അദ്ധ്യായം 51-60
ഭാഗം :-51.
''നോക്കിന്‍ വല്യേപ്പാ, നമുക്ക് ഈ അതിരില് ഷെഡ്ഡ് കെട്ട്യാലോ''പ്രദീപ് അനുവാദം ചോദിച്ചു''ഇവിട്യാവുമ്പൊ വീട് പണിക്ക് സൌകര്യൂണ്ട്''. എന്താണ് ഇവന്‍ പറയുന്നതെന്ന് മനസ്സിലായില്ല.
''എന്ത് സൌകര്യം''അവനോട് ചോദിച്ചു.
''വീട് പണിയുണ സ്ഥലത്തിന്‍റെ മുമ്പില് ഷെഡ്ഡ് കെട്ട്യാല്‍ കല്ലും സാധനൂം കൊണ്ടുവന്നാല്‍ എവിട്യാ ഇട്വാ. അതാണ് ഷെഡ്ഡ് ഇവിടെ പണിയാന്ന് പറഞ്ഞത്''.
''എന്നാ അങ്ങനെ ആയ്ക്കോട്ടെ''.
''പതിനഞ്ചടി നീളൂം പത്തടി വീതീം പോരേ''.
''എനിക്ക് അതൊന്നും അറിയില്ല. നിനക്ക് തോന്നുണപോലെ ചെയ്യ്''.
''പട്ടികീം കഴുക്കോലും ഒക്കെ ഇഷ്ടംപോലീണ്ട്. നാല് കാല് വേണം''.
''അതിനെന്താ ചെയ്യാ''.
''നിങ്ങടെ ഫ്രണ്ട് കാശുമണീല്ലേ. അവന്‍റടുത്ത് തേക്കിന്‍കൊഴീണ്ട്. അതിന്ന് നാലെണ്ണം ചോദിക്കിന്‍. നിങ്ങളോടവന്‍ കണക്ക് പറയില്ല''. നല്ല ആളുടെ കാര്യമാണ് ഇവന്‍ പറയുന്നത്.
''നോക്ക്, അവന്‍ വെറുതെ തര്വാണച്ചാലും എനിക്ക് വേണ്ടാ. വേറെ എന്താ വഴീന്ന് നോക്ക്''.
''ടാ പ്രദീപേ, തോട്ടിന്‍പള്ളേല് കോണ്‍ക്രീറ്റ് കട്ടിള ഉണ്ടാക്കുന്നോരടടുത്ത് കോണ്‍ക്രീറ്റ് കാല് വാങ്ങാന്‍ കിട്ടും. അവിടെ ചെന്ന് മൂന്ന് വലുതും ആറ് ചെറുതും വാങ്ങ്'' എല്ലാം കേട്ടുനിന്ന വേശന്‍ പറഞ്ഞു.
''വേശേട്ടാ, നിങ്ങള് പറഞ്ഞത് ഫസ്റ്റ്ക്ലാസ്സ് ഐഡിയ. അതാവുമ്പൊ ചിതല് പിടിക്കില്ല''.
''കാല് നാട്ടുമ്പൊ ചോട്ടില് ഈരണ്ട് ചട്ടി കോണ്‍ക്രീറ്റ് ഇട്ടോ. നല്ല ബലം കിട്ടും''വേശന്‍ അടുത്ത ഉപദേശം നല്‍കി.
''എന്തിനാടാ മൂന്നും ആറും ഒക്കെ. രണ്ടും നാലും പോരേ''വേശനോട് ചോദിച്ചു
''അതില് നിങ്ങള് ലാഭം നോക്കണ്ട. വെയിറ്റ് വന്നാല്‍ ഇട തൊങ്ങും''
''വല്യേപ്പാ വരിന്‍. നമുക്ക് പോയി നല്ലകാല് നോക്കി വാങ്ങാം''പ്രദീപ് വിളിച്ചു.
''എനിക്ക് അതൊന്നും അറിയില്ല. നീ പോയാല്‍ പോരേ''.
''എന്നാലും അതല്ല. വല്യേപ്പന്‍ വരിന്‍''പിന്നെ മടിച്ചില്ല. ഷര്‍ട്ടും മുണ്ടും മാറ്റി അവനോടൊപ്പമിറങ്ങി.
വേശന്‍ പറഞ്ഞതുപോലെ കോണ്‍ക്രീറ്റ് കാലുകള്‍ വാങ്ങി. ആറെണ്ണം ചെറുതും മൂന്നെണ്ണം വലുതും. കണ്ടപ്പോഴേ കാര്യംപിടികിട്ടി. പോസ്റ്റിന്‍റെ ഒരുതലയ്ക്കല്‍ മോന്തായം ഇറക്കിവെക്കാന്‍ പാകത്തില്‍ പൊഴുതുണ്ട്. അത് നന്നായി. മരം അതിലിറക്കിവെച്ച് കഴുക്കോല്‍ പിടിപ്പിക്കാം.
''വല്യേപ്പോ, നടുവില് മൂന്ന് വല്യേ പോസ്റ്റ്. അപ്പറൂം ഇപ്പറൂം ചെറുത് മൂന്നുവെച്ച്. മോന്തായൂം കഴിക്കോലും പട്ടികീം ഉണ്ട്. അതോണ്ട് ചെരിച്ച് ഷെഡ്ഡ് പണിയാം. ഓടുമേഞ്ഞ് നിറുകില് മുക്കോട് കമിഴ്ത്താം. ഒരുതുള്ളി വെള്ളം അകത്ത് വീഴില്ല''പ്രദീപ് വിശദീകരിച്ചു.
ആറ് ചാക്ക് മെറ്റലും മൂന്ന് ചാക്ക് മണലും ഒരു ചാക്ക് സിമിന്‍റും വാങ്ങി പോസ്റ്റ് കയറ്റിയ പെട്ടി ഓട്ടോയില്‍ കയറ്റി. ഡ്രൈവറോടൊപ്പം മുന്നിലെ സീറ്റിലിരുന്നു, പ്രദീപ് പുറകിലും. വീടിന്ന് മുന്നില്‍ പെട്ടിഓട്ടൊ നിര്‍ത്തി. പണിക്കാരുടെ സഹായത്തോടെ സാധനങ്ങളിറക്കി.
''വേശേട്ടാ, ഒന്ന് സഹായിക്കിന്‍. പോസ്റ്റ് നാട്ടാനുള്ളകുഴി എടുക്കട്ടെ''പ്രദീപ് സഹായം ചോദിച്ചു. ടേപ്പുമായി രണ്ടുപേരും അളവെടുത്തു. പ്രദീപ് ഒരു അലാങ്കെടുത്ത് കുഴികുത്താന്‍ തുടങ്ങി. പണി ചെയ്യുന്നത് നോക്കിക്കൊണ്ട് നില്‍ക്കുമ്പോള്‍ മൊബൈലടിച്ചു.
''കുഞ്ച്വോട്ടാ, നിങ്ങളെവടീണ്ട്''അന്‍സറാണ്.
''ഞാന്‍ വീട്ടിലുണ്ട്''.
''എന്തെങ്കിലും പണീണ്ടോ''.
''വീടിന്‍റെ ചുമര് തട്ടുണൂ. തല്‍ക്കാലത്തേക്ക് ഒരു ഷെഡ്ഡ് പണിയുണൂ. അത് നോക്കിനില്‍ക്ക്വാണ്''.
''തിരക്കില്ലെങ്കില്‍ ഒന്നിങ്ങട്ട് വര്വോ''.
''ഇപ്പൊത്തന്നെ വേണോ''.
''പറ്റ്യാല്‍ വരിന്‍''.
''ആരാ വിളിച്ചത്''ദേവു ചോദിച്ചു.
''അന്‍സറാണ്. കാണണംന്ന് പറഞ്ഞു''.
''എന്നാല്‍ പൊയ്ക്കോളിന്‍. ഞാനുണ്ടല്ലോ ഇവിടെ''.
''വരുമ്പൊ ഞാന്‍ ചോറ് വാങ്ങീട്ട് വരാം''
പോസ്റ്റ് വാങ്ങാന്‍ പോയപ്പോഴിട്ട ഷര്‍ട്ടും മുണ്ടും മാറ്റാത്തതുകൊണ്ട് തുണി മാറുന്ന പണി വേണ്ടിവന്നില്ല. അഴിച്ചുവെച്ച ചെരുപ്പെടുത്തിട്ടു. പടികടന്ന് വഴിയിലേക്കിറങ്ങി.
ഭാഗം :-52.
''എന്താ കുഞ്ച്വോ, നീയും നിന്‍റെ കെട്ട്യോളും ഇന്നലെ മുറ്റത്ത് കെടക്ക്വേ'' കണ്ടതും സായ്‌വിന്‍റെ ഭാര്യ ചോദിച്ചു.
''വീടിന്‍റെ മുകള് പൊളിച്ചു. അടുക്കളടെ ചുമരും തള്ളീട്ടു. അങ്ങനീള്ള വീട്ടില് കെടക്കണ്ടാന്ന് ദേവു പറഞ്ഞു''.
''നിനക്ക് അവളേംകൂട്ടി ഇവിടെവന്ന് ഷെഡ്ഡില്‍ കിടക്കായിരുന്നില്ലേ''.
''അത് ആലോചിക്കാഞ്ഞതല്ല. ആകെക്കൂടീള്ളത് കുറച്ച് പഴേ പാത്രാണ്. അത് ആരെങ്കിലും എടുത്തിട്ട് പോയാലോന്നുവെച്ച് അവിടെ കിടന്നു''.
''അതും ശര്യാണ്. കാലം തീരെ നന്നല്ല''സായ്‌വ് ആ പറഞ്ഞതിനെ പിന്‍താങ്ങി.
''പ്രദീപ് ഒരു ഷെഡ്ഡ് ഉണ്ടാക്കുണുണ്ട്. സിമിന്‍റിന്‍റെ ആറും മൂന്നും ഒമ്പത് കാല് വാങ്ങിക്കൊടുത്തിട്ടുണ്ട്''.
''തല്‍ക്കാലത്തിക്ക് ഒന്ന് തല്ലിക്കൂട്ട്. പുരപണി വേഗത്തില്‍ ചെയ്താമതി''.
''അതന്യാ ഉദ്ദേശം. പഞ്ചായത്തിന്ന് കാശ് കിട്ടുണത് കാത്തിരിക്കാതെ അസ്തിവാരം കീറിക്കെട്ടും. അത് കഴിഞ്ഞ് തറ കലക്കീട്ടാല്‍ ഉറച്ച് കിട്ട്വോലോ''.
''ആ സമയം നോക്കി ലോട്ടറി കിട്ട്യേത് നന്നായി''.
''അതാ മുതലാളീ പറയുണ്. മോളിലെ ആള് ഓരോന്ന് കണ്ടിട്ട് അതിന് പറ്റ്യേ ഓരോന്ന് ചെയ്യുണതാവും''.
''ആരാ പെരപണി ചെയ്യുണ്''.
''വേശന്‍റെ ആള്‍ക്കാരാണ്. പ്രദീപും ഒപ്പൂണ്ടാവും''.
''എന്തെങ്കിലും ആവശ്യൂണ്ടെങ്കില്‍ പറയാന്‍ മടിക്കണ്ടാ''.
''ചെറ്യേ ആളടെ നിക്കാഹ് കഴിയട്ടെ. എന്നിട്ട് എന്തെങ്കിലും വേണച്ചാല്‍ ചോദിക്കാം''.
''നിക്കാഹിന്‍റെ കാര്യം പറയാനാ നിന്നെ വിളിച്ചത്''.
''ഞാനെന്താ വേണ്ട് മുതലാളീ''.
''നിക്കാഹിന് വരുണോര്‍ക്ക് എന്തെങ്കിലും കൊടുക്കണ്ടേടാ. ഞങ്ങളത് ആലോചിച്ചപ്പോള്‍ നിന്നെക്കൊണ്ട് ഒരാവശ്യം തോന്നി''.
''എന്നെക്കൊണ്ടോ. എന്താദ്''
''എടാ അന്‍സറേ, കുഞ്ചു വന്നിട്ടുണ്ട്. അന്‍വറിനീം കൂട്ടി ഇങ്കിട്ട് വാ'' സായ്‌വ് നീട്ടി വിളിച്ചു.
''ഏട്ടനും അനുജനും കൂടി വിളിക്കണ്ടോരടെ ലിസ്റ്റ് ഉണ്ടാക്ക്വാണ്'' സായ്‌വിന്‍റെ ഭാര്യ കൂട്ടിച്ചേര്‍ത്തു. അന്‍വറും അന്‍സറും അവന്‍റെ ഭാര്യയും ഉള്ളില്‍നിന്ന് വന്നു.
''കുഞ്ച്വോട്ടാ. ഒരു കാര്യൂണ്ട്. ആലോചിച്ചപ്പൊ നിങ്ങളടെ അടുത്ത് പറഞ്ഞാല്‍ നടക്കുംന്ന് തോന്നി''.
''അല്ലെങ്കിലും കുഞ്ചൂനോട് എന്തെങ്കിലും നമ്മള് പറഞ്ഞിട്ട് നടക്കാതെ വന്നിട്ടുണ്ടോ''. സായ്‌വ് കൂട്ടിച്ചേര്‍ത്തു.
''എന്താ സംഗതീച്ചാല്‍ പറയിന്‍. എന്തിനും ഒരു വഴീണ്ടാവും''.
''ബിരിയാണി ആടിന്‍റെ മതീന്ന് പറയുണു. കൂടെ കോഴി പൊരിച്ചതും''.
''അത് നന്നായി. ഇറച്ചീം മീനും കഴിക്കാത്തോരക്കോ''.
''അവര്‍ക്ക് സദ്യ. എന്താ അത് പോരേ''.
''ധാരാളം. അതിനുള്ള ഏര്‍പ്പാട് ചെയ്ത്വോ''.
''കാറ്ററിങ്ങില്‍ പറയാംന്ന് വിചാരിച്ചതാ. ഇവര്‍ക്കത് ഇഷ്ട്വോല്ല''.
''എന്നിട്ട് എന്താ കണ്ടിരിക്കുണ്''.
''വെക്കാന്‍ ആളെ ഏര്‍പ്പാടാക്കും. സാധനങ്ങള്‍ നമ്മള് വാങ്ങി കൊടുക്ക്വാ''.
''ഇനി ഞാനെന്താ വേണ്ട്ന്ന് പറയിന്‍''.
''ചിക്കന്‍ ഏതെങ്കിലും സ്റ്റാളില്‍ ഏല്‍പ്പിക്കാം. ആടിന്‍റെ കാര്യം അങ്ങിനേല്ല. മൂത്ത് മുരടിച്ച ആടിന്‍റെ ഇറച്ചി തന്നാലോ''.
''അത് ശര്യാണ്. എന്താ വഴി കണ്ടിരിക്കുണ്''.
''നമ്മള് പാകംപോലെ ആടിനെ വാങ്ങി നിര്‍ത്ത്വാ. അതിനെ ശര്യാക്കി വെട്ടിത്തരാന്‍ ആളുണ്ട്''.
''അപ്പൊ പ്രശ്നം തീര്‍ന്നല്ലോ''.
''അവിട്യാ നിന്‍റെ സഹായം വേണ്ടത്. നീ പാകംപോലെ നല്ല ആടിനെ വാങ്ങിത്താ''.
''എത്ര എണ്ണം വേണം''.
''രണ്ടോ മൂന്നോ. അത് മതി''.
''കുഞ്ച്വോട്ടാ, ഒന്ന് അധികായാലും കുഴപ്പൂല്യാ. തികഞ്ഞിലാന്ന് വരാന്‍ പാടില്ല''. രാമന്‍കുട്ടിയുടെ മരുമകള്‍ ആട് വളര്‍ത്തുന്നുണ്ട്. അവളോട് ചോദിച്ചുനോക്കാം. കൊടുക്കുമെങ്കില്‍ അവള്‍ തരും. ആ കാര്യം ഉറപ്പ്.
''ഞാന്‍ രണ്ടുദിവസത്തിനുള്ളില്‍ വിവരം തന്നാല്‍ പോരേ''.
''ധാരാളം. ഞങ്ങള് മുന്‍കൂട്ടി പറഞ്ഞൂന്നേ ഉള്ളൂ''.
''എന്നാ ഞാന്‍ പോട്ടെ. പണിക്കാരുള്ളതാണ്''.
''പറ്റ്യാല്‍ നീ വൈകുന്നേരം വാ''. ശരി എന്ന് സമ്മതിച്ച് അവിടെനിന്നും ഇറങ്ങി. കനത്തവെയിലുംകൊണ്ട് ഹോട്ടലിലേക്ക് നടന്നു
ഭാഗം :-53.
ഊണുകഴിഞ്ഞ് ദേവുവിനുള്ള ചോറുമായി എത്തുമ്പോഴേക്കും പണിക്കാര്‍ ഭക്ഷണത്തിന്ന് പോയിരുന്നു.
''എന്തിനാ അവര് നിങ്ങളെ കാണണംന്ന് പറഞ്ഞത്''ഭക്ഷണം കഴിക്കുമ്പോള്‍ ദേവു ചോദിച്ചു. സായ്‌വിന്‍റെ വീട്ടുകാര്‍ പറഞ്ഞ കാര്യങ്ങളെല്ലാം അവളോട് വിസ്തരിച്ച് പറഞ്ഞു.
''നിങ്ങളെവിടുന്നാ ആടിനെ ഉണ്ടാക്ക്വാ''.
''രാമന്‍കുട്ടിടെ മരുമകള് ആട് വളര്‍ത്തുണുണ്ട്. അവളോട് ചോദിച്ച് നോക്കട്ടെ''.
''ഏറ്റിട്ടുണ്ടെങ്കില്‍ നടത്തികൊടുക്കണം. കല്യാണത്തിന്‍റെ കാര്യാണ്''.
''ഇന്നന്നെ അവളോട് ചോദിക്കാം. പണിക്കാര് പണിമാറി പോട്ടേ''.
''എന്തിനാ അത്രയ്ക്ക് വൈകിക്കുണ്. നേരത്തെ പോയിട്ട് വരിന്‍''.
''പണിടെ ലെവലൊന്ന് നോക്കട്ടെ. എന്നിട്ട് പോവാം''.
''അത് നോക്കാനൊന്നൂല്യാ. പ്രദീപ് കുഴി ഉണ്ടാക്കിക്കഴിഞ്ഞു. ഉണ്ട് വന്നിട്ട് കാല് നാട്ടും. ചുമര് പൊളിക്കല് നാളെക്കൂടി ഉണ്ടാവുംന്ന് തോന്നുണൂ''.
''എന്തിനാ നാളയ്ക്ക് നീട്ടുണ്''.
''താഴ്വാരത്തിന്‍റെ ചുമര് മത്തിക്കല്ലോണ്ട് കെട്ട്യേതാണത്രേ. അത് പൊളിക്കാന്‍ നേര്വോടുക്കും''. താഴ്വാരം പുര ഓടുമേയുന്ന സമയത്ത് ഉണ്ടാക്കിയതാണ്. അതാവും അതുമാത്രം കല്ലുകൊണ്ട് കെട്ടിയത്.
''ഷെഡ്ഡിന്‍റെ കാല് നാട്ട്യാല്‍ ഇന്നന്നെ മുകള് മേയ്യോ''.
''അതെങ്ങനെ. കാല് കോണ്‍ക്രീറ്റ് ചെയ്താല്‍ അത് ഉറയ്ക്കാന്‍ മൂന്നാല് ദിവസം വേണ്ടേ. അത് കഴിഞ്ഞിട്ടേ ചെയ്യാന്‍ പറ്റൂ''.
''അതുവരെ ഇന്നലെ കിടന്നപോലെ കിടക്കണ്ടിവരും''.
''അതിനെന്താ. നിങ്ങക്ക് പേടീണ്ടോ''.
''എനിക്ക് പേടീല്ല. നിന്‍റെ കാര്യം ആലോചിക്കുമ്പഴാ വിഷമം''.
''ഒരു വിഷമൂം വേണ്ടാ. ഞാന്‍ ഒറ്റയ്ക്കല്ലല്ലോ. നിങ്ങളില്ലേ അടുത്ത്''.
''എന്നാലും അതല്ല''.
''അത് വിടിന്‍. എന്നിട്ട് നിങ്ങള് പോയി ആടിന്‍റെ കാര്യം അന്വേഷിച്ചിട്ട് വരിന്‍''. ഇനി കൂടുതല്‍ പറഞ്ഞുനില്‍ക്കുന്നില്ല. ചിലപ്പോള്‍ ദേവുവിന്ന് പിടിക്കില്ല. വേഗം ഇറങ്ങി നടന്നു. രാമന്‍കുട്ടിയുടെ വീടിന്‍റെ മുന്നില്‍ ആരേയും കാണാനില്ല.
''ആരൂല്യേ ഇവിടെ''മുറ്റത്തുനിന്ന് ചോദിച്ചു.
''ആരാ''എന്ന ചോദ്യത്തിനൊപ്പം മരുമകള്‍ മുന്നിലെത്തി. അവളുടെ ഒക്കത്ത് ഒരുകുട്ടിയുണ്ട്.
''എന്താ''അവളുടെ ശബ്ദത്തിന്ന് ഒരു പതര്‍ച്ച തോന്നി. ഓര്‍ക്കാപ്പുറത്ത് ഒരാപത്ത് മുന്നിലെത്തിയതിന്‍റെ ഞെട്ടല്‍പോലെയുണ്ട്. അന്ന് ഉപദേശിച്ച് പറഞ്ഞയച്ചതിന്നുശേഷം രണ്ടുപേരും ആദ്യമായി കാണുകയാണ്.
''പേടിക്കണ്ടാ കുട്ട്യേ. ഞാന്‍ വേറൊരു കാര്യം ചോദിക്കാന്‍ വന്നതാണ്'' സായ്‌വിന്‍റെ മകന്‍റെ നിക്കാഹിന്‍റെ കാര്യം പറഞ്ഞതിനൊപ്പം ആടിനെ കൊടുക്കുമോ എന്ന ചോദ്യവും ഉന്നയിച്ചു.
''സത്യം പറഞ്ഞാല്‍ എനിക്ക് കൊടുക്കണംന്നുണ്ട്. ആടിനീംകൊണ്ടെനിക്ക് വെളീല് പൊവാന്‍ പറ്റാണ്ടായി''.
''അതെന്താ പറ്റാണ്ടെ''.
''മറ്റേ ആള് വെറുതെ വിളിച്ച് ബുദ്ധിമുട്ടിക്കുണു. അകെക്കൂടി വല്ലാണ്ടെ പൊറുതി മുട്ടീരിക്ക്യാണ്''.
''ആര്. ആ ഓട്ടോകാരന്‍ ചെക്കനോ''.
''അയാളന്നെ. വാടീന്ന് പറഞ്ഞ് എന്നെ വിളിക്ക്യാണ്''.
''എന്നിട്ട് നീയെന്ത് പറഞ്ഞു''.
''എനിക്ക് പറ്റില്ല. എന്നെ വെറുതെ വിടിന്‍ന്ന് പറഞ്ഞു''.
''അവനെന്താ പറയുണ്''.
''ഞാന്‍ ആണാണച്ചാല്‍ നിന്നെ എന്‍റടുത്ത് കൊണ്ടുവരുംന്ന് പറയുണൂ''.
''അതിനൊക്കെ വഴീണ്ടാക്കാം. നീ ആടിനെ കൊടുക്ക്വോന്ന് പറയ്''.
''ഇപ്പൊ വേണച്ചാല്‍ ഇപ്പൊ തരാം. എനിക്ക് വയ്യാണ്ടായി''.
''എന്താ നീ വില കണ്ടിരിക്കുണ്''.
''അതൊക്കെ നിങ്ങള് പാകംപോലെ തന്നാ മതി''.
''എന്നാല്‍ രണ്ടുദിവസത്തിനകത്ത് ഞാന്‍ വരാം''.
''വീട്ടിലിരുന്ന് ചെയ്യാന്‍ പറ്റുണ എന്തെങ്കിലും പണി കിട്ട്വോന്ന് ഞാന്‍ ആലോചിക്ക്യാണ്''.
''നോക്കട്ടെ. എന്തെങ്കിലും വഴീണ്ടാക്കാം''. ആ നിമിഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ചിലച്ചു.
''ഇത് അയാളാണ്''ഫോണ്‍ എടുത്തുനോക്കി അവള്‍ പറഞ്ഞു.
''എന്നാല്‍ നീ അതിങ്കിട്ട് താ''മൊബൈല്‍ അവളുടെ കയ്യില്‍നിന്ന് വാങ്ങി കാളെടുത്തു.
''എന്താടി നിന്‍റെ വിചാരം''ആദ്യം കേട്ടത് അതാണ്.
''എടാ, നായിന്‍റെ മോനേ. ഇത് എടിയല്ല എടനാണ്. മനസ്സിലായോ''.
''ആരാ നിങ്ങള്''.
''നിന്‍റെ കഴുത്തില് കൊടുവാളോണ്ട് കൊത്താന്‍ വരുണ ആള്''.
''അതിന് ഞാന്‍ നിങ്ങക്കെന്താ ചെയ്തത്''.
''എന്നെ ഒന്നും ചെയ്യാന്‍ നിന്നെക്കൊണ്ടാവില്ല. നിന്നെ കൊല്ലുണത് ഈ പെണ്‍കുട്ട്യേ വിളിച്ച് ശല്യം ചെയ്യുണതിന്ന്''.
''ഞാനും അവളും തമ്മിലുള്ള ബന്ധത്തില്‍ നിങ്ങള്‍ക്കെന്താ കാര്യം''.
''വീട്ടിലിരിക്കുണ പെണ്‍കുട്ട്യേളെ പറഞ്ഞ് ചാട്ടേമ്പില്‍ കേറ്റി തെറ്റ് ചെയ്യിക്കുണ നിനക്കൊക്കെ അമ്മീം പെങ്ങളും ഇല്ലേ. നിന്‍റെ ഭാര്യേ ആരെങ്കിലും വളച്ചാല്‍ നീയെന്ത് ചെയ്യും''.
''ഞാനവനെ കൊല്ലും''.
''ആ ശിക്ഷ്യാണ് നിനക്ക് തരണ്ടത്. ഇപ്പൊ ഞാനത് ചെയ്യുണില്ല. ആദ്യം ഈ വിവരം നിന്‍റെ ഭാര്യടടുത്ത് പറയും. അവളടെ ഏട്ടന്‍ എസ്. ഐ. ഇല്ലേ. ഇതെല്ലാം ഞാന്‍ പോയി അയാളോടും പറയും. അത്വോല്ല, ഇവളെ നീ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തുണൂന്ന് പോലീസില്‍ ഒരുകംപ്ലൈന്‍റും കൊടുക്കും. അത് കഴിഞ്ഞിട്ട് പിന്നീം നീ ഇങ്ങനെ കാട്ട്യാല്‍ നിന്‍റെ തല കഴുത്തിലുണ്ടാവില്ല''.
''ഒന്നും വേണ്ടാ. ഞാനിനി അവളെ വിളിക്കില്ല''.
''അവളെ മാത്രോല്ല. ഒരു പെണ്ണിനീം ഇതുപോലെ ചെയ്യരുത്. ചെയ്തൂന്ന് കേട്ടാല്‍ അന്നത്തോടെ നിന്‍റെ ചീട്ട് ഞാന്‍ കീറും''.
''ഇല്ല. ഞാന്‍ ചെയ്യില്ല''.
''ശരി. എന്നാല്‍ വെച്ചോ''.
''നിങ്ങളാരാണെന്ന് പറഞ്ഞില്ല''.
''അറിയണോ നിനക്ക്. ഞാന്‍ കാലന്‍. നിന്‍റെ ജീവനെടുക്കുണ കാലന്‍''. മറുവശത്ത് കാള്‍ കട്ടാക്കി.
''ഇന്നാ പിടിച്ചോ''മൊബൈല്‍ അവളുടെ നേരെ നീട്ടി''എന്തെങ്കിലും പ്രശ്നം ഇനി ഉണ്ടായാല്‍ നീ എന്‍റടുത്ത് പറ. ഞാന്‍ വഴീണ്ടാക്കാം''.
''എനിക്ക് നിങ്ങളേള്ളു ഒരു രക്ഷ''പെണ്‍കുട്ടി കണ്ണുതുടച്ചു.
''രാമന്‍കുട്ടി എന്ത് ചെയ്യുണൂ''.
''ഊണുകഴിഞ്ഞിട്ട് ഉറങ്ങുണൂ''.
''എന്നാല്‍ ഞാന്‍ പോട്ടെ. ഇനി വരുമ്പൊ കാണാം''അവളോട് യാത്ര പറഞ്ഞ് ആ വീട്ടില്‍നിന്നിറങ്ങി.
ഭാഗം :-54.
ആടിന്‍റെ കാര്യം അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ പ്രദീപ് കോണ്‍ക്രീറ്റ് കാലുകള്‍ നാട്ടാനുള്ള തിരക്കിലാണ്. വേശന്‍ അവനോടൊപ്പമുണ്ട്.
''എന്താടാ ഇത് നാട്ടാന്‍ ഇത്ര താമസം''അവനോട് ചോദിച്ചു.
''നിങ്ങക്കറിയാഞ്ഞിട്ടാണ്. ആദ്യം ട്യൂബ് വെച്ച് ലെവല് നോക്കണം. അത് കഴിഞ്ഞിട്ട് കാല് ചെരിഞ്ഞിട്ടാണോന്ന് തൂക്കുഗുണ്ട് വെച്ചുനോക്കണം. എന്നിട്ടേ കാല് ഒറപ്പിക്കാന്‍ പറ്റൂ''വേശനാണ് മറുപടി പറഞ്ഞത്.
''അതൊന്നും വേണ്ടാ. എങ്ങനേങ്കിലും പെട്ടെന്ന് ചെയ്യിന്‍''.
''എങ്ങനേങ്കിലും ചെയ്യാന്‍ പറ്റുണ പണ്യല്ല. ഉത്തരൂം മോന്തായൂം ഒക്കെ സ്ട്രെയിറ്റായി നിക്കണ്ടേ''.
''അല്ല. ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ. സൌകര്യംപോലെ ചെയ്തോ''.
''നിങ്ങള് മിണ്ടാണ്ടിരിക്കിന്‍. ഞങ്ങള് വേണ്ടമാതിരി ചെയ്തോളാം''.
മണ്‍ചുമര്‍ ഇടിച്ചു നിരത്തിക്കഴിഞ്ഞു. താഴ്വാരത്തിന്‍റെ ചുമര്‍ പൊളിക്കുന്നു. ചെങ്കല്ല് മണ്ണിലാണ് കെട്ടിയിട്ടുള്ളത്. അത് നന്നായി. സിമന്‍റില്‍ കെട്ടിയതാണെങ്കില്‍ കുറെകല്ല് പൊട്ടിപ്പോവും. ഈ ചുമര് കെട്ടുന്ന കാലത്ത് സിമിന്‍റ് ഉപയോഗിക്കാറില്ല. ദേവു പൊളിച്ചെടുത്ത കല്ലുകള്‍ അടുക്കിവെക്കുന്നുണ്ട്.
''ദേവ്വോ, ഞാനെന്തെങ്കിലും ചെയ്യണോ''ഭാര്യയോട് ചോദിച്ചു.
''ഒന്നും വേണ്ടാ. മിണ്ടാണ്ടെ ഒരുഭാഗത്ത് ഇരുന്നോളിന്‍''.
സായ്‌വിന്‍റെ വീട്ടില്‍ ചെന്നാലോ. ആട് കിട്ടാനുള്ള കാര്യം അവരെ അറിയിക്കാം. ആടിനെ അവരുംകൂടി നോക്കട്ടെ. വാങ്ങുന്നവരും വില്‍ക്കുന്നവരുംകൂടി വില നിശ്ചയിച്ചാല്‍ മതി. അതില്‍ ഇടപെടണ്ട.
''ഞാനൊന്ന് അന്‍സറിനെ കണ്ടിട്ട് വരാം''ദേവുവിനോട് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി. എല്ലാവരും ഉച്ചമയക്കത്തിലാവുമോ എന്ന് സംശയിച്ചാണ് കയറിച്ചെന്നത്. നല്ലകാലത്തിന് സായ്‌വും ഭാര്യയും ഉമ്മറത്ത് ഇരിപ്പുണ്ട്.
''എന്താ കുഞ്ച്വോ, ഈ നേരത്ത്''സായ്‌വ് ചോദിച്ചു.
''എന്‍റടുത്ത് ആട് വാങ്ങുണ കാര്യം പറഞ്ഞില്ലേ. അത് അന്വേഷിച്ച് വര്വാണ്''.
''കിട്ടാനുണ്ടോടാ''.
''ഉവ്വ്. ഇവിടെ അടുത്തന്നീണ്ട്. ഞാന്‍ പോയി നോക്കി. നാലെണ്ണൂണ്ട് അവിടെ''.
''നമുക്ക് മൂന്ന് മതി''.
''കൊടുക്ക്വാണച്ചാല്‍ എല്ലാം കൂടീട്ടേ അവര് കൊടുക്കൂ. ഒന്നിനെ ബാക്കി നിര്‍ത്ത്യാല്‍ അവര്‍ക്ക് ബുദ്ധിമുട്ടാവും''.
''ഇനി എന്താടാ ചെയ്യാ''.
''നാലിനീം വാങ്ങ്വാ. ആവശ്യംകഴിഞ്ഞ് ബാക്കി വരുണത് എത്ര്യാച്ചാല്‍ അതിനെ വില്‍ക്ക്വാ''.
''പറയുമ്പോലെ അത്ര എളുപ്പൂള്ള കാര്യോല്ല ഇതൊന്നും''.
''മുതലാളി പേടിക്കണ്ടാ. അതിനൊക്കെ ഞാന്‍ വഴീണ്ടാക്കാം''.
''എന്തോ. എനിക്കറിയില്ല.. പിള്ളരടടുത്ത് ചോദിക്കട്ടെ''.
''ഞാന്‍ അവരെ വിളിക്കാം''സായ്‌വിന്‍റെ ഭാര്യ അകത്തേക്ക് ചെന്നു.
''കുഞ്ച്വോട്ടന്‍ ഏറ്റകാര്യം ശര്യാക്ക്യല്ലേ'' അന്‍സര്‍ ചിരിച്ചുകൊണ്ട് കടന്നുവന്നു.
''പക്ഷെ വേറൊരു പുലിവാലുണ്ട് അന്‍സറേ''നാല് ആടുകളെ ഒന്നിച്ചേ വില്‍ക്കുള്ളു എന്ന കാര്യം സായ്‌വ് അറിയിച്ചു.
''ബാക്കി വരുണതിനെ ഇറച്ചിവെട്ടുണോര്‍ക്ക് വില്‍ക്കാന്ന് മുതലാള്യോട് ഞാന്‍ പറഞ്ഞു''.
''എന്നാ പിന്നെ അതല്ലേ വാപ്പാ നല്ലത്''അന്‍വര്‍ അഭിപ്രായപ്പെട്ടു.
''നിക്കാഹിന്‍റെ തിരക്കിനിടേല് അതിനെ ആരാടാ നോക്ക്വാ''.
''നമ്മള് വില പറഞ്ഞ് കാശ് കൊടുക്ക്വാ. കല്യാണത്തിന്‍റെ തലേന്ന് കൊണ്ടുവന്നാ മതി. ബാക്കി വരുണതിനെ തല്‍ക്കാലം എന്‍റെ വീട്ടില് കെട്ടാം. നിക്കാഹ് കഴിഞ്ഞതും ബാക്കീള്ളതിനെ നമുക്ക് വില്‍ക്കാം. അതിനെന്താ കുഴപ്പം''.
''അങ്ങിനെ മതി വാപ്പാ''അന്‍സര്‍ അത് ഉറപ്പിച്ചു.
''ദേവൂന്ന് സാരീം ജാക്കറ്റും ഞങ്ങള് വാങ്ങുണുണ്ട്''ഉമ്മ പറഞ്ഞു ''നിനക്കുള്ളത് വാങ്ങാന്‍ പൈസ തരാം''.
''അത് വേണ്ടാ. ഇവിടുന്ന് വാങ്ങിത്തന്നാ മതി''.
''പിന്നെ പിടിച്ചില്ലാന്ന് പറയാന്‍ പാടില്ല. അതാണ്''.
''സ്നേഹത്തോടെ തരുണത് സന്തോഷത്തോടെ വാങ്ങണം. അതാ ശരി''.
''എന്നാ അങ്ങനെ ആവട്ടെ''. പണിക്കാരിപ്പെണ്ണ് ചായയും കടിയും കൊണ്ടുവന്നു. അതുവാങ്ങി കഴിച്ച് യാത്രപറഞ്ഞ് വിട്ടിലേക്ക് നടന്നു
ഭാഗം :-55.
വീട് പൊളിച്ച മണ്ണുമുഴുവന്‍ തൊടിയില്‍ പരത്തി. ഒരു മഴ പെയ്താല്‍ അത് ഒതുങ്ങിക്കിട്ടും. അതുവരെ പൊടി പറക്കും. സാരമില്ല. കൂടാതെ കഴിയില്ലല്ലോ. താഴ്വാരത്തില്‍നിന്ന് കുറെ മത്തിക്കല്ലുകള്‍ കിട്ടി. വീതി കൂടുതലുള്ള കനം കുറഞ്ഞ മത്തിക്കല്ലിന്ന് നല്ല ബലമുണ്ട്.
''ഈ കല്ലോണ്ട് ചുറ്റോടും ഒന്നര രണ്ടടി പൊക്കത്തില്‍ കെട്ട്വാ. എന്നിട്ട് അതിന്‍റെ ഉള്ളില് ഒരടിക്ക് മണ്ണിട്ട് തൂര്‍ക്ക്വാ. എന്നാല്‍ മഴ പെയ്താല്‍ വെള്ളം കേറില്ല'' പ്രദീപ് പറഞ്ഞത് സമ്മതിച്ചു. അത് നന്നായി. ചുറ്റും കെട്ടിയാല്‍ ഭംഗിവരും. അതിനകത്ത് മണ്ണുകേരിയിട്ട് വെള്ളമൊഴിച്ച് ഇടിച്ചൊതുക്കണം. മണ്ണ് ഉണങ്ങിയാല്‍ അതിനുമീതെ ചാണകംതേക്കാം. അതോടെ നിലം പണി കഴിഞ്ഞു.
*****************************
''വല്യേപ്പോ, കാല് ഒറച്ചിട്ടുണ്ടാവും. ഇന്ന് പുര മേഞ്ഞാലോ''രാവിലെ പ്രദീപ് വന്ന് ചോദിച്ചു.
''എന്താ സംശയം. ആറ് ദിവസായി മരച്ചോട്ടില്‍ കിടക്കാന്‍ തുടങ്ങീട്ട്''.
''അത്വോല്ല. വേനല്‍ മഴടെ ലക്ഷണൂണ്ട്. മഴ പെയ്താല്‍ നിങ്ങള്‍ എന്താ ചെയ്യാ''.
''നീ നേരൂം കാലൂം ഒന്നും നോക്കണ്ടാ. ഇന്ന് കിടക്കാന്‍ പാകത്തില്‍ പണി തീര്‍ക്ക്''.
''അത് ഞാനേറ്റൂ. ചുറ്റും മറയ്ക്കാന്‍ പ്ലാസ്റ്റിക്ക് ഷീറ്റ് വാങ്ങിച്ചോളിന്‍''.
''അത് നീയെന്നെ വാങ്ങ്യാല്‍ മതി. എനിക്കതിന്‍റെ കണക്കറിയില്ല''. മോന്തായവും കഴിക്കോലുകളും ഉറപ്പിച്ച് പട്ടിക അടിക്കുമ്പോള്‍ വേശനെത്തി.
''പണി കലക്ക്യേലോ പ്രദീപേ''അവന്‍ അഭിനന്ദിച്ചു.
''പിന്നെന്താ വിചാരിച്ച്. ഇനി നിലത്ത് കുറച്ച് ചാണകം തേക്കണം. ചുറ്റോടും ഷീറ്റ് കെട്ടി മറയ്ക്കണം''.
''ആക്വേ, നീ എന്ത് കൂട്ടാണ് ചെക്കാ ഈ കൂട്യേത്''.
''അതെന്താ വേശേട്ടാ നിങ്ങള് അങ്ങനെ പറയുണ്''.
''മണല് ഇവിടെ കിടക്കുണുണ്ട്, അരച്ചാക്ക് സിമന്‍റൂണ്ട്. അത് മട്ടികൂട്ടി വിരിച്ച് തല്ലി പൊതുക്ക്യാല്‍ എത്ര ഭംഗീണ്ടാവും''.
''വേണച്ചാല്‍ അങ്ങനെ ചെയ്യാം''.
''അതുപോലെ പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടണ്ടാ''.
''പിന്നെന്താ വഴി കണ്ടിരിക്കിണ്''.
''ഒരുവീട്ടിലെ ടെറസ്സില് ഷീറ്റിട്ടുണ്ടായിരുന്നു. അവരത് മാറ്റി കളറുള്ള ഷീറ്റാക്കി. അത് വാങ്ങി സൈഡ് മറച്ചാല്‍ നന്നായിരിക്കും. ചെറ്യേ ഒരു പ്രശ്നൂള്ളത് ആണിത്തൊള്യാണ്. അത് എം.സീല് കൊണ്ട് അടയ്ക്കാം''.
''അതിന് തോനെ പൈസ വരില്ലേ''.
''ഒന്നും വരില്ല. അവരത് പൊട്ടസാധനങ്ങള്‍ വാങ്ങാന്‍ വരുണോര്‍ക്ക് കൊടുക്കാന്‍ വെച്ചതാ. കൈനീട്ടം കാശിന് ഞാനത് വാങ്ങി തരാം''.
''അതിന് വെല്‍ഡറെ വിളിച്ച് ഫ്രെയിമുണ്ടാക്കണം. അതൊക്കെ ഒരുപാട് മിനക്കടല്ലേ. പോരാത്തതിന്ന് കാശ് ചിലവും''.
''വേണച്ചാല്‍ പട്ടികേക്കൊണ്ട് ഫ്രെയിമുണ്ടാക്കാം. ഇരുമ്പാണെങ്കില്‍ കാലാകാലത്തിന്ന് കേടുവരാതെ കിടക്കും. മാത്രോല്ല. അടച്ചുറപ്പും ഉണ്ടാവും''.
''ഇതിനൊക്കെ മിനക്കെടുണ നേരംകൊണ്ട് നാല് സൈഡും കെട്ടിപ്പൊക്കി ഇട തൂര്‍ക്കാം. കട്ടീളീം ജനലും ഇവിടെത്തന്നെ ഉണ്ടല്ലോ''പ്രദീപ് വേറൊരു വഴി കണ്ടു.
''അതിന് കല്ല് വേണ്ടേ''
''പുഴടെ അക്കരേല് ഒരു വീട് പൊളിച്ചിട്ടുണ്ട്. പഴേ വെട്ടുകല്ല് അവിടേന്ന് വാങ്ങാം പിന്നെന്താ''
''സ്ഥലം എനിക്ക് മനസ്സിലായി. അവിടെ ഏതോ വല്യേ കെട്ടിടം വരാന്‍ പോണ്വോത്രേ. വേണച്ചാല്‍ ഞാനത് ചോദിക്കാം''വേശന്‍ ഏറ്റു.
''എന്നാ അതിന് എത്ര പൈസ വരുംന്ന് അന്വേഷിക്ക്. നമുക്ക് ചെയ്യാന്‍ പറ്റുണതാണെങ്കില്‍ നീയത് ഏര്‍പ്പാടാക്ക്''ദേവു വേശനെ ആ ചുമതല ഏല്‍പ്പിച്ചു.
''വൈകുന്നേരം പോയി നോക്കാം. ഈ നട്ടപ്പൊരി വെയിലത്ത് നടക്കാന്‍ വയ്യ''.
''എന്തായെടാ സ്കൂട്ടി വാങ്ങല്. അതുണ്ടെങ്കില്‍ നടക്കാതെ കഴിഞ്ഞില്ലേ''.
''അതിന്‍റെ ആള് സ്ഥലത്തില്ല. കെട്ട്യോനും കെട്ട്യോളും മകളെ കാണാന്‍ ബാംഗ്ലൂരിലിക്ക് പോയിരിക്ക്യാണ്. അവര് വന്നാല്‍ വാങ്ങും''.
''എന്നിട്ട് വേണം എനിക്കതൊന്ന് ഓടിക്കാന്‍''.
''വയസ്സുകാലത്ത് വേണ്ടാത്ത പണിക്ക് പുറപ്പെടണ്ടാ. വീണ് കയ്യോ കാലോ ഒടിഞ്ഞാല്‍ എനിക്ക്യാ ബുദ്ധിമുട്ട്''ദേവു എതിര്‍ത്തു
''ദേവ്വോ, നീ എനിക്ക് ബൈക്ക് വാങ്ങി തരാന്ന് പറഞ്ഞതോ. അത് ഞാന്‍ ഓടിക്കുമ്പൊ വീണാലോ''.
''വാങ്ങിത്തരാന്ന് പറഞ്ഞതല്ലേ ഉള്ളൂ. വാങ്ങിലല്ലോ''
''നിങ്ങടെ കാറ് വാങ്ങുണ കാര്യോ''വേശനത് മറന്നിട്ടില്ല.
''കുറച്ചുദിവസംകൂടി കഴിയണം''ദേവു പറഞ്ഞു''അപ്പൊ മാനത്ത് നെറയെ കാറ് വരും''.
അതുകേട്ട് പ്രദീപ് ഉറക്കെ ചിരിച്ചു. മറ്റുള്ളവരും അതില്‍ പങ്കുചേര്‍ന്നു.
ഭാഗം :-56.
പ്രദീപും വേശനും ഉത്സാഹം കാണിച്ചതുകൊണ്ട് ഷെഡ്ഡിന്‍റെ പണി ഭംഗിയായി കഴിഞ്ഞു. ഇപ്പോള്‍ ഒരുവിധം അടച്ചുറപ്പുണ്ട്. മുമ്പിലിം പിന്നിലും ഓരോ വാതില് രണ്ടുഭാഗത്തും ഈരണ്ട് ജനലുകള്. വീട് പൊളിച്ചപ്പോള്‍ മാറ്റിവെച്ച സാധനങ്ങളില്‍നിന്ന് അവയെടുത്തു. അത് കാരണം വീട്ടിലെ സാധനങ്ങള്‍ അകത്തുവെച്ച് സമാധാനത്തോടെ പൂട്ടി പോവാം. നിലം സിമിന്‍റിട്ട് ചൂലുകൊണ്ട് അടിച്ചൊതുക്കിയതിനാല്‍ പൊടിയുടെ ശല്യവും ഇല്ല. കറണ്ട് കണക്ഷന്‍ ഷെഡ്ഡിലിക്ക് മാറ്റണമെന്ന് ദേവു പറയുന്നുണ്ട്. സാധിക്കുമോ എന്നറിയില്ല. മാത്രമല്ല വീടുപണി കഴിഞ്ഞാല്‍ അതില് കറണ്ട് വേണ്ടേ.
മിഷ്യന്‍കൊണ്ട് വീടിന്‍റെ അസ്തിവാരം കീറാം എന്ന് പ്രദീപ് പറഞ്ഞു. അതിനുമുമ്പ് ചാമിആശാരിയെ വിളിച്ച് കുറ്റിതറയ്ക്കണം. നല്ലദിവസം നോക്കിയിട്ടുവേണം അത് ചെയ്യാന്‍.
അസ്തിവാരം കെട്ടിയിടാമെന്ന് ദേവു പറയുന്നുണ്ട്. അപ്പോഴേക്കും പഞ്ചായത്തില്‍നിന്നുള്ള പണം കിട്ടും. തല്‍ക്കാലം കയ്യിലുള്ള കാശ് ഉപയോഗിക്കാം. ടിപ്പര്‍ ലോറിക്ക് ഒരുലോഡ് കല്ലിന് മുവ്വായിരത്തി അഞ്ഞൂറ് പറഞ്ഞു. പ്രദീപിന്‍റെ പരിചയക്കാരന്‍ മൂന്ന് മുന്നൂറിന്ന് എത്തിച്ചുതരും. എത്രയും പെട്ടെന്ന് പണി തുടങ്ങണം. എന്നാലെ മഴ വരുമ്പോഴേക്ക് തീരുള്ളൂ.
ചാക്ക് വിരിച്ച് അതിനുമീതെ പായയിട്ടാണ് കിടക്കുന്നത്. മുറ്റത്ത് കിടക്കുന്നത് മാറിയതോടെ പേടിതീര്‍ന്നു. രാത്രി കിടന്നുറങ്ങുമ്പോള്‍ മഴപെയ്താല്‍ എന്താണ് ചെയ്യുക എന്നൊരു വിഷമമുണ്ടായിരുന്നു.
''എന്താ വല്ലാത്ത ആലോചന''ദേവു ചോദിച്ചു.
''വീട് മേല്‍കൂടി കിട്ടുണവരെ സമാധാനൂല്യാ''.
''എന്തിനാ ബേജാറാവുണ്. തല്‍ക്കാലം അടച്ച് കിടക്കാന്‍ ഒരു മാര്‍ഗ്ഗം ആയില്ലേ. സമയംആവുമ്പൊ വീടും ഉണ്ടാവും''ദേവു സമാധാനിപ്പിച്ചു.
''അതാ ഞാനും വിചാരിക്കുണ്''.
''പണീല്ലെങ്കില്‍ ചെല്ലാന്‍ സായ്‌വിന്‍റെ കെട്ട്യോള് പറഞ്ഞിട്ടുണ്ട്. അതിന് പൈസ തരാന്ന് അവര് പറഞ്ഞു. എന്താ ഞാന്‍ ചെയ്യണ്ട്''
''പൈസയ്ക്ക് വേണ്ടി ദേഹം നോക്കാണ്ടെ പണ്യെടുക്കരുത്. വല്ലതും വന്ന് കിടപ്പിലായാല്‍ ചികിത്സിക്കാന്‍ കിട്ട്യേത് പോരാണ്ടെവരും''.
''നിങ്ങള് അവരടെ രണ്ട് മക്കളീംകൂട്ടീട്ട് പോയി ആടിനെ കച്ചോടാക്കീന്ന് പറഞ്ഞു. എന്തു വില കൊടുത്തു''.
''നാലിനും കൂടി നാല്‍പ്പത്തി നാലായിരം. പത്തുറുപ്പിക അഡ്വാന്‍സ് കൊടുത്തു. ബാക്കി ആടിനെ കൊണ്ടുവരുണ ദിവസം കൊടുക്കും''.
''എന്നിട്ട് ആ പെണ്ണ് പാലുകുടി മാറ്യേ ആട്ടിന്‍കുട്ട്യേളെ വാങ്ങുണുണ്ടോ''.
''ഇല്യാന്നാ അവള് പറഞ്ഞത്''അവളുടെ യഥാര്‍ത്ഥ പ്രശ്നം തല്‍ക്കാലം പറയുന്നില്ല. മനസ്സില്‍ കിടക്കാതെ ഇവള്‍ ആരോടെങ്കിലും പറഞ്ഞാല്‍ ബുദ്ധിമുട്ടാവും.
''വീട്ടിലിരുന്ന് ചെയ്യാന്‍ പറ്റുന്ന എന്തെങ്കിലും ഒരുപണി എര്‍പ്പാടാക്കി തര്വോന്ന് അവള്‍ ചോദിച്ചു. കണ്ണുകാണാത്ത ആളേം രണ്ട് കുട്ട്യേളേം വിട്ടിട്ട് അവള്‍ക്ക് പുറമേ പണിക്കുപോവാന്‍ പറ്റില്ലല്ലോ. എന്തെങ്കിലും കൈത്തൊഴിലറിയ്യോ കുട്ട്യേ എന്ന് ചോദിച്ചപ്പൊ തുന്നല്‍ പഠിച്ചിട്ടുണ്ട് എന്നവള്‍ പറഞ്ഞു. അതെന്തെങ്കിലും അവള്‍ക്ക് ശര്യാക്കി കൊടുക്കാം''
''ഒരുകാര്യം ഞാന്‍ പറഞ്ഞോട്ടെ''കുറച്ചുകഴിഞ്ഞപ്പോള്‍ ദേവു ചോദിച്ചു. കാര്യമായിട്ട് എന്തെങ്കിലും പറയുമ്പോഴാണ് ഇത്തരം സമ്മതം ചോദിക്കല്‍.
''എന്താച്ചാല്‍ പറ''.
''വീടുപണീം ബാദ്ധ്യതീം തീര്‍ന്നാല്‍ നമുക്കൊരു നറുക്ക് ചെര്‍ന്നാലോ''.
''കാശുണ്ടെങ്കില്‍ ചേര്‍ന്നോ''.
''ഇപ്പഴത്തെപ്പോലെ നിങ്ങള് അത്യാവശ്യം എന്തെങ്കിലും സമ്പാദിച്ചാല്‍ കുറച്ച് നമുക്ക് സൂക്ഷിച്ച് വെക്കാം''.
''അതിനെനിക്ക് സ്ഥിരോയിട്ട് വരുമാനൂല്യല്ലോ''.
''ഉള്ളത് കന്നാപിന്നാന് കളയാതെ എന്‍റടുത്ത് തന്നാ മതി. ബാക്കി കാര്യം ഞാനായി''.
''എന്‍റേല് എന്ത് കിട്ട്യാലും നിന്‍റടുത്ത് തരുണില്യേ''.
''ഇപ്പൊ കുറച്ചായിട്ട് നിങ്ങള് തരുണുണ്ട്. കള്ളുകുടിക്കാതീം ചീട്ടുകളിച്ച് കളയാതീം ഇരുന്നാല്‍ പൈസ പോവില്ല''.
''ഇനി മുതല്‍ കാശുവെച്ച് ചീട്ട് കളിക്കില്ല''.
''അപ്പൊ കള്ളുകുട്യോ''.
''അത് നിര്‍ത്തീലേ''.
''ഞാനൊരു കാര്യം ചെയ്യാം. നിങ്ങക്ക് ചോറിനുള്ള കാശ് ഞാന്‍ തരുണമാതിരി ഇടയ്ക്ക് ഒരോകുപ്പി വാങ്ങാനുള്ള പൈസ തരാം. പകരം നിങ്ങടേല് കിട്ടുണത് എന്നെ ഏല്‍പ്പിക്കിന്‍''. ദേവുവിന്‍റെ വര്‍ത്തമാനം കേട്ടപ്പോള്‍ ചിരിവന്നു. പണിയെടുത്ത് കിട്ടുന്ന പണം കെട്ട്യോന് കുടിക്കാന്‍ കൊടുക്കാന്‍ ഒരുങ്ങുന്നു ഈ പാവം.
''അതൊന്നും വേണ്ടാ. ഇപ്പഴത്തെപ്പോലെ വേണ്ടാന്ന് കരുതാം''
''എത്രകാലം ഇങ്ങനെ ഇരിക്കാന്‍ കഴിയും. നിങ്ങളെക്കൊണ്ടതിന് കഴിയില്ലാന്ന് എനിക്കറിയില്ലേ''. പിന്നെ ഒന്നും പറഞ്ഞില്ല. ഒന്നും കേള്‍ക്കാത്ത മട്ടില്‍ കിടന്നു.
ഭാഗം :-57.
ആടിന് അഡ്വാന്‍സ് കൊടുത്തതോടെ ഒരുപണികൂടി തലയിലെത്തി. ദിവസവും രാവിലെ ആടിനുള്ള തീറ്റ എത്തിക്കണം. പെണ്‍കുട്ടിയെ കുറ്റംപറയാനാവില്ല. അവള്‍ ആടിനെ മേക്കാന്‍ പോവുന്നില്ല. ഇല ഒടിയ്ക്കാന്‍ പറ്റിയ മരങ്ങളൊന്നും വീട്ടിലില്ല. കുറച്ചുദിവസമായി ആര്‍ക്കോ കാശുകൊടുത്ത് ഇല വാങ്ങാറാണ്. അയാളും ഇപ്പോള്‍ വരവില്ല.
''പൈസ തരാം. നീ വാങ്ങിച്ചോ'' എന്ന് അവളോട് പറഞ്ഞതാണ്.
''വേണ്ടാ കുഞ്ച്വോട്ടാ, നിങ്ങള് വാങ്ങി കൊടുക്കിന്‍''എന്ന് അന്‍സര്‍ പറഞ്ഞാല്‍ എന്താ ചെയ്യുക. അവന് അങ്ങിനെ പറയുകയേ വേണ്ടൂ. കാര്യം സാധിക്കാന്‍ ആരുടെയൊക്കെ കാല് പിടിക്കണം. വേശനോട് പറഞ്ഞുനോക്കി.
''എനിക്കാവില്ല''എന്നവന്‍ എടുത്തവായിന് പറഞ്ഞു. അടുത്ത ആള്‍ വാസുവാണ്.
''ആടിന് തൂപ്പുണ്ടാക്കുണത് എളുപ്പോല്ല. നല്ല മിനക്കെടുണ്ട്'' അത്രയേ അവന്‍ പറഞ്ഞുള്ളു. കാശ് വേണം. അതാ കാര്യം.
''നിനക്ക് പൈസ്യല്ലേ വേണ്ടൂ. ഞാന്‍ വാങ്ങിത്തരാം''.
''എനിക്കെന്ത് തരും''പത്തോ ഇരുപത്തഞ്ചോ ചോദിക്കും. കുറഞ്ഞു എന്ന് തോന്നണ്ടാ.
''ദിവസൂം ഇരുപത്തഞ്ച് തരാം''.
''ആ കാശിന് നിങ്ങള് വേറെ ആളെ നോക്കിക്കോളിന്‍''.
''നിനക്കെത്ര്യാ വേണ്ട്. അത് പറയ്''.
''നൂറുറുപ്പിക തികച്ചും വേണം. അതിന്ന് പത്തുപൈസ കുറഞ്ഞാല്‍ ഞാന്‍ തൂപ്പെടുത്ത് എന്‍റെ വീട്ടിലിക്ക് കൊണ്ടുപോവും''.
''അതെന്തിനാടാ നിനക്ക് തൂപ്പ്. പുഴുങ്ങി തിന്നാനോ''.
''പുഴുങ്ങി തിന്ന്വല്ല. അതോണ്ട് സൂപ്പുണ്ടാക്കി കുടിക്കും''. പിന്നെ ഒന്നും പറഞ്ഞില്ല. അവനെ പിണക്കിയാല്‍ കാര്യം നടക്കില്ല.
''നൂറെങ്കില്‍ നൂറ്. നാളത്തന്നെ നീ തൂപ്പെത്തിച്ചോ''.
''കാര്യോക്കെ ശരി. കെട്ട്യോന്‍ അടുത്തില്ലാത്ത പെണ്‍കുട്ടീള്ള വീടാണ്. അപ്പനാണച്ചാല്‍ കണ്ണും കാണില്ല. ഞാനൊറ്റയ്ക്ക് ചെല്ലില്ല. എന്‍റൊപ്പം നിങ്ങള് വരണം.'' സത്യത്തില്‍ അത് കേട്ടപ്പോള്‍ വാസുവിനോട് ബഹുമാനം തോന്നി.
''തൂപ്പുണ്ടാക്കി കഴിഞ്ഞാല്‍ നീ എന്നെ വിളിക്ക്. ഞാനവടെ വന്നോളാം'' അന്നുമുതല്‍ അതൊരു പണിയായി.
''എനിക്കെന്തെങ്കിലും ഒരു പണീണ്ടാക്കി തരിന്‍''പെണ്‍കുട്ടി വീണ്ടും പറഞ്ഞപ്പോള്‍ ആ കാര്യം ഗൌരവത്തിലെടുത്തു. അങ്ങിനെയാണ് തുന്നല്‍കടയിലെ തുണി വീട്ടില്‍വെച്ച് തുന്നുന്ന പണി കിട്ടിയത്.
''കുട്ട്യേ എങ്ങനീണ്ട് പണി''നാലുദിവസം കഴിഞ്ഞപ്പോള്‍ അവളോട് ചോദിച്ചു.
''കുഴപ്പൂല്യാ. രാവിലെ പത്ത് പത്തരയോടെ തലേദിവസം തുന്നിവെച്ച തുണികളെടുത്ത് ഞാന്‍ കടേല് പോവും. അത് വാങ്ങി ആ ചേച്ചി അന്ന് തുന്നാനുള്ളത് എന്‍റേല് തരും. തുണ്യോക്കെ കട്ട് ചെയ്ത് തരുണതോണ്ട് എനിക്ക് തുന്നുണ പണി മാത്രേള്ളൂ''.
''അപ്പൊ കാശോ''.
''ഇന്ന് തുന്നിക്കൊടുത്തതിന്‍റെ കാശ് നാളെ തരും''.
''എന്തെങ്കിലും കിട്ടുണുണ്ടോ നിനക്ക്''.
''പൈസ്യോക്കെ നല്ലോണം കിട്ടുണുണ്ട്''.
''നന്നായി. ഇനി സന്തോഷായിട്ട് കഴിയ്''.
''കുറച്ചൊരു ബാദ്ധ്യതീണ്ട്. അത് കഴിഞ്ഞാല്‍ അവടത്തെ പണി വേണ്ടാന്നുവെച്ച് വരാന്‍ പറയും. ഇവിടെ എന്തെങ്കിലും ചെയ്ത് കഴിയാം''.
''അതാ ഞാന്‍ നിന്നോട് നേര്‍ത്തെ പറഞ്ഞത്''. ആലോചിക്കുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. തകര്‍ന്ന് തരിപ്പണമാവേണ്ട കുടുംബമാണ്. ദൈവം സഹായിച്ച് അതിനെ നല്ല വഴിക്ക് എത്തിക്കാന്‍ കഴിഞ്ഞു.
''എന്താ വെളിച്ചാമ്പൊ ആലോചിച്ചോണ്ടിരിക്കുണ്'' ദേവു വിളിച്ചപ്പോള്‍ തിരിഞ്ഞുനോക്കി. അവള്‍ ചായയുണ്ടാക്കി കഴിഞ്ഞിരിക്കുന്നു. പണി കഴിഞ്ഞു വരുമ്പോള്‍ കൊണ്ടുവന്ന ആഹാരവും അതും കഴിക്കണം. എന്നിട്ടുവേണം അസ്തിവാരം കെട്ടിയതിന്നുമീതെ പണിത ബെല്‍ട്ട് നനയ്ക്കാന്‍.
''എന്നാ കല്ല് കൊണ്ടുവര്വാ''.
''ഇന്നൊരു ചൂള പൊളിക്കുംന്ന് പ്രദീപ് പറഞ്ഞു. അവന്‍റെകൂടെ പോയി കല്ല് ഏര്‍പ്പാടാക്കണം''.
''നല്ല കല്ല് നോക്കി വാങ്ങണം. വേകാത്തത് വാങ്ങ്യാല്‍ നനയ്ക്കുമ്പൊ കുതിരും''.
''അതങ്ങനത്തന്നെ ചെയ്യുള്ളൂ. കിണറ് കെട്ടാനാണെന്ന് പറഞ്ഞ് അടുപ്പ് കല്ല് വാങ്ങാം''.
''പ്രസിഡണ്ടിന്‍റെ അടുത്ത് പൈസടെ കാര്യം ഒന്ന് പറയിന്‍''.
''ഞാന്‍ വിളിച്ചിരുന്നു. ഒരു ഗഡു ഇന്ന് അക്കൌണ്ടില്‍ വരും''.
''ലോട്ടറി കിട്ട്യേ പൈസീള്ളതോണ്ട് കാര്യം നടക്കുണുണ്ട്''.
''വല്യേപ്പാ. നമുക്ക് പോണ്ടേ''ഷെഡ്ഡിന്‍റെ പുറത്തുനിന്ന് പ്രദീപ് പറയുന്നത് കേട്ടു.
''നിക്കെടാ, രണ്ട് മിനുട്ട്. ഇതാ ഞാന്‍ വരുണു''. മുറ്റത്തിറങ്ങി കൈകഴുകി വസ്ത്രം മാറി അവനോടൊപ്പം നടന്നു.
ഭാഗം :-58.
നാലുംകൂടുന്ന മുക്കിലേക്ക് ചെന്നു. ഓട്ടോ സ്റ്റാന്‍ഡ് അവിടെയാണ്. ചെങ്കല്ല് ചൂളയിലേക്ക് കുറച്ചു ദൂരമുണ്ട്. ഓട്ടോ ഇല്ലാതെ അവിടെ എത്തിപ്പെടാന്‍ നല്ലപാടാണ്. കല്ല് ഏര്‍പ്പാട് ചെയ്തിട്ട് അതില്‍ത്തന്നെ മടങ്ങിവരാം.
വഴി നടക്കുന്നതിന്നിടെ ഒരുപാട് ഓട്ടോറിക്ഷകള്‍ രണ്ടുഭാഗത്തേക്കും പോവുന്നത് കണ്ടു. എല്ലാറ്റിലും ആളുകളുണ്ട്. ഒരോ ആവശ്യങ്ങള്‍ക്ക് ആളുകള്‍ രാവിലെ പുറത്തിറങ്ങും. അവര്‍ക്ക് യാത്ര ചെയ്യാന്‍ ഓട്ടോ വേണമല്ലോ. ചില ഒട്ടോറിക്ഷക്കാര്‍ക്ക് സ്കൂള്‍ ട്രിപ്പ് ഉണ്ടാവും. രാവിലെ കുട്ടികളെ സ്കൂളിലെത്തിക്കുകയും വൈകുന്നേരം വീട്ടിലെത്തിക്കുകയും ചെയ്യുന്നതിന്ന് മാസവാടകയാണ്. കൂട്ടുമുക്കിലെത്തിയപ്പോള്‍ ശിവന്‍ നില്‍ക്കുന്നത് കണ്ടു. അവനെ കൈകൊട്ടി വിളിച്ചു.
''എന്തായി നിന്‍റെ കാര്യങ്ങള്‍''അവനോട് ചോദിച്ചു.
''ഞാന്‍ വൈകുന്നേരം വല്യേപ്പനെ കാണാന്‍ വരാനിരുന്നതാ. എന്‍റെ അപേക്ഷ പാസ്സായി. ഇന്നലെ പൈസ അക്കൌണ്ടില്‍ ഇടുംന്ന് പറഞ്ഞു''. അത് നന്നായി. ഒരാള്‍ക്ക് കിട്ടി, ഒരാള്‍ക്ക് കിട്ടിയില്ല എന്ന് വന്നില്ലല്ലോ.
''എന്നിട്ട് എന്നാ പണി തുടങ്ങുണ്''.
''വല്യേപ്പന്‍ പറഞ്ഞയച്ച ആശാരി വന്ന് കുറ്റിയടിച്ചു. രണ്ടുമുറി, അടുക്കള, പൂമുഖം, കുളിമുറി, വരാന്ത. അങ്ങിനെ ഒരു വീടിന്ന് വേണ്ടതൊക്കീണ്ട്''.
''അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റ് കൂടാന്‍ പാടില്ല''.
''അതങ്ങനെ തന്ന്യാണ്. മുറി രണ്ടും ചെറുതാണ്. ഒരു കട്ടിലിട്ടാല്‍ നിന്നു തിരിയാന്‍ സ്ഥലം കാണില്ല''.
''എന്നാ നീ പണി തുടങ്ങുണ്''.
''വാവ് കഴിഞ്ഞിട്ട് മതീന്ന് പറഞ്ഞു. ഇനി രണ്ടുമൂന്ന് ദിവസോല്ലേ ഉള്ളൂ''.
''ആരാ പണിക്കാര്''.
''ഞാന്‍ പണ്യെടുക്കാന്‍ പോണ സെറ്റന്നെ. അവരാവുമ്പൊ കണ്ടില്ലാന്നു വെച്ച് കുറച്ചധികം പണിചെയ്യും''.
''സാധനങ്ങളോ''.
''കരിങ്കല്ല് പറഞ്ഞുവെച്ചിട്ടുണ്ട്. അസ്തിവാരം കീറ്യാല്‍ കൊണ്ടുവരും. ചെങ്കല്ല് എന്‍റെ മേസ്ത്രി എടവാടാക്കിത്തന്നു''.
''എന്താടാ വിലടെ നിലവരം''.
''പല വെലീണ്ട്. വല്യേപ്പന് ചെങ്കല്ല് വേണോ''.
''ഞാനും പ്രദീപുംകൂടി അത് നോക്കാന്‍ പോവ്വാണ്. അതാ നിന്നോട് ചോദിച്ചത്''.
''നിക്കിന്‍. ഞാനിപ്പൊ എന്‍റെ മേസ്ത്രിടടുത്ത് സംസാരിക്കട്ടെ''അവന്‍ മാറിനിന്ന് മൊബൈലില്‍ ആരോടൊ സംസാരിക്കുന്നത് കണ്ടു.
''വല്യേപ്പാ. ഇവനെ നമുക്ക് കൂടെ കൂട്ട്യാലോ''പ്രദീപ് പറഞ്ഞു.
''നോക്കട്ടെ. അവന്‍ എന്താ പറയ്യാന്ന് അറിയാലോ''. അല്‍പ്പനേരം കഴിഞ്ഞ് ശിവന്‍ അടുത്തെത്തി.
''കാര്യം പറഞ്ഞുവെച്ചിട്ടുണ്ട്. നിങ്ങള് പോവ്വോ. അതോ ഞാന്‍ കൂടെ വരണോ''അവന്‍ ചോദിച്ചു.
''നല്ല വര്‍ത്തമാനം. നീ കൂടെ വാ''അവനെ ക്ഷണിച്ചു. ഓട്ടോറിക്ഷയില്‍ മൂന്നുപേരും കയറി. കുറെദൂരം മെയിന്‍ റോഡിലൂടെ ഓടിയശേഷം അത് പഞ്ചായത്ത് പാതയിലേക്ക് തിരിഞ്ഞു.
*************************************
''വല്യേപ്പോ, നിങ്ങള്‍ക്ക് കല്ല് പിടിച്ച്വോ''തിരിച്ചുപോരുമ്പോള്‍ ശിവന്‍ ചോദിച്ചു.
''എന്താ പിടിക്ക്യാണ്ടെ. നല്ല ഒന്നാന്തരം കല്ലല്ലേ''പ്രദീപാണ് മറുപടി പറഞ്ഞത്.
''നാളെ രാവിലെ കല്ല് വീട്ടിലെത്തും. നോക്കി ബോദ്ധ്യായിട്ട് പൈസ കൊടുത്താ മതി''.
''അടുപ്പുകല്ല് കൊടുത്തുവിടാന്നല്ലേ പറഞ്ഞത്. പിന്നേന്താ പ്രശ്നം''.
''പറഞ്ഞതൊക്കെ ശര്യേന്നെ. മനുഷ്യനല്ലേ. പറഞ്ഞപോലെ ചെയ്യണം എന്നില്ലല്ലോ''.
''ഇതിന്‍റെടേല് നിന്‍റെ കാര്യം ചോദിക്കാന്‍ വിട്ടു. ഭാഗം കഴിഞ്ഞശേഷം വീട്ടിലുള്ള ആരേങ്കിലും നീ കണ്ട്വോ''.
''ഒരുദിവസം അപ്പന്‍ എന്നെ കാണാന്‍ വന്നിരുന്നു. നിന്നെ കുടുംബത്തിന്ന് വേറെ ആക്ക്യേതില് എനിക്ക് സങ്കടൂണ്ട് എന്ന് പറഞ്ഞു''.
''കൃഷ്ണന്‍കുട്ടിടെ മനസ്സ് എനിക്ക് നന്നായിട്ടറിയാം. നിന്നെപ്പറ്റി അവന് നല്ല വേവലാതീണ്ട്''.
''വല്യേപ്പന്‍റടുത്ത് വല്ലതും പറയ്യുണ്ടായോ''.
''അവന്‍ പറഞ്ഞതിന്‍റെ ചുരുക്കത്തിലുള്ളതാ ഞാനിപ്പൊ പറഞ്ഞത്''.
''എന്‍റെ മകനെ. ഞാന്‍ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ വഴീല്യാഞ്ഞിട്ടാണ്. നിന്‍റെ വീട് പണിയുമ്പൊ ഞാന്‍ നിന്‍റൊപ്പം ഉണ്ടാവുംന്ന് അപ്പനെന്നോട് പറഞ്ഞു''.
''മത്യേടാ. അപ്പന്‍റെ ഈ അനുഗ്രഹൂണ്ടല്ലോ. നീ നന്നാവും''.
''എന്‍റെ വീട് പണിയിണോടത്ത് വല്യേപ്പന്‍ ഇടയ്ക്ക് വരണം''.
''അത് പറയണ്ട കാര്യൂല്യാടാ. ഞാന്‍ എത്തിക്കോളും''. നാലുംകൂടുന്ന മുക്കിലെത്തിയപ്പോള്‍ ശിവന്‍ ഇറങ്ങി. പ്രദീപിനോടൊപ്പം വീട്ടിലേക്ക് നീങ്ങി.
ഭാഗം :-59.
നേരം വെളുക്കുന്നതിന്നുമുമ്പ് സായ്‌വിന്‍റെ വീട്ടില്‍ ചെന്നതാണ്. ഇന്നലെ കൊണ്ടുവന്നു കെട്ടിയ ആടുകളില്‍ രണ്ടെണ്ണത്തിനെ അറത്തുകഴിഞ്ഞു. വെട്ടിവെടുപ്പാക്കിയ ഇറച്ചിയാണ് മണ്ഡപത്തിലേക്ക് കൊണ്ടുപോയത്. ഇനി വേണമെങ്കില്‍ ഒന്നിനെക്കൂടി കൊല്ലും. ഏതായാലും അത് കാണാന്‍ നിന്നില്ല. അതും ഒരു ജീവിയല്ലേ. അതിന്‍റെ കരച്ചിലും പിടയലും കണ്ണില്‍ എന്നുമുണ്ടാവും.
പത്തുമണിക്കുമുമ്പ് ചെക്കന്‍ നിക്കാഹിന് പുറപ്പെടും എന്നാണ് അവര്‍ പറഞ്ഞത്. അപ്പോഴേക്കും കുളിച്ചൊരുങ്ങി ചെല്ലണം. മണ്ഡപത്തിലേക്ക് അധികദൂരമൊന്നുമില്ല. കഷ്ടിച്ച് ഒന്നൊന്നര കിലോമീറ്റര്‍ മാത്രം. പക്ഷെ നടക്കാന്‍ വയ്യ. വെയിലുകൊണ്ട് വട്ടത്തിരിയും. ദേവു അരമണിക്കൂര്‍ മുമ്പ് വീട്ടിലേക്ക് പോയി. പെണ്ണല്ലേ. കുളിച്ചൊരുങ്ങാന്‍ നേരമെടുക്കും. രണ്ടു ജോഡി ഡ്രസ്സാണ് അവള്‍ക്ക് സായ്‌വിന്‍റെ ഭാര്യ കൊടുത്തത്.
''കുഞ്ച്വോട്ടാ, നിങ്ങള് നാസ്ത കഴിച്ച്വോ''അന്‍വര്‍ വന്നുചോദിച്ചു. നൂറ് തിരക്കിന്‍റെ ഇടയിലാണ് അവന്‍ വന്ന് അന്വേഷിക്കുന്നത്.
''ഇതാ കഴിച്ചതേ ഉള്ളൂ''.
''ദേവ്വോടത്ത്യോ''.
''അവള് അപ്പഴേ വീട്ടിലിക്ക് പോയി''.
''എന്നാല്‍ വൈകിക്കണ്ടാ. നിങ്ങള് ചെന്ന് വേഗം കുളിച്ച് പുറപ്പെടിന്‍. സമയം ഒമ്പതേകാല് കഴിഞ്ഞു''.
വീട്ടിലെത്തുമ്പോള്‍ ദേവു കുളി കഴിഞ്ഞ് മുടി ചീകുകയാണ്. രണ്ടുകുടം വെള്ളം കൊണ്ടുവരണം. ഷെഡ്ഡിനകത്ത് കുടം തിരഞ്ഞു. എവിടേയും കാണാനില്ല.
''ദേവ്വോ. കുടം എവിടേണ്ട്. വെള്ളം കൊണ്ടുവന്നിട്ട് വേഗം കുളിക്കട്ടെ''.
''വെള്ളം കൊണ്ടുവന്ന് തൊട്ടീലൊഴിച്ചിട്ടുണ്ട്. നിങ്ങള് വേഗം കുളിച്ചാ മതി''. പ്ലാസ്റ്റിക്ക് മഗ്ഗ് നിറയെ വെള്ളമെടുത്ത് രണ്ടുമൂന്നുപ്രാവശ്യം മേത്തൊഴിച്ചു. വെള്ളത്തിന്ന് തണുപ്പൊന്നുമില്ല. ചൂടില്ല എന്നുമാത്രം. അന്‍സര്‍ തന്ന സോപ്പ് ദേവു തേച്ചിട്ട് വെച്ചിട്ടുണ്ട്. അതെടുത്ത് മേത്ത് തേച്ചു. എന്താ ഒരു വാസന. തലയില്‍ വെള്ളമൊഴിച്ച് തോര്‍ത്തി ഷെഡ്ഡിലേക്ക് നടന്നു. മുഖംനോക്കുന്ന കണ്ണാടിയെടുത്ത് മടിയില്‍വെച്ച് ചീര്‍പ്പുകൊണ്ട് മുടി ചീകി. സായ്‌വിന്‍റെ മരുമകള്‍ ദേവുവിന്ന് കൊടുത്ത പൌഡറെടുത്ത് മുഖത്തിട്ടു.
''കുഞ്ച്വോ''ഷര്‍ട്ടും മുണ്ടും മാറാനൊരുങ്ങുമ്പോള്‍ പുറത്തുനിന്നൊരു ശബ്ദംകേട്ടു. വാതില്‍ക്കല്‍ വന്ന് പുറത്തേക്ക് നോക്കി. ചാമുവാണ്.
''എന്താ ചാമ്വോട്ടാ''അയാളോട് ചോദിച്ചു.
''നോക്കടാ, എന്‍റെ മകള് പോവാറായീന്നാ തോന്നുണ്''അയാള്‍ ഉറക്കെ കരഞ്ഞു. ചാമുവിന്‍റെ മകള്‍ നിത്യരോഗിയാണ്. കല്യാണം കഴിയുന്നതു വരെ പ്രസരിപ്പോടെ നടന്ന പെണ്‍കുട്ടി രണ്ടുകൊല്ലം കഴിയുമ്പോഴേക്ക് ഒന്നിനും വയ്യാത്ത അവസ്ഥയിലായി. ജാതകച്ചേര്‍ച്ച ഇല്ലാതെ കല്യാണം കഴിപ്പിച്ചതോണ്ടാണ് അങ്ങിനെയായത് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു കാര്യം സത്യമാണ്. കെട്ട്യോന് ആ പെണ്ണിനോട് ലെവലേശം സ്നേഹം ഉണ്ടായിരുന്നില്ല. ഇല്ലെങ്കില്‍ വയ്യാത്ത പെണ്ണിനെ തീര്‍ത്ത് വേറെ പെണ്ണ് കെട്ടില്ല.
''എന്താ ഇപ്പഴത്തെ സ്ഥിതി''.
''ശ്വാസം വലിക്കുണുണ്ട്. ഇങ്ങിനെ ഇട്ടോണ്ടിരുന്നാല്‍ അധികനേരം അതും ഉണ്ടാവില്ല''.
''വേഗം ഒരുഡോക്ടറെ വിളിച്ച് കാണിക്കിന്‍''.
''ഇപ്പൊ പണ്ടത്തെപോലാണോ. വിളിച്ചാല്‍ ഒരുഡോക്ടറും വരില്ല''.
''എന്നാല്‍ ആസ്പത്രിക്ക് കൊണ്ടുപോവിന്‍''.
''ഒരു വണ്ടി വിളിക്കാതെ ആസ്പത്രിക്ക് കൊണ്ടുപോവാന്‍ പറ്റ്വോ. എന്‍റേല് ഒരുറുപ്പിക കാശില്ല''.
''ഓട്ടോറിക്ഷേല് കൊണ്ടുപോവാന്‍ പറ്റ്വോ''.
''ആരെങ്കിലും സഹായിക്കാനുണ്ടെങ്കില്‍ നോക്കായിരുന്നു''.
''ചാമ്വോട്ടാ, ഞാന്‍ വന്നേനെ. പക്ഷെ എനിക്കിപ്പൊ ഒരുകല്യാണത്തിന് പോവാനുണ്ട്''.
''ഇനി നിവൃത്തീല്യാ. വരുമ്പോലെ വരട്ടെ''അയാള്‍ കണ്ണീരൊലിപ്പിച്ച് പോവാനൊരുങ്ങി. മനസ്സിനകത്ത് എവിടേയോ ഒരുവിങ്ങല്‍ തോന്നി. ചാമ്വോട്ടന് ആകെക്കൂടി ഈ മകളെയുള്ളു. ഭാര്യ മരിച്ചതിന്നുശേഷം അവളെ വളര്‍ത്തി വലുതാക്കി കെട്ടിച്ചുവിട്ടതാണ്. എന്നിട്ട് ഒടുവില്‍ ഇങ്ങിനെയായി.
''ചാമ്വോട്ടാ, നിക്കിന്‍. ഞാന്‍ വരാം നിങ്ങടെകൂടെ''പുതിയ വസ്ത്രങ്ങള്‍ മാറ്റിവെച്ച് പഴയതെടുത്ത് ധരിച്ചു.
''ദേവ്വോ. നീ സായ്‌വിന്‍റെ ഭാര്യടടുത്ത് വിവരം പറ''.
''അതൊന്നും സാരൂല്യാ. അയാളടേല് കാശില്ല എന്നല്ലേ പറഞ്ഞത്. കുറച്ച് കാശ് കയ്യില്‍വെക്കിന്‍. കാശില്ലാതെ അവിടെ കിടന്ന് വട്ടംതിരിയണ്ടാ''.
ബാഗില്‍നിന്ന് കുറച്ച് പൈസയെടുത്ത് പോക്കറ്റിലിട്ടു. കുറച്ച് നോട്ടുകള്‍ പേഴ്സില്‍ തിരുകി. എന്നിട്ടത് ഡ്രോയര്‍ പോക്കറ്റിലിട്ടു.
''ചാമ്വോട്ടാ, നടക്കിന്‍''അയാളുടെ പിന്നാലെ ഇടവഴിയിലൂടെ നടന്നു.
ഭാഗം :- 60.
ആംബുലന്‍സിന്‍റെ സീറ്റില്‍ ചാരിയിരുന്നു. സമീപത്ത് കരഞ്ഞുകൊണ്ട് ചാമു ഇരിപ്പുണ്ട്. എതിര്‍വശത്തെ സീറ്റില്‍ അവന്‍റെ മകളുടെ ചലനമറ്റ ശരീരം കിടക്കുന്നുണ്ട്. ഏതാനും മണിക്കൂര്‍ കഴിഞ്ഞാല്‍ മണ്ണിനടിയിലത് സ്ഥാനം പിടിക്കും. ജീവിതം എന്നുപറയുന്നത് ഇത്രയേ ഉള്ളു.
രാവിലെ ചാമുവിനോടൊപ്പം വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. ഇത്രയും നേരം അവനുവേണ്ടി ചിലവഴിച്ചു, ഒപ്പം കുറച്ചു പൈസയും. അതല്ലേ ഒരാള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയു. അത് ചെയ്തുഎന്ന സമാധാനമുണ്ട്. ബാക്കിയെല്ലാം വിധിയാണ്.
രാവിലെ ചാമുവിനോടൊപ്പം അവന്‍റെ വീട്ടിലേക്ക് ചെന്നപ്പോള്‍ കണ്ട രംഗം ഓര്‍ത്തു. ഒറ്റനോട്ടത്തില്‍ പെണ്‍കുട്ടിയുടെ അവസ്ഥ മനസ്സിലായി. നിലത്തുവിരിച്ച പായയില്‍ കറുത്ത് മെലിഞ്ഞുണങ്ങിയ മനുഷ്യരൂപം കിടക്കുന്നത് കണ്ടു. ശ്വാസം വലിക്കുന്നത് ഉറക്കെയാണ്. ബോധം ഇല്ല എന്ന് തോന്നി.
''എന്താ ചാമ്വോട്ടാ, ഇങ്ങന്യാവുണവരെ നോക്കാഞ്ഞ്''അയാളോട് ചോദിച്ചു.
''എന്നെക്കൊണ്ട് ആവുമ്പോലെ നോക്കി. ഒരു ഭേദൂം കണ്ടില്ല. ഇപ്പപ്പൊ ആയിട്ട് ചികിത്സിക്കാന്‍ എന്‍റേല് ഒന്നൂല്യാ''.
''ആരടടുത്തെങ്കിലും ചോദിച്ചാല്‍ സഹായിക്കില്ലേ''.
''ഒന്നൂല്യാത്തോനെ സഹായിക്കാന്‍ ആരൂണ്ടാവില്ല കുഞ്ച്വോ. അതോണ്ട് ഞാനാരോടും ഒന്നും ചോദിക്കാറില്ല. എന്താ നിന്‍റടുത്തേക്ക് വന്നത് എന്ന് ചോദിച്ചാല്‍ രണ്ട് കാര്യൂണ്ട്. ഒന്ന് നീ ആളുംതരൂം നോക്കാതെ ആരേയും സഹായിക്കുണ ആളാണ്. രണ്ട് നിനക്കിന്നാള് ഭാഗ്യക്കുറി കിട്ടീന്ന് പറഞ്ഞു കേള്‍ക്കും ചെയ്തു''.
''എന്താ ഇപ്പൊ ചെയ്യണ്ട്''.
''ഗവര്‍മ്മെണ്ട് ആസ്പത്രീലീക്ക് കൊണ്ടുപോവ്വാ. വേറെ എവടേങ്കിലും കൊണ്ടുപോവ്വാണച്ചാല്‍ കാശ് കൊറെ വരും''.
''എന്നാല്‍ വണ്ടി ഏര്‍പ്പാടാക്കട്ടെ''.
''ഞാന്‍ പറഞ്ഞില്ലേ, എന്‍റേല് ഒന്നൂല്യാട്ടോ''.
''അത് സാരൂല്യാ. ഞാന്‍ വണ്ടി വിളിക്കുണൂ. ഇതുവരെ ചികിത്സിച്ച കടലാസ്സ് വല്ലതൂണ്ടെങ്കില്‍ കയ്യില്‍ വെക്കിന്‍''.
നാലുചക്രമുള്ള ഓട്ടോറിക്ഷയാണ് വിളിച്ചത്. പിന്നിലെ സീറ്റില്‍ ചാമു കയറി. മകളെ എടുത്ത് അയാളുടെ മടിയില്‍ കിടത്തി. ജില്ല ആസ്പത്രി വളപ്പിലേക്ക് കടന്ന ഓട്ടോറിക്ഷ അത്യാഹിത വിഭാഗത്തിന്‍റെ മുന്നില്‍ നിര്‍ത്തി. അകത്തുചെന്ന് പറഞ്ഞതോടെ സ്ട്രെക്ച്ചര്‍ വന്നു.
''നിങ്ങള്‍ പേഷ്യന്‍റിന്‍റെ ആരാണ്''പരിശോധന കഴിഞ്ഞതും ഡോക്ടര്‍ ചോദിച്ചു.
''ഇയാളാണ് കുട്ടിടെ അച്ഛന്‍''ചാമുവിനെ ചൂണ്ടിക്കാട്ടി പറഞ്ഞു ''ഞാന്‍ കൂടെ വന്നതാണ്''.
''എന്നാല്‍ അദ്ദേഹം പുറത്തിരിക്കട്ടെ''ചാമു പുറത്തേക്ക് പോയി.
''ഉള്ളത് പറയാം. പേഷ്യന്‍റ് ഏത് നിമിഷവും മരിക്കും''.
''എന്തെങ്കിലും ചെയ്യാന്‍ പറ്റ്വോ സാര്‍''.
''ആ സ്റ്റേജൊക്കെ കഴിഞ്ഞു. മിക്കവാറും ഇന്ന് കഴിയും''.
''മരുന്ന് എന്തെങ്കിലും''.
'' ഈ അവസ്ഥയില്‍ എന്ത് മരുന്നാണ് കൊടുക്കുക''.
''ഞങ്ങള് എന്താ ചെയ്യണ്ട്''.
''വേണമെങ്കില്‍ ഇപ്പോള്‍ത്തന്നെ തിരിച്ചുകൊണ്ടുപോവാം. അല്ലെങ്കില്‍ ഇവിടെ കിടന്ന് മരിച്ചോട്ടെ''. ഇപ്പോഴാണെങ്കില്‍ വന്ന ഓട്ടോറിക്ഷയില്‍ തിരിച്ചു കൊണ്ടുപോവാം. മരിച്ചിട്ട് കൊണ്ടുപോവാന്‍ ആംബുലന്‍സ് വിളിക്കേണ്ടി വരും. എന്നാലും അത്രനേരം ഇവിടെ കിടന്നോട്ടെ. കുട്ടിയെ ചികിത്സിപ്പിച്ചു എന്ന തോന്നല്‍ ചാമുവിന്ന് ഉണ്ടായിക്കോട്ടെ.
രണ്ടര മണിയോടെയാണ് രോഗി മരിച്ചു എന്ന വിവരം അറിയിച്ചത്. അധികം വൈകാതെ ആംബുലന്‍സ് വിളിച്ച് മടക്കയാത്ര തുടങ്ങി. ഇനി അടുത്തുള്ള ആളുകളെ വിളിച്ച് ശവം മറവുചെയ്യണം.
******************************************
ശവമടക്ക് കഴിഞ്ഞപ്പോള്‍ മണി ഏഴ്. അടുത്ത വീടുകളിലുള്ള ഏതാനും ആളുകള്‍ മാത്രമേ ശവമെടുക്കുമ്പോള്‍ ഉണ്ടായിരുന്നുള്ളു. ചാമുവിന്‍റെ കൈപിടിച്ച് ശ്മശാനംവരെ കൂടെ നടത്തി. ആരൊക്കേയോ ചേര്‍ന്ന് ഒരു കുഴിയെടുത്തിരുന്നു. അതില്‍ പൊതിഞ്ഞുകെട്ടിയ ദേഹം ഇറക്കിവെച്ചു. വന്നവര്‍ ഓരോപിടി മണ്ണിട്ടു. ഒടുവില്‍ കുഴി തട്ടിമൂടി. പുഴയില്‍ കുളിച്ച് ഈറന്‍ വസ്ത്രവുമായി എല്ലാവരും വീട്ടിലേക്ക് മടങ്ങി. അടുത്ത വീട്ടിലെ ആളുകള്‍ ചാമുവിനെ കൂടെകൊണ്ടുപോയതുകൊണ്ട് വീണ്ടും അങ്ങോട്ട് പോവേണ്ടിവന്നില്ല. നനഞ്ഞ വേഷത്തില്‍ വീട്ടില്‍ ചെന്നുകയറുമ്പോള്‍ ദേവു കാത്തിരിക്കുകയാണ്.
''വേഗം ഈറന്‍ മാറിന്‍. എത്ര വൈക്യാലും കുഞ്ചു വന്നതും അവനെ കൂട്ടീട്ട് വരണംന്ന് സായ്‌വ് പറഞ്ഞിട്ടുണ്ട്''.
''നിക്കാഹിന്ന് പോവാത്തതിന്ന് എന്തെങ്കിലും പറഞ്ഞ്വോ''.
''ഇല്ല. മനുഷ്യത്വം ഉള്ളതോണ്ടാണ് കുഞ്ചു ഇങ്ങിനെ ചെയ്യുണ് എന്നു പറഞ്ഞു''.
മുടി ചീകി വസ്ത്രം മാറ്റി. ഇപ്പോള്‍ പുതിയത് ഇടേണ്ട കാര്യമില്ല. അത് വേറൊരിക്കല്‍ ഇടാം. ഷെഡ്ഡ് പൂട്ടി ടോര്‍ച്ച് തെളിച്ച് ദേവുവിനോടൊപ്പം നടന്നു.
Comments
Post a Comment