അദ്ധ്യായം 61-70
ഭാഗം :- 61.
കണ്ണടച്ച് തുറക്കുന്ന സമയംകൊണ്ട് പുര കെട്ടിപ്പൊങ്ങി. ഇനി മുകളിലെ വാര്‍പ്പാണ് ചെയ്യേണ്ടത്. സെന്‍ട്രിങ്ങ് അടിക്കാനുള്ള സാധനങ്ങള്‍ ഇന്നോ നാളയോ എത്തും. വാര്‍പ്പ് കഴിഞ്ഞാല്‍ പകുതി പണികഴിഞ്ഞു എന്നാണ് എല്ലാവരും പറയുന്നത്. ഇതുവരെ ദൈവം കടാക്ഷിച്ച് ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു. ബാക്കികൂടി ദൈവം തീര്‍ത്തുതരും.
''പെരപണി കഴിഞ്ഞിട്ടിത് കൊടുത്താല്‍ മതി''എന്നു പറഞ്ഞ് പഴയൊരു മണ്ണെണ്ണബാരല്‍ പ്രദീപ് കൊണ്ടുവന്ന് തന്നിട്ടുണ്ട്. അത് നിറയെ വെള്ളം പിടിച്ചുവെക്കും. അതില്‍നിന്ന് എടുത്തിട്ടാണ് ചുമര് നനയ്ക്കുക. ദേവു നാലഞ്ച് ദിവസമായി പണിക്ക് പോവുന്നുണ്ട്. ഇനി പണി തുടങ്ങിയാലെ അവള്‍ വീട്ടില്‍ നില്‍ക്കൂ.
മാങ്ങ വീണിട്ടുണ്ടോ എന്നുനോക്കാന്‍ മൂച്ചിചുവട്ടിലേക്ക് ചെന്നു. രണ്ട് പഴമാങ്ങ വീണുകിട്ടി. പത്തിരുപതെണ്ണം ആവില്‍ച്ചാതി കടിച്ചിട്ടിട്ടുണ്ട്. മനുഷ്യനേക്കാള്‍ ബുദ്ധിയുണ്ട് ഈ ജീവികള്‍ക്ക്. പഴുത്ത മാങ്ങ മാത്രമേ അവ കടിയ്ക്കു. തൊട്ടടുത്ത ഒട്ടുമാവിന്‍റെ മുകളിലേക്ക് നോക്കി. നാലഞ്ച് മാങ്ങ കടിച്ചിട്ടുണ്ട്. നല്ലൊരുതോട്ടിയുണ്ടെങ്കില്‍ മൂത്തത് വലിയ്ക്കാം.
ഇന്നലെ മാങ്ങ വലിക്കുന്നവര്‍ ഈ വഴിക്ക് വന്നിട്ടുണ്ട്. പത്തുമിനുട്ട് നേരത്തേക്ക് അവരുടെ തോട്ടി കിട്ടുമോ എന്ന് അന്വേഷിക്കണം. വല കെട്ടിയ തോട്ടിയാവുമ്പോള്‍ മാങ്ങ താഴെ വീണ് കേടുവരില്ല. ഷര്‍ട്ടും മുണ്ടുംമാറ്റി ഷെഡ്ഡ് പൂട്ടിയിറങ്ങി. ഉങ്ങിന്‍ചുവട്ടില്‍ വാസു നില്‍പ്പുണ്ട്.
''മാങ്ങ വലിക്കുണോരെ നീയിന്ന് കണ്ട്വോ''.
''എന്തിനാ''.
''കണ്ട്വോന്ന് ചോദിച്ചാല്‍ അതിനുള്ള മറുപടി പറയ്. എന്നിട്ട് മതി ഇങ്കിട്ട് ചോദിക്കല്''.
''അവര് രണ്ടാള് തോട്ടീം ആയിട്ട് നമ്പൂരി തമ്പ്‌രാന്‍റെ വീട്ടിലിക്ക് മാങ്ങ വലിക്കാന്‍ പോയിട്ടുണ്ട്''.
''എന്നാല്‍ വാ. പത്തുമിനുട്ട് നേരത്തേക്ക് അവരടെ തോട്ടി ഒന്നുവേണം. ഒട്ടുമാങ്ങ മൂത്ത് നിക്കുണുണ്ട്. അത് വലിക്കണം''.
''അതിനവര് അവരടെ തോട്ടി തര്വോ''.
''എന്തിനെങ്കിലും പുറപ്പെടും മുമ്പ് തടസ്സം പറഞ്ഞോളും. വാ, കിട്ട്വോന്ന് നോക്കാലോ''. അവനേയും കൂട്ടി നടന്നു. ഉദ്ദേശിച്ച കാര്യം നടന്നില്ല. വാസു പറഞ്ഞതാണ് ശരി.
''തോട്ടി ഞങ്ങള് പണിചെയ്യുണതല്ലേ. അത് തരാന്‍ പറ്റില്ല''എടുത്തടിച്ച പോലെ തോട്ടിക്കാരന്‍ ചെക്കന്‍ പറഞ്ഞു. പിന്നെ അവനോട് കൂടുതല്‍ വര്‍ത്തമാനത്തിന്ന് നിന്നില്ല. രണ്ടുപേരും ഇറങ്ങി നടന്നു.
''മലമ്പള്ളേല് കൊറണീണ്ട്. കിട്ട്യാല്‍ തോട്ടിക്ക് നല്ല പാകാണ്''തിരിച്ചു പോരുമ്പോള്‍ വാസു പറഞ്ഞു.
''എന്നാല്‍ ഒന്ന് വെട്ടി താടാ''.
''എന്നെക്കൊണ്ട് വയ്യ ആരാന്‍റെ കൊറണ വെട്ടാന്‍. കക്കാന്‍ പാടില്യാന്ന് നിങ്ങളല്ലേ പറയാറ്''.
''എടാ വാസ്വോ, എപ്പഴും കക്കാന്‍ പാടില്യാന്നേ ഉള്ളൂ. അത്യാവശ്യം വന്നാല്‍ ആരാന്‍റെ സാധനം കാണാണ്ടെ എടുക്കാം. നിനക്കറിയില്ലെങ്കില്‍ ഞാനതിന്‍റെ പൊരുള് പറഞ്ഞുതരാം''.
''കക്കുണതിന് എന്ത് പൊരുള്''
''സത്യം ന്യായം എന്നൊക്കെ പറയുണതുണ്ടല്ലോ. നമ്മളെ ബാധിക്കാത്ത കാര്യത്തിലേ അതൊക്കെ നോക്കണ്ടൂ. അല്ലാത്തപ്പൊ അത് നോക്കണ്ടാ. അതാണ് വിവരൂള്ളോര് പറഞ്ഞിട്ടുള്ളത്''.
''അങ്ങിനാണച്ചാല്‍ നിങ്ങള് എന്‍റെ കൂടെവരിന്‍. ആരെങ്കിലും പിടിച്ചാല്‍ നിങ്ങള് സമാധാനം പറയണ്ടി വരും''.
''ആ കാര്യം ഞാനേറ്റൂ''.
''എന്നാല്‍ നിങ്ങടെ വീട്ടിന്ന് കൊടുവാള് എടുക്കിന്‍. എന്‍റെ കൊടുവാള് എടുക്കില്ല''. കൊടുവാളെടുത്ത് വാസുവിനോടൊപ്പം മലമ്പള്ളയിലേക്ക് നടന്നു. തൊടിയില്‍ ഒരുപാട് കൊറണ നില്‍ക്കുന്നുണ്ട്. അടുത്തൊന്നും ആരേയും കാണാനില്ല. നല്ല നീളത്തിലുള്ള ഒന്ന് മുറിച്ച് ഇലയും കമ്പും വെട്ടിമാറ്റി. അതും തോളില്‍ ചുമന്ന് കൊടുവാളുമായി തൊടിയില്‍നിന്ന് പുറത്തിറങ്ങി.
''കുഞ്ച്വോട്ടാ, നിങ്ങള് പൊയ്ക്കോളിന്‍. എനിക്ക് വേറൊരുവഴിക്ക് പോവാനുണ്ട്''വാസു ഒഴിവായി. വഴിക്ക് ആരെങ്കിലും കണ്ടാലോ എന്നുവെച്ചിട്ടാണ് അവന്‍ കൂടെ വരാത്തത്.
''നീ ഏത് ഒടവിലോ പോയി തുലയ്''അവനെ യാത്രയാക്കി വീട്ടിലേക്ക് നടന്നു. ഭാഗ്യത്തിന് വഴിക്കാരേയും കാണാനില്ല. അത് കാരണം എന്താ എവിടുന്നാ എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കഴിഞ്ഞു.
പൊള്ളുന്ന വെയിലത്ത് നടക്കാന്‍ വയ്യ. കൂടാതെ കഴിയില്ലല്ലോ. ഇത് എങ്ങിനെയെങ്കിലും വീടെത്തിക്കണം. ഷര്‍ട്ട് വിയര്‍പ്പില്‍ നനഞ്ഞു കുതിര്‍ന്നു. മുഖത്തിലൂടെ വിയര്‍പ്പ് താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.
''എവിടുന്നാ ഇത്''കുന്നിന്‍റെ ചുവട്ടിലെത്തിയപ്പോള്‍ ചോദ്യം കേട്ടു. പറങ്കിക്കാടിന്നുള്ളില്‍നിന്ന് ചെട്ടിച്ച്യാര് മുന്നിലെത്തി.
''ഒരു ദിക്കിന്ന് കിട്ടി''മറുപടി നല്‍കി. വ്യക്തമായ മറുപടി പറയേണ്ട കാര്യമൊന്നുമില്ല.
''എന്തിനാ ഇത്''അടുത്ത ചോദ്യമെത്തി.
''മനയ്ക്കലെ തമ്പ്‌രാന്‍റെ ആനേ വില്‍ക്കുണുണ്ട്. ഞാനത് വാങ്ങ്വാ. ഇത് കൊണ്ടുപോയിട്ട് വേണം തോട്ടീണ്ടാക്കാന്‍''.
ചെട്ടിച്ച്യാരുടെ മുഖഭാവം നോക്കാന്‍ നിന്നില്ല. കുന്നിറങ്ങി വേഗത്തില്‍ നടന്നു.
ഭാഗം :- 62.
''നായിന്‍റെ മക്കളേ, പെടച്ച് ഞാന്‍ നീളം വലിക്കും''എന്ന വേശന്‍റെ ഉച്ചത്തിലുള്ള ശകാരം കേട്ടുകൊണ്ടാണ് വീട്ടിലേക്ക് കയറിയത്.
''എന്താ വേശാ, പ്രശ്നം''അവനോട് കാരണം അന്വേഷിച്ചു.
''കള്ള നായ്ക്കള് വാര്‍പ്പ് കഴിഞ്ഞ വീടിന്‍റുള്ളിലാ ഒളിഞ്ഞു കളിക്കുണ്. മുട്ട് ഇളക്യാല്‍ എന്താവും അവസ്ഥ''.
കുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്കൂള്‍ പൂട്ടി കഴിഞ്ഞാല്‍ അവര്‍ സ്വതന്ത്രരായി. സ്കൂളില്‍ പോവണ്ടാ. പഠിക്കാന്‍ ആരും പറയില്ല. എത്ര നേരമാണ് വെറുതെ ഇരിക്കുക. സമയംപോവാന്‍ എന്തെങ്കിലും കളിക്കും. അത് ഇന്നദിക്കില്‍ എന്നില്ല.
''എന്നിട്ട് കുട്ട്യേളെവിടെ''.
''എന്‍റെ ഒച്ച കേട്ടപ്പോള്‍ തുറുക്കംപിടിച്ച് പാഞ്ഞു''.
''നീയെന്താ ഈ നേരത്ത്''.
''വാര്‍പ്പ് കഴിഞ്ഞിട്ട് പോയതല്ലേ. രണ്ടുമൂന്ന് ദിവസായിട്ട് അവന്‍ തിരിഞ്ഞു നോക്കീലാന്ന് നിങ്ങള് കരുതില്ലേ''.
''അങ്ങന്യോന്നൂല്യാ. നിനക്ക് എന്തെങ്കിലും പണീണ്ടാവുംന്ന് കരുതി''.
''നിങ്ങള് ശിവന്‍റെ വീടുപണി കണ്ട്വോ''.
''രണ്ടുമൂന്ന് പ്രാവശ്യം പോയിരുന്നു''.
''എന്താ അതിനെപ്പറ്റി നിങ്ങടെ അഭിപ്രായം''.
''നല്ല ബെസ്റ്റ് ചെങ്കല്ലാണ്. കട്ടിളീം ജനലും ഇരുമ്പോണ്ടാണ് എന്നു പറഞ്ഞു. നമ്മളും അതല്ലേ ചെയ്യുണ്''.
''അതല്ല. കിടക്കാന്‍ രണ്ട് മുറീണ്ട് എന്നെന്നേള്ളൂ. ഒക്കെ ചെറുത്. കുട്ട്യേള് വീടുണ്ടാക്കി കളിക്കുണപോലീണ്ട്''.
''വിസ്തീര്‍ണ്ണം അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റില്‍ കൂടാന്‍ പാടില്ല. അപ്പൊ ഉള്ള മുറി ചെറുതാക്കാനേ പറ്റൂ''.
''ഒരു കട്ടിലിട്ടാല്‍ മേശ ഇടാന്‍ സ്ഥലൂല്യാ. അങ്ങനത്തെ വീട് കെട്ടീട്ട് എന്താ കാര്യം''.
''ഒന്നൂല്യാത്തതില്‍വെച്ച് ഭേദോല്ലേ ചെറ്യേ വീടുള്ളത്. എത്ര ആള്‍ക്കാരാ പീടികത്തിണ്ണേല് കഴിയുണത്''.
''എന്തോ ആയിക്കോട്ടെ. ഞാന്‍ കണ്ടത് പറഞ്ഞൂന്ന് മാത്രം''.
''നീ ഉണുകഴിച്ച്വോ''.
''ഇല്ല. വീട്ടിലിക്ക് പോവ്വാണ്. അതിനുമുമ്പ് നിങ്ങളെ കാണാന്‍ വന്നതാ''.
''എന്താണ്ടാ കാര്യം''.
''നിങ്ങളെനിക്ക് രണ്ടായിരം ഉറുപ്പിക കടം തരിന്‍. ഒരാഴ്ച കഴിഞ്ഞിട്ട് ഞാന്‍ മടക്കിത്തരാം''.
''എന്താ നിനക്കിപ്പൊ ഇത്ര അത്യാവശ്യം''.
''എന്‍റെ പെണ്ണുമ്പിള്ള സ്കൂട്ടി ഓടിച്ചതാ. അത് ആ ചെട്ടിച്ച്യാരടെ മേത്ത് മുട്ടി. അയമ്മ താഴെ വീണു''. കൊറണ ഏറ്റി വരുന്നവഴിക്ക് ചെട്ടിച്ച്യാരെ കണ്ടതാണ്. മൂധേവിത്തള്ളടെ കഷ്ടകാലം എന്നേ പറയാന്‍ പറ്റൂ.
''എന്നിട്ട് ആ തള്ളയ്ക്ക് എന്തെങ്കിലും പറ്റ്യോടാ''.
''കുരുത്തത്തിന് തള്ളയ്ക്ക് വലുതായിട്ടൊന്നും പറ്റീലാ. അവടവടെ തൊലി പോയിട്ടുണ്ട്''.
''ആസ്പത്രീല്‍ കൊണ്ടുപോയോ''.
''ഉവ്വ്. എക്സ്റേ എടുത്തു. ഒന്നൂല്യാന്നാ പറഞ്ഞത്''.
''പിന്നെന്തിനാ കാശ്''.
''തള്ളയ്ക്ക് രണ്ടായിരം കൊടുക്കാന്ന് സമ്മതിച്ചു. ഇല്ലെങ്കില്‍ ആ തള്ള പോലീസില്‍ കംപ്ലെയിന്‍റ് കൊടുക്കുംന്ന് പറഞ്ഞു. പെണ്ണിന് ലൈസന്‍സ് ഇല്ലാത്തതല്ലേ. അതാ നശിച്ച്പോട്ടേന്ന് പ്രാകീട്ട് കാശ് കൊടുക്കുണത്''.
''ആരടേം മേത്ത് മുട്ടാതെ വണ്ടി ഓടിക്കാന്‍ അവളോട് പറ'' ഷെഡ്ഡിന്‍റെ വാതില്‍ തുറന്ന് അകത്തുചെന്നു. ബാഗില്‍നിന്ന് രണ്ടായിരത്തിന്‍റെ ഒരു നോട്ടെടുത്ത് അവന് കൊടുത്തു. കാശുംവാങ്ങി അവന്‍ നടന്നു.
വല്ലാത്ത ക്ഷീണം തോന്നുന്നു. പായ വിരിച്ച് കിടന്നു. ഇപ്പോള്‍ ഉറങ്ങുന്നില്ല. പകലുറങ്ങിയാല്‍ രാത്രിയില്‍ ഉറക്കം വരില്ല. പുറത്ത് കുട്ടികളുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. എഴുന്നേറ്റ് വാതില്‍ തുറന്നുനോക്കി. പിള്ളര് മാവിലേക്ക് കല്ലെറിയുകയാണ്.
''എടാ മക്കളെ, താഴെ വീണുകിടക്കിണ മാങ്ങ എടുത്തോളിന്‍. മൂച്ചീലിക്ക് എറിയരുത്. ഓടില്‍ വീണാല്‍ അത് പൊട്ടും''.
''ശരി. എറിയില്യാ''.
''എന്നാല്‍ ഇങ്ങിട്ട് വരിന്‍''. രാവിലെ പെറുക്കിവെച്ച പഴമാങ്ങയുണ്ട്. പത്തിരുപതെണ്ണം ഉണ്ടാവും. കുട്ടികളത് തിന്നോട്ടെ. ഈ ജന്മത്തോ ഒരു കുട്ടിയുണ്ടായില്ല. അടുത്ത ജന്മത്തിലെങ്കിലും ഉണ്ടാവട്ടെ. പഴമാങ്ങ സൂക്ഷിച്ചുവെച്ച സഞ്ചിയെടുത്തുകൊണ്ട് വന്നു. എന്നിട്ട് ഉള്ള മാങ്ങ പിള്ളേര്‍ക്ക് തുല്യമായി വീതിച്ചുകൊടുത്തു. അവരത് കടിച്ചുവലിച്ച് നില്‍ക്കുന്നത് നോക്കിയിരുന്നു.
ഭാഗം :- 63.
കുറച്ചുദിവസമായി ശിവന്‍റെ വീടുപണി നടക്കുന്ന ദിക്കിലേക്ക് ചെന്നിട്ട്. അതിനെക്കുറിച്ച് വേശന്‍ മോശമായി പറയുകയുണ്ടായി. എന്തെങ്കിലും അപാകത ഉണ്ടെങ്കില്‍ അവന് പറഞ്ഞുകൊടുക്കണം. വാര്‍പ്പുണ്ടാക്കാന്‍ വെച്ച മുട്ടഴിച്ചാലേ പണിയുള്ളു. അതുവരെ ഇഷ്ടംപോലെ സമയമുണ്ട്. ദേവു പണിക്ക് പോയതിന്നുശേഷം പുറപ്പെട്ടു.
ശിവന്‍റെ വീടുപണി തകൃതിയായി നടക്കുകയാണ്. നാലഞ്ച് പേര്‍ പണി ചെയ്യുന്നുണ്ട്. ലിന്‍ഡലിന്ന് മുകളിലുള്ള ചുമര് കെട്ടുകയാണ്. ശിവനും അവരോടൊപ്പം പണിയിലാണ്.
''വല്യേപ്പാ, വരിന്‍''കണ്ടതും ശിവന്‍ വിളിച്ചു.
''അവിടെ വീടുപണി നടക്കുണതോണ്ട് കുറച്ചുദിവസായി എനിക്ക് വരാന്‍ പറ്റീല്യാ''.
''അത് സാരൂല്യാ. പണി എവിടംവരെ ആയി''.
''മെയിന്‍വാര്‍പ്പ് കഴിഞ്ഞു. ഇനി മുട്ടെടുത്തിട്ടുവേണം പണി തുടങ്ങാന്‍''.
''അപ്പഴയ്ക്കും ഇതും വാര്‍ത്തുകഴിയും''.
''അത്രയൊന്നും വേണ്ടിവരില്ല. ഇതിപ്പൊ കെട്ടാന്‍ രണ്ടൊ മൂന്നോ ദിവസം. അത് കഴിഞ്ഞാല്‍ സെന്‍ട്രിങ്ങ് പണി, കമ്പികെട്ടല് ഒക്കെ. ഉത്സാഹിച്ചാല്‍ പത്തുദിവസം വേണ്ടാ''.
''നല്ല മഴക്കാലം ആവുമ്പഴയ്ക്കും പണിതീര്‍ന്ന് കേറിക്കിടക്കാന്‍ പറ്റ്യാല്‍ മത്യായിരുന്നു''.
''അതൊക്കെ നടക്ക്വോടാ. സമാധാനായിട്ട് ഇരിക്ക്''.
''ഞങ്ങള്‍ക്ക് ഇരിക്കാന്‍ ഒരുആസ്പദം ആക്കിത്തന്നത് വല്യേപ്പനാണെന്ന് കല്യാണി എപ്പഴും പറയും''.
''എല്ലാം ദൈവത്തിന്‍റെ നിശ്ചയാണ്. ഞാന്‍ കൂടെ നിന്നൂന്നേ ഉള്ളൂ''.
''വല്യേപ്പന്‍ കേറിവരിന്‍. ഉള്ളില് കേറി നോക്ക്യാലല്ലേ എങ്ങനീണ്ട് എന്ന് മനസ്സിലാവൂ''. അവന്‍റെ കൂടെ അകത്തേക്ക് ചെന്നു.
വേശന്‍ പറഞ്ഞത് ശരിയാണ്. മുറികളൊക്കെ ചെറുതന്നെ. എന്നാലും എല്ലാ സൌകര്യങ്ങളും ഉണ്ട്.
''മുറിടെ അളവ് എത്ര്യാന്ന് അറിയ്യോ''.
''എട്ടടിക്ക് എട്ടടി ആണ് എന്നാ പറഞ്ഞത്. സ്ഥലസൌകര്യം കുറവാണ്. എന്നാലും അവര് പറയുണ തോതില് ഇതെല്ലാം ഒപ്പിക്കാന്‍ പറ്റി''.
''കട്ടിലിട്ടാല്‍ ഒന്നിനും സ്ഥലം കാണില്ല''.
''അത് ശര്യാണ്. രണ്ട് പെണ്‍കുട്ട്യേളല്ലേ ഉള്ളത്. ചെറുതായാലും അവര്‍ക്ക് കിടക്കാന്‍ സൌകര്യൂണ്ടാക്കണ്ടേ''.
''ശരി. എന്നാല്‍ പണി നടക്കട്ടെ. ഞാന്‍ പിന്നെ വരാം''.
''ചുമര് പണി കഴിഞ്ഞിട്ട് ഒരുദിവസം ഞാന്‍ വരുണുണ്ട്''.
''എപ്പൊ വേണച്ചാലും വന്നോ''. അവിടെനിന്ന് ഇറങ്ങിനടന്നു. ഹോട്ടലില്‍ ചോറ് കിട്ടാന്‍ ഇനിയും സമയമാവും. അതുവരെ എന്തെങ്കിലും ചെയ്യാം. ഉങ്ങിന്‍ചുവട്ടില്‍ വേശനും വാസുവുമുണ്ട്.
''എന്താണ്ടാ ഇവിടെ നില്‍ക്കുണ്''അവരോട് ചോദിച്ചു.
''കൊടുങ്ങല്ലൂരിലിക്ക് പോണകാര്യം ആലോചിച്ചോണ്ട് നില്‍ക്ക്വാണ്''.
''ഓ. മീന ഭരണി ആയല്ലോ. എന്നാ നിങ്ങള് പോണത്''.
''ഇന്ന് സന്ധ്യോടെ പോയാലോന്നാ ആലോചിക്കുണത്''.
''എങ്ങന്യാ നിങ്ങള് പോണത്''.
''വണ്ടി വിളിച്ച് പോവും. നിങ്ങള് വരുണ്വോ''. കൊടുങ്ങല്ലൂരിലേക്ക് പോവണമെന്നുണ്ട്. പക്ഷെ ഷെഡ്ഡിനുള്ളില്‍ ദേവുവിനെ തനിച്ചാക്കി എങ്ങിനെ പോവും. നേരത്തെ വിവരം അറിഞ്ഞിരുന്നെങ്കില്‍ അവളെ ഏടത്തിയുടെ വീട്ടിലേക്ക് പറഞ്ഞയച്ചേനെ.
''എന്താ നിങ്ങളൊന്നും പറയാത്തത്. വരുണുണ്ടോ''അവന്‍ ധൃതികൂട്ടി.
''ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെ. നേരത്തെ പറയായിരുന്നില്ലേ''.
''ഞങ്ങള് ഇപ്പഴാ നിശ്ചയിച്ചത്''വേശന്‍ പറഞ്ഞു''ഇവന്‍റെ അളിയന്‍ പോവ്വാന്ന് ചോദിച്ചു. അപ്പോ തോന്ന്യേ ഐഡിയാണ്''.
''ദേവു പണിമാറി വരുമ്പൊ അവളോട് ചോദിക്കട്ടെ. എന്നിട്ട് പറയാം''.
''എന്നിട്ട് കാര്യം നടക്കില്ല. നിങ്ങള് ഫോണ്‍ ചെയ്ത് ചോദിക്കിന്‍''. എന്താ അവള്‍ പറയുക എന്നറിയില്ല. എങ്കിലും ഇവരെ ബോധിപ്പിക്കാന്‍ ഒന്ന് വിളിച്ചുനോക്കാം.
''അമ്മേനെ തൊഴുകാനല്ലേ. പൊയ്ക്കോളിന്‍''കേട്ടതും ദേവു സമ്മതം തന്നു.
''അപ്പൊ നിനക്ക് തുണയ്ക്കോ''.
''അത് പേടിക്കണ്ടാ. ഞാന്‍ ജാനക്യേ വിളിച്ച് കിടത്തിക്കോളാം''. വിവരം കൂട്ടുകാരോട് പറഞ്ഞു
''ഒരുകാര്യം ഇപ്പഴേ ഞാന്‍ പറയാം''വാസു പറഞ്ഞു''നമ്മള് പോണത് കൊടുങ്ങല്ലൂരിലിക്കാണ്. അല്ലാണ്ടെ ശബരിമലയ്ക്കല്ല''.
''അതെന്താടാ അങ്ങനെ പറഞ്ഞത്''.
''ലേശം അടിച്ച് നാല് പാട്ടൊക്കെ പാടീട്ട് വേണം പോവാന്‍''.
ഇനി കുടിക്കില്ല എന്ന് ദേവുവിന്‍റെ തലയില്‍തൊട്ട് സത്യംചെയ്തിട്ടുണ്ട്. അത് തെറ്റിക്കാന്‍ പാടില്ല. എന്നാലോ ഇവരെ വെറുപ്പിക്കാനും പറ്റില്ല. ഒരുകാര്യം ചെയ്യാം. തല്‍ക്കാലം ഒരു നുണ കാച്ചാം
''എനിക്ക് സന്തോഷം തന്നെ. പക്ഷെ ഒരു കാര്യൂണ്ട്. നെഞ്ഞ് വേദനയ്ക്ക് ഒരുമരുന്ന് കഴിക്കുണുണ്ട്. അതിന് പത്ഥ്യൂണ്ട്. മദ്യം അകത്ത് ചെല്ലരുത് എന്നാ വൈദ്യര് പറഞ്ഞത്''
''അയാളെ കയ്യില്‍ കിട്ട്യാല്‍ ഞാന്‍ തല്ലി ഒലുമ്പും''വേശന്‍ പറഞ്ഞു.
''എടാ. ആദ്യം സൂക്കട് മാറട്ടെ. പിന്നീം കുടിക്കാലോ. അത്വോല്ല നിങ്ങള് കുടിക്കുണത് കാണ്വേങ്കിലും ചെയ്യാലോ''
''എന്നാ വരിന്‍. വണ്ടി ഏര്‍പ്പാടാക്കാം'' അവരുടെ കൂടെ നാലുംകൂടുന്ന മുക്കിലേക്ക് നടന്നു.
ഭാഗം :- 64.
ഉറക്കമുണര്‍ന്നതും മൊബൈലെടുത്തുനോക്കി. സമയം നാലര. രാവിലെ വന്നുകിടന്നതാണ്. വെള്ളമടിച്ച് പാട്ടുപാടി കളിച്ചവരുടെ കൂടെ ഇന്നലെ രാത്രി ഉറക്കമൊഴിച്ചതും കൊണ്ടാവും ഇത്രനേരം ഉറങ്ങിയത്.
ദേവു പണിമാറി എത്താറായി എന്ന ഓര്‍മ്മവന്നതും എഴുന്നേറ്റ് പല്ലു തേച്ച് മുഖം കഴുകി. ഓലമറച്ചതിനകത്ത് വെള്ളമുണ്ട്. വേഗത്തില്‍ കുളിച്ചു എന്ന് വരുത്തി. കാലത്തെ ആഹാരം അടച്ചുവെച്ചിട്ടുണ്ട്. ഇഡ്ഢലിയില്‍ ഒഴിച്ച ചട്ട്ണി നാറുന്നു. ഇലയോടെ എടുത്ത് അത് വേലിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു. ചായ തൂത്തുകളഞ്ഞ് പാത്രം മോറിവെച്ചു. നല്ലപോലെ വിശക്കുന്നുണ്ട്.
ഷെഡ്ഡിനകത്ത് എന്തെങ്കിലുമുണ്ടോ എന്ന് പരിശോദിച്ചു. നല്ല പഴുത്ത മാങ്ങയുണ്ട്. രാവിലെ ദേവു പെറുക്കിവെച്ചതാവും. പ്ലേറ്റും കത്തിയും എടുത്തുകൊണ്ടുവന്നു. മാങ്ങ തൊലിചെത്തി തിന്നാന്‍ തുടങ്ങി. വയറു നിറയെ പഴമാങ്ങ തിന്നതോടെ വിശപ്പ് പിന്‍വാങ്ങി.
വയറ് നിറഞ്ഞപ്പോള്‍ ഇനിയെന്താണ് ചെയ്യേണ്ടത് എന്ന ചിന്ത വന്നു. ദേവു വരട്ടെ. എന്നിട്ട് പുറത്തേക്ക് ഇറങ്ങണം. ഇപ്പോള്‍ കള്ളുഷാപ്പില്‍ കൂട്ടുകാര്‍ എത്തിയിട്ടുണ്ടാവും. കുറെനേരം കൊടുങ്ങല്ലൂരില്‍ പോയ വിശേഷങ്ങള്‍ പറഞ്ഞിരിക്കാം. കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോവുന്നത് എന്നും സന്തോഷം തരുന്ന അനുഭവമാണ്.
മുമ്പുകാലത്ത് ഇന്നുള്ളത്ര സൌകര്യമുണ്ടായിരുന്നില്ല. അധികപേരും തീവണ്ടിയിലാണ് പോവുക. കരിപ്പുക പറത്തിക്കൊണ്ട് ഓടിപോവുന്ന തീവണ്ടിയില്‍ പൂഴിനുള്ളിയിട്ടാല്‍ നിലത്ത് വീഴാത്തത്ര തിരക്കാവും. ഷൊര്‍ണ്ണൂരിലിറങ്ങി തൃശ്ശൂരിലേക്ക് വേറൊരു തീവണ്ടിയില്‍ കയറും. അവിടുന്ന് കൊടുങ്ങല്ലൂരിലേക്ക് ബസ്സിലാണ് യാത്ര. എല്ലാ സംഘത്തിലും ഒന്നോ രണ്ടോ വെളിച്ചപ്പാടന്മാര്‍ ഉണ്ടാവും. ചുവന്ന പട്ടുടുത്ത് കാലില്‍ ചിലമ്പും അരമണിയും കയ്യില്‍ വാളുമായി അവര്‍ സംഘത്തെ നയിക്കും. വാളുകൊണ്ട് വെട്ടിമുറിച്ച നിറുകയില്‍ മഞ്ഞള്‍പ്പൊടി പുരട്ടിയിരിക്കും. വയറുനിറയെ ചാരായം കുടിച്ചുകേറ്റി കോലുകൊണ്ട് താളത്തില്‍ കൊട്ടി ഈണത്തില്‍ തെറിപ്പാട്ട് പാടിക്കൊണ്ടുള്ള യാത്ര എത്ര രസമായിരുന്നു. ഇന്ന് അതൊന്നുമില്ല. കാറോ ജീപ്പോ ഏര്‍പ്പാടാക്കുക. പോവുന്നവര്‍ അതില്‍ കയറിയിരിക്കുക. വേണമെങ്കില്‍ പാട്ടുപാടുക. ഇല്ലെങ്കില്‍ ഉറങ്ങുകയോ വര്‍ത്തമാനം പറഞ്ഞിരിക്കുകയോ ചെയ്യുക. പണ്ടത്തെ യാത്രയുടെ നൂറിലൊന്ന് സുഖം ഇപ്പോഴത്തെ യാത്രയില്‍ കിട്ടുന്നില്ല.
മനസ്സിലേക്ക് പഴയകാലയാത്രയിലെ ഓര്‍മ്മകള്‍ ഇരച്ചുകയറുകയാണ്. തെറിപ്പാട്ട് പാടാന്‍ ചിലര്‍ക്ക് വലിയ താല്‍പ്പര്യമാണ്. കൂട്ടത്തില്‍ സ്ത്രീകളായ വെളിച്ചപ്പാടന്മാര്‍ ഉള്ളതൊന്നും ആര്‍ക്കും പ്രശ്നമല്ല. ചിലര്‍ക്ക് വഴിയെ പോവുന്ന സ്ത്രീകളുടെ പുറകെ ചെന്ന് നാല് തെറി പാടിയാലേ സമാധാനമാവൂ. ഒരുവിധം ആള്‍ക്കാരൊന്നും അവരോട് വര്‍ത്തമാനം പറയാന്‍ നില്‍ക്കില്ല. മാനം പോണ്ടാ എന്നു കരുതി വേഗം സ്ഥലം വിടും. പക്ഷെ ഒരിക്കല്‍ ഒരാള്‍ അതിനെ ചോദ്യം ചെയ്തു. വാക്കും വര്‍ത്തമാനവും കൂടിവന്നു. ഒടുവില്‍ ഒരുത്തന്‍ കൊട്ടുന്ന കോലുകൊണ്ട് അയാളെ ഒരടി. അടുത്തനിമിഷം അയാള്‍ കാലുപൊക്കി ഒറ്റയടി. തല്ലിയവന്‍ വെട്ടിയിട്ടതുപോലെ നിലത്ത് വീണു. കളരി പഠിച്ച ആളാണ് അയാളെന്ന് പിന്നീട് അറിഞ്ഞു. കത്തിക്കുത്തില്‍ അവസാനിച്ച സംഭവങ്ങളും പറഞ്ഞുകേട്ടിട്ടുണ്ട്.
''എന്താ ഷെഡ്ഡിന്‍റെ വെളീല് എങ്ങോട്ടോ നോക്കിക്കൊണ്ടിരിക്കുണത്. വീടുപണി തീര്‍ക്കണ്ടകാര്യം ആലോചിക്ക്യാണോ''ദേവുവിന്‍റെ ശബ്ദം ഓര്‍മ്മകളെയകറ്റി.
''ഏയ്. ഞാന്‍ കൊടുങ്ങല്ലൂരമ്മേനെപ്പറ്റി ആലോചിക്ക്യായിരുന്നു. എത്ര കോഴ്യേള്യാ മുമ്പവിടെ കൊല്ല്വാ. ഇന്ന് അതൊന്നൂല്യ''.
''അത് പാടില്യാന്ന് വെച്ചിട്ടല്ലേ''.
''എനിക്ക് മനസ്സിലാവാത്ത ഒരു കാര്യൂണ്ട്. ജന്തുക്കളെ ബലി കഴിക്കാന്‍ പാടില്ല. അത് തെറ്റ്. അതിന്‍റെ ജീവനും വെലീണ്ട്. പക്ഷെ നാട്ടില് ദിവസൂം എത്ര ലക്ഷം കോഴ്യേള്യാ കൊല്ലുണത്''.
''അത് നിങ്ങള്‍ക്ക് പഠിപ്പും വിവരൂം ഇല്ലാത്തതോണ്ട് തോന്നുണതാ. വിവരം ഉള്ളോര് നല്ലോണം ആലോചിച്ചിട്ടാ നിയമം ഉണ്ടാക്കുണത്''.
''അങ്ങനേങ്കില്‍ അങ്ങനെ. ഞാന്‍ തര്‍ക്കിക്കുണില്ല''.
''ലൈറ്റിന്‍റെ പണി ചെയ്യുണ ചെക്കന്മാരെ സായ്‌വിന്‍റെ വീട്ടില് കണ്ടു. ഇവിടത്തെ പണി രണ്ടുദിവസത്തിനുള്ളില്‍ തുടങ്ങാന്ന് പറഞ്ഞു''.
''നന്നായി. ഞാന്‍ അവരെ കാണണംന്ന് വിചാരിച്ച് ഇരിക്ക്യാണ്'' മുകള്‍ ഭാഗം വാര്‍ക്കുന്നതിന്ന് മുമ്പ് അവര്‍ പൈപ്പിട്ടുവെച്ചിരുന്നു. ചെത്തി തേക്കുന്നതിന്നുമുമ്പ് വയറിങ്ങ് പണി കഴിഞ്ഞോട്ടെ. അതാ നല്ലത്. അതിനുമുമ്പ് സായ്‌വിന്‍റെ വീട്ടില്‍ അഴിച്ചു സൂക്ഷിച്ച പഴയ സാധനങ്ങള്‍ ഇങ്ങോട്ട് കൊണ്ടുവരണം.
''സായ്‌വിന്‍റെ വീട്ടില്‍ സൂക്ഷിച്ച ലൈറ്റിന്‍റെ സാധനങ്ങള്‍ നമുക്ക് ഇങ്കിട്ട് കൊണ്ടുവരണ്ടേ''.
''ഒരുദിവസം ഞാന്‍ പണിമാറി വരുമ്പൊ നിങ്ങളവിടെ കാത്തുനിന്നാ മതി. രണ്ടാളുക്കുംകൂടി അതൊക്കെ ഇങ്കിട്ട് കടത്താം''.
''ഇലക്ട്രീഷ്യന്മാര് വരുമ്പഴയ്ക്കും വേണം''.
''അതെനിക്കറിയാം. നിങ്ങളിപ്പൊ എന്താ ചെയ്യാന്‍ പോണത്''.
''ഞാനൊന്ന് പുറത്ത് ചെന്നിട്ട് വരട്ടെ''.
''പോണതിന്ന് വിരോധൂല്യാ. ഈ നേരത്ത് നിങ്ങടെ സകല കുടിയന്മാരും ഷാപ്പിന്‍റടുത്ത് ഉണ്ടാവും. അവര് പറയുണത് കേട്ട് കുടിച്ച് പിപ്പിര്യായി വരാണ്ടിരുന്നാ മതി''.
''ഞാനങ്ങനെ ചെയ്യോ ദേവ്വോ'' എന്ന് പറയുമ്പോള്‍ കഴിഞ്ഞരാത്രി കുടിച്ച് തിരിയാനുള്ള അവസരമുണ്ടായിട്ടും അങ്ങിനെ ചെയ്യാഞ്ഞത് മനസ്സില്‍ ഓര്‍ത്തു.''കൊടുങ്ങല്ലൂര്‍ ഭരണിക്ക് പോയിട്ട് കുടിക്കാണ്ടെ വന്നത് നടാട്യാണ്. അതറിയ്യോ നിനക്ക്''
''അത് ഞാന്‍ സമ്മതിച്ചു. നിങ്ങള് ഇന്നലീട്ട ഷര്‍ട്ടും മുണ്ടും തിരുമ്പീടട്ടെ. അങ്ങന്നെ ചള്യായിരിക്കും''. കാവിമുണ്ടും തവിട്ടുകളര്‍ ഷര്‍ട്ടും ഇട്ടത് നന്നായി. ചളി അത്ര അധികം അറിയില്ല.
''അവിടെ ആകെ പൊട്യല്ലേ. ചളി പിടിക്കാതിരിക്ക്വോ''.
''വരുമ്പൊ അഞ്ചാറ് കോഴിമുട്ട കൊണ്ടുവരിന്‍. രാത്രി കഞ്ഞിക്ക് എന്തെങ്കിലും ഉണ്ടാക്കാം''. ശരി എന്ന് സമ്മതിച്ച് ഇറങ്ങി നടന്നു.
ഭാഗം :- 65.
നാലഞ്ചുദിവസംകൊണ്ട് പുറമെയുള്ള തേപ്പ് തീര്‍ന്നു. സമാധാനമായി. ഇനി മഴ പെയ്താലും കുഴപ്പമില്ല. അകത്തെ പണികള്‍ പേടിക്കാതെ ചെയ്യാം. ഉമ്മറത്തെ വാതില്‍ മാത്രമാണ് മരത്തിന്‍റെ ഉള്ളത്. ബാക്കി വാതില്‍ കട്ടിളകളും ജനല്‍ കട്ടിളകളും ഇരുമ്പിന്‍റേതാണ്. വെല്‍ഡിങ്ങ് കടക്കാരന്‍ പരിചയക്കാരനായതുകൊണ്ട് വില കുറച്ചാണ് തന്നത്. തേപ്പുപണിയും നിലംപണിയും തീര്‍ന്നാല്‍ അവന്‍ ജനല്‍പാളികളും വാതിലുകളും ഉണ്ടാക്കിത്തരും.
''കുഞ്ച്വോട്ടാ, ഉമ്മറത്തെ വാതില് എന്‍റെ വക. ഞങ്ങള് പോയാല്‍ വാപ്പാനീം ഉമ്മാനീം നോക്കുണത് നിങ്ങളല്ലേ'' അന്‍സര്‍ ഒരുതവണ പറഞ്ഞിട്ടുണ്ട്. ചെയ്യുമോ എന്നറിയില്ല. ചെയ്യുന്നെങ്കില്‍ ചെയ്യട്ടെ. ചോദിക്കാനൊന്നും പോവുന്നില്ല. അവന്‍റെ ലീവ് തീരാറായി. അടുത്ത ആഴ്ച മടങ്ങിപോവും എന്ന് പറഞ്ഞിരുന്നു. അതിനുമുമ്പ് എവിടെ നിന്നെങ്കിലും നല്ലൊരു പഴച്ചക്ക വാങ്ങി അവന് കൊടുക്കണം. മൂത്ത ചക്ക ഷെഡ്ഡിനടുത്തുള്ള പ്ലാവിലുണ്ട്. അതിന്ന് നല്ലത് നോക്കി രണ്ടെണ്ണം കൊണ്ടുപോയി കൊടുക്കാം. കൂട്ടാന്‍ വെച്ചിട്ടോ വറത്തിട്ടോ തിന്നോട്ടെ.
പടി തുറന്ന് നാലഞ്ച് ചെറുപ്പക്കാര്‍ വരുന്നുണ്ട്. അടുത്തുള്ളവരാണ് എല്ലാവരും. എന്തെങ്കിലും കാര്യമുണ്ടാവും.
''കുഞ്ച്വോട്ടന്‍ വീടുപണിടെ തിരക്കിലാണെന്ന് തോന്നുണൂ''കൂട്ടത്തില്‍ ഒരുവന്‍ പറഞ്ഞു.
''പണി നടക്ക്വാണ്. കഴിഞ്ഞാലേ സമാധാനാവൂ''.
''ഞങ്ങളൊരുകാര്യം സംസാരിക്കാന്‍ വന്നതാണ്''.
''വരിന്‍. ഇരുന്ന് സംസാരിക്കാലോ''അവരെ ക്ഷണിച്ചു. ഷെഡ്ഡിന്ന് പുറത്ത് മരച്ചോട്ടിലിട്ട ബെഞ്ചില്‍ എല്ലാവരും ഇരുന്നു.
''ഇനി പറയിന്‍ . എന്താ കാര്യം''.
''വേലക്കമ്മിറ്റി ഉണ്ടാക്കണ്ട കാര്യം സംസാരിക്കാനാ ഞങ്ങള് വന്നത്''. വേല നടത്തുന്നതിന്ന് സ്ഥിരമായിട്ട് ഒരുകമ്മിറ്റിയുണ്ട്. അതില്‍പ്പെട്ട ആരും ഈ വന്നവരില്‍ ഇല്ല.
''ഇപ്പഴത്തെ കമ്മിറ്റീല്‍പ്പെട്ട ആരേം കാണാനില്ലല്ലോ''.
''അവരെ ഒഴിവാക്കാന്‍ ഞങ്ങള് നിശ്ചയിച്ചു. പുത്യേകമ്മിറ്റി വേണം''.
''അതെന്തിനാ അവരെ ഒഴിവാക്കുണത്''.
''തനി കള്ളന്മാരാണ്. നാട്ടുകാരടേന്ന് കാശ് പിരിച്ചുണ്ടാക്ക്വാ. എന്നിട്ട് തോന്ന്യേപോലെ ചിലവാക്ക്വാ. ഒടുക്കം കള്ളക്കണക്കെഴുതി ആള്‍ക്കാരെ പറ്റിക്ക്യാ. ആ പരിപാടി ഇനി വേണ്ടാ''.
പൊതുകാര്യത്തിന്ന് ആര് ഇറങ്ങിയാലും ഇതൊക്കെ തന്നെയാണ് കേള്‍ക്കുക. ഇപ്പോള്‍ കുറ്റം പറയുന്നവര്‍ക്ക് അധികാരം കിട്ടിയാല്‍ പഴയ ആളുകളേക്കാള്‍ കൂടുതല്‍ അഴിമതി ആരോപണം കേള്‍ക്കും.
''പുതിയ കമ്മിറ്റിക്ക് നിങ്ങള് ആര്യാ കണ്ടിരിക്കുണ്''.
''കുഞ്ച്വോട്ടന്‍ പ്രസിഡണ്ട്, ഞാന്‍ സെക്രട്ടറി, ഇവന്‍ ട്രഷറര്‍, ഇവരൊക്കെ കമ്മിറ്റി മെമ്പര്‍മാര്‍''. അതുശരി. എല്ലാം കൃത്യമായി പ്ലാന്‍ ചെയ്തിട്ടാണ് ഇവര്‍ വന്നിരിക്കുന്നത്.
''നിങ്ങള് എന്തുകണ്ടിട്ടാ ഇങ്ങനെ തീരുമാനിച്ചത്. നാട്ടുകാരല്ലേ കമ്മിറ്റ്യേ തിരഞ്ഞെടുക്ക്വാ. ഈ പറയുണത് അവര് സമ്മതിച്ചില്ലെങ്കിലോ''.
''നമുക്ക് ആള്‍ക്കാരെ നമ്മടെ ഭാഗത്ത് കൊണ്ടുവരണം''.
''ഇപ്പൊ ഉള്ളവരും അത് ചെയ്താലോ''.
''എന്നാല്‍ തല്ലി പിരിയും''.
''അതാ തെറ്റ്. എന്തിനാ നമ്മള് വേല നടത്തുണ്. നമ്മടെ ദേശത്തെ അമ്മടേം നാട്ടുകാരടേം സന്തോഷത്തിന്ന്. തല്ലിപിരിഞ്ഞാല്‍ അത് മുടങ്ങില്ലേ''.
''പിന്നെന്താ വഴി''.
''വേല കൂറ ഇടുംമുമ്പ് നാട്ടുകാരടെ മീറ്റിങ്ങ് ഉണ്ടാവില്ലേ. അന്ന് നമുക്ക് കാര്യങ്ങള്‍ ചോദിക്കാം. എന്നിട്ട് വേണ്ടത് ചെയ്യാം''.
''ഒരു കാര്യം ഉറപ്പായിട്ടും വേണം. കുഞ്ച്വോട്ടന്‍ പ്രസിഡണ്ടാവണം''.
''ആരോ പ്രസിഡണ്ടോ, സെക്രട്ടറ്യോ ഒക്കെ ആയിക്കോളിന്‍. എന്നെ അതിന് കാക്കണ്ട''.
''നിങ്ങളെ കണ്ടിട്ടാ ഞങ്ങള് ഇറങ്ങുണ്. എന്നിട്ട് നിങ്ങളന്നെ മാറ്യാലോ''.
''ഞാനൊരു കാര്യം പറയട്ടെ. ഇന്നോ നാള്യോ ആയിട്ട് ഞാന്‍ ഇപ്പഴത്തെ കമ്മിറ്റിക്കാരെ കാണുണുണ്ട്. എന്താ അവരടെ നിലപാട് എന്നറിയാലോ. അതനുസരിച്ച് വേണ്ടത് ചെയ്യാം''.
''എന്ത് ചെയ്യാനാ പറയുണ്''.
''രണ്ടുകൂട്ടക്കര്‍ക്കും വേണ്ടപ്പെട്ടോരെ എടുത്ത് കമ്മിറ്റിണ്ടാക്കട്ടെ. അപ്പൊ ആരക്കും കുറ്റം പറയാന്‍ പറ്റില്ലല്ലോ''.
''അങ്ങന്യാണച്ചാല്‍ എപ്പഴാ വിവരം കിട്ട്വാ''.
''നിങ്ങള് മറ്റന്നാല്‍ ഈ നേരത്ത് വരിന്‍. അപ്പൊ എല്ലാം പറയാം''.
''കുഞ്ച്വോട്ടാ. നിങ്ങളെ വിശ്വസിച്ചിട്ട് ഞങ്ങളിപ്പൊ പോണൂ. അല്ലെങ്കില്‍ ഇന്നന്നെ കച്ചറീണ്ടാക്കാന്‍ നിന്നതാ''.
''കച്ചറ്യോന്നും ഉണ്ടാക്കണ്ടാ. അമ്മടെ വേല മുടക്കീട്ട് അതിന്‍റെ ദോഷം വരണ്ടാ''.
സംഘം യാത്ര പറഞ്ഞിറങ്ങി. ഇതാണ് നാട്ടിലെ എടവാട്. ഏന്തെങ്കിലും ചെയ്യുന്നവരെ വെറുപ്പിച്ച് നടന്നുകൊണ്ടിരിക്കുന്നത് ഇല്ലാതാക്കുക. അങ്ങിനെ സംഭവിക്കാന്‍ പാടില്ല. അമ്മയുടെ വേല മുടങ്ങരുത്. അത് ഒഴിവാക്കാന്‍ വേണ്ടത് ചെയ്യണം.
വേശന്‍ വരുന്നത് കണ്ടു. പുറംചുമര്‍ നനയ്ക്കാന്‍ വരാമെന്ന് അവന്‍ പറഞ്ഞതാണ്. അവന്‍ പണിചെയ്യുന്നത് നോക്കിയിരുന്നാല്‍ പോരാ. ഒപ്പം കൂടണം. ഷര്‍ട്ടഴിച്ചുവെക്കാന്‍ ഷെഡ്ഡിനകത്തേക്ക് ചെന്നു.
ഭാഗം :- 66.
അന്വേഷിച്ചുചെന്ന് വാങ്ങിയ പഴച്ചക്കയുമായി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വിട്ടു. അവിടെ മൂത്ത രണ്ട് ചക്കകള്‍ ഇട്ടുവെച്ചിട്ടുണ്ട്. ഷെഡ്ഡില്‍ സൂക്ഷിച്ചിട്ടുള്ള അതുമെടുത്ത് എല്ലാംകൂടി സായ്‌വിന്‍റെ വീട്ടിലെത്തിക്കണം.
ഇന്നലെ സന്ധ്യയോടുകൂടി വേശന്‍ വന്നു. വലിയ കയറുമായി പ്ലാവില്‍ കയറി അവന്‍ ചക്കകള്‍ കെട്ടിയിറക്കി. മുകളില്‍നിന്ന് വെട്ടിയിട്ടാല്‍ ചിലപ്പോള്‍ പൊട്ടിയേക്കാം. കറ പോയി കഴിഞ്ഞ ശേഷം എടുത്ത് ഷെഡ്ഡിനകത്ത് വെച്ചു. അതിനാല്‍ എല്ലാംകൂടി ഒന്നിച്ചുകൊടുക്കാറായി.
സായ്‌വിന്‍റെ വീട്ടിലെ എല്ലാവരും ഉമ്മറത്തുതന്നെയുണ്ട്. വാപ്പയും ഉമ്മയും രണ്ടുമക്കളും അവരുടെ ഭാര്യമാരും ഒക്കെക്കൂടി ഒന്നിച്ചു കാണുമ്പോള്‍ എന്തൊരു സന്തോഷമാണ്. ഓട്ടോ മുറ്റത്തു നിര്‍ത്തി. ചക്കകള്‍ ഓരോന്നായി എടുത്ത് താഴെവെച്ചു. ഓട്ടോകാരന് വാടക കൊടുത്ത് അവനെ പറഞ്ഞയച്ചു.
''എവിടുന്നാ കുഞ്ച്വോട്ടാ ഇതൊക്കെക്കൂടി''അന്‍സര്‍ അടുത്തെത്തി.
''പച്ച രണ്ടെണ്ണം വീട്ടിന്ന്. പഴച്ചക്ക പുറമേന്ന്''.
''നല്ല വലുപ്പൂണ്ടല്ലോ''അവന്‍ ചക്ക മണപ്പിച്ചുനോക്കി''എന്തായി ഇതിന്''.
''അതൊന്നും കാര്യാക്കണ്ടാ. മുറിച്ചുനോക്കിന്‍. എങ്ങനീണ്ട് എന്ന് എനിക്കറിയില്ല''.
''ഊണുകഴിഞ്ഞ് ഇരിക്കുമ്പൊ മുറിച്ചാ പോരേ''ഉമ്മ ചോദിച്ചു.
''അല്ല ഉമ്മ. ഇപ്പൊത്തന്നെ മുറിക്കിന്‍. കുഞ്ച്വോട്ടനും തിന്നുനോക്കട്ടെ''.
''എനിക്ക് വേണ്ടാ കുട്ട്യേ. നിങ്ങള് തിന്നിന്‍''.
''അത് പറഞ്ഞാല്‍ പറ്റില്ല''.
''ഇവനെന്തെങ്കിലും വിചാരിച്ചാല്‍ അപ്പത്തന്നെ നടക്കണം''ഉമ്മ അകത്തുനിന്ന് കൊടുവാളെടുത്തിട്ട് വന്നു. ഉമ്മറത്തുവെച്ചുതന്നെ ചക്കമുറിച്ചു. നല്ല ഒന്നാന്തരം ചക്ക. വലിയ ചുളകള്‍ തുടുതുടെ ഇരിക്കുന്നു. വാസന മൂക്കിലേക്ക് തുളച്ചുകയറുന്നുണ്ട്. ആദ്യത്തെ ചുള അന്‍സര്‍ വായിലാക്കി.
''സൂപ്പര്‍''അവന്‍ വിളിച്ചു പറഞ്ഞു''എന്താ ഒരു ടേയ്സ്റ്റ്''. ഉമ്മ ചക്ക കഷ്ണങ്ങളാക്കി മൂക്കുമുറിച്ചുവെച്ചു.
''മകളെ. നീ പോയി ഇത്തിരി വെളിച്ചെണ്ണ എടുത്തിട്ട് വാ''അവര്‍ പറഞ്ഞു. അന്‍സറിന്‍റെ ഭാര്യ പോയി എണ്ണക്കിണ്ണത്തില്‍ അല്‍പ്പം എണ്ണയുമായി എത്തി.
''കയ്യില് മുളഞ്ഞായാല്‍ എണ്ണ പുരട്ടിക്കോളിന്‍''എല്ലാവരോടുമായി അവര്‍ പറഞ്ഞു.
''കുഞ്ച്വോ, നീയും ഒരു കഷ്ണം തിന്നോ''സായ്‌വ് പറഞ്ഞു.
''ഞാന്‍ കുറച്ചുമുമ്പ് ചായ കുടിച്ചതേ ഉള്ളൂ. ഇപ്പൊ ചെല്ലില്ല. എനിക്ക് ഒരു ചുള തന്നാല്‍ മതി''.
ഉമ്മതന്ന ചുള വാങ്ങി കടിച്ചുനോക്കി. അന്‍സര്‍ പറഞ്ഞത് ശരിയാണ്. നല്ലരുചി. മതിയാവോളം തിന്നട്ടെ. നാട്ടില്‍നിന്ന് മടങ്ങിപോയാല്‍ ഇനി എപ്പോഴാണ് അവന്‍ വരിക എന്നറിയില്ലല്ലോ.
''എന്നാല്‍ ഞാന്‍ പോണൂ''അവരോട് യാത്ര പറഞ്ഞു.
''നിക്കിന്‍ കുഞ്ചോട്ടാ. നിങ്ങളെക്കൊണ്ട് ഒരു പണീണ്ട്''. ഇനിയെന്താ ഉദ്ദേശം എന്നറിയുന്നില്ല. എന്തെങ്കിലും ആവശ്യമുണ്ടായിരിക്കും .
''എവടെക്കെങ്കിലും പോവാനാണോ''
''അതന്നെ. വാപ്പ പേട്ടക്കാരന്‍റടുത്ത് ഒരു കട്ടിളയ്ക്കുള്ള മരം പറഞ്ഞിട്ടുണ്ട്. പേട്ടടെ തൊട്ടടുത്തെ ആശാര്യേക്കൊണ്ട് അത് പണ്യെടുപ്പിക്കും ചെയ്യാം. അത് ഏര്‍പ്പാടാക്കാന്‍ പോവ്വാണ്. നിങ്ങളത് കണ്ട് ബോധിച്ചിട്ട് വാങ്ങാന്ന് വെച്ചിട്ടാ''.
''നിങ്ങള് എന്ത് വാങ്ങി തന്നാലും സന്തോഷംതന്നെ''.
''ഇക്കാ, കട്ടിള മാത്രേ ഉള്ളൂ. അതിന് പറ്റ്യേ വാതില് വേണ്ടേ''.
''അങ്ങന്യൊരു കാര്യൂണ്ട്. അത് ഞാന്‍ ആലോചിച്ചില്ല''.
''അതുംകൂടി എടവാടാക്കിന്‍. എത്ര്യാ വേണ്ടത്ച്ചാല്‍ ഞാന്‍ തരാം'' അന്‍വര്‍ ആ കാര്യം ഏറ്റു.
''എന്നാ നീയും വാ. നമുക്ക് ഏല്‍പ്പിച്ചിട്ട് വരാം''.
ചക്ക തിന്നുകഴിഞ്ഞ് ഏട്ടനും അനിയനും കൈകഴുകി വസ്ത്രം മാറി വന്നു. അവരോടൊപ്പം കാറില്‍ കയറി. മരപ്പേട്ടയിലേക്ക് കാര്‍ നീങ്ങി.
ഭാഗം :- 67.
വെല്‍ഡിങ്ങ് പണിക്കാരന്‍ വാതിലിന്‍റേയും ജനാലകളുടേയും കട്ടിളകള്‍ കൊണ്ടുവന്നു. മുന്‍വശത്തെ മരത്തിന്‍റെ കട്ടിള ഉച്ചതിരിയുമ്പോഴേക്ക് എത്തും.
''പ്രൈമര്‍ അടിച്ചിട്ട് വെച്ചാ മതി''എന്ന് അന്‍സര്‍ പറഞ്ഞിരുന്നു. കട്ടിള പണിയുന്ന ആശാരി അതുംചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്. കട്ടിളയെല്ലാം വെച്ചിട്ടുമതി ഇനി തേപ്പ് ചെയ്യാന്‍. നേരത്തെ പുറംഭാഗം തേക്കുമ്പോള്‍ വാതിലിന്‍റേയും ജനാലകളുടേയും ബാക്കിവെച്ചാണ് തേച്ചത്.
''ജനല്‍കട്ടിളയ്ക്ക് എന്താ വെയിറ്റ്''വണ്ടിയില്‍നിന്ന് സാധനങ്ങള്‍ ഇറക്കി വെക്കുമ്പോള്‍ വേശന്‍ പറഞ്ഞിരുന്നു. ഇരുമ്പിന്‍റെ അഴികള്‍ മാത്രമല്ല പട്ടയും പിടിപ്പിച്ചിട്ടുണ്ട്. അതാണ് തൂക്കം കൂടാന്‍ കാരണം. മുട്ടുകള്‍ മാറ്റിയപ്പോള്‍ വീടിനകത്ത് ധാരാളം സ്ഥലമുള്ളതുപോലെ തോന്നുന്നു. പുതിയ വീട്ടില്‍നിന്നിറങ്ങി ഷെഡ്ഡിലേക്ക് നടന്നു. ദേവു ഇപ്പോഴെത്തും. ആഹാരം കഴിഞ്ഞ് അവള്‍ പണിക്ക് പോവുമ്പോള്‍ ഒപ്പം വീട്ടില്‍നിന്ന് ഇറങ്ങാം. എം. സാന്‍ഡ് തീരാറായി. തേക്കാനുള്ള എം. സാന്‍ഡ് എന്നു പറഞ്ഞ് വാങ്ങണം.വലിയ തരിയായാല്‍ തേക്കാന്‍ കൊള്ളില്ല.
പത്തുപതിനഞ്ച് ഒട്ടുമാങ്ങ കിട്ടിയതില്‍ ആറേഴെണ്ണം പഴുത്തതാണ്. ബാക്കിയുള്ളവ രണ്ടുദിവസംകൊണ്ട് പഴുക്കും. കുറെ പഴുത്ത ചകിരിമാങ്ങയും മൂച്ചിചുവട്ടില്‍ വീണുകിടപ്പുണ്ട്. ഒരുസഞ്ചിയില്‍ അതും എടുക്കാം. രണ്ടുംകൂടി സായ്‌വിന്‍റെ വീട്ടില്‍ കൊടുക്കണം. അന്‍സര്‍ നല്ലോണം തിന്നോട്ടെ. അവന്‍ ജോലിക്ക് പോയാല്‍ അടുത്ത കൊല്ലമാവും വരാന്‍. അപ്പോള്‍ ആരുണ്ടാവും ആരുണ്ടാവില്ല എന്ന് പറയാന്‍ പറ്റില്ല. ഇന്നു കാണുന്നവനെ നാളെ കാണാത്ത കാലമാണ്. പഴമാങ്ങ പെറുക്കി സഞ്ചിയിലിടുമ്പോഴാണ് ദേവു വരുന്നത്.
''എന്താ പതിവില്ലാതെ മാങ്ങ പെറുക്കുണത്''അവള്‍ ചോദിച്ചു. ചകിരിമാങ്ങ പെറുക്കാറില്ല. പിള്ളര് പെറുക്കി തിന്നോട്ടെ എന്നു വെക്കാറാണ് പതിവ്.
''ഇത് സായ്‌വിന്‍റെ വീട്ടില്‍ കൊടുക്കാനാണ്. മൂത്ത ചെക്കന്‍ മടങ്ങി പോവാറായില്ലേ''.
''അത് നന്നായി. അവനും കെട്ട്യോളും നാളെ അവളടെ വീട്ടിലിക്ക് പോവ്വോത്രേ. ഒന്നോരണ്ടോ ദിവസം അവടീണ്ടാവും. മടങ്ങിവന്നാല്‍ പോവാറും ആയി''.
''അതൊക്കെ കണക്കാക്കീട്ടാണ് കൊടുക്കുണ്. നീ ഇറങ്ങുമ്പൊ ഞാനും വരുണുണ്ട്. സായ്‌വിന്‍റെ വീട്ടില്‍ മാങ്ങകൊടുത്തിട്ട് ടിപ്പറിന് ഒരുലോഡ് എം.സാന്‍ഡ് കടത്തിക്കണം. നാളെ പണിക്ക് ആള് വരുമ്പൊ അതില്ലാതെ പണി മുടങ്ങരുത്''.
''എന്നാല്‍ ഇന്ന് പണിമാറി വരുമ്പൊ നാളെ മുതല്‍ ഒരാഴ്ചക്കാലം ഞാന്‍ വരില്ലാന്ന് പറഞ്ഞ് വരാം''. നിമിഷനേരംകൊണ്ട് ദേവു ചായയുണ്ടാക്കി. പൊതിയഴിച്ച് അവള്‍ മൂന്ന് ഇഡ്ഡലി പ്ലേറ്റിലാക്കി മുന്നോട്ട് വെച്ചു. ബാക്കി രണ്ടെണ്ണം അവളുമെടുത്തു.
''നോക്ക്, നീയ് മൂന്നെണ്ണം തിന്നോ. പണിയെടുക്കണ്ടതല്ലേ. എനിക്ക് രണ്ട് മതി''.
''നിങ്ങള് തിന്നോളിന്‍. പത്തര ആവുമ്പൊ ഞങ്ങള്‍ക്ക് ചായീം പൊറോട്ടീം കിട്ടും''. ആഹാരം കഴിഞ്ഞ് കൈ കഴുകി വസ്ത്രം മാറുമ്പോഴേക്ക് പാത്രങ്ങള്‍ കഴുകിവെച്ച് ദേവു പുറപ്പെട്ടു.
''സഞ്ചിക്ക് നല്ല കനൂണ്ട്. സായ്‌വിന്‍റെ വീടുവരെ ഞാനിത് കൊണ്ടുവന്ന് തരാം''ദേവു സഞ്ചിയെടുത്ത് നടന്നു. വീടുപൂട്ടി അവളോടൊപ്പം നടന്നു. മാമ്പഴസ്സഞ്ചി ഉമ്മറത്തുവെച്ച് ദേവു നടന്നു.
''എവിടെ ദേവൂ. അവളടെ ഒച്ച കേട്ടല്ലോ''സായ്‌വിന്‍റെ ഭാര്യ അകത്തു നിന്ന് വന്നതും ചോദിച്ചു.
''അവള്‍ക്ക് പണിടെ നേരായി. അതാ പോയത്. ഈ സഞ്ചി അകത്ത് കൊണ്ടുപോയി വെക്കിന്‍''.
''എന്താ അതില്''.
''മാങ്ങാപ്പഴം. സഞ്ചി പിന്നെ മതി. ഞാനൊരു വഴിക്ക് പോവ്വാണ്''.
''കുട്ട്യേളെ കാണണ്ടേ''.
''വൈകുന്നേരം കാണാം''.
പിന്നെ നിന്നില്ല. ടിപ്പര്‍ ലോറിക്കാരക്ക് രാവിലെ തിരക്കാണ്. ഇപ്പോള്‍ ഏല്‍പ്പിച്ചില്ലെങ്കില്‍ ഇന്ന് സാധനംകിട്ടില്ല. ഇടവഴിയിലൂടെ നാലുംകൂടുന്ന മുക്കിലേക്ക് നടന്നു.
''കുഞ്ച്വോ. ഒന്ന് നിക്കടാ''തിരിഞ്ഞുനോക്കിയപ്പോള്‍ ചാമു പുറകില്‍ വരുന്നത് കണ്ടു.
''എന്താ ചാമ്വോട്ടാ''അയാളെ കാത്തുനിന്നു.
''എന്‍റെ കുട്ടി മരിച്ചിട്ട് ഒന്നും ചെയ്യാന്‍ പറ്റീലാ. അവള് പെറ്റില്ല. മാത്രോല്ല അവള്‍ക്ക് എണതൊണീം ഇല്ല. അതോണ്ട് കര്‍മ്മങ്ങളും ചെയ്തില്ല''.
''അത് സാരൂല്യാ. അതൊക്കെ ഒരു വിശ്വാസാണ്. മരിച്ചാല്‍ എന്താ ആവ്വാ , എങ്കിട്ടാ പോവ്വാ എന്നൊക്കെ ആരക്കെങ്കിലും അറിയ്യോ. അതാലോചിച്ച് സങ്കടപ്പെടണ്ടാ''.
''അത്വോല്ല കുഞ്ച്വോ. അവളടെ പേര് പറഞ്ഞ് പത്താള്‍ക്ക് ഒരുപിടി ചോറ് കൊടുക്കാന്‍കൂടി എനിക്ക് പറ്റീലാ''.
''ഇന്നത്തെകാലത്ത് ആരാ പിണ്ഡസ്സദ്യ ഉണ്ണ്വാ. ആ കാലോക്കെ പോയി''.
''എന്നാലും അങ്ങന്യോന്നില്ലേ''.
''ഒരു എന്നാലും വേണ്ടാ. നിങ്ങള് എങ്ങന്യാ കഴിയുണ് എന്ന് പറയിന്‍''.
''ഇന്നുരാവിലെവരെ അയലത്തുള്ളോര് വെച്ചതിലോഹരി തന്നു. ഇനി മുതല്‍ എന്താവുംന്ന് പറയാന്‍ പറ്റില്ല''.
''നിങ്ങക്കൊരു ചെറ്യോരു പണി ശര്യാക്ക്യാല്‍ നിക്കാന്‍ പറ്റ്വോ''.
''എന്തു പണ്യാടാ എന്നെക്കൊണ്ട് ആവ്വാ''.
''മേല് വിയര്‍ക്കുണ പണ്യോന്ന്വോല്ല. ഒരു ദിക്കില് രാത്രി വാച്ച്മാനായി നിക്കണം. അവര് ഭേദപ്പെട്ട കാശ് തരും. ചിലവിന് ആരടെ മുമ്പിലും കൈ നീട്ടണ്ടാ''.
''എന്നാ അതൊന്ന് ശര്യാക്കി താ. വീട്ടില് കിടക്കുണത് അവിടെ പോയി കിടക്കണം. അത്ര്യല്ലേ ഉള്ളൂ''.
''എന്നാല്‍ ഇന്ന് ഞാന്‍ ആളെ കണ്ട് ശരിപ്പെടുത്താം''.
ഇത്രയും പറഞ്ഞിട്ടും ചാമു മുഖത്തുതന്നെ നോക്കിക്കൊണ്ട് നില്‍ക്കുന്നു. എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചായിരിക്കും. പോക്കറ്റില്‍ കയ്യിട്ടു. ഇരുന്നൂറിന്‍റെ നോട്ടാണ് കിട്ടിയത്.
''ഇത് കയ്യില്‍ വെച്ചോളിന്‍''ചാമു കാശുവാങ്ങി കീശയിലിട്ടു.
''ഞാന്‍ പോണൂ ചാമ്വോട്ടാ''യാത്ര പറഞ്ഞ് വേഗത്തില്‍ നടന്നു.
ഭാഗം :- 68.
വഴിയില്‍നിന്ന് ദേവുവിന്‍റെ വര്‍ത്തമാനം കേട്ടു. ആരോടാണോ ഇവള്‍ സംസാരിച്ചുകൊണ്ട് വരുന്നത്. ഷെഡ്ഡിന്‍റെ വെളിയിലേക്കിറങ്ങി നോക്കി. അന്‍സറും അവന്‍റെ ഭാര്യയുമാണ് ദേവുവിനോടൊപ്പമുള്ളത്. അവന്‍ വല്ലപ്പോഴും ഇങ്ങോട്ട് വരാറുണ്ട്. പക്ഷെ അവന്‍റെ കെട്ട്യോള് അങ്ങിനെ വീട്ടില്‍നിന്ന് ഇറങ്ങാറില്ല. എന്താണാവോ സമയമില്ലാത്ത നേരംനോക്കി ഇപ്പോഴിവിടേക്ക് വരാന്‍ കാരണം. കുറച്ചു കഴിയുമ്പോള്‍ അവന് പണി സ്ഥലത്തേക്ക് തിരിച്ച്പോവേണ്ടതല്ലേ.
''കുഞ്ച്വോട്ടാ, പോണതിന്‍റെ മുമ്പ് നിങ്ങടെ വീടൊന്ന് കണ്ടിട്ട് പോവാന്ന് വിചാരിച്ചു. ഞാനിനി വരുമ്പൊ നിങ്ങളിതില്‍ താമസിക്കുണുണ്ടാവും''.
''ദൈവം സഹായിച്ച് അങ്ങനെ ആവട്ടെ''.
''നിങ്ങളോട് രണ്ടുമൂന്ന് കാര്യം പറയാനുണ്ട്. അതാ തിരക്കിന്‍റെ എടേല്‍ വന്നത്''.
''നമുക്ക് ഷെഡ്ഡിന്‍റെ ഉള്ളിലിരിക്കാം. വഴീല്‍ക്കൂടി പോണോര് നമ്മളെന്താ പറയുണ്ത്ന്ന് അറിയണ്ടാ''. അകത്തെ ബെഞ്ചില്‍ അന്‍സറും ഭാര്യയും സ്ഥലം പിടിച്ചു. ഒരു സ്റ്റൂളില്‍ അവരുടെ അടുത്തായി ഇരുന്നു.
''ഉച്ചയ്ക്ക് ഉണ്ടതും ഞാന്‍ ഇറങ്ങും. അപ്പൊ കുഞ്ച്വോട്ടനും ദേവ്വോടത്തീം അവിടെ ഉണ്ടാവണം. എന്തിനാന്ന് നിങ്ങക്ക് അറിയ്യോ. ഞാന്‍ പോയാല്‍ കുറെനേരത്തേക്ക് വാപ്പയ്ക്കും ഉമ്മയ്ക്കും സങ്കടൂണ്ടാവും. നിങ്ങള് ഓരോന്ന് പറഞ്ഞ് അവരടെ മനസ്സ് മാറ്റണം''.
മക്കള്‍ എത്രവലുതായാലും അച്ഛനും അമ്മയ്ക്കും അവര്‍ കണ്ണില്‍നിന്ന് മറയുമ്പോള്‍ സങ്കടം തോന്നും. എന്താണ് ആ സങ്കടം എന്നറിയാന്‍കൂടി യോഗമില്ലാത്ത ജന്മമാണ് ഈശ്വരന്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും തന്നത്.
''അപ്പൊ ആരൊക്ക്യാ നെടുമ്പാശ്ശേരീലിക്ക് പോണത്''
''ഞാനും ഇവളും അന്‍വറും അവന്‍റെ കെട്ട്യോളും മാത്രം''.
''ഞങ്ങള് രണ്ടാളും ഉറപ്പായിട്ടും ഉണ്ടാവും''.
''ഉച്ചത്തെ ആഹാരം അവിടെ കഴിക്കാം. അത് കഴിഞ്ഞതും ഞങ്ങളിറങ്ങും''.
''ആയിക്കോട്ടെ. ഞങ്ങള് കുറച്ചുകഴിഞ്ഞതും വരാം''.
''പിന്നെ ഒരുകാര്യം. വാപ്പയ്ക്കും ഉമ്മയ്ക്കും എന്തെങ്കിലും ആവശ്യം വന്നാല്‍ അത് ചെയ്തു കൊടുക്കണം''.
''അതിനെപ്പറ്റി വേവലാതിപ്പെടണ്ടാ. ഞങ്ങള് കണ്ടറിഞ്ഞ് ചെയ്തോളാം''.
''കാശിന് എന്തെങ്കിലും ആവശ്യൂണ്ടെങ്കില്‍ ഇവളോട് പറഞ്ഞാല്‍ മതി. ഞാന്‍ എത്തിച്ചോളാം''.
''അതൊന്നും പറയണ്ടാ. വേണ്ട സഹായം ചെയ്യുംന്ന് എനിക്കറിയില്ലേ''.
''ഇനീള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം''
''അതെന്താ അങ്ങന്യൊരു പ്രധാനപ്പെട്ട കാര്യം''.
''നിങ്ങള് കുടിച്ച് പിപ്പിര്യായി നടക്കരുത്''. ഉമ്മക്കുട്ടിയും ദേവുവും ഉറക്കെ ചിരിച്ചു. മുഖത്ത് അടികൊണ്ടതുപോലെ തോന്നി.
''ഇനി അങ്ങന്യോന്ന് കേള്‍ക്കില്ല. കൊടുങ്ങല്ലൂരമ്മ്യാണെ സത്യം''ചിരി അവസാനിക്കുംമുമ്പ് സത്യം ചെയ്തു.
''വേണ്ടാണ്ടെ ഭഗവത്യേപിടിച്ച് സത്യം ചെയ്യണ്ടാ. തെറ്റിച്ചാല്‍ അയമ്മ വെറുതെ വിടില്ല''.
''എന്നാല്‍ നോക്കിക്കോ. ഞാന്‍ പറഞ്ഞാ പറഞ്ഞതാണ്''. മൂന്നുപേര്‍ക്കും ദേവു ചായ നല്‍കി. അത് കുടിച്ചുകഴിഞ്ഞതും അന്‍സറും ഭാര്യയും വീടുപണി നടന്നുകണ്ടു.
''വീട് പണിതത് ബെസ്റ്റായിട്ടുണ്ട് കുഞ്ച്വോട്ടാ. എനിക്ക് ഇഷ്ടായി''.
''മക്കളും കുട്ട്യേളും ഇല്ല. ആരും വരാനും ഇല്ല. അതോണ്ട് ഒരുമുറി മതീന്ന് നിശ്ചയിച്ചു. അത് ഇത്തിരി വലുതായി ഉണ്ടാക്കി''ദേവു വിശദീകരിച്ചു.
''മക്കളുണ്ടായിട്ട് കാര്യൂല്യാ. ഞങ്ങളടെ കാര്യംനോക്കിന്‍. രണ്ട് മക്കളുണ്ട്. രണ്ടാളും രണ്ടുദിക്കില് കൂടുണു. വയസ്സാന്‍ കാലത്ത് ഉമ്മീം വാപ്പീം നാട്ടിലും''.
''അങ്ങനെ പറയണ്ടാ. നിങ്ങള് നോക്കില്ലാന്ന് വെച്ചിട്ടല്ലല്ലോ. കഴിഞ്ഞു കൂടാന്‍ വേണ്ടീട്ടല്ലേ. പോരാത്തതിന്ന് ഈ കുട്ടി ഇവിടെ ഉണ്ടാവ്വോലോ''.
''ഇവള് മാത്രോല്ല. അന്‍വര്‍ ജോലിക്ക് പോയാല്‍ അവന്‍റെ കെട്ട്യോളും വിട്ടിലുണ്ടാവും''.
''ഏടത്തീം അനിയത്തീം ആയിട്ട് രണ്ടാളും കഴിയണം. തമ്മില്‍ത്തല്ലാന്‍ പാടില്ല''.
''കേട്ട്വോ കുഞ്ച്വോട്ടന്‍ പറഞ്ഞത്. എപ്പഴും അത് മനസ്സിലുണ്ടാവണം'' അന്‍സര്‍ ഭാര്യയോട് പറഞ്ഞു.
''അതാലോചിച്ച് ബേജാറാവണ്ടാ. ഞങ്ങള് ഉമ്മ പറയുണപോലെ കഴിയും''.
''എന്നാല്‍ ഞങ്ങള് ഇറങ്ങട്ടെ''.
''വരട്ടെ. നല്ല പഴുത്ത ഒട്ടുമാങ്ങീണ്ട്. രണ്ടെണ്ണം തൊലിചെത്തി മുറിച്ചു തരാം. അത് തിന്നിട്ട് പോയാല്‍ മതി''. ദേവു പറഞ്ഞു.
''എന്നാ വേഗംതരിന്‍. പോയിട്ട് കുറെപണീണ്ട്''. മിനുട്ടുകള്‍ക്കകം ദേവു മാങ്ങ ചെത്തി കഷ്ണങ്ങളാക്കിക്കൊണ്ടുവന്നു. അന്‍സറും ഭാര്യയും അത് തിന്നു.
''ഇനി ഞങ്ങള് ഇറങ്ങുണൂ''. അന്‍സറും ഭാര്യയുംകൂടി പോവുന്നത് നോക്കിനിന്നു. കൊടുങ്ങല്ലൂരമ്മേ, ഇവര് ഞങ്ങടെ കുട്ട്യേളെപ്പോലെ ഉള്ളോരാണ്. ഒരു കേടുംകൂടാതെ ഈ കുട്ട്യേളെ കാത്തോളണേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
ഭാഗം :- 69.
അന്‍സര്‍ പോയതിന്നുശേഷം സായ്‌വിന്‍റെ വീട്ടിലേക്ക് ചെല്ലാന്‍ ഒരു ഉഷാറില്ല. ഇളയവന്‍ സ്ഥലത്തുണ്ടെങ്കിലും മൂത്തവന്‍റെ അത്ര പോരാ. ഏട്ടനെപ്പോലെ മനുഷ്യന്മാരെ സഹായിക്കാനുള്ള താല്‍പ്പര്യമൊക്കെ ഇവനുമുണ്ട്. എങ്കിലും കാര്യഗൌരവം ആയിട്ടില്ല. അവനെ അതിന് കുറ്റം പറയുന്നില്ല. അത്രയ്ക്കല്ലേ അവന് പ്രായമായിട്ടുള്ളു. പഠിച്ചു, എഞ്ചിനീയറായി, അന്യനാട്ടില്‍ പണിചെയ്ത് ഇഷ്ടംപോലെ സമ്പാദ്യം ഉണ്ടാക്കുന്നു എന്നൊക്കെ പറഞ്ഞിട്ടെന്താ. കുട്ടിത്തം വിട്ടിട്ടില്ല.
സായ്‌വും ഭാര്യയും ഈ നാട്ടിലേക്ക് വരുമ്പോള്‍ അന്‍വര്‍ ജനിച്ചിട്ടില്ല. അന്‍സറിന്ന് രണ്ടോ രണ്ടരയോ വയസ്സ് മാത്രമേ ആയിട്ടുള്ളു. ഇവിടെ വന്ന് ഒരുകൊല്ലം കഴിഞ്ഞശേഷമാണ് അന്‍വര്‍ ജനിക്കുന്നത്. ഉമ്മ പ്രസവിച്ച് കിടന്നപ്പോള്‍ ദേവു സഹായിക്കാന്‍ നിന്നിരുന്നു.
''ഞാന്‍ എടുത്തോണ്ട് നടന്ന കുട്ട്യാണ്''എന്ന് അന്‍വറിനെക്കുറിച്ച് ദേവു എപ്പോഴും പറയും. അവന്‍ വളര്‍ന്ന് വലുതായി ജോലിയായി കല്യാണം കഴിഞ്ഞു. എത്ര വേഗത്തിലാണ് കാലം കടന്നുപോവുന്നത്. ഒരുമാറ്റവുമില്ലാതെ കാലത്തിനൊപ്പംനീങ്ങുന്ന രണ്ടുപേര്‍ കുഞ്ചുവും ദേവുവും മാത്രം. കുഴപ്പമില്ലാതെ അതങ്ങനെ തുടരട്ടെ.
ദേവു പണിമാറി വരാറാവുന്നു. വരുന്നവഴിക്ക് അവള്‍ സായ്‌വിന്‍റെ വീട്ടില്‍ കയറും. അവിടെചെന്നാല്‍ കുറച്ചുനേരം വര്‍ത്തമാനംപറഞ്ഞ് ദേവുവിനോടൊപ്പം തിരിച്ചുവരാം. ഷര്‍ട്ടെടുത്തിട്ട് നടന്നു.
''എന്താ കുഞ്ച്വോട്ടാ, നിങ്ങളെ കാണാറേ ഇല്ലല്ലോ''കണ്ട ഉടനെ അന്‍വര്‍ പരിഭവം പറഞ്ഞു.
''ഇന്നലീംകൂടി ഞാന്‍ വന്നല്ലോ''.
''ഇക്ക വിളിക്കുമ്പൊ നിങ്ങടെ കാര്യം ചോദിക്കുണുണ്ട്. വീടുപണി കഴിഞ്ഞ്വോന്ന് ചോദിച്ചു''.
''കഴിയാറാവുണൂ. നിലംപണി ചെയ്യണം. അത് കഴിഞ്ഞിട്ട് വാതില് വെക്കാന്നാ പറയുണ്''.
''അത് ശര്യാണ്. അപ്പഴേ നിലമട്ടം അറിയൂ''സായ്‌വ് സമ്മതിച്ചു.
''നിലം എന്താ ചെയ്യുണ്. ടൈല്‍സ് ഇടുണുണ്ടോ''അന്‍വര്‍ ചോദിച്ചു.
''നല്ല കഥ്യായി. അത് ഞങ്ങളെപ്പോലേള്ളോര്‍ക്ക് പറഞ്ഞതല്ല. ഞങ്ങള് നിലം സിമിന്‍റിടും. കൂടിവന്നാല്‍ കുറച്ച് കാവിനിറം ചേര്‍ക്കും''.
''എന്നാ നിലംപണി തുടങ്ങുണ്''.
''നാളെ വരാന്ന് പറഞ്ഞിട്ടുണ്ട്''.
''വേഗം തീര്‍ക്കിന്‍. ഞാന്‍ പോവുമ്പഴയ്ക്ക് തീര്‍ന്നാല്‍ നിങ്ങള് വീട്ടില് കുടിപാര്‍ക്കുണതിന്ന് എനിക്ക് കൂടാലോ''.
''അതൊക്കെ സാധിക്കും. മൂന്നുനാല് ദിവസംകൊണ്ട് നിലംപണി തീരും. കുളിമുറീം കക്കൂസും കൂടീള്ളതില് ടൈല്സ് ഇടാന്ന് ദേവു പറയുണൂ. അതിന് ഒന്നോരണ്ടോ ദിവസം വേണ്ടിവരും. വയറിങ്ങ് കഴിഞ്ഞു. നാളെ കറണ്ടാപ്പീസില്‍ ചെന്ന് മീറ്റര്‍ വെച്ചുതരാന്‍ പറയണം''.
''വീട് പെയിന്‍റടിക്കണ്ടേ''.
''പെയിന്‍റോ. അതൊന്നും നടക്കില്ല. ഇപ്പൊ വൈറ്റ് സിമിന്‍റ് അടിച്ചിട്ടുണ്ട്. അതുമതി''.
''പിന്നെന്താ പണി ബാക്കീള്ളത്''.
''കുളിമുറീലും അടുക്കളേലും പൈപ്പിട്ടിട്ടുണ്ട്. പെരടെ മോളില് ടാങ്ക് വെക്കും. ജലനിധിടെ കണക്ഷന്‍ കിട്ടാന്ന് വെച്ചിട്ടുണ്ട്. അതിന്ന് ടാങ്ക് നിറച്ചാല്‍ വെള്ളത്തിന് ബുദ്ധിമുട്ട് വരില്ല''.
''നീ നല്ലോണം ആലോചിച്ചിട്ടാണ് എല്ലാ പണീം ചെയ്യുണത്''സായ്‌വ് അഭിപ്രായപ്പെട്ടു.
''കൂടാതെ കഴിയ്യോ മുതലാളീ. തിരിഞ്ഞും മറിഞ്ഞും നോക്കാന്‍ നമുക്ക് വേറെ ആരൂല്യല്ലോ. എല്ലാറ്റിനും എന്‍റെ കണ്ണെത്തണ്ടേ''.
''എന്നേക്കാ നമ്മള് ഏല്‍പ്പിച്ച വാതില് കിട്ട്വാ''.
''തിരക്കുള്ള സമയാണ്. എന്നാലും ഈ ആഴ്ച തരാന്ന് പറഞ്ഞു''.
''നാളെ ഞാനൊന്ന് ചെന്ന് ചോദിക്കട്ടെ''അന്‍വര്‍ പറഞ്ഞു''നമ്മള് കാശ് കൊടുത്തിട്ടല്ലേ. അപ്പൊ നമ്മടെ സൌകര്യത്തിന്ന് കിട്ടണ്ടേ''.
''പോവുമ്പൊ എന്നീം വിളിക്ക്. നീ സംസാരിച്ചാല്‍ ശര്യാവില്ല''സായ്‌വ് പറഞ്ഞു.
''ദേവൂനോട് ഒരുദിവസം ഇവിടെ നില്‍ക്കാന്‍ പറയണം. കുറച്ചു പണി ചെയ്യാനുണ്ട്''ഉമ്മ അറിയിച്ചു. ആ സമയത്താണ് ഗെയിറ്റ് തുറന്ന് ദേവു വന്നത്.
''നൂറ് ആയസ്സാ ഇവള്‍ക്ക്''ഉമ്മ പറഞ്ഞു.
''ആരക്ക്. എനിക്കോ''അത് കേട്ട ദേവു പറഞ്ഞു''ഇപ്പൊ എങ്കില്‍ ഇപ്പൊ കാറ്റ് പോയാല്‍ എനിക്ക് സന്തോഷേ ഉള്ളൂ''.
''നീ അങ്ങനെ പോയാല്‍ ഇവനാരാ ഉള്ളത്''സായ്‌വ് ചോദിച്ചു.
''അതേ ഉള്ളൂ എനിക്കൊരുവിഷമം. ഒന്നിനും പോരാത്ത ആളാണ്. ഞാനില്ലെങ്കില്‍ മൂപ്പര് എങ്ങനെ കഴിയും''. സത്യമാണ് ഈ പറഞ്ഞ വാക്കുകള്‍. ആ സ്നേഹം മനസ്സില്‍ സന്തോഷം നിറച്ചു.
ഭാഗം :- 70.
''നോക്കിന്‍. പച്ചമാങ്ങ അഞ്ചാറെണ്ണം പറിച്ചുതരിന്‍'' രാവിലെ മുറ്റമടി കഴിഞ്ഞ് എത്തിയതും ദേവു പറഞ്ഞു.
''മാങ്ങ പഴുക്കാന്‍ തുടങ്ങീലേ. ഇന്യെന്തിനാ പച്ചമാങ്ങ''.
''അതൊക്കീണ്ട്. നിങ്ങള് ആ തോട്ട്യേടുത്ത് മാങ്ങവലിക്കാന്‍ നോക്കിന്‍''. പറഞ്ഞിട്ട് ചെയ്തില്ല എന്നുവേണ്ടാ. തോട്ടിയുമായി ചകിരിമാവിന്‍റെ ചുവട്ടിലേക്ക് ചെന്നു.
സൂര്യന്‍ ഉദിച്ചുയര്‍ന്നിട്ട് അധികമായിട്ടില്ല. എന്നാലും എന്താ ഒരു ചൂട്. മേല്‍പ്പോട്ട് നോക്കാന്‍ തോന്നുന്നില്ല. സൂര്യന്ന് പിന്‍തിരിഞ്ഞുനിന്ന് തോട്ടി ഉയര്‍ത്തി. ഒരുചുള്ളിക്കമ്പില്‍ തോട്ടികൊളുത്തിയിട്ട് കുലുക്കിനോക്കി . ചടപടാന്ന് നാലഞ്ച് മാങ്ങകള്‍ താഴെ വീണു. എടുത്തുനോക്കുമ്പോള്‍ എല്ലാം പഴുത്തത്. ഇനിയെന്താ വഴി. കുലുക്കിയ കൊമ്പില്‍ വീഴാതെ നില്‍ക്കുന്നത് പച്ചമാങ്ങകളാവും. അവയെ വീഴ്ത്താം.
നാലഞ്ചുകൊമ്പുകളില്‍ നിന്നായി പത്തിരുപത്തഞ്ച് മാങ്ങകള്‍ കിട്ടി. സഞ്ചിയില്‍ അതെല്ലാം പെറുക്കിയിട്ടു. ഇനി പഴമാങ്ങ വേണമെന്ന് തോന്നിയാലോ. മാവിന്‍ചുവട്ടില്‍ വീണുകിടക്കുന്നതും കുലുക്കി വീഴ്ത്തിയതുമായ പഴമാങ്ങകള്‍ വേറൊരു സഞ്ചിയില്‍ നിറച്ചു. കൂടുതലുണ്ട്. വേണമെങ്കില്‍ പഴമാങ്ങ കൂട്ടാന്‍ ഉണ്ടാക്കിക്കോട്ടെ.
''ഇന്നാ, നീ പറഞ്ഞ പച്ചമാങ്ങ. പഴുത്തതൂണ്ട്''.
''നന്നായി. ഞാന്‍ പണിക്ക് പോവുമ്പൊ കൊണ്ടുപോയി കൊടുക്കാം''.
''എന്താ സായ്‌വിന്‍റെ കെട്ട്യോള് നിന്‍റടുത്ത് മാങ്ങ ചോദിച്ച്വോ''.
''സായ്‌വിന്‍റെ കെട്ട്യോളല്ല. മരുമോളാണ് ചോദിച്ചത്. അവള്‍ക്ക് പച്ച മാങ്ങ തിന്നണോത്രേ''.
''എന്തോ ഇപ്പഴായതോണ്ട് ഇതെങ്കിലും കിട്ടി. രണ്ടുമാസം കഴിഞ്ഞിട്ടാണ് പെണ്ണിന് പൂതി ഉണ്ടായതെങ്കില്‍ അടക്കി ഇരിക്ക്യാനേ പറ്റൂ''.
''അതേയ്. ആ പെണ്ണിന് വയറ്റിലാണ്. അതാ പച്ചമാങ്ങ വേണംന്ന് അതിന് തോന്ന്യേത്'' മനസ്സില്‍നിറഞ്ഞ സന്തോഷത്തിന്ന് അതിരില്ല. സ്വന്തം മകന്‍റെ ഭാര്യ ഗര്‍ഭിണിയാണെന്ന് കേട്ടാലുള്ള സന്തോഷമാണ് മനസ്സിലുള്ളത്.
കുട്ടിയായ അന്‍സറിനെ നാട്ടിലെ വേല, മാരിയമ്മന്‍ പൂജ, കുമ്മാട്ടി തുടങ്ങിയ എല്ലാ പരിപാടികളും കാണാന്‍ കൂട്ടിക്കൊണ്ടുപോവും. ആള്‍ത്തിരക്കില്‍ പലതും അവന് കാണാന്‍കഴിയില്ല. അപ്പോഴവനെ തോളിലേറ്റും. ഇന്നും രണ്ടുവശത്തേക്കും കാലിട്ട് കഴുത്തില്‍ അവന്‍ ഇരിക്കാറുള്ളത് ഓര്‍മ്മയുണ്ട്. അവന്‍ ഒരച്ഛനാവാന്‍ പോവുന്നു.
അന്‍സറിന്‍റെ കല്യാണം കഴിഞ്ഞ് മൂന്നോ നാലോ കൊല്ലമായിട്ടുണ്ട്. ഇതിനിടയില്‍ അവന്‍ അഞ്ചോ ആറോ പ്രാവശ്യമാണ് ലീവില്‍ വന്നത്. ഒന്നിച്ച് കഴിയാന്‍ പറ്റാത്തതുകൊണ്ടാവും മക്കളുണ്ടാവാന്‍ ഇത്ര വൈകിയത്. അല്ലെങ്കിലും എന്തിനും ഏതിനും ഒരു സമയമുണ്ട്.
''അങ്ങന്യാച്ചാല്‍ ഞാനും വരുണുണ്ട് നിന്‍റെ കൂടെ. രണ്ടാളുക്കുംകൂടി അത് ഏല്‍പ്പിക്കാം''.
''നിങ്ങളിത് പുറമേ പറയ്യോന്നും വേണ്ടാ. ആള്‍ക്കാര് അറിയുമ്പൊ അറിഞ്ഞാല്‍ മതി''.
''എനിക്കെന്താ പ്രാന്തുണ്ടോ ഇതും പറഞ്ഞോണ്ട് നടക്കാന്‍''. രണ്ടുപേരും ഓരോ സഞ്ചിയുമായി ചെന്നു.
''ഷാഹിദാനെ വരാന്‍ പറയിന്‍''ദേവു ഉമ്മയോട് ആവശ്യപ്പെട്ടു. വൈകാതെ പെണ്‍കുട്ടി മുന്നിലെത്തി. അവളുടെ മുഖത്ത് നല്ല പ്രസന്നതയുണ്ട്.
''വയറ്റുക്കാരിക്ക് ആദ്യത്തെ വക ഞങ്ങളടെ ആവട്ടെ''അവള്‍ സഞ്ചികള്‍ മുന്നോട്ടുവെച്ചു. ഉമ്മ അവ എടുത്തു.
''ഇന്നാ, വേണച്ചാല്‍ എടുത്തോ''അവര്‍ മരുമകളോട് പറഞ്ഞു. പെണ്‍കുട്ടി പച്ചമാങ്ങയെടുത്ത് അകത്തേക്ക് ചെന്നതും അന്‍വറും കെട്ട്യോളുമെത്തി.
''കുട്ടി ഇപ്പൊ പഴമാങ്ങ തിന്നാ മതി. കുറച്ചുകാലം കഴിഞ്ഞിട്ടുമതി പച്ചമാങ്ങ തിന്നല്''ദേവു ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു.
''ദേവ്വോ, അതിന് കാലൂം നേരൂം നോക്കാനൊന്നും പറ്റില്ല. ഇപ്പൊ വേണെങ്കില്‍ ഇപ്പൊ ആവും''ഉമ്മ കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടി കൂടുതല്‍ കേള്‍ക്കാന്‍ നിന്നില്ല. അവള്‍ ചിരിച്ചുകൊണ്ട് അകത്തേക്കോടി.
Comments
Post a Comment