട്ടുണ്ടാവും. ആദ്യദിവസംതന്നെ കാണാന്‍ ചെന്നില്ലെങ്കില്‍ ചെക്കന്മാര്‍ക്ക് സമാധാനം കിട്ടില്ലല്ലോ.
വെള്ളത്തിലേക്ക് നോക്കിക്കൊണ്ട് നിന്നു. ധാരാളം മീനുള്ള സ്ഥലമാണ്. ചൂണ്ടലിട്ടോ വലവീശിയോ മീന്‍ പിടിച്ചോട്ടെ. നഞ്ച് കലക്കിയും തോട്ട പൊട്ടിച്ചും മീന്‍പിടിക്കുന്നതാണ് തെറ്റ്. പുഴവക്കത്തുകൂടി മെല്ലെനടന്നു. തോട് വന്നുചേരുന്ന ദിക്കില്‍കൂടി നോക്കട്ടെ. ചിലപ്പോള്‍ ചെക്കന്മാര് അവിടെയുണ്ടാവും.
തോടിന്‍റെ തൊട്ടടുത്തുള്ള തൊടിയില്‍ ആരോ തേങ്ങയിടുന്നുണ്ട്. രണ്ട് സ്ത്രീകള്‍ മാത്രമേ ഉടമസ്ഥന്മാരായിട്ടുള്ളു. നോക്കാനും പറയാനും ആളില്ലാത്ത ആ തൊടിയിലെ തേങ്ങ ആരെങ്കിലും ഇട്ടിട്ടുപോവാറാണ് പതിവ്. മിക്കവാറും രാത്രിനേരത്താണ് തേങ്ങ കക്കല്‍. പട്ടാപകല്‍ കക്കാന്‍ ആരും മിനക്കെടില്ല. പൊട്ടിപ്പൊളിഞ്ഞ വേലികടന്ന് അകത്ത് കയറി. താഴെവീണ തേങ്ങ പെറുക്കിക്കൂട്ടുന്ന ആളെ പിടികിട്ടി.
''എട വാസ്വോ. എന്ത് പണ്യാ നീ ഈ കാട്ടൂണ്''അവനോട് ചോദിച്ചു.
''മിണ്ടാണ്ടിരിക്കിന്‍. നിങ്ങക്ക് വേണച്ചാല്‍ പത്തെണ്ണം എടുത്തോളിന്‍''.
''എനിക്ക് വേണ്ടാ കട്ടമുതല്. അതും ആരൂല്യാത്ത രണ്ട് പെണ്ണുങ്ങളടെ''.
''വേണ്ടെങ്കില്‍ വേണ്ടാ. നിങ്ങള് നിങ്ങടെ വഴിക്ക് പോവിന്‍''.
''ഞാന്‍ പോവ്വേന്നേ. പക്ഷെ ഈ കാര്യം ഞാന്‍ എല്ലാരോടും പറയും''.
''എന്നെ നിങ്ങള് വേണ്ടാണ്ടെ കള്ളനാക്കണ്ടാ''.
''അപ്പൊ നീ ചെയ്തതോ''. വാസു ഡ്രായര്‍ പോക്കറ്റില്‍ കയ്യിടുന്നത് കണ്ടു. എന്തോ തരാനാണ്. പോരുന്നത് പോരട്ടെ.
''നൂറ്റമ്പത് ഉറുപ്പികീണ്ട്. ഇതേ എന്‍റേലുള്ളൂ. ഇത് കയ്യില്‍ വെക്കിന്‍'' അവന്‍ പൈസ നീട്ടി. അതുവാങ്ങി പോക്കറ്റിലിട്ടു.
''നോക്ക്. വീട്ടില്‍ കൂട്ടാന് അരയ്ക്കാന്‍ ഒരു കഷ്ണം തേങ്ങീല്ലാ. നീ അതിന്ന് നല്ലോണം മൂത്തത് നോക്കി രണ്ടുമൂന്നെണ്ണം പൊതിച്ചു താ''. അവന്‍ തന്ന നാളികേരങ്ങള്‍ വാങ്ങി കയ്യില്‍ പിടിച്ച് വീട്ടിലേക്ക് നടന്നു
ഭാഗം :-5.
തോട്ടിന്‍പള്ളയിലെ വാഴത്തോട്ടത്തിലേക്ക് നോക്കി. നേന്ത്രവാഴകള്‍ നന്നായിട്ടുണ്ട്. ഓണത്തിന് കായ വെട്ടാന്‍ പാകത്തില്‍ വെച്ചതാണ്. ദൈവം കടാക്ഷിച്ചാല്‍ ഉടമസ്ഥന്ന് പത്തുകാശ് ഉണ്ടാക്കാന്‍ പറ്റും.
ഒരുഓരത്ത് പലജാതി വാഴകള്‍ വെച്ചിട്ടുണ്ട്. ഉടമസ്ഥന്‍ അതിനെ അധികം ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു. കമ്പിവേലിക്കരികില്‍ നില്‍ക്കുന്ന വാഴക്കുല പഴുക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്‍റെ മുകളിലെ ചീര്‍പ്പില്‍നിന്ന് മൂന്നു നാലെണ്ണം അണ്ണാന്‍ തിന്നിട്ടുണ്ട്. ഇനിയും ഈ കുല വെട്ടിവെച്ചില്ലെങ്കില്‍ മുഴുവനും അണ്ണയും കിളിയും തിന്നുപോവും. ആരെയെങ്കിലും കണ്ടാല്‍ ഈ വിവരം പറയണം. പടിക്കല്‍ ചെന്നുനോക്കി. അകത്ത് ആരോ പണി ചെയ്യുന്നുണ്ട്. ഉടമസ്ഥനാണ് തൊടിടെ അകത്തുള്ളത്. പടിക്കാലിനടുത്ത് നാളികേരങ്ങള്‍ ഒളിപ്പിച്ചുവെച്ച് അകത്തുകയറി.
''മുതലാളീ, വാഴക്കുല അണ്ണ തിന്നുണുണ്ട്''അയാളോട് പറഞ്ഞു. കിളയ്ക്കുന്നത് നിര്‍ത്തി അയാള്‍ തലയുയര്‍ത്തി നോക്കി.
''വേലിപ്പള്ളേലെ വാഴടെ കുല പഴുക്കാന്‍ തുടങ്ങീട്ടുണ്ട്. അതിന്ന് ആഞ്ചാറെണ്ണം അണ്ണ തിന്നു''.
''എവട്യാണ്''അയാള്‍ ചോദിച്ചു.
''വരിന്‍. കാണിച്ചു തരാം''. അയാളെ കൂട്ടി വാഴയുടെ അടുത്തേക്ക് ചെന്നു.
''സത്യം പറഞ്ഞാല്‍ ഞാന്‍ ഈ ഭാഗത്തിക്ക് കടക്കാറില്ല. അതാ പറ്റ്യേത്''. അയാള്‍ വാഴക്കുല വെട്ടുമ്പോള്‍ താഴെവീഴാതെ താങ്ങിപിടിച്ചു.
''രണ്ട് ചീര്‍പ്പ് നിങ്ങള് കൊണ്ടുപൊയ്ക്കോളിന്‍''ഉടമസ്ഥന്‍ പറഞ്ഞു.
''എന്‍റേല് സഞ്ചീല്യാ''നാളികേരങ്ങളും വാഴയ്ക്കയുംകൂടി കയ്യില്‍വെച്ച് കൊണ്ടുപോവാനാവില്ല.
''വളത്തിന്‍റെ ചാക്ക് മോട്ടോര്‍പെരേലുണ്ട്. അതിന്ന് ഒന്ന് എടുത്തോ''.
ചാക്കില്‍ വാഴയ്ക്കയും നാളികേരങ്ങളുമായി നടന്നു. സ്കൂള്‍ വിട്ട് കുട്ടികള്‍ പോവാന്‍ തുടങ്ങിയിരിക്കുന്നു. വല്ലാതെ ദാഹിക്കുന്നുണ്ട്. വാസുവിനോട് രണ്ടുമൂന്ന് ഇളന്നീര്‍ ഇട്ടുതരാന്‍ പറയാമായിരുന്നു. അപ്പോഴത് തോന്നിയില്ല. പോയ ബുദ്ധി പാതാളവരണ്ടിയിട്ട് തപ്പി നോക്കിയാലും കിട്ടില്ല.
മരച്ചുവട്ടിലെ തട്ടുകടയുടെ മുന്നിലെത്തിയപ്പോള്‍ ദാഹം ഒന്നുകൂടി വര്‍ദ്ധിച്ചു. നേരെ കടയിലേക്ക് കയറി.
''ഒരു ചായ താ''അവനോട് പറഞ്ഞു.
''തിന്നാനെന്താ വേണ്ടത്. ചൂടുള്ള മുട്ടബജ്ജി എടുക്കട്ടെ''.
''ശരി . അതും രണ്ടെണ്ണം താ''. മുട്ടബജ്ജിയും ചായയും കഴിച്ചപ്പോള്‍ ഒരു ആശ്വാസം. കുറച്ചുകഴിഞ്ഞാല്‍ ദേവു പണിമാറിയെത്തും. ഇരിക്കട്ടെ അവള്‍ക്കും രണ്ടെണ്ണം. രണ്ട് മുട്ടബജ്ജി പൊതിഞ്ഞുവാങ്ങി പൈസ കൊടുത്ത് വീട്ടിലേക്ക് നടന്നു.
വീട്ടിലെത്തി ഷര്‍ട്ടും മുണ്ടും മാറ്റി ലുങ്കിചുറ്റി പുറത്തെത്തിയതും ദേവു വന്നു. അവളുടെ മുഖം കുമ്മുക്കന്‍ കുത്തിയതുപോലെ വീങ്ങിയിട്ടുണ്ട്.
''എന്‍റെ ഏടത്തിടെ ഏത് പേരക്കുട്ട്യാ കുളത്തില്‍ വീണ് ചത്തത്''. ഈ വിവരം ഇവളെങ്ങിനെ മനസ്സിലാക്കി.
''എന്താ നീ അങ്ങിനെ പറഞ്ഞത്''ഒന്നും അറിയാത്ത മട്ടില്‍ ചോദിച്ചു.
''ആഴ്ചക്കടക്കാരന്‍റടുത്ത് നിങ്ങളല്ലേ ഇത് പറഞ്ഞത്''. എല്ലാം ഇവള്‍ അറിഞ്ഞിട്ടുണ്ട്. ഇനി പിടിച്ചുനില്‍ക്കാന്‍ പറ്റില്ല.
''പറഞ്ഞു. അതിനെന്താ കുഴപ്പം''.
''വായപൊളിച്ചാല്‍ നുണ പറയുണ ശീലം നിര്‍ത്തിക്കോളിന്‍. എന്‍റെ എളേപ്പന്‍റെ മകളാണച്ചാലും ജാനു എന്‍റെ അനിയത്ത്യാണ്. അവള് വീട് പാര്‍ക്കുമ്പൊ മര്യാദ നടത്തണ്ട ആളാ നിങ്ങള്. അതോ ചെയ്തില്ല. ഞാന്‍ കടൂം കള്ളീം വാങ്ങി കാര്യംനടത്തി. ആ കടം വീട്ടാന്‍ ഇന്നുവരെ നിങ്ങള് ഒരുറുപ്പിക തന്നിട്ടില്ല. ഞാന്‍ പണ്യേടുത്ത് കിട്ട്യേ കൂലീന്ന് കടം വീട്ടാന്‍ തന്നാല്‍ അതെടുത്ത് കന്നാപിന്നാന്ന് ചിലവാക്കാന്‍ പാട്വോ''
''ഞാനയാള്‍ക്ക് പൈസ കൊടുത്തല്ലോ''
''എത്ര്യാ നിങ്ങളയാള്‍ക്ക് കൊടുത്തത്''.
''മുന്നൂറ്''.
''ബാക്കി കൊണ്ടുപോയി ചീട്ടുകളിച്ച് കളഞ്ഞിട്ടുണ്ടാവും''.
''നോക്ക്. വേണ്ടാത്ത കൂട്ടം കൂടാതെ. ഞാന്‍ ചീട്ടുകളിച്ചൂന്ന് ആരാ നിന്നോട് പറഞ്ഞത്''.
''അങ്ങന്യാച്ചാല്‍ ബാക്കി ഇരുന്നൂറ് എവിടെ''. അകത്തുചെന്ന് ഷര്‍ട്ടിന്‍റെ പോക്കറ്റില്‍നിന്നും പട്ടാളക്കാരന്‍ തന്ന ഇരുന്നൂറിന്‍റെ നോട്ടെടുത്തു.
''ഇതാ പിടിച്ചൊ ബാക്കി ഇരുന്നൂറ്''പൈസ ഭാര്യയുടെ നേര്‍ക്ക് നീട്ടി. അവളത് വാങ്ങി.
''എന്തിനാ ഈ കാശ് കയ്യില്‍വെച്ച് അയാള്‍ക്ക് കൊടുക്കാഞ്ഞത്''.
''കാവിലെ താലപ്പൊലിക്ക് ഇരുന്നൂറ് കൊടുക്കണംന്ന് നീയല്ലേ പറഞ്ഞത്. അതിന് കാശ് വേണോലോ. അതാലോചിച്ചിട്ട് കൊടുക്കാഞ്ഞതാ. അടുത്ത ആഴ്ച ഇതുംചേര്‍ത്ത് നീ കൊടുത്തോ''.
''അയാള് ഞാന്‍ പണ്യെടുക്കുണദിക്കില്‍ പിരിവിന് വന്നപ്പൊ നിങ്ങള് മുന്നൂറ് തന്നു, ഏടത്തിടെ പേരക്കുട്ടി കുളത്തില്‍പ്പെട്ട കാര്യം പറഞ്ഞു എന്നൊക്കെ എന്നോട് പറഞ്ഞു. കമലാക്ഷിടെ കയ്യിന്ന് ഇരുന്നൂറ് വാങ്ങി ഞാനയാള്‍ക്ക് കൊടുക്കുംചെയ്തു''.
''ഇപ്പൊ കണക്ക് ശര്യായല്ലോ''
''കാശിന്‍റെ കണക്ക് ശര്യായി. നുണ പറഞ്ഞതോ''.
''അത് വിട്ടളാ. മൂന്ന് നാളികേരൂം രണ്ട് ചീര്‍പ്പ് വാഴക്കീം വാങ്ങീട്ട് വന്നിട്ടുണ്ട്. പഴുക്കാന്‍ മൂത്ത കായ്യാണ്. വേണച്ചാ പഴുപ്പിച്ചോ. അല്ലെങ്കില്‍ കൂട്ടാന്‍ വെച്ചോ. പിന്നെ അടുക്കളടെ തിണ്ടില് ഒരു പ്ലെയിറ്റില്‍ രണ്ട് മുട്ടബജ്ജി വെച്ചിട്ടുണ്ട്. നീ അതെടുത്ത് തിന്നോ''.
ദേവു ചിരിച്ചുകൊണ്ട് അകത്തേക്ക് പോവുന്നത് നോക്കിനിന്നു. ആവൂ. സമാധാനം. ഒരു പ്രശ്നം തീര്‍ന്നു.
ഭാഗം :-6.
ദേവു മുറ്റമടിച്ച് തിരിച്ചുവരുമ്പോഴേക്ക് എഴുന്നേറ്റു. പല്ലുതേപ്പ് കഴിഞ്ഞ് ചായ എടുക്കാന്‍ അടുക്കളയിലേക്ക് ചെന്നു. കലത്തില്‍ ചുടുവെള്ളമുണ്ട്. ഭാര്യയെത്തുമ്പോഴേക്ക് കുളികഴിക്കാം.
കുളികഴിഞ്ഞ് തുണിമാറിവന്നിട്ടും ഭാര്യയെത്തിയില്ല. എന്താ ഇന്നിത്ര വൈകാന്‍ കാരണം. അവള്‍ക്ക് പണിക്ക് പോണ്ടതല്ലേ. വഴിയിലേക്ക് നോക്കിക്കൊണ്ട് വെറുതെയിരുന്നു. ഭാര്യ വന്നുകയറിയതും ഭക്ഷണം കൊണ്ടുവരുന്ന പാത്രം കയ്യില്‍ തന്നു.
''നിങ്ങളിത് കഴിച്ചോളിന്‍. ഞാന്‍ വഴീന്ന് അഹമ്മദ് സായ്‌വിനെ കണ്ടു. അയാളടെ മകന്‍ ദുബായിന്ന് വന്നിട്ടുണ്ട്. പത്തുമണിയാവുമ്പഴയ്ക്കും എത്തും. ദേവ്വോ, ഈ മുറ്റം ഒന്ന് അടിച്ചുതാ എന്ന് അയാളടെ കെട്ട്യോള് പറഞ്ഞു. അത് കഴിഞ്ഞിട്ടാണ് വന്നത്. സായ്‌വ് നിങ്ങളെ അന്വേഷിച്ചു'' ഒറ്റശ്വാസത്തില്‍ അവള്‍ പറഞ്ഞു''നേരം വൈകി. ഞാന്‍ ഇറങ്ങ്വാണ്''.
അങ്ങിനെയാണെങ്കില്‍ സായ്‌വിന്‍റെ വീട്ടിലേക്ക് ചെല്ലണം. അയാളുടെ മകന്‍ ദുബായിന്ന് എത്തിയാല്‍ എന്തെങ്കിലും തരും. ഇന്നിനി വേറെ എങ്ങോട്ടും പോവുന്നില്ല. ദേവുകൊണ്ടുവന്ന ഭക്ഷണം കഴിച്ചതും ഷര്‍ട്ടും മുണ്ടും മാറ്റി ഇറങ്ങി.
അഹമ്മദ് സായ്‌വ് വീട്ടിന്‍റെ മുന്നില്‍ത്തന്നെയുണ്ട്. കാര്‍ഷെഡ്ഡിനോട് ചേര്‍ന്ന ഷീറ്റ് മേഞ്ഞസ്ഥലത്ത് ചാരുകസേലയിലിരുന്ന് സായ്‌വ് പേപ്പര്‍ നോക്കുകയാണ്.
''എന്നെ അന്വേഷിച്ചൂന്ന് കെട്ട്യോള് വന്നുപറഞ്ഞു''.
''ങാ. ഒരുകാര്യൂണ്ട്. നല്ല പച്ചമീന് കിട്ട്വോടാ''.
''സൈക്കിളില്‍ മീന്‍ വില്‍ക്കാന്‍ പോണോര് പോയിട്ടുണ്ടാവും. ഇപ്പൊ റോഡ് സൈഡിലെ മീന്‍കടേല് മീനുണ്ടാവും''.
''അതെന്തിനാണ്. ഐസിട്ട് വരുണതല്ലേ. ഞാന്‍ ചോദിച്ചത് പൊഴേലെ മീനാണ്''.
''ചെക്കന്മാര് പുഴേന്ന് പിടിക്കാറുണ്ട്. ഇന്ന് ഉണ്ടോന്ന് നോക്കണം''.
''അവര് പിടിക്കുണത് അവരടെ വീട്ടിലിക്കല്ലേ''.
''ചെറ്യേ പിള്ളര് ചൂണ്ടീട്ട് പിടിക്കുണത് വില്‍ക്കാറില്ല. ചെറുപ്പക്കാര് ട്യൂബില് കാറ്റുനിറച്ച് അതില്‍ കേറിപ്പോയി വലീട്ട് പിടിക്കും. അവര് വില്‍ക്കാന്‍ പിടിക്കുണതാണ്. പക്ഷെ അവര് തൊള്ളേല്‍ തോന്ന്യേവില പറയും''.
''വില കാര്യാക്കണ്ടാ. നല്ല വലുത് കിട്ടണം''.
''ഡാം തുറന്നപ്പൊ ചാടിവന്ന മീനുണ്ടാവും. ഒരു കയ്യ് നീളത്തിലുള്ളത് ഇന്നാള് ഒരുത്തന് കിട്ടി. അവനത് രണ്ടായിരത്തിന്ന് വിറ്റു''.
''കിട്ട്വാണച്ചാല്‍ വാങ്ങിത്താ. മകന് പച്ചമീന്‍ വല്യേ ഇഷ്ടാണ്''.
''എന്നാ ഞാനൊന്ന് പോയിനോക്കട്ടെ. വല്ലതും കണ്ടാല്‍ വിളിച്ചുപറയാം. എന്‍റേല് നിങ്ങടെ നമ്പറുണ്ട്''.
''പൈസ വേണ്ടേടാ''.
''ഇപ്പൊ വേണ്ടാ. ഞാന്‍ പോയി നോക്കട്ടെ''.
പണിക്കാരി കൊണ്ടുവന്നുതന്ന ചായയും കുടിച്ച് നടന്നു. പുഴവക്കത്ത് ആരെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ. ഇടവഴി കഴിഞ്ഞ് തോട്ടിലൂടെ പുഴയിലേക്കിറങ്ങി.
വാസു നാളികേരം മോഷ്ടിച്ച തെങ്ങിന്‍ത്തോപ്പിലേക്ക് നോക്കി. ഇന്ന് ആരെങ്കിലും അതിനകത്ത് കടന്നിട്ടുണ്ടോ എന്നറിയണമല്ലോ. ആളും നാഥനും ഇല്ലാത്ത പെണ്ണുങ്ങളുടെ മുതലാണ്. അത് കക്കുന്നവന്‍ നരകത്തിലേ പോവൂ.
പരുവക്കൂട്ടത്തിന്ന് മുന്നില്‍ ഇപ്പോള്‍ നല്ല വെയിലാണ്. കന്നുമേക്കുന്ന പിള്ളേര്‍ വെള്ളത്തില്‍ ചാടികളിക്കുന്നുണ്ട്. രണ്ടുമൂന്നുപേര്‍ പുഴയുടെ നടുവിലൂടെ റബ്ബര്‍ട്യൂബ് തുഴഞ്ഞ് നീങ്ങുന്നുണ്ട്.
''ആരെങ്കിലും മീന് പിടിച്ചിട്ട് പോയോടാ ചെക്കമ്മാരേ''പിള്ളരോട് ചോദിച്ചു.
''രണ്ടുമൂന്ന് ആളുകള് പോയി. വേശേട്ടന് വല്യോരു മീന് കിട്ടീട്ടുണ്ട്''.
''എന്നിട്ട് എവിടെ അവന്‍''.
''ഇതാ ഇപ്പൊ പോയതേ ഉള്ളൂ. ചിലപ്പൊ റോഡിലുണ്ടാവും''.
പടവ് കയറി മുകളിലെ റോഡിലെത്തി. വല്ലാതെ ശ്വാസം മുട്ടുന്നുണ്ട്. കയറ്റം കയറിയാല്‍ ഇതാണ് പ്രശ്നം. മൂച്ചിച്ചോട്ടില്‍നിന്ന് വേശന്‍ ബീഡി വലിക്കുകയാണ്. നെഞ്ഞ് തടവിക്കൊണ്ട് അവന്‍റെ അടുത്തേക്ക് നടന്നു.
''നല്ല മീനുണ്ടോടാ''അവനോട് ചോദിച്ചു.
''ഉണ്ടെങ്കില്‍''.
''അത് എനിക്ക് കൊണ്ടാ''.
''നേരം വെളുത്തതും എന്‍റെ വായിന്ന് വല്ല തെണ്ടിത്തരം കേട്ടോളാന്ന് വിചാരിച്ച് ഇറങ്ങ്യേതാണോ''.
''അല്ലെടാ. അഹമ്മദ് സായ്‌വ് മീന് കിട്ട്വോന്ന് നോക്കാന്‍ പറഞ്ഞുവിട്ടതാ. നല്ലതുണ്ടെങ്കില്‍ ആ മൂപ്പര് വാങ്ങും''.
''വലുത് വേണോ. ചെറുത് വേണോ''.
''വലുത് മതി''.
''ഉള്ള കാര്യം ആദ്യമേ പറയാം. ആയിരം ഉറുപ്പകയില്‍ ഒരുപൈസ കുറഞ്ഞാല്‍ ഞാനത് തരില്ല''.
''നീ സാധനം കാണിക്ക്. പണം ഒരു പ്രശ്നോല്ല''.
വേശന്‍ തുറന്നുകാട്ടിയ ചാക്കിനകത്തേക്ക് നോക്കി. നല്ല ഒന്നാന്തരം മീന്. ആയിരത്തിന് ഒരുനഷ്ടൂല്യാ. പെട്ടെന്ന് ഒരു ആശയം തോന്നി.
''നിനക്ക് ആയിരം കിട്ട്യാല്‍ പോരേ. നീ എന്‍റെ കൂടെ വാ. സായ്‌വ് വില ചോദിക്കുമ്പൊ ആയിരത്തഞ്ഞൂറ് പറയ്. അയാള് ചിലപ്പൊ പിശകും. ആയിരത്തി മുന്നൂറിന്ന് നീ ഒരുപൈസ കുറയ്ക്കണ്ടാ''.
''എന്നിട്ട്''.
''അത് വാങ്ങീട്ട് ആയിരം ഉറുപ്പികടെ കൂട്ടത്തില്‍ നൂറുംകൂടി പിടിച്ചോ. ബാക്കി ഇരുന്നൂറ് എനിക്ക്. എന്താ വിരോധൂണ്ടോ''.
''എനിക്കെന്താ വിരോധം. എനിക്ക് കാശ് കിട്ട്യാ മതി''.
''അവിടുന്ന് എന്‍റെ കമ്മീഷന്‍ തരണ്ടാ. അത് ഞാന്‍ പിന്നെ വാങ്ങാം''.
''ശരി. എന്നാ പോവ്വാ''.
''നിക്ക്. ഞാനൊന്ന് വിളിച്ച് പറയട്ടെ''. മൊബൈല്‍ എടുത്ത് അഹമ്മദ് സായ്‌വിനെ വിളിച്ചു.
''മുതലാളീ, വേശന് വല്യോരു മീന് കിട്ടീട്ടുണ്ട്. സാധനം നല്ലതാ. പക്ഷെ ആയിരത്തഞ്ഞൂറ് പറയുണുണ്ട്. മുതലാളി പാകംപോലെ ചോദിച്ച് വാങ്ങിക്കോളിന്‍. ഞാനവനെ കൂട്ടീട്ട് വരട്ടെ''. മറുപടി കേട്ടതും വേശനെ വിളിച്ചു.
''എടാ, സായ്‌വ് വരാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ പറഞ്ഞത് ഓര്‍മ്മീണ്ടല്ലോ. നീ ആയിരത്തഞ്ഞൂറ് പറഞ്ഞോ. ബാക്കീള്ള കാര്യം ഞാനായി''. അവനെ കൂട്ടി സായ്‌വിന്‍റെ വീട്ടിലേക്ക് നടന്നു.
ഭാഗം :-7.
ചാക്കിനകത്തേക്ക് നോക്കിയ സായ്‌വിന്ന് മീനിനെ ഇഷ്ടമായിയെന്ന് അയാളുടെ മുഖഭാവത്തില്‍നിന്ന് മനസ്സിലായി.
''നിനക്കിതിന് എന്ത് വേണം''അയാള്‍ വേശനോട് ചോദിച്ചു.
''ആയിരത്തഞ്ഞൂറ്''അവന്‍ മടികൂടാതെ പറഞ്ഞു.
''ഇത്ര വേണോടാ''അയാള്‍ ചോദിച്ചതിന്ന് മറുപടി പറയാന്‍ വേശനെ അനുവദിച്ചില്ല.
''ഒന്നേകാലിന്ന് ഒരാള് ചോദിച്ചിട്ട് ഇവന്‍ കൊടുത്തിട്ടില്ല. മുതലാളി പാകംപോലെ എന്തെങ്കിലും കൊടുക്കിന്‍''.
''എന്താ ഇവനൊന്നും പറയാത്തത്''സായ്‌വ് ചോദിച്ചു.
''കേട്ടിലേ ചോദിക്കുണത്. മുതലാളി നമുക്ക് വേണ്ടപ്പെട്ട ആളല്ലേ. മൂപ്പര് അറിഞ്ഞുതരുണത് വാങ്ങീട്ട് മീന് കൊടുക്ക്''സായ്‌വ് കേള്‍ക്കാന്‍ വേണ്ടി വേശനെ ഉപദേശിച്ചു.
''ശരി. ഒന്ന് നാല് തരാം. അതുപോരേ''സായ്‌വ് ചോദിച്ചു. വേശനൊന്നും മിണ്ടിയില്ല.
''മതി മുതലാളി. ഏതു കച്ചോടത്തിനും ഒരുവിട്ടുവീഴ്ച്ച്യോക്കെ വേണ്ടേ'' . സായ്‌വ് നല്‍കിയ പണം വാങ്ങി വേശനെ ഏല്‍പ്പിച്ചു.
''എന്നാ ഞാന്‍ പോണൂ''അവനോടൊപ്പം പോവാനൊരുങ്ങി.
''നീ ഇവിടെ നിന്നോ. മകന്‍ വരുണുണ്ട്. അവനെ കണ്ടിട്ട് പോവാം''.
''വന്ന് കേറുമ്പൊ ആകെക്കൂടി തിരക്കായിരിക്കും. ഞാന്‍ വൈകുന്നേരം വന്ന് സൌകര്യംപോലെ കാണാം''.
''അതല്ലടാ. ഉച്ചയ്ക്ക് കഴിക്കാന്‍ ബിരിയാണി ഉണ്ടാക്കുണുണ്ട്. അത് കഴിച്ചിട്ട് പൊയ്ക്കോ''.
''എനിക്കുള്ളത് എടുത്തുവെച്ചാ മതി. ഞാന്‍ വൈകുന്നേരം വന്നോളാം'' വേശന്‍റെ പിന്നാലെ ഇറങ്ങിച്ചെന്നു.
''ഞങ്ങള് മീന്‍ പിടിക്കുമ്പൊ കൈ നനയും. നിങ്ങള് കൈ നനയാതെ മീന്‍ പിടിക്കാന്‍ മിടുക്കനാണ്''മൂന്ന് നൂറിന്‍റെ നോട്ടുകള്‍ ഏല്‍പ്പിക്കുമ്പോള്‍ വേശന്‍ പറഞ്ഞത് കേട്ട് ചിരിച്ചു.
''നീ വേഗം ചെന്ന് ബാക്കി മീനിനെ വില്‍ക്കാന്‍ നോക്ക്. എടുത്തുവെച്ചാ കേടാവും''അവനെ പറഞ്ഞയച്ച് വീട്ടിലേക്ക് നടന്നു. ഉച്ചയ്ക്ക് ഉണ്ണാന്‍ പോവുമ്പോള്‍ അരികൊണ്ടുപോയികൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ആ മനുഷ്യന്‍ അതും കാത്തിരിക്കും. അരി കൊടുത്ത കാര്യം അറിഞ്ഞാല്‍ ദേവു എന്തെങ്കിലും പറയും. പറയുമ്പോഴല്ലേ. അപ്പോള്‍ എന്തെങ്കിലും വഴിയുണ്ടാക്കാം.
വീട്ടിലെത്തിയതും ഒരു കുട്ടിച്ചാക്കെടുത്തു. അതിന്‍റെ പകുതിയോളം അരിയാക്കി കെട്ടിവെച്ചു. ഇതുമതി. കഷ്ടിച്ച് പത്തുകിലോ കാണും. മുഴുവനും കൊടുക്കുകയൊന്നും വേണ്ടാ. പന്ത്രണ്ടര ആവുമ്പോള്‍ പോയാല്‍ മതി. അതുവരെ പാട്ടുകേട്ട് കിടക്കാം. മൊബൈലില്‍ എഫ്. എം. റേഡിയോ വെച്ച് ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി. പാട്ടിന്‍റെ ഇടയിലുള്ള വര്‍ത്തമാനമാണ്. അത് കേട്ടാല്‍ ലോകത്തുള്ള ദേഷ്യം മുഴുവന്‍ വരും. പറയുന്ന പെണ്ണിന്‍റെ ചെകിടടച്ച് രണ്ട് പൊട്ടിക്കാന്‍ തോന്നും.
സായ്‌വിന്‍റെ മകന്‍ വരുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരും. അവനോട് പഴയതൊന്ന് ചോദിക്കണം. അതാവുമ്പോള്‍ യൂട്യൂബില്‍ കേറി നല്ല പാട്ടുകള്‍ വെക്കാം. ഇത് ദേവു കയ്യില്‍ വെച്ചോട്ടെ.
അരിയുമായി റോഡില്‍ക്കൂടി പോവാന്‍ വയ്യ. കുറച്ചുദൂരം അധികം നടക്കേണ്ടി വന്നാലും ഇടവഴിയാണ് നല്ലത്. ഇടവഴിയിലൂടെ ചാക്കും തൂക്കിപ്പിടിച്ച് നടന്നു. വഴിയുടെ ഇരുവശത്തും മരങ്ങളുള്ളതുകൊണ്ട് വെയിലറിയുന്നില്ല. എങ്കിലും ക്ഷീണം തോന്നുന്നുണ്ട്. ഭാരമെടുക്കാന്‍ വയ്യ. അതാണ് പ്രശ്നം.
ഇടവഴി അവസാനിക്കുന്ന ഭാഗത്ത് എത്തിയപ്പോഴേക്കും തീരെ വയ്യ. മരച്ചുവട്ടില്‍ ഒരു സര്‍വ്വേക്കല്ലുണ്ട്. അരിച്ചാക്ക് താഴെവെച്ച് അതിന്‍റെ മേലേ ഇരുന്നു. നന്നായി കിതയ്ക്കുന്നുണ്ട്. നെഞ്ഞത്തൊരു വേദന. അതു തോന്നുമ്പോള്‍ നാവിന്നടിയില്‍ ഒരുഗുളികവെക്കാന്‍ ഡോക്ടര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഒരുതവണ ഗുളിക വാങ്ങി. പിന്നെ വാങ്ങിയില്ല. കയ്യില്‍ കാശില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് ഓരോരോ ചിലവ്.
''ശങ്കരേട്ടാ, ഇതാ അരി. പിടിച്ചോളിന്‍''ഹോട്ടലിലെത്തിയതും പറഞ്ഞു. ഹോട്ടല്‍കാരന്‍ ചാക്ക് ഏറ്റുവാങ്ങി.
''ഇതില് എന്തെന്നീണ്ട്''ചാക്കുമായി അകത്തേക്ക് നടക്കുമ്പോള്‍ അയാള്‍ പറഞ്ഞു''നിന്‍റെ കൂട്ടംകേട്ടപ്പൊ ഒരുചാക്ക് അരീണ്ടാവുംന്നാ കരുത്യേത്''.
''ശങ്കരേട്ടാ, അതിന് റേഷന്‍കട എന്‍റെ സ്വന്തോല്ലല്ലോ''
കൈകഴുകി ഉണ്ണാനിരുന്നു. കുറച്ചുകഴിഞ്ഞാല്‍ ഉണ്ണാന്‍ ആളുകളെത്തും. അതിന്നുമുമ്പ് ഊണുകഴിച്ചേക്കാം. പതിവ് വിഭവങ്ങള്‍ക്കുപുറമേ ഒരു പരിപ്പുവടകൂടി ശങ്കരേട്ടന്‍ തന്നിട്ടുണ്ട്. രാവിലത്തേതാണ്. വില്‍ക്കാതെ ബാക്കിവന്നതാവും. വെറുതെ കിട്ടുന്നതല്ലേ. സാരമില്ല. ഭക്ഷണം കഴിച്ച് കൈകഴുകി പുറത്തിറങ്ങി. പട്ടാളക്കാരന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്. ആ നേരംനോക്കി എങ്ങോട്ടെങ്കിലും പോയാല്‍ ശരിയാവില്ല. പട്ടാളക്കാരന്‍ വരുന്നതും നോക്കി മരത്തണലില്‍ ചെന്നുനിന്നു.
ഭാഗം :-8.
പുഴപോലെ മഴപെയ്യും എന്നു കരുതിയിട്ട് അഞ്ചാറ് തുള്ളി ചാറി മഴ അതിന്‍റെ വഴിക്ക് പോയതുപോലെ ആയി. ഒരു ഫുള്‍ ബോട്ടിലാണ് പ്രതീക്ഷിച്ചത്. ഇത് വെറും ഹാഫ്. തനി കെഞ്ചപ്രമാണി. ഒരാള്‍ക്കൊരു സാധനം കൊടുക്കുമ്പൊ കണ്ണ് നിറയെ കൊടുക്കണ്ടേ. അതെങ്ങിനെ? ഭാസ്ക്കരന്‍റെ മകനല്ലേ. ആ ഗുണമല്ലേ ഉണ്ടാവൂ.
ഈ സാധനവുംകൊണ്ട് കള്ളുഷാപ്പിലേക്ക് പോയാല്‍ ശരിയാവില്ല. അവിടെയുള്ളവര്‍ക്ക് ഇത് മൂക്കില്‍ക്കൂടി മണക്കാനേ തികയൂ. കുപ്പി വീട്ടില്‍കൊണ്ടുപോയിവെച്ചിട്ടുമതി ബാക്കികാര്യം. നേരെ വീട്ടിലേക്ക് നടന്നു.
ഇടവഴിയിലൂടെ വരുമ്പോള്‍ പളനി ചെട്ടിയാരെ കണ്ടു. കിഴവനെന്താ വെയിലുംകൊണ്ട് പടിക്കല്‍ നില്‍ക്കുന്നത്.
''ചെട്ട്യാരേ, നിങ്ങള് ആരെ നോക്കി നില്‍ക്ക്വാണ്''അയാളോട് ചോദിച്ചു.
''വീടിന്‍റെ പിന്നിലത്തെ തെങ്ങിന്ന് ഇന്ന് രണ്ട് തേങ്ങ വീണു. കുട്ടികള് അതിന്‍റെ ചോട്ടിലാ കളി. അതൊന്ന് ഇടീക്കാന്‍ ആരേങ്കിലും കിട്ട്വോന്ന് നോക്കി നില്‍ക്ക്വാണ്''.
ഒരുറുപ്പിക കയ്യില്‍ കിട്ട്യാല്‍ അതിനെ തിരുമ്പി തിരുമ്പി രണ്ടാക്കാന്‍ നോക്കുന്ന സൈസാണ് കിഴവന്‍. രണ്ട് തേങ്ങ ഒന്നിച്ച് നിറുകമണ്ടേല് വീഴണം. അവിടെ നില്‍ക്കട്ടെ. ഒരാളേയും കിട്ടരുത്.
''ശരി. എന്നാ ഞാന്‍ പോണൂ ചെട്ട്യാരേ''.
''നോക്ക് കുഞ്ച്വോ. നീ ഒരാളെ വിളിച്ച് അതൊന്ന് ഇടീച്ച് താ''നടക്കാന്‍ ഒരുങ്ങുമ്പോള്‍ ചെട്ടിയാര്‍ പറഞ്ഞു.
''ഇപ്പൊ തെങ്ങില്‍ കേറാന്‍ ഉറുപ്പിക അറുപതാ കൂലി വാങ്ങുണ്. നിങ്ങളത് കൊടുക്ക്വോ'' കിഴവനോട് കൂടുതലൊന്നും പറഞ്ഞില്ല. ഇങ്ങിനെയുള്ള പിശുക്കന്മാരുടെ പൈസ എന്തെങ്കിലും പറ്റിച്ചാല്‍ ദഹിക്കില്ല.
''കൊടുക്കാതെ വഴീല്ലല്ലോ. എന്താച്ചാല്‍ കൊടുക്കാം''.
''എത്ര തെങ്ങില് കേറാനുണ്ട്''.
''മൂന്നെണ്ണത്തില് തേങ്ങ മൂത്ത് നില്‍ക്കുണുണ്ട്. തല്‍ക്കാലം അത് മതി''.
''ശരി. ആരേങ്കിലും കിട്ട്വോന്ന് നോക്കട്ടെ''.
പട്ടാളക്കാരന്‍ തന്ന സമ്മാനം വീട്ടില്‍കൊണ്ടുപോയിവെച്ചിട്ടു മതി തേങ്ങയിടാന്‍ പറ്റിയ ആരെയെങ്കിലും കണ്ടെത്താന്‍. ഇളന്നീര്‍കൂട്ടി റമ്മടിച്ചാലോ. ഇളന്നീര്‍വെള്ളം ചേര്‍ത്ത് ബ്രാണ്ടി കുടിച്ചാല്‍ നല്ല ടേസ്റ്റാണെന്ന് വേശന്‍ പറയാറുണ്ട്. അതൊന്ന് പരീക്ഷിക്കണം. തേങ്ങ ഇടാന്‍ കേറുന്നവനോട് രണ്ടുമൂന്ന് ഇളന്നീര്‍ ഇടാന്‍ പറയണം. മൂത്തത് ആണോന്ന് നോക്കാന്‍ ഇട്ടതാണെന്ന് പറഞ്ഞാല്‍ മതി. അതില്‍നിന്ന് ഒന്ന് ചൂണ്ടണം.
കുപ്പി വീട്ടില്‍ എടുത്തുവെച്ച് വാസുവിനെ കാണാന്‍ നടന്നു. അവന്‍ ഊണുകഴിഞ്ഞ് കിടപ്പായിരിക്കും. മുറ്റത്തുനിന്ന് അവനെ ഉറക്കെ വിളിച്ചു. വാസു ഇറങ്ങി വന്നു.
''നോക്കടാ, ചെട്ട്യാരുടെ വീട്ടിലെ മൂന്ന് തെങ്ങിന്ന് തേങ്ങയിടണം'' അവനോട് കാര്യം പറഞ്ഞു.
''ഈ നേരത്തോ. വൈകുന്നേരം പോരേ''.
''അതൊന്ന് ഇട്ടുകൊടുത്തിട്ട് വരാടാ''.
''നിങ്ങള് കൂലി പറഞ്ഞ്വോ''.
''തെങ്ങ് കേറാന്‍ അറുപതാണ് കൂലീന്ന് ഞാന്‍ പറഞ്ഞു''.
''അത് എനിക്ക് വേണം. നിങ്ങള്‍ക്കതിന്ന് കമ്മിഷന്‍ കിട്ടില്യാട്ടോ''.
''വേണ്ടാ. ഗതികെട്ടോന്‍റെ കാശ് എനിക്ക് വേണ്ടാ. നീ ഒരുകാര്യം ചെയ്താ മതി. തേങ്ങ ഇടുണതിന്ന്മുമ്പ് മൂന്ന് തെങ്ങിന്നും നീ ഓരോ ഇളന്നീര് ഇട്. മൂപ്പ് നോക്കാന്‍ ഇട്ടതാണെന്ന് പറഞ്ഞാ മതി''.
''അതെന്തിനാ ഇളന്നീരിടുണ്''.
''എനിക്കൊരു ഇളന്നീര് വേണം''
''എന്നാല്‍ ഒന്നിട്ടാല്‍ പോരേ''.
''അത് അവര് എടുത്താലോ. മൂന്നെണ്ണത്തിന്ന് ഒന്നെടുത്താല്‍ ചെട്ട്യാര് ഒന്നും പറയില്ല''.
''നിങ്ങളുടെ ഒരു ഏര്‍പ്പാടേ''കൂടുതലൊന്നും പറയാതെ വാസു കൂടെ വന്നു.
തേങ്ങയിട്ടുകിട്ടിയപ്പോള്‍ ചെട്ടിയാര്‍ക്ക് സന്തോഷമായി. അതുകൊണ്ട് ഇളന്നീരെടുക്കുന്നതിന്ന് വിസമ്മതം പറഞ്ഞില്ല. വാസുവിന്ന് കൂലി വാങ്ങിക്കൊടുത്ത് ഇളന്നീരുമായി വീട്ടിലെത്തി. ഇനി കുറച്ചുനേരം കിടക്കാം.
മൊബൈലില്‍ പാട്ടുവെച്ച് കേട്ടുകൊണ്ട് കിടന്നു. നാലുമണിയ്ക്ക് സായ്‌വിന്‍റെ വീട്ടിലേക്ക് പോണം. അയാള്‍ ബിരിയാണി എടുത്തു വെച്ചിട്ടുണ്ടാവും. അത് അവിടെവെച്ച് തിന്നണ്ട. പൊതിഞ്ഞുവാങ്ങി വീട്ടിലേക്ക് കൊണ്ടുവരാം. എന്നാലേ ദേവുവിന്ന് കൊടുക്കാന്‍ പറ്റൂ. അയാളുടെ മകനെ കണ്ടാല്‍ എന്തെങ്കിലും പൈസ കിട്ടും. പറ്റിയാല്‍ അവനോട് ഒരുമൊബൈല്‍ ചോദിക്കണം. അവന്‍റെ അനുജന്‍ ലീവിന്ന് വന്നപ്പോള്‍ നല്ലൊരു ടോര്‍ച്ച് തന്നിരുന്നു. ടച്ച് സ്ക്രീനുള്ള മൊബൈല്‍ കയ്യിലുണ്ടാവുന്നത് ഒരന്തസ്സാണ്.
എപ്പോഴാണ് മയങ്ങിപ്പോയത് എന്നറിയില്ല. ഉണര്‍ന്നുനോക്കുമ്പോള്‍ മണി അഞ്ചര. മുഖംകഴുകി ഡ്രസ്സ് മാറ്റി സായ്‌വിന്‍റെ വീട്ടിലേക്ക് നടന്നു.
ഭാഗം :-9.
ഓടിപ്പിടഞ്ഞ് സായ്‌വിന്‍റെ വീട്ടിലെത്തുമ്പോള്‍ ദേവു അവിടെയുണ്ട്. അവള്‍ പണിമാറി വന്ന് നാളികേരം പൊതിച്ചുകൊടുക്കുകയാണ്.
''നാലുമണിക്ക് വരാന്നല്ലേ നീ പറഞ്ഞത്. എന്താ വൈക്യേത്''സായ്‌വ് ചോദിച്ചു.
''ഭയങ്കര ക്ഷീണം. ഉച്ചയ്ക്ക് ഉണ്ടിട്ട് വെറുതെ കിടന്നതാണ്. അറിയാതെ ഉറങ്ങിപ്പോയി''.
''നിങ്ങളൊരു കാര്യം ചെയ്യിന്‍. ഈ ചകിര്യൊക്കെ ചാക്കിലാക്കി കൊണ്ടുപോയി വെക്കിന്‍''ദേവു പണി പറഞ്ഞത് തീരെ ഇഷ്ടപ്പെട്ടില്ല. അതിവിടെവെച്ച് കാണിക്കാന്‍ പറ്റില്ല. നീയെന്നെ പണിയെടുപ്പിക്കും അല്ലേടീ, നോക്കിക്കോ, നിനക്ക് ഞാനതിന്‍റെ ഇരട്ടി പണിതരുണുണ്ട് , അല്ലെങ്കില്‍ എന്‍റെ പേര് കുഞ്ചൂന്നല്ല എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ചകിരി ചാക്കിലാക്കാന്‍ തുടങ്ങി. രണ്ടുമൂന്ന് ചാക്കുണ്ടാവും. കുറെ വാരി ചാക്കിലാക്കി.
''എവട്യാ വെക്കണ്ട്''.
''പിന്നാലത്തെ ഷെഡ്ഢില്‍ വെച്ചോളിന്‍''.
അത് ചുമന്ന് ഷെഡ്ഢിലേക്ക് നടന്നു. വലിയ കനമൊന്നുമില്ല. എന്നാലും ഷര്‍ട്ട് കേടുവരും. അപ്പോഴാണ് ഐഡിയ മനസ്സിലെത്തിയത്. ഷര്‍ട്ടില്‍ മണ്ണാക്കണം. വെള്ളഷര്‍ട്ടായതോണ്ട് പളിച്ചന്ന് ചളി കാണും. പൊഴേല്‍ കൊണ്ടുപോയി തിരുമ്പി വെളുപ്പിക്കട്ടെ.
ഷെഡ്ഡിന്‍റെ ചുറ്റുപാടും നോക്കി. തെങ്ങിന്‍ചോട്ടില്‍ നല്ല പൊടിമണ്ണുണ്ട്. ചാക്കിന്‍റെ അടിവശം മൂന്നുനാലുപ്രാവശ്യം അതിലിട്ട് ഉരച്ചു. എന്നിട്ട് ചാക്കെടുത്ത് തോളത്തുവെച്ചു. ചകിരി താഴെകൊട്ടിയിട്ട് നോക്കുമ്പോള്‍ തോളില്‍ ചളിയായിട്ടുണ്ട്. കൈകൊണ്ട് അത് ഒന്നുകൂടി തേച്ചുപരത്തി.
''ഇതെങ്ങിനേ ചള്യായത്''രണ്ടാമതും ചകിരിയെടുക്കാന്‍ ചെന്നപ്പോള്‍ ഭാര്യ ചോദിച്ചു.
''ചള്യോ. എവിട്യാ ചളി''ഒന്നും അറിയാത്തതുപോലെ ചോദിച്ചു.
''നിങ്ങടെ ഷര്‍ട്ടില്. തോളിന്‍റെ ഭാഗം നോക്കിന്‍''.
''ശര്യാണല്ലോ. എങ്ങന്യാ ഇതില്‍ ചള്യായത്''.
''ചാക്കിന്‍റെ മൂട്ടില് മണ്ണുണ്ടാവും. സാരൂല്യാ. ഞാന്‍ തിരുമ്പിവെളുപ്പിച്ച് തരാം''ദേവു ആശ്വസിപ്പിക്കുന്നത് കേട്ട് ഉള്ളില്‍ ചിരിച്ചു. ഏതാണ്ട് ഒരേ സമയത്താണ് നാളികേരം പൊതിക്കലും ചകിരി കടത്തലും തീര്‍ന്നത്.
''ബിരിയാണി ഇപ്പൊ കഴിക്കുണ്വോ'' സായ്‌വിന്‍റെ ഭാര്യ ചോദിച്ചു.
''വേണ്ടാ. പാത്രത്തില്‍ തന്നാ മതി. ഞങ്ങള് രാത്രി കഴിച്ചോളാം''ദേവു മറുപടി പറഞ്ഞത് ഇഷ്ടപ്പെട്ടു.
''എന്നാല്‍ ഇപ്പൊ ചായ കുടിക്കിന്‍. ബിരിയാണി പോവുമ്പൊ തരാം''.
ദേവുവിനോടൊപ്പം ഷെഡ്ഡിന്‍റെ തിണ്ടിലിരുന്ന് പണിക്കാരി കൊണ്ടുവന്ന് തന്ന ചായയും വടയും കഴിച്ചു. നേരം ഇരുട്ടാവാന്‍ തുടങ്ങുന്നു. ഇനി വീട്ടിലേക്ക് പോവണം.
''ഇതില് നിനക്കൊരു സാരീം ജാക്കറ്റിന്‍റെ തുണീം കുഞ്ചൂനൊരു മുണ്ടും ഷര്‍ട്ടൂണ്ട്. പിടിച്ചോ''സായ്‌വിന്‍റെ ഭാര്യ നീട്ടിയ പൊതി ദേവു വാങ്ങി.
''ഇന്നാ കുഞ്ച്വോ. മകന്‍ നിനക്ക് തരാന്‍ പറഞ്ഞതാണ്''അവര്‍ നല്‍കിയ അഞ്ഞൂറിന്‍റെ നോട്ട് വാങ്ങി പോക്കറ്റിലിട്ടു.
''എന്നിട്ട് മൂപ്പരെവിടെ''.
''ഊണുകഴിഞ്ഞപ്പൊത്തന്നെ നേരം മൂന്നര നാലായി. അത് കഴിഞ്ഞു പോയി കിടന്നതാണ്. നീ നാളെ രാവിലെ വാ. അപ്പൊ കാണാം''.
തുണിപ്പൊതിയുമായി മുന്നിലും ബിരിയാണിയാക്കിയ പാത്രവുമായി ദേവു പിന്നിലും വീട്ടിലേക്ക് നടന്നു.
''ഞാന്‍ ചകിരി കടത്താന്‍ പറഞ്ഞത് പിടിക്കാത്തതിന് കല്‍പ്പിച്ചുകൂട്ടി നിങ്ങള് നിങ്ങടെ കുപ്പായത്തില്‍ ചള്യാക്കേതല്ലേ. നിങ്ങളന്നെ തിരുമ്പി വെളുപ്പിച്ചോളിന്‍. എന്നെക്കൊണ്ടാവില്ല''സായ്‌വിന്‍റെ വീടിന്‍റെ പടി കടന്ന് അല്‍പ്പദൂരം പിന്നിട്ടപ്പോള്‍ ഭാര്യ പറയുന്നത് കേട്ടു.
''നീയെന്താടീ ഇങ്ങിനെ പറയുണ്. ഞാന്‍ ഇടുണ ഷര്‍ട്ടില് ചള്യാക്കാന്‍ എനിക്കെന്താ ബുദ്ധീല്യാണ്ട്യായ്യോ''.
''ബുദ്ധി ഇല്യാണ്ടായതല്ല, ബുദ്ധി കൂട്യേതാ നിങ്ങടെ കുഴപ്പം. കുറെ കാലായല്ലോ നിങ്ങളെ ഞാന്‍ കാണാന്‍ തുടങ്ങീട്ട്''ദേവു പറഞ്ഞു''നിങ്ങള് ചാക്ക് എവിട്യാ വെക്ക്യാന്ന് നോക്കാന്‍ ഞാന്‍ പിന്നാലെ വന്നിരുന്നു. തെങ്ങിന്‍ചോട്ടിലെ മണ്ണില്‍ ചാക്ക് വെച്ച് ഉരക്കിണത് ഞാന്‍ കണ്ടു. അവരടെ മുമ്പില്‍വെച്ച് ചോദിക്കണ്ടാന്ന് വെച്ചിട്ട് അറിയാത്തപോലെ ഇരുന്നതാ''.
ഇവളുടെ അടുത്ത് ഇനി സംസാരിച്ചിട്ട് കാര്യമില്ല. മിണ്ടാതിരുന്നാല്‍ മതി. കുറെകഴിയുമ്പോള്‍ ഇവളുടെ ദേഷ്യംതീരും. നാളെ അവള്‍ ഷര്‍ട്ട് തിരുമ്പിവെക്കുംചെയ്യും. വീട്ടില്‍ ചെന്നപ്പോള്‍ ഇളന്നീര്‍ ഇരിക്കുന്നത് ദേവു കണ്ടു.
''ഇതെവിടുന്നാ ഇളന്നീര്''അവള്‍ ചോദിച്ചു.
''ചെട്ട്യാരടെ വീട്ടിലെ തെങ്ങിന്ന് നാളികേരം ഇട്ടപ്പൊ വീണതാ. അത് ഞാനെടുത്തു''.
''അതിന്‍റെ മൂട് ചെത്തിന്‍. വെള്ളം കുടിക്കട്ടെ''.
''ഇപ്പൊ വേണ്ടാടീ. രാത്രീല് ബിരിയാണി കഴിച്ചിട്ട് കുടിക്കാം. അതില് ചേര്‍ക്കാന്‍ ഒരു സാധനൂണ്ട്''.
''എന്ത് സാധനം''. പൊതിയഴിച്ച് പട്ടാളക്കാരന്‍ തന്ന കുപ്പി കാണിച്ചു.
''സത്യം പറയിന്‍. എവിടുന്നാ ഇത് വാങ്ങാന്‍ കാശ് കിട്ട്യേത്''കുപ്പി കണ്ടതും ദേവുവിന്ന് ദേഷ്യം വന്നു.
''എടീ, ഇത് പൈസ കൊടുത്ത് വാങ്ങാന്‍ കിട്ടുണതല്ല. പട്ടാളക്കാര്‍ക്ക് വെറുതെ കിട്ടുണതാണ്''ഭാസ്ക്കരന്‍റെ മകനെ ഇന്നലെ കണ്ടതും ഇന്ന് ഉച്ചയ്ക്ക് അയാള്‍ കുപ്പി സമ്മാനിച്ചതും വിശദീകരിച്ചു.
''വെറുതെ കിട്ടുണത് കുടിച്ചോളിന്‍. കാശ് കൊടുത്ത് വാങ്ങാന്‍ ഞാന്‍ സമ്മതിക്കില്ല''.
''അതിന് നീയറിയാതെ എന്‍റേല് എവിടുന്നാ കാശ്. നമുക്ക് രാത്രി ആഹാരം കഴിച്ച് കിടക്കുമ്പൊ ഇളന്നീരിന്‍റെകൂടെ ഇത് ചേര്‍ത്ത് കുടിക്കാം. എങ്ങനീണ്ട് എന്ന് അറിയണോലോ''.
''ഇനി അതിന്‍റെ ഒരു കുറവേ എനിക്കുള്ളൂ. നിങ്ങളന്നെ കുടിച്ചാ മതി. എന്നെ അതിന് കൂട്ടണ്ടാ''. ഭാര്യ പാത്രങ്ങള്‍ മോറാന്‍തുടങ്ങി. അതും നോക്കിക്കൊണ്ട് പിന്നാലത്തെ വാതില്‍ക്കല്‍ ഇരുന്നു.
ഭാഗം :-10.
രാവിലെ ഉണര്‍ന്നെഴുന്നെഴുന്നേറ്റപ്പോള്‍ ആകെക്കൂടി ഒരു ഉന്മേഷം. പട്ടാളക്കാരന്‍ തന്നതില്‍നിന്ന് വളരെ കുറച്ചു മാത്രമേ കഴിച്ചുള്ളു. എന്നാലും സുഖമായി ഉറങ്ങി. അടിച്ചുപൂസാവുന്നതിനേക്കാള്‍ ഇതാണ് നല്ലത്. പല്ലുതേച്ചുവന്ന് ചായയെടുത്ത് കുടിച്ചു. ഇന്നലെ ദേവു ദേഷ്യപ്പെട്ട് ഷര്‍ട്ട് തിരുമ്പില്ല എന്ന് പറഞ്ഞു. ആദ്യം അവളുടെ ദേഷ്യം മാറ്റണം. അതിനെന്താ വഴി. അടുക്കളയില്‍ ചെന്നുനോക്കി. നാലഞ്ച് പാത്രങ്ങള്‍ കഴുകാന്‍ കിടക്കുന്നുണ്ട്. അത് കഴുകിയാല്‍ അവള്‍ക്ക് സന്തോഷമാവും. രാവിലത്തെ തിരക്കില്‍ ഒരു പണി കുറഞ്ഞുകിട്ടുന്നതല്ലേ.
ദേവു വരുമ്പോഴേക്ക് അതെല്ലാം കഴുകിവെക്കാം എന്നിട്ടാവാം കുളി. വഴിവക്കത്തെ പൈപ്പില്‍നിന്ന് ഒരുബക്കറ്റ് വെള്ളം കൊണ്ടുവന്നു. അവള്‍ പിടിച്ചുവെച്ച വെള്ളം തീര്‍ത്തു എന്നുവേണ്ടാ. പാത്രങ്ങള്‍ കഴുകിവെച്ച് കുളിച്ചു വന്ന് തുണി മാറ്റി. ഇന്നലത്തെപ്പോലെ ഇന്നും ദേവു വൈകുമോ എന്നറിയില്ല. വരുമ്പോള്‍ വരട്ടെ. അതുവരെ പാട്ടും കേട്ട് ഇരിക്കാം.
ഒരുപാട്ട് മുഴുവന്‍ കേള്‍ക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ദേവു വീടെത്തി. പാത്രത്തിന്നുപകരം കയ്യിലൊരു സഞ്ചിയാണ് ഉള്ളത്. അടുക്കളയിലേക്ക് പാത്രമെടുക്കാന്‍ ചെന്ന ദേവു അമ്പരന്നു എന്ന് തോന്നുന്നു.
''ആരാ ഈ പാത്രോക്കെ മോറ്യേത്'' അവള്‍ ചോദിച്ചു.
''ഞാന്‍ തന്നെ. നീ എത്തുമ്പഴയ്ക്കും പണിക്ക് പോവാനുള്ള നേരാവും. അപ്പൊ ബുദ്ധിമുട്ടണ്ടാന്ന്‌വെച്ച് മോറ്യേതാ''.
''ഈ വേനക്കാലത്ത് നിങ്ങള് മഴപെയ്യിക്കുംന്നാ തോന്നുണ്''.
''നോക്കിക്കോ, ഇനി മുതല്‍ നീ എത്തുമ്പഴയ്ക്കും ഞാന്‍ ആ പണി തീര്‍ത്ത് വെക്കും''.
''കഴിക്കാനിരിക്കിന്‍'' അവള്‍ പറഞ്ഞതും ചെന്നു. പതിവുപോലെ ഇഡ്ഢലിയുണ്ട്.
''ഇതെന്താ വേറൊരു പൊതി'' അവളോട് ചോദിച്ചു.
''ഇത് സായ്‌വിന്‍റെ വീട്ടിന്ന് കിട്ട്യേതാണ്'' അവള്‍ പൊതിതുറന്നു. പത്തിരിയാണ്.
''എന്തു കൂട്ടീട്ടാടി ഇത് തിന്ന്വാ'' അവള്‍ വേറൊരു പാത്രം തുറന്നു. ഇറച്ചിക്കറിയാണ്.
''നിങ്ങക്ക് ഇഡ്ഢലി വേണോ പത്തിരി വേണോ''. ഇറച്ചിയും പത്തിരിയും വലിയ ഇഷ്ടമാണ്. ഇഡ്ഢലി എന്നും കിട്ടുന്നതല്ലേ. എന്നാലും അത് പറയുന്നില്ല. കൊതിയന്‍ എന്ന് അവള്‍ കരുതേണ്ടാ.
''നിനക്ക് എന്താ വേണ്ടത്ച്ചാല്‍ എടുത്തോ. എനിക്ക് ബാക്കീള്ളത് മതി''.
''പത്തിരീം ഇറച്ചീം നമ്മള് രണ്ടാളുക്കുംകൂടി തിന്നാം. ഇഡ്ഢലി ഞാന്‍ പണിക്ക് പോവുമ്പൊ കൊണ്ടുപോവാം''. അത് നന്നായി. ഇന്നലെ രാത്രി ബിരിയാണി ആയതോണ്ട് കഞ്ഞിവെച്ചില്ല. അവള്‍ ഉച്ചയ്ക്ക് എന്തു കഴിക്കും എന്നതിന്ന് പരിഹാരമായി.
''വൈകുന്നേരം ഞാന്‍ വന്നിട്ട് ഷര്‍ട്ടും മുണ്ടും തിരുമ്പാം. നിങ്ങള് കഷ്ടപ്പെടണ്ടാ''.
''അല്ല. ഞാന്‍തന്നെ ചെയ്തോളാം''.
''നിങ്ങള് തിരുമ്പ്യാല്‍ വൃത്ത്യാവില്ല''.
''നീ സായ്‌വിന്‍റെ മകനെ കണ്ട്വോ''.
''അയാള്യോന്നും ഞാന്‍ കണ്ടില്ല. നിങ്ങള് വരില്ലേന്ന് ആ ഉമ്മ ചോദിച്ചു''.
''അല്ലെങ്കിലും ഞാന്‍ പോണുണ്ട്''.
ഭാര്യ പണിക്ക് പോവാനിറങ്ങിയപ്പോള്‍ ഒപ്പമിറങ്ങി. സായ്‌വ് കാത്തു നില്‍ക്കുകയാണെന്ന് തോന്നുന്നു.
''കുഞ്ച്വോ. ആ ചിക്കന്‍ കടവരെ ഒന്ന് പോയിട്ട് വാ. ഞാന്‍ കോഴി റെഡ്യാക്കിവെക്കാന്‍ പറഞ്ഞ് ഏല്‍പ്പിച്ചിട്ടുണ്ട്. നീ ചെന്നതും തരും. ഈ പൈസ കൊടുക്കും ചെയ്തോ'' അയാള്‍ നീട്ടിയ അഞ്ഞൂറ് വാങ്ങി പോക്കറ്റിലിട്ടു.
സായ്‌വ് പറഞ്ഞതുപോലെ ചിക്കന്‍ പ്ലാസ്റ്റിക്ക് ബാഗിലാക്കി എടുത്തു വെച്ചിട്ടുണ്ട്. പൈസയെടുത്ത് കൊടുത്തു.
''ഇന്നാ ബാക്കി. ഇത് കൊണ്ടുപോയി കൊടുക്ക്''ചിക്കന്‍ സ്റ്റാള്‍ ഉടമ തന്നത് വാങ്ങി എണ്ണിനോക്കി. എണ്‍പത് ഉറുപ്പികയുണ്ട്. ഈ പൈസ സായ്‌വിന്ന് കൊടുക്കണം. ബാക്കി പൈസ തന്നയച്ച വിവരം ഇവന്‍ അയാളോട് പറഞ്ഞാല്‍ വെറുതെ കള്ളനാവും. ചിക്കന്‍റെ പൊതിയും ബാക്കി കാശും സായ്‌വിനെ ഏല്‍പ്പിച്ചു.
''ബാക്കി നീതന്നെ വെച്ചോ''സായ്‌വ് പറഞ്ഞതും ആ തുക പോക്കറ്റിലിട്ടു.
''എവിടെ അന്‍സറ്'' സായ്‌വിന്‍റെ മകനെ അന്വേഷിച്ചു.
''അവന്‍ രാവിലെ നേരത്തെ കൂട്ടുകാരനെ കാണാന്‍ മണ്ണാര്‍ക്കാട്ടേക്ക് പോയി. ഉച്ചയ്ക്ക് എത്തും''.
''ഒന്ന് കാണണംന്ന് ഉണ്ടായിരുന്നു''.
''അവന്‍ നിന്നെ രണ്ടുപ്രാവശ്യം അന്വേഷിച്ചു''. സന്തോഷമായി. ആള് വരട്ടെ. കണ്ടാല്‍ എന്തെങ്കിലും തരും.
''എന്നാ ഞാന്‍ പിന്നെ വന്ന് കാണാം''യാത്ര പറഞ്ഞ് പുറത്തിറങ്ങി.
Comments
Post a Comment