അദ്ധ്യായം 11-20
ഭാഗം :-11.
റോഡിലേക്ക് കയറിയതും വേശനെ കണ്ടു. അവന്‍ ബീഡിയും വലിച്ച് മൂച്ചിചുവട്ടില്‍ നില്‍ക്കുകയാണ്.
''എന്താടാ ഇന്ന് മീന്‍ പിടിക്കാന്‍ പോയില്ലേ''അവനോട് കുശലം ചോദിച്ചു.
''എന്തോ ഇന്ന് എണീറ്റപ്പൊ ആകപ്പാടെ ഒരു മടി. എട്ടുമണിവരെ മൂടിപ്പുതച്ച് കിടന്നു''.
സംഗതി അതാവില്ല. ഇന്നലെ ഒരുമീന്‍ കൊടുത്തപ്പൊ ആയിരത്തി ഒരുന്നൂറ് കിട്ടി. ബാക്കി മീനൊക്കെ പത്തഞ്ഞൂറ് ഉറുപ്പികയ്ക്ക് വിറ്റിട്ടുണ്ടാവും. രണ്ടുമൂന്ന് ദിവസത്തെ ചിലവിന് ധാരാളം മതി. ഇങ്ങിനെയൊക്കെ സമ്പാദിച്ചിട്ടെന്താ കാര്യം. അവന്‍റെ പെണ്ണ് പണി ചെയ്തിട്ടാണ് വീട് കഴിയുന്നത്.
''ഇന്നലെ ചാക്കിലുള്ള മീന് വിറ്റപ്പൊ എന്ത് കിട്ടി''.
''നല്ലത് രണ്ടെണ്ണം വീട്ടിലിക്ക് കൊണ്ടുപോയി. ബാക്കി എഴുന്നൂറിന് വിറ്റു''.
''അപ്പൊ നല്ല വില കിട്ട്യേലോ. അതാ ഇന്ന് മീന്‍ പിടിക്കാന്‍ പോവാഞ്ഞ്''.
''അതല്ല. രാവിലെ നേരം തെറ്റി. ഉച്ച തിരിഞ്ഞിട്ട് പൊഴേലൊന്ന് പോയിട്ട് തപ്പിനോക്കണം. നല്ല മനങ്ങുണ്ടാവും''.
''എട മഹാപാപീ. പോട്ടിന്‍റെ ഉള്ളില് കയ്യിട്ട് തപ്പുമ്പൊ സൂക്ഷിക്കണം. ചിലപ്പൊ നല്ല പാമ്പുണ്ടാവും''.
''നിങ്ങളൊന്ന് മിണ്ടാണ്ടിരിക്കിന്‍. ഞാനിതെത്ര കണ്ടതാ''.
''നീ മീന്‍ പിടിക്കാന്‍ വരുമ്പൊ വിളിക്ക്. ഞാന്‍ തുണയ്ക്ക് വരാം''.
''വന്നോളിന്‍. കിട്ട്യാല്‍ ഒന്നോ രണ്ടോ മീന് തരാം''.
''എനിക്കൊന്നും വേണ്ടാ. മീന് കിട്ട്യാല്‍ ബുദ്ധിമുട്ടാണ്. പിന്നെ അതിനെ നന്നാക്കുണ പണ്യായി''.
''ആരെങ്കിലും നന്നാക്കി വറത്ത് കൊണ്ടുവന്ന് തന്നാലോ. നക്കി നക്കി തിന്നാ അല്ലേ''.
''അല്ലെങ്കിലും എനിക്ക് മീന് വല്യേ ഇഷ്ടോല്ല. വല്ലപ്പഴും ഒരു കഷ്ണം ചിക്കന്‍. അതാവുമ്പൊ മുള്ള് കളയാനൊന്നും നിക്കണ്ടാ''.
''നിങ്ങളെപ്പോലൊരു കുഴിമടിയനെ നടന്ന നാട്ടില് കാണില്ല''.
''ഇന്യേന്താടാ നിന്‍റെ പരിപാടി''
''ഷാപ്പിന്‍റടുത്ത് മരച്ചോട്ടില് കളീണ്ടാവും. നിങ്ങള് കൂടുണോ''.
ചീട്ടുകളിച്ച് കാശ് കിട്ടുന്നത് ഇന്നലെ സ്വപ്നം കണ്ടതാണ്. ഒന്ന് കളിച്ചു നോക്കാം. കയ്യിലുള്ള അഞ്ഞൂറില്‍ തൊടില്ല. നൂറ് അല്ലെങ്കില്‍ നൂറ്റമ്പത്. അതില്‍ കൂടുതല്‍ കളിക്ക് ഇറക്കില്ല.
''ശരി. നടക്ക്''അവനോടൊപ്പം നടന്നു. ഷാപ്പിന്‍റെ മുന്നിലെ മരച്ചുവട്ടില്‍ നാലഞ്ചാളുകള്‍ ഇരിപ്പുണ്ട്. രാവിലെത്തന്നെ കളി തുടങ്ങിയിട്ടുണ്ട്. ഈ സൈസ്സ് സാധനങ്ങള്‍ക്ക് വേറെ പണി വേണ്ടേ.
അടുത്തുചെന്ന് നോക്കിയപ്പോഴാണ് ചീട്ടുകളിയല്ല എന്ന് മനസ്സിലായത്. തോര്‍ത്തുമുണ്ട് വിരിച്ചിട്ട് അതില്‍ അഞ്ചുറുപ്പിക തുട്ടുകളിട്ടിട്ടുണ്ട്. ഈ നാണയങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഈച്ച വന്നിരുന്നാല്‍ കളത്തില്‍ ആ നാണയംവെച്ച ആള്‍ ജയിച്ചു. പത്തോ ഇരുപത്തഞ്ചോ ഉറുപ്പികയാണ് ആളാംവീതം കളിക്ക് വെക്കുക. ആ പൈസ മുഴുവന്‍ ജയിച്ച ആള്‍ക്ക് കിട്ടും.
''എന്താടാ ഇന്ന് ഈച്ചക്കളി കളിക്കുണത്'' വേശന്‍ ചോദിച്ചു.
''കുറച്ചുമുമ്പ് പോലീസ് വണ്ടി ഈ വഴിക്ക് പോയിട്ടുണ്ട്. കാശുവെച്ച് ചീട്ടുകളിച്ചാല്‍ അവര് കയ്യോടെ കൊണ്ടുപോവും''.
''കുഞ്ച്വോട്ടാ, നിങ്ങള് കളിക്കിണില്ലേ'' അവന്‍ ചോദിച്ചു.
''ഞാനില്ല. നിങ്ങള് കളിക്കിന്‍''. കളിനോക്കിക്കൊണ്ട് മരത്തിന്‍റെ വേരില്‍ ഇരുന്നാല്‍ മതി. ഈച്ചക്കളി ജയിക്കാന്‍ പലസൂത്രങ്ങളുണ്ട്. ചക്കപ്പഴമോ വെല്ലമോ ചിലര്‍ നാണയത്തില്‍ തേക്കാറുണ്ട്. ഈച്ച മണംപിടിച്ച് അതില്‍ വന്നിരിക്കും. പന്ത്രണ്ട് വരെ കളികണ്ടുകൊണ്ടിരുന്നു. വിശപ്പ് തോന്നാന്‍ തുടങ്ങി. ഉണ്ണാനുള്ള സമയം ആയല്ലോ.
''വേശാ,ഞാന്‍ പോണൂ. രണ്ട് മണ്യാവുമ്പഴയ്ക്കും പൊഴേലിക്ക് വരാടാ''
''വരുമ്പൊ വല്ലതും കൊറിക്കാന്‍ വാങ്ങീട്ട് വരിന്‍''
''നിനക്ക് ഞാന്‍ മണ്ണാങ്കട്ട വാങ്ങീട്ട് വരുണുണ്ട്''എന്ന് മനസ്സില്‍ പറഞ്ഞ് ഹോട്ടലിലേക്ക് നടന്നു.
ഭാഗം :-12.
ഉണ്ണാന്‍ ആളുകള്‍ എത്തുന്നതേയുള്ളൂ. ശങ്കരേട്ടന്‍ ന്യൂസ്പേപ്പര്‍ നിവര്‍ത്തിപ്പിടിച്ച് ഉമ്മറത്തൊരു കസേലയില്‍ ഇരിപ്പാണ്.
''അഞ്ചുമിനുട്ട് ഇരിക്കെടാ കുഞ്ച്വോ. ആവുണതേയുള്ളൂ''
''അതിനെന്താ. എനിക്ക് തിരക്കൊന്നൂല്യാ''.
''അരി തെറ്റില്ലാട്ടോ. ഇന്ന് അതോണ്ടാ പലഹാരം ഉണ്ടാക്ക്യേത്''.
''നന്നെങ്കില്‍ ഇനി കിട്ടുമ്പഴും ഞാന്‍ കൊണ്ടുവന്ന് തരാം''. ശങ്കരേട്ടന്ന് സന്തോഷമായി എന്ന് തോന്നുന്നു. അതാവും കൂട്ടാന് പുറമെ ഒരു വാഴയ്ക്കബജ്ജി കൂടി തന്നത്.
ഭക്ഷണം കഴിഞ്ഞ് കൈകഴുകി പുറത്തിറങ്ങി. നാലുംകൂടുന്ന മുക്കില്‍ വേലായുധന്‍ നില്‍ക്കുന്നുണ്ട്. അവന്‍റെ മകന്‍ ഏതോ ഒരുപെണ്‍കുട്ടിയെ ചാടിച്ചുകൊണ്ടുവന്നിട്ടുണ്ട് എന്നുകേട്ടു. അതിനുശേഷം ഇവനെ നേരില്‍ കണ്ടിട്ടില്ല. വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കണം. ഇപ്പോള്‍ അടുത്ത് വേറെ ആരുമില്ല. നേരെ അവന്‍റ അടുത്തേക്ക് ചെന്നു.
''എന്താണ്ടാ വേലായുധാ, നിന്‍റെ ചെക്കന്‍ ഏതോ പെണ്ണിനെ കൂട്ടീട്ട് വന്നൂന് കേട്ടല്ലോ. സംഗതി സത്യാണോ''.
''കുഞ്ച്വോട്ടാ, മക്കള് വലുതായാല്‍ നമ്മള് എന്താ കാട്ട്വാ. അവര് ചെയ്യുണത് കാണ്വേന്നെ''.
''അതെന്താ സംഗതി. വല്ല പ്രശ്നൂണ്ടോ''.
''ഒന്നാമത് കുട്ടിടെ വീട്ടുകാര് വല്യേ പൈസക്കാര്. രണ്ടാമത് ഉയര്‍ന്ന സമുദായം. എന്തുകണ്ടിട്ടാ ആ പെണ്ണ് ഇവന്‍റെകൂടെ ചാടി പോന്നത് എന്നറിയില്ല''.
''നിന്‍റെ ചെക്കനെന്താ കുറവ്. കാണാന്‍ നല്ല ചന്തക്കാരന്‍. ഏത് പെണ്ണും അവനെ ഇഷ്ടപ്പെടും''.
''അവളുടെ വീട്ടുകാര് എന്തെങ്കിലും ചെയ്യോന്നാ എന്‍റെ പേടി''.
''കല്യാണം റജിസ്ടര്‍ ചെയ്തിട്ടുണ്ടോ''.
''ഉവ്വ്. അത് ചെയ്തിട്ടാ കൂട്ടിക്കൊണ്ടുവന്നത്''.
''എന്നാല്‍ പേടിക്കാനില്ല. താലി കെട്ട്യോ''.
''അതൊന്നും ചെയ്തിട്ടില്ല''.
''സാധാരണ അതുംകൂടി ചെയ്യിക്കുംന്നാ കേട്ടിട്ടുള്ളത്''.
''അതെനിക്കറിയില്ല. ചെക്കന്‍റെകൂടെ മൂന്നുനാല് കൂട്ടുകാരുണ്ടായിരുന്നു. പെണ്ണിനേം ചെക്കനേം വീട്ടിലാക്കി അവര് അപ്പത്തന്നെ സ്ഥലംവിട്ടു''.
''ഇനി അത് പറഞ്ഞിട്ട് കാര്യൂല്യാ. നമുക്ക് ഇന്നക്കിന്നെ അവനെക്കൊണ്ട് അമ്പലത്തില്‍വെച്ച് അവളുടെ കഴുത്തില് ഒരുതാലി കെട്ടിക്കണം. താലി കെട്ടുണ നേരത്ത് നമ്മടെ കുറെ ആള്‍ക്കാര് അവിടെ ഉണ്ടാവും വേണം''. സമുദായാചാരപ്രകാരം കല്യാണം കഴിച്ചതിന്ന് സാക്ഷികളായി കുറച്ചു പേര്‍ ഉണ്ടായാല്‍ നല്ലതാണ്.
''ഞാനീ കാര്യം നാലഞ്ചാളോട് പറഞ്ഞു. അവരാരും സഹകരില്ല. കേസും കൂട്ടൂം ഉണ്ടായാല്‍ സാക്ഷി പറയാന്‍ വയ്യാന്നാ എല്ലാരും പറയുണ്''.
''ആ പേടിതൂറ്യേളെ പോവാന്‍ പറ. ഞാന്‍ നില്‍ക്കാം നിന്‍റെകൂടെ. ഇന്ന് വൈകുന്നേരം അമ്പലം തുറക്കില്ലേ. അപ്പൊ ചെന്ന് താലി കെട്ടാം''.
''എന്നാല്‍ ഞാന്‍ താലീം ചരടും വാങ്ങിച്ചോട്ടെ''.
''നീ ധൈര്യായിട്ട് വാങ്ങിച്ചോ. നമ്മടെ ആള്‍ക്കാരടടുത്ത് ഞാനൊന്ന് പറഞ്ഞ് നോക്കട്ടെ. ഒരാള്‍ക്ക് ഒരാവശ്യംവരുമ്പൊ അടുത്തുള്ളോര് മാറിനില്‍ക്കാന്‍ പാടില്ലല്ലോ''.
''എന്നാ നിങ്ങക്ക് നൂറുകോടി പുണ്യം കിട്ടും''.
''അത് മുഴുവന്‍ എനിക്ക് വേണ്ടാ. പകുതി നീ തന്നെ എടുത്തോ''.
വേലായുധന്‍റെ മുഖത്ത് ചിരി പടര്‍ന്നു. അവന് ധൈര്യമായല്ലോ. അതു മതി. ഇനി അയല്‍പ്പക്കത്തുള്ളവരെ കണ്ട് കാര്യങ്ങള്‍ സംസാരിക്കണം. ഇപ്പോള്‍ ചെറുപ്പക്കാരൊക്കെ പണിക്ക് പോയിട്ടുണ്ടാവും. ഇല്ലാത്തവര്‍ വേണ്ടാ. ഒരുകണക്കിന് പ്രായമുള്ളവരാണ് നല്ലത്. അവര്‍ തര്‍ക്കിക്കാന്‍ നില്‍ക്കില്ല. വേലായുധനോട് യാത്രപറഞ്ഞ് നടന്നു.
ഭാഗം :-13.
ഇടവഴിയില്‍വെച്ച് മാധവനേയും മുരുകനേയും കണ്ടു. മുരുകന്‍റെ വീടിന്നുമുന്നിലായി ഇടവഴിയില്‍ ഇരുവരും സംസാരിച്ചുകൊണ്ട് നില്‍ക്കുകയാണ്.
''എവിടുന്നാ കുഞ്ച്വോ ഈ നേരത്ത്''മുരുകന്‍ ചോദിച്ചു.
''കൂട്ടുമുക്ക് വരെ പോയി. ഒരു കാര്യൂണ്ടായിരുന്നു''. ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ ചെന്നതാണെന്ന് ഇവരോട് പറയുന്നില്ല. പിന്നെ അതിനെച്ചൊല്ലിയാവും വര്‍ത്തമാനം.
''അടീം മുടീം ഒരുപോലെ പൊള്ളുണ ഈ ചൂട്ടില് നീ വരുണത് കണ്ട് ചോദിച്ചതാണ്''.
''അതിനെന്താ മുരുകേട്ടാ. വെയിലും മഴീം ഒക്കെകൊണ്ട് നടക്കാതെ പറ്റ്വോ. നമ്മളെപ്പോലത്തെ പാവങ്ങള്‍ക്ക് കാറില്ലല്ലോ. അതുപോട്ടെ, എന്താ രണ്ടാളുംകൂടി ഒരു വര്‍ത്തമാനം''.
''വേലായുധന്‍റെ ചെക്കന്‍ ഇന്നലെ വൈകുന്നേരം ആറുമണ്യോടെ ഒരു പെണ്ണിനെ തട്ടിക്കൊണ്ട് വന്നൂന്ന് കേട്ടു. നീ വല്ലതും അറിഞ്ഞ്വോ''. ഇതു തന്നെയാണ് പറ്റിയ സന്ദര്‍ഭം. ഇവരെ പറഞ്ഞ് മനസ്സിലാക്കി കൂടെ നിര്‍ത്താന്‍ നോക്കണം.
''നിങ്ങള് ആ പെണ്ണിനെ കണ്ട്വോ''.
''അതെങ്ങനെ. കുറുക്കന് ആമേ കിട്ട്യേപോലാണ് അവരടെ അവസ്ഥ. പെണ്ണ് വല്യേവീട്ടിന്നാണ്, അതും നമ്പൂര്യോ പട്ടരോ എന്തോ ആണത്രേ. ഇന്യെന്താ വേണ്ടത് എന്നറിയാതെ ഇരിക്ക്യാണ് അവര്. കുട്ട്യേ വെളീല് ആരക്കും കാണിച്ചിട്ടില്ല''.
''അതെന്താ കാണിച്ചാല്''.
''പെണ്ണിന്‍റെ വീട്ടുകാര് കേസ്സ് കൊടുത്തിട്ടുണ്ടാവും. എപ്പഴാ പോലീസ് വര്വാന്ന് അറിയില്ല''.
''പോലീസ് വന്നാലെന്താ. പെണ്ണിന് ഇഷ്ടാണച്ചാല്‍ ഒരു ചുക്കും നടക്കില്ല''.
''ചെക്കനീം പെണ്ണിനീം സ്റ്റേഷനിലിക്ക് വിളിച്ചാലോ''.
''വിളിച്ചാലെന്താ. ചെല്ലണം''.
''അവടെ അവളടെ ആള്‍ക്കാരുണ്ടാവും. പിടിച്ച പിട്യാലെ അവളെ അവര് കൊണ്ടുപോവും''.
''അതെന്ത് ന്യായം. നമ്മള് പാവങ്ങളാണ്. എന്നുവെച്ച് ബലം പിടിച്ച് പെണ്ണിനെ കൊണ്ടുപോണത് സമ്മതിക്കാന്‍ പറ്റ്വോ''.
''നമ്മളെന്താ ചെയ്യാ''.
''ചെക്കനെക്കൊണ്ട് അമ്പലത്തില് വെച്ച് അവളടെ കഴുത്തിലൊരു താലികെട്ടിക്ക്യാ. അതിന് നമ്മളൊക്കെ സാക്ഷി. പോലീസ് അവനെ വിളിച്ചാല്‍ അവന്‍റൊപ്പം നമ്മളോക്കെ ചെല്ല്വാ. അതേള്ളൂ വഴി''.
''കേസും കൂട്ടൂം ആയാല്‍ നമ്മളൊക്കെ കോടതി കേറണ്ടിവരില്ലേ'' മാധവന്‍ ചോദിച്ചു.
''കേറണം. അതിനെന്താ കുഴപ്പം''.
''വെറുതെ വേണ്ടാത്ത വയ്യാവേലിക്ക് ഞാനില്ല''.
''നിങ്ങള് ഇങ്ങനത്തന്നെ പറയണം. കഴിഞ്ഞകൊല്ലം നിങ്ങടെ മകന്‍ മോട്ടോര്‍ സൈക്കിളിന്ന് വീണപ്പൊ നാട്ടുകാരടെ മുമ്പില് കൈനീട്ടി കാശ് പിരിച്ച് ആസ്പത്രി ചിലവിന് വഴീണ്ടാക്ക്യേത് ഞാനാണ്. മാധവന്‍റെ ചെക്കന്‍റെ കയ്യുംകാലും ഒടിഞ്ഞാല്‍ എനിക്കെന്താ എന്നുപറഞ്ഞ് അന്ന് ഞാന്‍ ഇരുന്നില്ലല്ലോ''.
''നീ ചെയ്തില്ല എന്ന് പറയുണില്യാ. പക്ഷെ വേലായുധനോട് എനിക്ക് കടം ഒന്നും ഇല്ലല്ലോ''.
''നിങ്ങളത് പറയണ്ടാ. എല്ലാരും തന്നപോലെ അയാളും അന്ന് പൈസ തന്നിരുന്നു. എനിക്ക് നല്ല ഓര്‍മ്മീണ്ട്''.
''ഞാനെന്താ ചെയ്യണ്ട്. നീതന്നെ പറയ്''.
''ഇപ്പൊ മണി രണ്ടായി. അഞ്ച് മണിക്ക് അമ്പലം തുറക്കും. അപ്പൊ താലി കെട്ട് നടക്കണം. അതിന് ഇവടീള്ള സകല ആണും പെണ്ണും ചെല്ലണം''.
''വേലായുധന്‍റടുത്ത് ചോദിക്കണ്ടേ''.
''ഞാന്‍ അവന്‍റടുത്ത് സംസാരിച്ചു. അവനിപ്പൊ താലി വാങ്ങീട്ട് വരും''.
''അഞ്ചുമണിവരെ കാക്കണോ. നമ്മടെ കാവില് വിളക്ക് കത്തിച്ചുവെച്ച് ചടങ്ങ് നടത്ത്യാലോ''.
''അതെന്താ അങ്ങിനെ തോന്നാന്‍''.
''അഞ്ചുമണിക്ക് അമ്പലം തുറക്കുന്നതിന്‍റെ എടേല് പോലീസ് വര്വോന്ന് വിചാരിച്ച് ചോദിച്ചതാ''.
''അത് ശര്യാണ്. മുരുകാ, നീ കാവില് വിളക്ക് വെക്കാന്‍ നോക്ക്. ഞാന്‍ വേലായുധന്‍റെ ചെക്കനോട് സംസാരിക്കട്ടെ. മാധവന്‍ പോയി ഇവടീള്ള എല്ലാരോടും കാവിലിക്ക് വരാന്‍ പറ''.
രണ്ടുപേര്‍ക്കും ഓരോ ചുമതല ഏല്‍പ്പിച്ച് വേലായുധന്‍റെ വീട്ടിലേക്ക് നടന്നു. വേലായുധന്‍റെ ഭാര്യ വീടിന്‍റെ മുമ്പില്‍ത്തന്നെയുണ്ട്. അവളോട് കാര്യങ്ങള്‍ വിശദീകരിച്ചു.
''ഒന്നും പേടിക്കണ്ടാ. എല്ലാറ്റിനും വഴീണ്ട്. നീ ചെക്കനീം പെണ്ണിനീം ഇങ്ങിട്ട് വിളിക്ക്'' അവളോട് പറഞ്ഞു. അമ്മയുടെ പുറകെ വന്ന ചെക്കന്‍ മുറ്റത്തേക്കിറങ്ങി. പെണ്‍കുട്ടി വാതില്‍ക്കല്‍ നിന്നതേയുള്ളൂ.
''എത്ര കാലായി നിങ്ങള്‍ ഇഷ്ടത്തിലായിട്ട്''അവനോട് ചോദിച്ചു.
''മൂന്ന് കൊല്ലം കഴിഞ്ഞു''.
''എങ്ങന്യാടാ നിങ്ങള് പരിചയപ്പെട്ടത്''.
''ഫേസ്ബുക്കില്‍ കണ്ട് പരിചയപ്പെട്ടതാണ്''.
''കുട്ട്യേ, ഇവന്‍റെ ചുറ്റുപാട് മുഴുവന്‍ അറിഞ്ഞിട്ടാണോ ഇവന്‍റെ കൂടെ ഇറങ്ങിപ്പോന്നത്''. അതെയെന്ന മട്ടില്‍ കുട്ടി തലയാട്ടി.
''നാളെ അബദ്ധം പറ്റി എന്ന് തോന്നാന്‍ പാടില്യാ. അതുണ്ടാവ്വോ''.
''പ്രകാശേട്ടന്‍ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്''.
''കുട്ടിടെ വീട്ടുകാര് കേസ്സിന് പോവും. കോടതി ആരടെകൂടെ പോവാനാ താല്‍പ്പര്യം എന്ന് ചോദിച്ചാലോ''.
''പ്രകാശേട്ടന്‍റെ കൂടെ കഴിയണം എന്ന് പറയും''.
''വീട്ടുകാര് ബലംപ്രയോഗിച്ച് കൊണ്ടുപോയി വേറെ കല്യാണം നടത്താന്‍ നോക്ക്യാലോ''.
''അന്ന് ഞാന്‍ തൂങ്ങി ചാവും''.
''അതൊന്നും വേണ്ടിവരില്ല. നിങ്ങള്‍ക്ക് ഞങ്ങളൊക്കെ ഉണ്ടവും''.
ആ നിമിഷം പ്രകാശന്‍ കാല്‍ക്കല്‍ നമസ്ക്കരിച്ചു, അത് കണ്ടുകൊണ്ടു നിന്ന പെണ്‍കുട്ടി ഭര്‍ത്താവ് ചെയ്തതുപോലെ ചെയ്തു. രണ്ടുപേരേയും നെറുകയില്‍ കൈവെച്ച് ആശിര്‍വദിച്ചു.
''രണ്ടാളും ഇരിക്കിന്‍. എനിക്ക് കുട്ടിടെ വിവരങ്ങള്‍ ചോദിക്കാനുണ്ട്''. പെണ്‍കുട്ടി ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ തയ്യാറായി വാതില്‍ക്കല്‍ നിന്നു.
ഭാഗം :-14.
ഒരു മണിക്കൂറിനകം താലികെട്ടിന്നുവേണ്ട തയ്യാറെടുപ്പ് പൂര്‍ത്തിയായി. ഒരു പൊട്ടുതാലിയും ചരടും വാങ്ങി വേലായുധനെത്തി. മുരുകന്‍ കാവ് അടിച്ചുവൃത്തിയാക്കി വെള്ളം തളിച്ച് വിളക്ക് കത്തിച്ചുവെച്ചു. ആരോ നിവേദിക്കാന്‍ പഴവും നാളികേരവും കൊണ്ടുവന്നു. ചന്ദനത്തിരിയുടെ സുഗന്ധം അവിടെമാകെ പരന്നു. കിട്ടിയ തുളസിയും തെച്ചിയുംകൊണ്ട് മൂന്നുനാല് പെണ്‍കുട്ടികള്‍ ചേര്‍ന്ന് മാലയുണ്ടാക്കി. പത്തറുപതുപേര്‍ കാണികളായി എത്തി. കാലത്ത് പണിക്കുപോയവരില്‍ ചിലരൊക്കെ വീട്ടുകാര്‍ വിളിച്ചു പറഞ്ഞതനുസരിച്ച് വന്നിട്ടുണ്ട്.
''എന്നാല്‍ തുടങ്ങ്വല്ലേ''എല്ലാവരോടുമായി ചോദിച്ചു.
''നേരം വൈകിക്കണ്ടാ''മാധവന്‍ പറഞ്ഞു.
''വേലായുധാ, മകനോടും പെണ്‍കുട്ട്യോടും വരാന്‍ പറ''അവനെ വീട്ടിലേക്കയച്ചു.
''മൊബൈല്‍ ഉള്ളോര് താലികെട്ട്ണത് ഫോട്ടോ എടുക്കണം. എന്നിട്ട് ഫേസ്ബുക്കിലോ വാട്ട്സ് അപ്പിലോ ഒക്കെ ഇടണം''ചെറുപ്പക്കാര്‍ക്ക് പറഞ്ഞുകൊടുത്തു.
''എന്തിനാ കുഞ്ച്വോട്ടാ അതൊക്കെ ചെയ്യുണത്''മാധവന്‍റെ മകന്‍ ചോദിച്ചു. പഠിച്ച ചെക്കനാണെങ്കിലും അവന് വിവരം പോരാ.
''കല്യാണം കഴിഞ്ഞതിന് അത് തെളിവാണ്. ഇവിടെ കൂടീട്ടുള്ള എല്ലാരുടേം ഫോട്ടോ ഇട്ടോ''. മിനുട്ടുകള്‍ക്കകം ചെക്കനും പെണ്ണും വീട്ടുകാരോടൊപ്പമെത്തി.
''വേലായുധാ, താലീം ചരടും എടുത്ത് പൂജിക്കാന്‍ കൊടുക്ക്''. ഒരു പച്ചകടലാസ്സുതുണ്ടില്‍ പൊതിഞ്ഞ താലിയും ചരടുമെടുത്ത് അവന്‍ നടയ്ക്കല്‍ വെച്ചു.
''മുരുകാ, നീ അത് പൂജിച്ച് കല്‍പ്പൂരം കാട്ടി താ''. പൂജിച്ച താലി വാങ്ങി വേലായുധന്‍റെ മകന്‍റെ കയ്യില്‍ കൊടുത്തു.
''നീയിത് പെണ്‍കുട്ടിടെ കഴുത്തില്‍കെട്ട്''വേലായുധന്‍റെ മൂത്തമകന്‍റെ ഭാര്യ താലികെട്ടാന്‍ സഹായിച്ചു.
''രണ്ടാളുംകൂടി കാവിന് മൂന്ന് വലം വെക്കിന്‍''അടുത്ത നിര്‍ദ്ദേശം നല്‍കി. നാലഞ്ച് ചെറുപ്പക്കാരും ഒന്നുരണ്ട് പെണ്‍കുട്ടികളും മൊബൈലില്‍ ഫോട്ടോ എടുക്കുന്ന തിരക്കിലാണ്.
''ചെക്കനും പെണ്ണുംകൂടി അപ്പന്‍റീം അമ്മടേം കാല് പിടിക്കിന്‍''.
വേലായുധനും ഭാര്യയും ചേര്‍ന്നുനിന്നു. വരനും വധുവും അവരുടെ കാല്‍ക്കല്‍ നമസ്ക്കരിച്ചു.
''കുഞ്ച്വോട്ടന്‍റെ കാല് പിടിക്കിന്‍''വേലായുധന്‍ വിളിച്ചുപറഞ്ഞു.
''എന്‍റെ കാല് പിടിക്കാന്‍ വരട്ടെ. ആദ്യം ഇവര് ചെക്കന്‍റെ ഏട്ടന്‍റിം കെട്ട്യോളടീം കാല് പിടിക്കട്ടെ. അത് കഴിഞ്ഞാല്‍ മുരുകനും കല്യാണീം. അതുപോലെ മാധവനും ലക്ഷ്മീം. അവരടീം കാല് പിടിച്ച് കഴിഞ്ഞിട്ട് പിന്നീള്ള കാരണോന്മാരടെ കാലുപിടിക്കട്ടെ. ഒടുക്കം മതി എന്‍റെ കാല് പിടിക്കല്‍''. ആ നിര്‍ദ്ദേശം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടുവെന്ന് മനസ്സിലായി. എല്ലാവരും തമ്മിലുള്ള ബന്ധം കൂടാനത് ഉപകരിച്ചിട്ടുണ്ട്.
''ഇനി എല്ലാവരും ചേര്‍ന്ന് മൂന്നുനാല് ഫോട്ടോ പിടിക്കിന്‍''. ദമ്പതിമാരുടെ അടുത്തുനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു.
''കഴിഞ്ഞു. എല്ലാരും അവരവരടെ വിട്ടിലിക്ക് പൊയ്ക്കോളിന്‍''.
''വരട്ടെ. ഒരുകാര്യൂണ്ട്. ഇന്ന് രാത്രി എല്ലാരും ഞങ്ങളുടെ വീട്ടിലിക്ക് വരണം. ഭക്ഷണം അവിടെ ആക്കാം''വരന്‍റെ ഏട്ടനാണ് പറഞ്ഞത്.
''അതിനൊക്കെ സമയൂണ്ടോടാ''അവനോട് ചോദിച്ചു.
''അപ്പഴയ്ക്കും അതിന് വേണ്ടതൊക്കെ സംഘടിപ്പിക്കാം''.
''എന്താച്ചാല്‍ ചെയ്തോളിന്‍. എല്ലാ വീട്ടിലും വിവരം കൊടുക്കാന്‍ മറക്കണ്ടാ''.
''ഞാന്‍ തന്നെ ചെന്ന് എല്ലാ വീട്ടിലും വിവരംപറയാം''വേലായുധന്‍ ചുമതലയേറ്റു.
''എന്നാല്‍ തല്‍ക്കാലം എല്ലാരും പിരിഞ്ഞോളിന്‍. ആരെങ്കിലും ഇവരെ അന്വേഷിച്ചു വന്നാല്‍ എനിക്ക് വിവരം തരണം. കൂടാതെ എല്ലാവരും ഇവരടൊപ്പം നില്‍ക്കുംവേണം''.
''അത് ഉറപ്പല്ലേ''ഒരു ചെറുപ്പക്കാരന്‍ പറഞ്ഞു.
''നമ്മള് യോജിച്ചുനിന്നാല്‍ ആരും ഈ കുട്ട്യേ പിടിച്ചോണ്ട് പോവില്ല'' ആളുകള്‍ പിരിയാന്‍ തുടങ്ങി.
''കുഞ്ച്വോ, നീ ചെയ്ത ഈ ഉപകാരം മറക്കില്ല''വേലായുധന്‍ കയ്യില്‍ പിടിച്ചുകൊണ്ട് ഇടറിയ ശബ്ദത്തില്‍ പറഞ്ഞു.
''അതൊന്നും സാരൂല്യാ. നീ എല്ലാവിട്ടിലും രാത്രീലെ ഭക്ഷണത്തിന്‍റെ വിവരംകൊടുക്ക്''. അവനെ ഒഴിവാക്കി വീട്ടിലേക്ക് നടന്നു.
ഭാഗം :-15.
എല്ലാം കഴിഞ്ഞ് വീടെത്തുമ്പോള്‍ സമയം നാലേകാല്‍. കിടക്കാന്‍ ഇനി നേരമില്ല. എങ്കിലും ഒരു പ്രശ്നം കഴിഞ്ഞല്ലോ. അഹമ്മദ് സായ്‌വിന്‍റെ വീടുവരെ ചെല്ലാം. അന്‍സര്‍ വന്നിട്ടുണ്ടാവും. അവനെ കാണണം.
എന്തായാലും ദേവു പണിമാറി വരുമ്പോഴേക്കും തിരിച്ചുവരണം. രാത്രീലിത്തെ ശാപ്പാട് വേലയുധന്‍റെ വീട്ടിലാണ്. അതറിയാതെ ദേവു കഞ്ഞിവെക്കണ്ടാ.
സായ്‌വും ഭാര്യയും മകനും മരുമകളും പേരക്കുട്ടികളും ഉമ്മറത്തു തന്നെയുണ്ട്. കുടുംബത്തില്‍ എല്ലാവരും സന്തോഷത്തോടെ ഇങ്ങിനെ വര്‍ത്തമാനം പറഞ്ഞിരിക്കുന്നത് കാണാന്‍തന്നെ ഒരു സുഖമാണ്.
''എന്താ മാഷേ, നിങ്ങളെ കാണാന്‍ കിട്ടുണില്ലല്ലോ''അന്‍സര്‍ പറഞ്ഞു.
''ഞാന്‍ രണ്ടുമൂന്ന് പ്രാവശ്യം വന്നിരുന്നു. അപ്പൊ കുട്ട്യേ കണ്ടില്ല''.
''എന്താ കുഞ്ച്വോ നിങ്ങളടവിടെ ഒരു പ്രശ്നം. വേലായുധന്‍റെ ചെക്കന്‍ ഏതോ ഒരു പെണ്ണിനെ തട്ടീട്ട് വന്നു, നീ അവരടെ കല്യാണം നടത്തിച്ചു എന്നൊക്കെ കേട്ടല്ലോ''.
''ശര്യാ മുതലാളീ''ഉണ്ടായതെല്ലാം വിസ്തരിച്ച് പറഞ്ഞു.
''കുഞ്ച്വോട്ടാ, നിങ്ങളിങ്ങിനെ നടക്കണ്ട ആളല്ല. വക്കീലാവണ്ടതാണ്'' അന്‍സര്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു.
''അല്ലെങ്കിലും നീയൊരു ഉപകാര്യാണ്. അതല്ലേ നിന്നോടിത്ര ഇഷ്ടം'' സായ്‌വ് കൂട്ടിച്ചേര്‍ത്തു.
സായ്‌വിന്ന് സുഖമില്ലാതെ ഇരുപത് ദിവസമാണ് ആസ്പത്രിയില്‍ കിടന്നത്. ഭാര്യയല്ലാതെ മറ്റാരും കൂട്ടിനില്ല. ആ ഇരുപത് ദിവസവും അവരോടൊപ്പം ആസ്പത്രിയിലായിരുന്നു. മാത്രമല്ല അത്രയും ദിവസം ദേവു മരുമകള്‍ക്ക് കാവല്‍ കിടക്കുകയും ചെയ്തിരുന്നു. സായ്‌വ് തന്ന പൈസ രണ്ടാളും വാങ്ങിയതുമില്ല. തീരെ ഗതികെടുമ്പോള്‍ ചില തരികിടകള്‍ ചെയ്യുമെങ്കിലും ഒരാള്‍ കഷ്ടപ്പെടുമ്പോള്‍ അത് പാടില്ല.
''ആളാല്‍ കഴിയുണ ഉപകാരം ചെയ്യണം. അത് ചെയ്തു. അത്രേള്ളൂ''.
''നിനക്ക് സിഗററ്റോ, സ്പ്രേയോ മറ്റോ വേണോ''.
''ഞാന്‍ സിഗററ്റ് വലിക്കില്ല. സ്പ്രേടെ മണംതട്ട്യാല്‍ തലവേദന ഉണ്ടാവും ചെയ്യും''.
''മുമ്പ് ഞാന്‍ ബീഡി വലിച്ചിരുന്നു. ബീഡീം സിഗററ്റും തൊടരുത് എന്നാ ഡോക്ടറുടെ ഓര്‍ഡറ്''സായ്‌വ് പറഞ്ഞു.
''ബീഡി വലിച്ചിട്ടാ വാപ്പ ആസ്പത്രീല്‍ കിടന്നത്. നല്ലകാലത്ത് അത്രകണ്ട് വലിച്ചിട്ടുണ്ട്''അന്‍സര്‍ ഇടയ്ക്ക് കയറി പറഞ്ഞു.
''പോട്ടെടാ മകനേ, അതിനി പറഞ്ഞിട്ട് കാര്യൂല്ലല്ലോ. ഇത്രല്ലേ വന്നുള്ളൂന്ന് ആശ്വസിച്ചാ മതി''സായ്‌വ് മകനെ ആശ്വസിപ്പിച്ചു
''ചക്ക കിട്ട്വോ കുഞ്ച്വോട്ടാ''അന്‍സര്‍ വിഷയം മാറ്റി.
''എന്താ കിട്ടാണ്ടെ. ചക്ക എന്‍റെ വീട്ടിലുണ്ട്. കുട്ടിക്ക് വേണച്ചാല്‍ രണ്ടോ മൂന്നോ ഇടിച്ചക്ക ഇപ്പൊത്തന്നെ പോയി കൊണ്ടുവരാം''.
''ഇടിച്ചക്ക കിട്ടീട്ട് കാര്യൂല്യാ. പഴുക്കാന്‍ മൂത്ത ചക്ക വേണം. അതിന്‍റെ ചുള പറിച്ച് ഉമ്മ ഉണ്ടാക്കുണ കൂട്ടാന്‍ കഴിക്കണംന്ന് ഒരു മോഹം''.
''ചക്ക മൂക്കാന്‍ ഒന്നുരണ്ട് മാസം വേണ്ടിവരും''.
''അപ്പഴയ്ക്ക് ഞാന്‍ ലീവ് കഴിഞ്ഞ് പോവും''.
''എവിടേങ്കിലും കിട്ട്വോന്ന് നോക്കട്ടെ. കിട്ട്യാല്‍ കൊണ്ടുവരാം''.
''പൈസ തരട്ടെ''.
''ഇപ്പൊ വേണ്ടാ. സാധനം കിട്ടട്ടെ''. ആ നേരത്താണ് ദേവു എത്തിയത്.
''നിങ്ങളെന്തിനാ വേണ്ടാത്ത പണിക്ക് നിന്നത്. ചെക്കന്‍ പെണ്ണിനെ തട്ടീട്ട് വന്നിട്ടുണ്ടെങ്കില്‍ അവന്‍റെ വീട്ടുകാര് വേണ്ടത് ചെയ്യട്ടെ. അല്ലാതെ ആ പെണ്ണിനീം ചെക്കനീം നിങ്ങള് മുമ്പില്‍ നിന്ന് കെട്ടിക്ക്യാണോ വേണ്ടത്''. വീടെത്തുംമുമ്പ് ദേവു നടന്നതെല്ലാം അറിഞ്ഞിരിക്കുന്നു. അതാണ് ഈ ദേഷ്യം.
''നീ കാര്യം അറിയാണ്ടെ എന്തെങ്കിലും പറയണ്ടാ''അവളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താനൊരുങ്ങി.
''നിര്‍ത്ത് കുഞ്ച്വോ. ഞാന്‍ പറയട്ടെ''സായ്‌വ് ഇടയില്‍ കയറി പറഞ്ഞു ''ദേവു ഒരുകാര്യം മനസ്സിലാക്കിക്കോ. ഈകാര്യത്തില്‍ നിന്‍റെ കെട്ട്യോന്‍ ചെയ്തതാ ശരി. ചെക്കനും പെണ്ണും ഇഷ്ടായി. വീട്ടുകാരറിയാതെ രണ്ടും കല്യാണം കഴിച്ചു. പെണ്ണിന്‍റെ വീട്ടുകാര് വല്യേ ആള്‍ക്കാര്. ഇവര്‍ക്കോ. അത് ഞാന്‍ പറയണ്ടല്ലോ. അങ്ങിനെ വരുമ്പൊ അവരെ അടുത്തുള്ളോര് സഹായിക്കണം. എല്ലാരും മടിച്ചുനിന്നപ്പൊ കുഞ്ചു മുന്നിട്ട് നിന്ന് വേണ്ട കാര്യങ്ങള് ചെയ്യിച്ചു. ചുറ്റുവട്ടാരത്ത് ഉള്ളോരെ പറഞ്ഞു മനസ്സിലാക്കി അവരടെ കൂടെനിര്‍ത്തി. സത്യംപറഞ്ഞാല്‍ അവനെ ബഹുമാനിക്ക്യാണ് വേണ്ടത്''.
''പണിമാറി വരുമ്പൊ കൂടേള്ള പെണ്ണുങ്ങള് പറഞ്ഞതേ എനിക്കറിയൂ. അതാ ഞാന്‍ പറഞ്ഞത്''.
''കുഞ്ചൂനെ കുറ്റം പറഞ്ഞ പെണ്ണുങ്ങളുണ്ടല്ലോ, അവര് രാത്രി ഊണു കഴിക്കാന്‍ വേലായുധന്‍റെ വീട്ടിലുണ്ടാവും. നീയും കുളിച്ച് ഡ്രസ്സ് മാറി കെട്ട്യോന്‍റൊപ്പം ചെല്ല്''.
''ഇന്നെന്തെങ്കിലും പണീണ്ടോ ചെയ്യാന്''.
''കാര്യായിട്ടൊന്നൂല്യാ. നിങ്ങള് ചായകുടിച്ച് സദ്യ ഉണ്ണാന്‍ ചെല്ലിന്‍''. പണിക്കാരി കൊണ്ടുവന്ന ചായയും പലഹാരങ്ങളും കഴിച്ചു. ദേവു പാത്രം മോറിക്കൊടുത്തു.
''ഞങ്ങള് പോവ്വാണ്''ദേവു യാത്ര പറഞ്ഞു.
''കുഞ്ച്വോട്ടാ, ചക്ക കിട്ട്യാല്‍ എന്നെ വിളിക്കിന്‍. ഞാന്‍ വന്ന് കൊണ്ടു വന്നോളാം''അന്‍സര്‍ ഒരിക്കല്‍ക്കൂടി ആവശ്യം അറിയിച്ചു. അതാണ് നല്ലത്. ഏറ്റിക്കോണ്ട് വരാതെ കഴിഞ്ഞല്ലോ.
''ശരി. ഞാന്‍ വിളിച്ചോളാം''. ദേവുവിനോടൊപ്പം വീട്ടിലേക്ക് നടന്നു.
ഭാഗം :-16.
''തിന്നാന്‍വേണ്ടി ചെന്നാല്‍ മാത്രം മത്യോ''വീട്ടിലേക്ക് നടക്കുമ്പോള്‍ ദേവു ചോദിച്ചു''ആ ചെക്കന്‍റെ കയ്യില്‍ എന്തെങ്കിലും കൊടുക്കണ്ടേ''.
''അത് ശര്യാണ്. എന്താച്ചാല്‍ കൊടുത്തോ''.
''അതിന് എന്‍റേലെന്തെങ്കിലും വേണ്ടേ. സായ്‌വിന്‍റെ കെട്ട്യോളെ തനിച്ച് കണ്ടാല്‍ ചോദിക്കായിരുന്നു. എല്ലാരും കൂടേള്ളപ്പോള്‍ എങ്ങന്യാ കാശ് ചോദിക്ക്യാ''.
''അത് ശര്യാണ്. എന്താ കൊടുക്കണ്ടത്'',
''അഞ്ഞൂറ് കൊടുക്കണ്ടതാണ്. അത്ര ഇല്ലെങ്കിലും മുന്നൂറെങ്കിലും നമ്മള് കൊടുക്കണ്ടേ''.
''അഞ്ഞൂറുറുപ്പിക ഞാന്‍ നിനക്ക് തരണ്ട്. പക്ഷെ അത് വേറൊരാളടെ പൈസ്യാണ്. മടക്കിക്കൊടുക്കണം''അന്‍സറ് തന്ന പൈസയുണ്ട്. അതു പറഞ്ഞാല്‍ ദേവു മടക്കി തരില്ല..
''അത് സാരൂല്യാ. കൂലി കിട്ടുമ്പൊ ഞാന്‍ തരാം''.
''എന്നാല്‍ അഞ്ഞൂറ് നിന്‍റേല് തരാം''.
''അഞ്ഞൂറ് വേണ്ടാ. മുന്നൂറ് മതി''.
''എന്‍റേല് അഞ്ഞൂറിന്‍റെ ഒറ്റനോട്ടാണ്''.
''വേഗം അത് കടേന്ന് മാറ്റി വാങ്ങീട്ട് വരിന്‍. ഞാനപ്പഴയ്ക്കും വീട്ടിലെ പണികള് തീര്‍ക്കട്ടെ''.
കള്ളുഷാപ്പില്‍ ചെന്നാല്‍ ചില്ലറ കിട്ടും. പക്ഷെ കൂട്ടുകാര്‍ ആരെങ്കിലും കണ്ടാല്‍ അത് ഷാപ്പില്‍കൊടുക്കാനേ തികയൂ. നേരെ റേഷന്‍കടയിലേക്ക് നടന്നു. ചില്ലറ വാങ്ങി വീടെത്തുമ്പോഴേക്ക് ദേവു ചായവെച്ചിരിക്കുന്നു. ഇപ്പോഴല്ലേ സായ്‌വിന്‍റെ വീട്ടില്‍നിന്ന് ചായ കുടിച്ചത്. എന്തിനാ വീണ്ടും ഒരു ചായ. ദേവുവിനോടത് ചോദിച്ചില്ല. പണിമാറി വരുന്നതല്ലേ. ദാഹം കാണും.
മേല്‍ക്കഴുകി വസ്ത്രം മാറാന്‍ തുടങ്ങുമ്പോഴേക്ക് ദേവുവിന്‍റെ ഒരുക്കം കഴിഞ്ഞിരിക്കുന്നു. ഇളം ചുവപ്പുനിറത്തില്‍ കടും നീലപുള്ളികളുള്ള സാരിയും അതിന് യോജിച്ച ജാക്കറ്റുമാണ്. ഇതുവരെ ഈ സാരി ദേവു ഉടുത്തുകണ്ടിട്ടില്ല. സായ്‌വിന്‍റെ മരുമകള്‍ പഴയത് കൊടുത്തതാവും.
അലക്കിത്തേച്ച ഡബിള്‍വേഷ്ടിയും ജുബ്ബയും എടുത്തിട്ടു. കണ്ണാടിയുടെ മുന്നില്‍ നിന്നുനോക്കി. ഉഷാറായിട്ടുണ്ട്. ആരുകണ്ടാലും ഒന്നുനോക്കും. നൂറിന്‍റെ മൂന്ന് പുതിയ നോട്ടുകള്‍ ഭാര്യയെ ഏല്‍പ്പിച്ചു.
''ഇത് നിങ്ങള് കൊടുത്താ പോരേ''അവള്‍ ചോദിച്ചു.
''വേണ്ടാ. തല ഉള്ളപ്പോള്‍ വാല് ആടണ്ടാ''.
''നിങ്ങള് കെട്ട്യോനും ഞാന്‍ കെട്ട്യോളും ആണ്. അപ്പൊ നിങ്ങളാ തല''.
''ഇനി അതിനെക്കുറിച്ച് തര്‍ക്കം വേണ്ടാ. നീ കൊടുത്താ മതി''. മുന്നൂറ് അവള്‍ തരണം. നിങ്ങളല്ലേ പൈസകൊടുത്തത് എന്ന് പറയാനുള്ള ഇട വരുത്തരുത്.
വേലായുധന്‍റെ വീട്ടില്‍ കോളനിയിലെ എല്ലാവരും എത്തിയിട്ടുണ്ട്. നാലഞ്ച് ഡസ്ക്കും ബെഞ്ചും നിരത്തിയിട്ടിരിക്കുന്നു.
''കുഞ്ച്വോട്ടോ, നിങ്ങളെ കാണാതെ വന്നപ്പൊ എന്തോന്ന് വിചാരിച്ചു'' വേലായുധന്‍ പറഞ്ഞു.
''സമയത്തിന്ന് എത്ത്യാല്‍ പോരേ''.
പൊറോട്ടയും പത്തിരിയും നൂല്‍പ്പുട്ടും ചപ്പാത്തിയും കോഴിക്കറിയും ഒക്കെയുണ്ട്. ഇപ്പോള്‍ വിചാരിക്കുമ്പഴയ്ക്കും എല്ലാം കിട്ടും. എത്ര ചപ്പാത്തി കമ്പിനികളാണ് നാട്ടില്‍ തുടങ്ങിയിട്ടുള്ളത്.
''വേലായുധാ, പെണ്‍കുട്ടിക്ക് എന്താ വാങ്ങ്യേത്''അവനോട് ചോദിച്ചു. ആ കുട്ടി ചിക്കനൊന്നും കഴിച്ച് ശീലിച്ചിട്ടുണ്ടാവില്ല.
''മസാല ദോശയും റോസ്റ്റും സാമ്പാറും ചട്ട്ണിയും ഒക്കെ വാങ്ങീട്ടുണ്ട്''. നന്നായി. സാധനങ്ങള്‍ വാങ്ങാന്‍ പോയവന് വിവരമുണ്ട്.
''ഇവര്‍ക്ക് എന്തെങ്കിലും പ്രശ്നം വന്നാല്‍ നമ്മളെല്ലാവരും ഒന്നിച്ച് നില്‍ക്കണം. പറഞ്ഞില്ലാന്ന് വേണ്ടാ''ഭക്ഷണം കഴിഞ്ഞ് ആളുകള്‍ പിരിയുംമുമ്പ് എല്ലാവരോടുമായി പറഞ്ഞു.
''അതിന് തര്‍ക്കൂല്യാ കുഞ്ച്വോട്ടാ''ആരോ പറഞ്ഞു. എല്ലാവരും അനുകൂല ഭാവത്തിലാണ്. ഇനി നേരം കളയുന്നില്ല.
''ശരി. ഞങ്ങള് പോണൂ''ദേവുവിനെക്കൂട്ടി വീട്ടിലേക്ക് നടന്നു.
ഭാഗം :-17.
രാവിലെ ദേവു പണിക്കിറങ്ങുമ്പോള്‍ ഒപ്പമിറങ്ങി. അന്‍സര്‍ ചക്ക ആവശ്യപ്പെട്ടിട്ടുണ്ട്. എവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിക്കണം. ഭാഗ്യവശാല്‍ റോഡിലെത്തിയതും മാണിക്കനെ കണ്ടു. ചക്ക, മാങ്ങ, പുളി തുടങ്ങിയ സാധനങ്ങള്‍ വീടുകളില്‍നിന്ന് മൊത്തത്തില്‍ വാങ്ങി കച്ചവടം ചെയ്യുന്ന ആളാണ് മാണിക്കന്‍. മാവ് പൂത്ത ഉടനെ അവന്‍ ഉടമസ്ഥനെ കണ്ട് അഡ്വാന്‍സ് കൊടുത്ത് കച്ചവടം ഉറപ്പിക്കും. പുളി, ചക്ക എന്നിവയും ഇതുപോലെ മുന്‍കൂറായി വാങ്ങി നിര്‍ത്തും.
''നല്ല മൂത്ത ചക്ക കിട്ടാനുണ്ടോ മുതലാളീ''അയാളോട് ചോദിച്ചു. മാണിക്കന്‍ ചുറ്റുമൊന്ന് നോക്കി.
''എന്താ നോക്കുണത്''.
''നീ മുതലാളീന്ന് വിളിക്കുണത് കേട്ടു. ആരാ ആള് എന്ന് നോക്ക്യേതാ''.
''നിങ്ങളന്നെ മുതലാളി. അല്ലാണ്ടാരാ''.
''നിനക്ക് എന്നോട് ദേഷ്യൂണ്ടെങ്കില്‍ രണ്ട് തല്ലിക്കോ. എന്നാലും എന്നെ മുതലാളീന്ന് വിളിക്കരുത്''. മാണിക്കന്‍ ചിരിച്ചു.
''ഞാന്‍ ചോദിച്ചതിന് ഉത്തരം പറയിന്‍. നല്ല മൂത്ത ചക്ക കിട്ടാനുണ്ടോ''.
''ആരക്കാ ഇപ്പൊ മൂത്ത ചക്ക വേണ്ടത്''.
''എനിക്ക് വേണ്ടപ്പെട്ട ഒരാളക്കാ. സാധനം കിട്ടാനുണ്ടോ''.
''ഞാന്‍ അഡ്വാന്‍സാക്കിയതൊന്നും മൂത്തിട്ടില്ല. നീ തെക്കുമുറീല് ചെല്ല്. അവിടെ അംഗന്‍വാടിടെ അടുത്തുള്ള വീട്ടില് മൂത്ത ചക്കീണ്ട്''. ആവൂ. സമാധാനമായി. തെക്കുമുറിക്ക് നല്ല ദൂരൂണ്ട്. ഓട്ടോ വിളിച്ച് പോവാം. പക്ഷെ അത് വേണ്ടിവന്നില്ല. ആശാരി കേശവന്‍ ബൈക്കില്‍ വരുന്നത് കണ്ടു. തെക്കുമുറിയിലാണ് പണിയെന്ന് ഒരാഴ്ച മുമ്പ് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞിരുന്നു. കൈനീട്ടി ബൈക്ക് നിര്‍ത്തിച്ചു.
''എന്താ കുഞ്ച്വോട്ടാ കാര്യം''കേശവന്‍ ചോദിച്ചു. എവിടെയെങ്കിലും പണിയുണ്ടോ എന്നറിയാനാണ് അയാള്‍ക്ക് താല്‍പ്പര്യം.
''തെക്കുമുറിക്കാണെങ്കില്‍ ഞാനൂണ്ട്''.
''എന്നാ കേറിക്കോളിന്‍''. ബൈക്കിന്‍റെ പുറകില്‍ കയറിക്കൂടി. അംഗന്‍വാടി എത്താറായപ്പോള്‍ ബൈക്ക് നിര്‍ത്താന്‍ പറഞ്ഞു.
''എന്താ ഇവിടെ''കേശവന്‍ ചോദിച്ചു.
''ഒരാളെ കാണാനുണ്ട്''കേശവന്‍ പോയതോടെ മാണിക്കന്‍ പറഞ്ഞ വീടുനോക്കി നടന്നു. വീട് കണ്ടെത്താന്‍ ഒട്ടും ബുദ്ധിമുട്ടിയില്ല. ചെന്നു കയറിയതും ഉടമസ്ഥനോട് വിവരം പറഞ്ഞു.
''ചക്ക വില്‍ക്കുന്നില്ല. ഞങ്ങളുടെ ആവശ്യത്തിന്ന് നിര്‍ത്തിയിരിക്ക്യാണ്''.
''കടിഞ്ഞൂല് വയറ്റിലുണ്ടായ പെണ്‍കുട്ടിക്ക് മൂത്ത ചക്ക തിന്നണംന്ന് ഒരു മോഹം. ഈ കാലത്ത് മൂത്ത ചക്ക എവിടെ കിട്ടും. അപ്പഴാണ് ഇവിടെ ഉണ്ടെന്ന് കേട്ടത്. ഒരു ചക്ക തരിന്‍. എത്ര്യാ പൈസ വേണ്ടത്ച്ചാല്‍ തരാം''.
''നിങ്ങളോട് മലയാളത്തിലല്ലേ പറഞ്ഞത്. ഇവിടെ ചക്ക കൊടുക്കാനില്ല''. ഇയാളെ എളുപ്പത്തില്‍ വലയിലാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഒന്നും മിണ്ടാതെ മുറ്റത്തുതന്നെ നിന്നു.
''നിങ്ങളോടല്ലേ ചക്ക കൊടുക്കുന്നില്ലാന്ന് പറഞ്ഞത്''അയാള്‍ വീണ്ടും പറഞ്ഞു.
''തമ്പ്‌രാന്‍. പെണ്‍കുട്ടിക്ക് ഹാര്‍ട്ടിന് തകരാറുള്ളതാണ്. ഗര്‍ഭൂണ്ടാവാന്‍ പാടില്ലാന്ന് ഡോക്ടര്‍ പറഞ്ഞതാണ്. പെണ്‍കുട്ടിക്ക് ഒരുകുട്ടി വേണംന്ന് ഒരേ നിര്‍ബ്ബന്ധം. ഇപ്പൊ മാസം എട്ടായി. ഒരാഴ്ച കഴിഞ്ഞാല്‍ അതിനെ ആസ്പത്രീല് അഡ്മിറ്റാക്കും. പെണ്‍കുട്ടിക്ക് എന്തെങ്കിലും പറ്റ്യാല്‍ ഒരു മോഹം പറഞ്ഞിട്ട് സാധിക്കാതെ പോയത് എന്നെന്നും കിടപ്പാവില്ലേ''.
''ഇങ്ങിനെ പറഞ്ഞാല്‍ എന്താ ചെയ്യാ. വരിന്‍''
പ്ലാവിന്‍റെ മുകളിലൊന്നും കയറേണ്ടി വന്നില്ല. താഴെത്തന്നെ സാമാന്യം വലുപ്പമുള്ള മൂത്ത ചക്കകളുണ്ട്. അതില്‍നിന്ന് ഒന്നിന്‍റെ ഞെട്ടി കത്തി കൊണ്ട് മുറിച്ച് താഴെവെച്ചു. ഞെട്ടിയില്‍നിന്ന് മുളഞ്ഞ് ഒഴുകുന്നുണ്ട്.
''എന്താ ഇതിന് തരണ്ടത്''.
''പൈസയ്ക്ക് വേണ്ടീട്ടൊന്നും തരുണതല്ല. ആ പെണ്‍കുട്ടിടെ കാര്യം ആലോചിച്ച് തന്നതാണ്''.
''എന്നാലും ഇത് പിടിച്ചോളിന്‍''നൂറിന്‍റെ രണ്ട് നോട്ടുകളെടുത്ത് നീട്ടി.
''രാവിലെ കിട്ടുണതല്ലേ. ഇരിക്കട്ടെ''അയാള്‍ കാശ് വാങ്ങി.
''ഈ പാലൊന്ന് വറ്റ്യാല്‍ ഞാന്‍ ഇതുംകൊണ്ട് പൊയ്ക്കോളാം''.
''അതിനെന്താ. അവിടെയിരുന്നോളിന്‍''അയാള്‍ അകത്തേക്ക് പോയി. അന്‍സറിനെ വിളിച്ചാല്‍ കാറുമായി അവനെത്തും. ഇവരോട് അവന്‍ സംസാരിച്ചാല്‍ കള്ളി പൊളിയും. വയറ്റിലുള്ള പെണ്ണിന്‍റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാനാണെന്നുപറഞ്ഞ് ചക്ക വാങ്ങിയതാണ്. അത് മനസ്സിലാക്കാതെ അവനെന്തെങ്കിലും പറഞ്ഞാലോ.
ഉണങ്ങിയ ഇല ഞെട്ടിയില്‍ ഒട്ടിച്ചു. എന്നിട്ട് ചക്ക ചുമന്നുകൊണ്ട് നടന്നു. പടുകൂറ്റന്‍ ചക്ക. ഏറ്റാന്‍ വയ്യ. കിതയ്ക്കുന്നുണ്ട്. അംഗന്‍വാടി കടന്ന് മുന്നോട്ടുനീങ്ങി.
വളവിലെ മരച്ചുവട്ടില്‍ നിന്നു. ചക്ക താഴെവെച്ച് മൊബൈല്‍ എടുത്ത് സായ്‌വിനെ വിളിച്ചു.
ഭാഗം :-18.
കുറച്ചുനേരം കഴിഞ്ഞതും സായ്‌വിന്‍റെ കാര്‍ വരുന്നത് കണ്ടു. മക്കള്‍ ആരെങ്കിലും ഉണ്ടെങ്കിലെ കാറിന്ന് ഓട്ടമുള്ളൂ. ഇല്ലെങ്കില്‍ അത് ഷെഡ്ഡില്‍ കിടക്കും. വല്ലപ്പോഴും എന്തെങ്കിലും ആവശ്യത്തിന്ന് പോവണമെങ്കില്‍ സായ്‌വ് ഏതെങ്കിലും ഡ്രൈവര്‍ ചെക്കനെ വിളിക്കും.
കാര്‍ അടുത്തെത്തുംമുമ്പ് റോഡിലേക്ക് നീങ്ങിനിന്ന് കൈകാണിച്ചു. സൈഡൊതുക്കി വണ്ടി നിര്‍ത്തി അന്‍സര്‍ നോക്കി. അവന്‍ ചക്ക കണ്ടു എന്ന് തോന്നുന്നു.
''അവടത്തന്നെ നിന്നോളിന്‍. ഞാന്‍ വണ്ടി തിരിക്കട്ടെ''അവന്‍ വിളിച്ചു പറഞ്ഞു. കാര്‍ നിര്‍ത്തി താഴെയിറങ്ങി അവന്‍ ഡിക്കി തുറന്നു. രണ്ടു പേരുംകൂടി ചക്ക അതിനകത്ത് വെച്ചു.
''ശരി. കേറി ഇരിക്കിന്‍''മുന്നിലെ വാതില്‍ അവന്‍ തുറന്നുതന്നു.
''കുഞ്ച്വോട്ടാ, നിങ്ങളെ സമ്മതിച്ചൂട്ടോ. മൂത്ത ചക്ക എന്ന് വിചാരിച്ചപ്പൊ ഇത്ര വലുത് കിട്ടുംന്ന് വിചാരിച്ചില്ല''അന്‍സാര്‍ പറഞ്ഞു.
''മോന്‍ ഒരുകാര്യം പറഞ്ഞാല്‍ അത് സാധിച്ചുതന്നില്ലെങ്കില്‍ എനിക്ക് സമാധാനൂണ്ടാവില്ല''.
''അത് മനസ്സിലായി. ഇതിന് നിങ്ങളെന്തു കൊടുത്തു''. വേണമെങ്കില്‍ കുറച്ച് കൂട്ടി പറയാം. അത് വേണ്ടാ. ഇവന്‍ വാപ്പാനെ പോലെയല്ല. അറിഞ്ഞ് തരുന്ന ആളാണ്. അങ്ങിനെയുള്ള ഒരാളെ പറ്റിക്കരുത്.
''ഇരുന്നൂറ് കൊടുത്തു''.
''ഉള്ളത് പറയിന്‍. ആ വിലയ്ക്ക് കിട്ടില്ലാന്ന് എനിക്കറിയില്ലേ''.
''സത്യമായിട്ടും ഞാനതേ കൊടുത്തുള്ളൂ''.
''അത് ഒട്ടും അധികം അല്ലാട്ടോ. ഇതിന് നിങ്ങക്ക് ഞാനെന്താ തരണ്ടത്'' ഇതുതന്നെ പറ്റിയ സന്ദര്‍ഭം.
''ഉണ്ടെങ്കില്‍ നീ എനിക്കൊരു മൊബൈല്‍ താ''.
''നിങ്ങടേല്‍ മൊബൈലുണ്ടല്ലോ. പിന്നെന്തിനാ''.
''ഇത് നമ്പറില്‍ കുത്തി വിളിക്കിണതല്ലേ. ഞാന്‍ ഫോട്ടോ കാണാനൊക്കെ പറ്റ്യേതാ ചോദിച്ചത്''.
''സോറിട്ടോ. ഞാന്‍ രണ്ടെണ്ണം കൊണ്ടുവന്നു. അതിലൊന്ന് കെട്ട്യോള് എടുത്തു. അവളടെ കയ്യിലുണ്ടായിരുന്നത് ആങ്ങളചെക്കന് കൊടുത്തു''.
''അപ്പൊ മറ്റേ മൊബൈലോ''.
''പെങ്ങളെ കാണാന്‍ പോയപ്പോള്‍ അത് അവള്‍ക്ക് കൊടുത്തു''. ആകെ നിരാശയായി.
''ഇന്യേന്താ ചെയ്യാ. ഇല്ലെങ്കില്‍ വേണ്ടാ''. ആ വാക്കുകളിലെ നിരാശ അന്‍സറിന്ന് മനസ്സിലായി എന്ന് തോന്നുന്നു.
''വാപ്പാന് ഞാന്‍ നല്ലൊരു മൊബൈല്‍ കൊടുത്തുവിട്ടിരുന്നു. ആ മൂപ്പര് അത് താഴത്തിട്ട് പൊട്ടിച്ചു. വാപ്പ നിങ്ങടെപോലത്തെ ചെറ്യേമൊബൈല് പുതുശ് വാങ്ങി. പൊട്ട്യേതുണ്ട് വീട്ടില്''.
''അത് കിട്ടീട്ട് എന്താ കാര്യം''.
''ക്ഷമിക്കിന്‍. അതിന്‍റെ ഡിസ്പ്ലേ മാറ്റ്യാല്‍ മതി. ഞാനത് നന്നാക്കിച്ച് തരാം''.
''എന്നാല്‍ അതൊന്ന് ചെയ്തുതരിന്‍. ഞാന്‍ വിചാരിച്ചാല്‍ അങ്ങിനത്തെ ഒന്ന് വാങ്ങാന്‍പറ്റില്ല. എന്‍റെ അവസ്ഥ അറിയാലോ. അഞ്ചുപൈസയ്ക്ക് ഗതി ഇല്ലാത്തോനാ ഞാന്‍''.
''കാശും പണൂം ഉള്ളതോണ്ട് കാര്യൂല്യാ കുഞ്ച്വോട്ടാ. ഞാനും അനുജനും അന്യനാട്ടില്. വാപ്പാന് സൂക്കട് വന്നപ്പൊ ആരാ നോക്കാനുണ്ടായത്. ഈ നിങ്ങള്. അപ്പൊ നിങ്ങളോട് ഞങ്ങള്‍ക്ക് കടപ്പാടുണ്ട്''.
''അത് കാര്യാക്കണ്ടാ അന്‍സാറേ. ആരക്ക് എന്താ വര്വാന്ന് പറയാന്‍ പറ്റില്ല. ഞാനിങ്ങനെ തട്ടീം മുട്ടീം കഴിയുണുണ്ട്. അതങ്ങിനെ പോവും. എന്നാലും ആരക്കെങ്കിലും ഒരാവശ്യം വന്നാല്‍ ഞാന്‍ ഉണ്ടാവും''.
''എന്ത് ആവശ്യം വന്നാലും നിങ്ങളോടാണ് പറയാറ് എന്ന് വാപ്പ പറഞ്ഞു. എന്നും അതുണ്ടാവണം''.
''സംശയിക്കണ്ട. എന്നെക്കൊണ്ടാവുണ എന്തുവേണച്ചാലും ഞാന്‍ ചെയ്യും''. കാര്‍ വീട്ടുമുറ്റത്ത് നിര്‍ത്തി. ഡിക്കിതുറന്ന് ചക്കയെടുത്ത് താഴെവെച്ചു.
''ചക്ക കിട്ടീന്ന് നീ പറഞ്ഞപ്പൊ ഇത്ര വല്യേതാവുംന്ന് ഞാന്‍ കരുതീലാ. ഇത് കൂറ്റന്‍ സാധനം''സായ്‌വിന്ന് സന്തോഷമായി.
''കുഞ്ച്വോട്ടന്‍ ഇത് എത്രയ്ക്കാ വാങ്ങ്യേതേന്ന് വാപ്പയ്ക്കറിയ്യോ. വെറും ഇരുന്നൂറ് ഉറുപ്പികയ്ക്ക്''.
''ഏത് കണ്ണുപൊട്ടനും ഇതിന് മുന്നൂറോ നാനൂറോ വില കാണും''.
''എന്നാല്‍ ശരി. ഇനി ഞാന്‍ പോണൂ''.
''നിക്ക്. ഇതിന്‍റെ കാശ് തരട്ടെ''.
''അത് പിന്നെ മതി''.
''വാപ്പാ, നിങ്ങടെ പൊട്ട്യേ മൊബൈല് ഞാന്‍ കുഞ്ച്വോട്ടന് കൊടുക്കാന്‍ പോവ്വാണ്''.
''കൊടുത്തോ. പക്ഷെ അത് കിട്ടീട്ട് അവനെന്താ ഉപകാരം''.
''ഞാനത് നേരാക്കിച്ചിട്ട് കൊടുക്കും''.
''പെട്ട്യോടെ അത് അലമാറേല് വെച്ചിട്ടുണ്ട്. അല്ലെങ്കിലും അത്ര വലുത് മടീല് തിരികീട്ട് നടക്കാന്‍ എനിക്ക് വയ്യ. നീയെടുത്ത് കൊടുത്തോ''.
സായ്‌വിന്‍റെ ഭാര്യതന്ന ജ്യൂസ് കുടിക്കുമ്പോഴേക്കും അന്‍സര്‍ അഞ്ഞൂറ് തന്നു. അത് വാങ്ങി പോക്കറ്റിലിട്ട് വീട്ടിലേക്ക് നടന്നു.
ഭാഗം :-19.
ഹോട്ടലില്‍നിന്ന് ഊണുകഴിഞ്ഞ് പുറത്ത് വന്നതെയുള്ളു. അപ്പോഴാണ് ഫോണ്‍ വന്നത്. പരിചയമുള്ള ആളല്ല. ഏതായാലും എടുത്തുനോക്കുക തന്നെ.
''കുഞ്ച്വോട്ടാ, ഇത് ഞാനാണ് പ്രദീപ്''വേലായുധന്‍റെ മൂത്തമകനാണ് പ്രദീപ്.
''എന്താടാ വിശേഷം''.
''അനുജനെ അന്വേഷിച്ച് പോലീസ് വന്നു''.
''എന്നിട്ട്. അവരവനെ പിടിച്ച്വോ''.
''ചെക്കനും പെണ്ണുംകൂടി ഗുരുവായൂരിലിക്ക് പോയതാണ്''.
''ആ വിവരം പോലീസുകാരോട് പറഞ്ഞ്വോ''.
''എവിടേക്കാ പോയതേന്ന് അറിയില്യാന്ന് പറഞ്ഞു''.
''ഒരുകാര്യം ചെയ്യ്. അവനെ വിളിച്ച് ധൃതിപിടിച്ച് ഇങ്ങിട്ട് വരണ്ടാന്ന് പറ. ഒന്നോരണ്ടോ ദിവസം കഴിഞ്ഞിട്ട് അവര് വന്നാമതി. അതിന്‍റെടേല് നമുക്കെന്തെങ്കിലും വഴീണ്ടാക്കാം''.
''നിങ്ങളൊന്ന് ഇങ്ങിട്ട് വരിന്‍. അപ്പനും അമ്മീം പേടിച്ചിരിക്ക്യാണ്''.
''പോലീസുകാര് പോയോ''.
''അവര് പടിക്കില് നില്‍ക്കുണുണ്ട്''.
''പേടിക്കണ്ടാന്ന് പറ. ഞാനിതാ വരുണൂ''. നേരെ വീട്ടിലേക്ക് നടന്നു. വഴിയ്ക്കുവെച്ച് രവിയെ കണ്ടു. അവന്‍ സൈക്കിളില്‍ വരികയാണ്.
''കുഞ്ചോട്ടാ. നിങ്ങളെ പോലീസ് അന്വേഷിച്ചു''.
''എന്തിനാ എന്നെ അന്വേഷിക്കുണത്. ഞാന്‍ കക്ക്വോ കൊല ചെയ്യോ ചെയ്തിട്ടില്ലല്ലോ''.
''അതറിയില്ല. പോലീസുകാര് ഉങ്ങിന്‍റെ ചോട്ടിലുണ്ട്. നിങ്ങള് അവരടെ മുമ്പില് ചെന്നുപെടണ്ടാ''.
''അതില്‍ കാര്യൂല്യാ. എന്താന്ന് നോക്കട്ടെ''. പറഞ്ഞതുപോലെ ഉങ്ങിന്‍റെ ചുവട്ടില്‍ പോലീസ് ജീപ്പുണ്ട്. വേലായുധനും ഭാര്യയും ഉള്‍പ്പടെ പത്തു മുപ്പതുപേര്‍ ജീപ്പിന്‍റെ അടുത്തുണ്ട്.
''സാറേ, ഞാനാ കുഞ്ചു. എന്നെ അന്വേഷിച്ചൂന്ന് കേട്ടു. എന്താ സംഗതി''.
''സംഗതി നിനക്കറിയില്യാ അല്ലേ. തട്ടിക്കൊണ്ടുവന്ന ഒരു പെണ്‍കുട്ട്യേ ഒളിപ്പിച്ചുവെക്കാന്‍ കൂട്ട് നിന്നതാ നിന്‍റെ പേരിലെ കേസ്സ്''.
''സാറെന്താ ഈ പറയുണത്. ഇവിടെ ആരും ഒരു പെണ്‍കുട്ട്യേ തട്ടീട്ട് വന്നിട്ടൂല്യാ. ഒളിപ്പിച്ചിട്ടൂല്യാ''.
''പിന്നെ ഈ വേലായുധന്‍റെ മകന്‍ ചെയ്തതെന്താ''.
''അതോ. അവനും ആ പെണ്‍കുട്ടീം സ്നേഹത്തിലായിരുന്നു. അവര് കല്യാണം കഴിക്കും ചെയ്തു''.
''അത് നീ പറയുണതല്ലേ. പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ട്യേ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോന്നതാ കേസ്സ്''.
''സാറ് കേസ്സ് ഇങ്ങനെത്തന്നെ ചാര്‍ജ്ജ് ചെയ്യണം. എന്നാലേ കോടതീന്ന് തള്ളിപോവൂ''.
''അതെന്താ നിനക്കിത്ര ഉറപ്പ്''.
''സാറേ. പെണ്‍കുട്ടി ഡിഗ്രി ഫൈനലിയര്‍ പരീക്ഷ എഴുത്യേതാ. ഞാനത് അവളോടന്നെ ചോദിച്ചറിഞ്ഞതാണ്''.
''അതോണ്ടെന്താ''.
''പ്രായപൂര്‍ത്തി ആവാത്ത ഒരാള് എങ്ങന്യാ ഡിഗ്രി പരീക്ഷ എഴുത്വാ''.
''അതൊക്കെ കോടതീല് പറഞ്ഞാ മതി''.
''അവരടെ കല്യാണം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോരാത്തതിന്ന് ഞങ്ങടെ അമ്പലത്തില്‍വെച്ച് സമുദായാചാരപ്രകാരം താലികെട്ടീട്ടുണ്ട്''.
''ഞങ്ങള്‍ക്കൊരു പെറ്റീഷന്‍ കിട്ടി. നടപടി എടുക്കാതെ പറ്റില്ല''.
''എന്തു നടപടി''.
''അറസ്റ്റ് ചെയ്ത് രണ്ടിനീം കോടതീല് ഹാജരാക്കും''.
''അപ്പൊ എന്ന്യോ''.
''നിനക്കെന്താ രണ്ട് കൊമ്പുണ്ടോ. നിന്നീം അറസ്റ്റ് ചെയ്യും''.
''അറസ്റ്റ് ചെയ്യാണെങ്കില്‍ ഞങ്ങള് എല്ലാരേയും അറസ്റ്റ് ചെയ്യണം''.
''വേണ്ടി വന്നാല്‍ അതും ചെയ്യും''.
''പാവങ്ങളുടെ നെഞ്ചത്ത് കുതിരകേറാനല്ലെ നിങ്ങള്‍ക്കറിയൂ. സംഗതി വേറ്യാണ്. ഞങ്ങളടെ ജാതിപ്പേര് പറഞ്ഞ് വിളിച്ചാല്‍ത്തന്നെ കേസ്സവും. സാറിനതിന്‍റെ വകുപ്പറിയാലോ. അപ്പൊപിന്നെ സാറ് ഒരുകാര്യൂല്യാതെ ഞങ്ങളെ അറസ്റ്റ് ചെയ്താലോ. വേണ്ടാത്തപണിക്ക് സാറ് നില്‍ക്കണ്ടാ. ഞങ്ങളെ അറസ്റ്റ് ചെയ്താല്‍ സാറ് തന്നെ പെടാന്‍ പോണത്. തലേലെ തൊപ്പി പോവും. അതറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞുതരാം''. എസ്. ഐ. ഒന്നും പറയാതെ ജീപ്പിലിരിക്കുകയാണ്.
''നോക്കിനെടാ, ഈ സാറിന് നമ്മള്യോക്കെ അറസ്റ്റ് ചെയ്യണംന്നാ മോഹം. എല്ലാരും വേഗം വണ്ടീല്‍ കേറി ഇരിക്കാന്‍ നോക്ക്. എന്താ ഉണ്ടാവ്വാന്ന് നമുക്ക് കാണണോലോ''എല്ലാവരോടുമായി പറഞ്ഞു.
''തല്‍ക്കാലം ഞാനൊന്നും ചെയ്യുണില്യാ. അതിനര്‍ത്ഥം കേസ്സ് തീര്‍ന്നൂ എന്നല്ല''എസ്.ഐ പറഞ്ഞു.
''കേസ്സാവട്ടെ. അതന്യാ ഞങ്ങള്‍ക്കും വേണ്ടത്. കോടതീല് ഉള്ള കാര്യം തെളിയ്യോലോ''.
പിന്നെ കൂടുതലൊന്നും പറയാന്‍ പൊലീസ് മിനക്കെട്ടില്ല. അവര്‍ ജീപ്പില്‍ കയറി തിരിച്ചുപോയി.
''കുഞ്ച്വോട്ടാ, ഇന്യെന്താ വേണ്ടത്''പ്രദീപ് ചോദിച്ചു.
''അതിനൊക്കെ വഴീണ്ട്. ഇപ്പൊ എല്ലാരും വീട്ടിലിക്ക് പോവിന്‍''. ആ നിമിഷം വേലായുധന്‍ അടുത്തുവന്ന് കയ്യില്‍പ്പിടിച്ചു. അവന്‍ വല്ലാതെ പരിഭ്രമിച്ചിട്ടുണ്ട്. അവനേയുംകൂട്ടി വീട്ടിലേക്ക് നടന്നു.
ഭാഗം :-20.
വീട്ടിലെത്തിയതും ഷര്‍ട്ടും മുണ്ടും മാറ്റി കിടന്നു. ആകപ്പാടെ വയ്യ. നല്ല ക്ഷീണം തോന്നുന്നുണ്ട്. ദേവു പണിമാറി വരുന്നതുവരെ ഉറങ്ങാം.
കിടന്നിട്ട് ഉറക്കം വരുന്നില്ല. വേലായുധന്‍റെ മകന്‍റെ കാര്യമാണ് മനസ്സ് മുഴുവന്‍. തല്‍ക്കാലം പോലീസുകാരെ മടക്കി അയച്ചു. അതുകൊണ്ട് പ്രശ്നം തീര്‍ന്നില്ലല്ലോ. എന്തെങ്കിലും പരിഹാരംകാണണം. അതിനെന്താ വഴി. വാസുദേവന്‍ വക്കീലിനെ നല്ല പരിചയമുണ്ട്. ചില്ലറ അടിപിടി കേസ്സില്‍പെടുന്നവരെക്കൊണ്ട് ഒരുപാട് തവണ അയാളെ കാണാന്‍ പോയിട്ടുണ്ട്.
''എന്താടോ. തനിക്കിതുതന്നെയാണോ പണി''എന്ന് സാറ് ചോദിക്കും. എന്നാലും വേണ്ടത് ചെയ്തുതരും.
നാളെ രാവിലെ നേരത്തെ വേലയുധനേയുംകൂട്ടി വക്കീലിനെ ചെന്നു കാണണം. അല്ലെങ്കില്‍ വേലായുധന്‍ വേണ്ടാ. ആ ഊമ വായ തുറന്ന് ഒരക്ഷരം പറയില്ല. അവന്‍റെ മകന്‍ മതി. വൈകുന്നേരം അവനെ കണ്ട് പറഞ്ഞുറപ്പിക്കണം.
ഒന്നാലോചിച്ചാല്‍ വേലായുധന്‍റെ കാര്യം കഷ്ടംതന്നെ. വെറുതെയിരുന്ന അവന്‍റെ മനസ്സമാധാനം ചെക്കനായിട്ട് കെടുത്തു. ചില പെണ്‍കുട്ടികളുടെ വീട്ടുകാര്‍ ചെക്കനെ ആളെവിട്ട് കൊല്ലിക്കും. ഈ കുട്ടിയുടെ വീട്ടുകാര്‍ അതൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല. ആര്‍ക്കും ഒരു ദോഷം വരാതെ കാര്യങ്ങള്‍ അവസാനിച്ചാല്‍ മതി. ഒരു പൊട്ടധൈര്യത്തിന്ന് പെണ്‍കുട്ടി ചാടിയിറങ്ങിയതാണെന്ന് തോന്നുന്നു. വീട്ടുകാരെക്കുറിച്ച് എന്തെങ്കിലും ചോദിക്കുമ്പോള്‍ ആ കുട്ടി കരയുന്നുണ്ട്. ഈ കണക്കിന്ന് കോടതിയില്‍ ചെല്ലുമ്പോള്‍ അവള്‍ വീട്ടുകാരോടൊപ്പം പോയാലോ. ഉള്ളില്‍ തോന്നിയ സംശയം അവളോടുതന്നെ ചോദിച്ചതാണ്.
''ഈ ഏട്ടനെ വിട്ടുപിരിയേണ്ടിവന്നാല്‍ ഞാന്‍ മരിക്കും''എന്നൊക്കെ പറഞ്ഞു. അങ്ങിനെയൊന്നും വരുത്തരുത്. കുറച്ചുകാലം ഇങ്ങിനെ പോട്ടെ. ഒരു കുട്ടിയുണ്ടായാല്‍ വീട്ടുകാര്‍ക്ക് മനം മാറ്റം വന്നോളും. ഇളയ മകളായതുകൊണ്ട് ഇവള്‍ കാരണം മറ്റുള്ളവരുടെ കല്യാണം മുടങ്ങി എന്നു പറയില്ല. മൂത്ത ഏട്ടന്‍റേയും രണ്ട് ചേച്ചിമാരുടേയും കല്യാണം കഴിഞ്ഞതാണ്. അവരുടെ കുടുംബത്തില്‍ പ്രശ്നമൊന്നും ഉണ്ടാവാതിരുന്നാല്‍ മതി.
ജനിച്ചനാള്‍ മുതല്‍ ഓമനിച്ചുവളര്‍ത്തിയ അച്ഛനേയും അമ്മയേയും എത്ര എളുപ്പത്തില്‍ വേണ്ടെന്നുവെച്ചു. അതും കണ്ടുപരിചയപ്പെട്ട ഒരുചെക്കനുവേണ്ടി. മക്കളില്ലെങ്കില്‍ ഇല്ല എന്ന ഒരുസങ്കടം മാത്രമേ ഉണ്ടാവൂ. കുട്ടികള്‍ ഈ രീതിയിലായാല്‍ അതിലേറെ സങ്കടമാവും.
''അരൂല്യേ ഇവിടെ''പുറത്ത് ആരോ വന്നിട്ടുണ്ട്. ഉറങ്ങാനോ പറ്റിയില്ല. വന്നത് ആരാണെന്ന് നോക്കട്ടെ. എഴുന്നേറ്റ് പുറത്തേക്ക് വന്നു. മുറ്റത്ത് നില്‍ക്കുന്നത് ശിവനാണ്, കൃഷ്ണന്‍കുട്ടിയുടെ മകന്‍. ഭാര്യവീട്ടിലാണ് ഇവന്‍റെ താമസം എന്നാണ് കേട്ടിട്ടുള്ളത് എന്താണോ ഇപ്പോഴിങ്ങോട്ട് വരാന്‍ കാരണം.
''ഞാന്‍ ആരോന്ന് വിചാരിച്ചു. എന്താ മുറ്റത്ത് നില്‍ക്കുണത്. ഉള്ളിലിക്ക് വാ''അവനെ ക്ഷണിച്ചു.
''വേണ്ടാ വല്യേപ്പോ, ഞാനിവിടെ ഉമ്മറത്തിരിക്കാം''അവനോടൊപ്പം തിണ്ടിലിരുന്നു.
''നിന്നെ കണ്ടിട്ട് കുറെ കാലായി. എന്തൊക്കീണ്ട് വിശേഷം''.
''അത് പറയാനാ ഞാന്‍ വന്നത്. എന്നെ വല്യേപ്പന്‍ സഹായിക്കണം''. എന്ത് സഹായമാണാവോ ഇവന് വേണ്ടത്. എന്തായാലും ചോദിച്ചു നോക്കാം.
''സഹായോ. എന്ത് സഹായം''.
''വീട്ടിലെ തമ്മില്‍ത്തല്ല് കാരണം ഞാന്‍ വീടുവിട്ട് ഇറങ്ങി. ഇത്രകാലം ഭാര്യടെ വീട്ടില്‍ കഴിഞ്ഞു. ഇപ്പൊ അതും പറ്റാത്ത അവസ്ഥ്യായി''.
''നിനക്ക് വീട്ടിന്ന് പോവണ്ട ഒരാവശ്യൂം ഉണ്ടായിരുന്നില്ല. നിനക്കൂല്യേ അതില്‍ അവകാശം''.
''പറഞ്ഞിട്ടെന്താ. സമാധാനത്തോടെ എന്തെങ്കിലും കഴിച്ച് കിടക്കാന്‍ പറ്റാണ്ടായാല്‍ എന്താ ചെയ്യാ. ഏട്ടന് നല്ല വരുമാനൂണ്ട്. അനിയന് ഗവര്‍മ്മെണ്ട് ജോലീം. എനിക്ക് അതൊന്നൂല്യാ. കൈക്കോട്ട് പണി എടുത്തിട്ട് വേണം എനിക്ക് കുടുംബം പോറ്റാന്‍. എന്നെക്കൊണ്ട് ഒരു ഉപകാരൂല്യാന്ന് അമ്മ പറയും. അമ്മയ്ക്ക് മറ്റേ രണ്ട് മക്കള്യാണ് ഇഷ്ടം''.
''ഇനി അതൊന്നും പറഞ്ഞിട്ട് കാര്യൂല്യാ. ഇപ്പെന്താ പ്രശ്നം''.
''പെണ്ണിന്‍റെ ചെറ്യേ ആങ്ങളചെക്കന്‍റെ കല്യാണം കഴിഞ്ഞതോടെ സ്ഥിതി മാറി. അവന്‍റെ കെട്ട്യോളടെ അന്തസ്സിന്ന് ഞങ്ങള് പോരാ. എന്നും തമ്മില്‍ അടികൂടാനേ നേരൂള്ളൂ''.
''നിനക്ക് വാടകയ്ക്കൊരു വീടെടുത്ത് കഴിഞ്ഞൂടേ''.
''ഒന്നാമത് എനിക്കതിനുള്ള വരുമാനൂല്യാ. പിന്നെ രണ്ട് പെണ്‍കുട്ട്യേള് വളര്‍ന്ന് വരുണുണ്ട്. സ്വന്തായിട്ട് ഒരു വീടില്ലെങ്കില്‍ മര്യാദയ്ക്കൊരു കല്യാണം വര്വോ''.
''അപ്പൊ നിനക്കൊരു വീട് വേണം. അത്ര്യല്ലേ ഉള്ളൂ''.
''നിങ്ങള് ഇടപ്പെട്ട് ആരക്കൊക്ക്യോ വീട് ശര്യാക്കി കൊടുത്തൂന്ന് കേട്ടു. എനിക്കും ഒരു വീടുണ്ടാവാന്‍ സഹായിക്കണം''.
''ശരി. നീ. വിഷമിക്കണ്ടാ. ഞാന്‍ നമ്മടെ പ്രസിഡണ്ടിനെ ഒന്നുകണ്ട് സംസാരിക്കട്ടെ. പഞ്ചായത്തിന്ന് വീട് കൊടുക്കും. അതിനുള്ള ഫണ്ട് ഉണ്ടോന്ന് ചോദിക്കട്ടെ''.
''ഞാനെന്താ വേണ്ടത്''.
''നീ രണ്ടുദിവസം കഴിഞ്ഞിട്ട് വാ. എന്തെങ്കിലും വഴീണ്ടാക്കാം''.
''എന്നാ ഞാന്‍ പോട്ടെ''ശിവന്‍ യാത്ര പറഞ്ഞ് പോയി. ഇനി ഉറങ്ങാന്‍ നേരമില്ല. വേലായുധന്‍റെ വീട്ടിലേക്ക് പോണം. അവന്‍റെ മകനെ കണ്ട് സംസാരിക്കണം. ഷര്‍ട്ടും മുണ്ടും മാറ്റി വാതില്‍ പൂട്ടി പുറത്തിറങ്ങി.
Comments
Post a Comment