അദ്ധ്യായം 41-50
ഭാഗം :-41.
''കുഞ്ച്വോട്ടോ, നിങ്ങള് ഇരിക്കിണ്വോ''അടുത്തെത്തുംമുമ്പുതന്നെ വാസു വിളിച്ചു ചോദിച്ചു.
''വേണ്ടാ. നിങ്ങള് കളിച്ചോ. എന്‍റേല് കാശില്ല''.
''അതിനിത് റമ്മ്യല്ല. അമ്പത്താറാണ്''അതുശരി. അഞ്ചുപേരും കൂടി തനിപ്പിടി കളിക്കുകയാണ്. ഒരാള്‍കൂടി ഉണ്ടെങ്കില്‍ രണ്ട് ടീമായിട്ട് കളിക്കാം. കുറെകാലമായി അമ്പത്താറ് കളിച്ചിട്ട്.
''സപ്പോര്‍ട്ടോ. കമഴ്ത്തി കള്യോ''.
''രാജേട്ടന് സപ്പോര്‍ട്ടറിയില്ല. നമുക്ക് കമഴ്ത്തി കളിക്കാം''.
''എന്നാല്‍ ടീമുണ്ടാക്കിന്‍''. കറുപ്പ് പുള്ളിയും ചുവപ്പ് പുള്ളിയുമുള്ള മുമ്മൂന്ന് കാര്‍ഡുകളെടുത്ത് വാസു കശക്കിവെച്ചു. എല്ലാവരും ഓരോ കാര്‍ഡെടുത്ത് നിവര്‍ത്തി കാണിച്ചു. വാസുവും രാജേട്ടനും വേശനും ഒരു ടിം. കാശുമണിയും പൊന്നപ്പനുമാണ് ഒപ്പമുള്ളത്. അവരോടൊപ്പം കളിക്കാന്‍ തീരെ ഇഷ്ടമില്ല. പക്ഷെ നിവൃത്തിയില്ലല്ലോ. അങ്ങിനെയല്ലേ ചീട്ട് കിട്ടിയത് .
''എന്താ ബെറ്റ്''ചീട്ടിടുംമുമ്പ് കാശുമണി ചോദിച്ചു.
''തോറ്റോര് ജയിച്ചോര്‍ക്ക് കള്ളുവാങ്ങികൊടുക്കണം''വാസു പറഞ്ഞു.
''ഈ പരിപാടിക്ക് ഞാനില്ല''ആദ്യമേ പറഞ്ഞു.
''അതെന്താ കുഞ്ച്വോട്ടാ''.
''കുറച്ചുദിവസത്തിക്ക് ഞാന്‍ കുടിക്കുണില്യാ''.
''എന്നാല്‍ ബിരിയാണി ആയാലോ''. അതിന് സമ്മതിച്ചു.
വേശന്‍ ചീട്ടുകശക്കിയിട്ടു. ആദ്യം കളിക്കേണ്ടത് പൊന്നപ്പനാണ്. അവന്‍ ഇരുപത്തെട്ട് വിളിച്ച് തുരുപ്പ് കമഴ്ത്തി. രാജേട്ടന്‍ മുപ്പത്തഞ്ച് വിളിച്ചു. കയ്യില്ല. വിളിച്ചു തോറ്റാല്‍ രണ്ട് ചീട്ട് കൊടുക്കണം. അവര്‍ ജയിച്ചാല്‍ ഒന്നല്ലേ വേണ്ടൂ. ചീട്ടിറക്കാറായി. ആ നേരത്ത് കാശുമണി മുപ്പത്താറ് വിളിച്ചു. വാസുവും വേശനും ഒന്നും പറഞ്ഞില്ല.
കളി തുടങ്ങി. പൊന്നപ്പന്‍റെ കയ്യില്‍ ഗുലാനൊന്നുമില്ലെന്ന് തോന്നുന്നു. അവന്‍ ഒരു കൂലിചീട്ട് ഇറക്കി. രാജേട്ടന്‍ അതിനെ ഗുലാനിട്ട് പിടിച്ചു. കൂടെ ഉള്ളവര്‍ ഒമ്പതും ഗുലാനും ഇട്ടുകൊടുത്തു. വീണ്ടും അയാള്‍ ഗുലാനിറക്കി. അതിനും എല്ലാവരും ചീട്ടിട്ടു. രണ്ടുപിടിയിലും കൂടി ഇരുപത്തൊന്നെണ്ണം. കളി തോറ്റു.
''എന്ത് കണ്ടിട്ടാടാ നീ വിളിച്ചത്''പൊന്നപ്പന്ന് ദേഷ്യം വന്നു.
''ഞാന്‍ ഒറ്റയ്ക്കല്ലല്ലോ. നിങ്ങള് രണ്ടാളുണ്ടായിട്ട് എന്താ പ്രയോജനം'' കാശുമണി പറഞ്ഞത് കേട്ടപ്പോള്‍ ദേഷ്യംവന്നു. തുലഞ്ഞുപോട്ടെ. ഒരു ചീട്ടിനുവേണ്ടി തമ്മില്‍ത്തല്ലണ്ടാ.
തൊട്ടടുത്ത രണ്ടുകളികളും എതിരാളികള്‍ ജയിച്ചു. ഇന്ന് ദിവസം നന്നല്ല. കൈ വരുന്നില്ല. വെറുതെ വിളിച്ചുതോറ്റ് ചീട്ട് കളയണ്ടാ. അടുത്ത കളി വാസുവാണ്. അവന്‍ ഇരുപത്തെട്ട് പറയുമ്പോഴേക്ക് കാശുമണി കയറി നാല്‍പ്പത് വിളിച്ചു. വാസു ഇറക്കിയ ഗുലാന് കാശുമണി ഇട്ടത് ഒമ്പത്. അടുത്ത് ഇറക്കലിനും അവന്‍ ചീട്ടിട്ടു. ആ പിടിയും എതിരാളികള്‍ക്ക്. കളി തോറ്റു. പൊന്നപ്പന്‍റെ വായില്‍നിന്ന് നല്ലൊരുതെറി വീണു. അവന്‍റെ മുഖത്തേക്ക് കാശുമണി കയ്യിലുള്ള ചീട്ട് വലിച്ചെറിഞ്ഞു. ആകപ്പാടെ ബഹളമായി.
''ഈ പരിപാടിക്ക് ഞാനില്ല''ചീട്ട് താഴെവെച്ച് എഴുന്നേറ്റു.
''പോട്ടെ കുഞ്ച്വോട്ടാ. നമുക്ക് ആദ്യേ തുടങ്ങാം''വേശന്‍ പറഞ്ഞുനോക്കി. ഇതുവരെ ആരേയും ഒരക്ഷരം പറഞ്ഞിട്ടില്ല. ഇനിയും കളി തുടര്‍ന്നാല്‍ അതുണ്ടാവും. അതുവേണ്ടാ. ദേവു അറിഞ്ഞാല്‍ മോശമാണ്. കച്ചറ കൂട്ടുകാരുടെ കൂടെ നടക്കരുത് എന്ന് രാവിലെ അവള്‍ പറഞ്ഞതാണ്.
''കുഞ്ച്വോട്ടാ, നിങ്ങള് രാവുത്തന്മാരടെ ബന്ധൂന്‍റെ കാറ് വാങ്ങുണൂന്ന് കേട്ടു''വാസു പറഞ്ഞു. രാവിലെ വേശനോട് പറഞ്ഞത് അവന്‍ ഇവിടെ വിളമ്പിയിട്ടുണ്ട്.
''ഉവ്വ്. അന്വേഷിക്കാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്''അവരുടെ ഉത്സാഹം കളയണ്ടാ.
''ഇവന്‍ സ്കൂട്ടി വാങ്ങുണുണ്ട്. നിങ്ങള് കാറ് വാങ്ങും. എനിക്ക് മാത്രം അതിനൊന്നും പറ്റില്ല''വാസു സ്വന്തം നിവൃത്തികേട് അറിയിച്ചു.
''സാരൂല്യെടാ. ഒക്കത്തിനും ഒരു സമയുണ്ട്. മാത്രോല്ല എന്‍റീം വേശന്‍റീം വണ്ടി നിന്‍റീംകൂടി ആണല്ലോ.''.
''ഞാന്‍ വീട്ടിലിക്ക് പോണൂ. നിങ്ങള് വരുണ്വോ''അവന്‍ ചോദിച്ചു.
''ഇല്ല. എനിക്ക് വേറെ ചില പണീണ്ട്''റോഡില്‍ കയറി നാലുംകൂടുന്ന മുക്കിലേക്ക് നടന്നു. മരച്ചുവട്ടിലെത്തുമ്പോഴേക്ക് തളര്‍ന്നുകഴിഞ്ഞു. എന്താ വെയിലിന്‍റെ ചൂട്. ഇക്കണക്കില്‍ മഴക്കാലം ആവുമ്പോഴേക്ക് മനുഷ്യന്‍ ഉരുകി ചാവും.
''കുഞ്ച്വോട്ടാ, എന്താ നിങ്ങളിവിടെ നില്‍ക്കുണ്''നോക്കിയപ്പോള്‍ രുഗ്മിണി.
''വെയിലിന്‍റെ ചൂടോണ്ട് നിന്നതാ. നീ എവിടുന്ന് വരുണൂ''.
''ഒന്നും പറയണ്ടാ. ഒരാളെ കണ്ട് കടം ചോദിക്കാന്‍ ചെന്നതാ. എനിക്ക് കുറച്ച് കഷ്ടൂള്ള സമയാണ്''.
''എന്നിട്ട് കാര്യം നടന്ന്വോ''.
''അയാളടെ കഷ്ടപ്പാടിന്‍റെ കൂട്ടംകേട്ടാല്‍ നമ്മടെ കയ്യില്‍ വല്ലതൂണ്ടെങ്കില്‍ അങ്കിട്ട് കൊടുക്കും''.
''എന്നാല്‍ നീ ചെല്ല്. നേരം വൈകണ്ടാ''.
''നിങ്ങക്ക് ലോട്ടറി കിട്ടീന്ന് കേട്ടു. ഒരു ഉപകാരം ചെയ്യിന്‍. എനിക്കൊരു പത്തായിരം തിരിച്ച് തരിന്‍. വെറുതെ വേണ്ടാ. കടായിട്ട് തന്നാ മതി''.
''നീ നല്ല ആള്. ലോട്ടറി കിട്ടീട്ട് ദിവസം എത്ര്യായി. ഞാനത് മുഴുവനും പൊലിച്ചു പാടീലേ''.
''ഇങ്ങന്യൊരു ചിലവാക്കലുണ്ടോ''.
''നിനക്കറിയാഞ്ഞിട്ടാണ്. ലോട്ടറി കിട്ട്യേ സന്തോഷത്തിന് കൂടെ നടക്കുണ അഞ്ചെട്ടെണ്ണത്തിന് എന്തെങ്കിലും വാങ്ങികൊടുക്കണ്ടേ. സമ്മാനം കിട്ട്യേ കാശുംകൊണ്ട് ബാറില് കേറ്യേതാ. ഉള്ള പൈസ മുഴുവനും അവിടെ തര്‍പ്പണപൂജ കഴിച്ചു''.
''ദേവൂനെക്കൊണ്ട് കയ്യിലാവാഞ്ഞിട്ടാണ്. ഞാനാണെങ്കില്‍ ഒരുപൈസ ചിലവാക്കാന്‍ സമ്മതിക്കില്ല''. അതുകൊണ്ടാണ് നിന്‍റെ കെട്ട്യോന്‍ നിന്നെ ഇട്ടിട്ട് പോയത് എന്ന് മനസ്സില്‍ പറഞ്ഞു.
''ശരി. നീ ചെല്ല്. ഇവിടെനിന്ന് നേരം കളയണ്ട''.
''ഒരു കാര്യം ചെയ്യിന്‍. എനിക്കൊരു നൂറുറുപ്പിക തരിന്‍. നിങ്ങളെന്നെ കല്യാണം കഴിക്കണേന്ന് മനസ്സില്‍ വിചാരിച്ച് നടന്ന ആളല്ലേ ഞാന്‍''.
''നിന്‍റെ മനസ്സില് അങ്ങിന്യൊരു ആഗ്രഹൂള്ളത് ഞാനറിഞ്ഞിട്ടില്ല. ഞാനൊട്ട് അങ്ങനെ ആഗ്രഹിച്ചിട്ടൂല്യാ''.
''ഞാനൊരു പൊട്ടിപ്പെണ്ണായതോണ്ട് ഉള്ളിലുള്ളത് പറഞ്ഞു. അല്ലാണ്ടെ ഒന്നൂല്യാ. ഒരു നൂറുറുപ്പിക തരിന്‍. ഞാന്‍ പോട്ടെ''. ശനിയന്‍ തുലഞ്ഞു പോട്ടെ എന്ന് മനസ്സില്‍ കരുതി നൂറിന്‍റെ ഒരു നോട്ടെടുത്ത് അവള്‍ക്ക് കൊടുത്തു.
ഭാഗം :-42.
ദേവു പണിമാറി എത്തുന്നതുവരെ കാത്തിരുന്നു. കൃഷ്ണന്‍കുട്ടിയുടെ വീട്ടിലേക്ക് പോവാനുണ്ട്. ആധാരത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് വാങ്ങണം.
''ഇന്നെന്താ നിങ്ങള് സായ്‌വിന്‍റെ വീട്ടിലിക്ക് വന്നില്ല''ദേവു വന്നു കയറിയതും ചോദിച്ചു.
''ഒന്നൂല്യാ. ഞാനിപ്പൊ എത്ത്യേതേ ഉള്ളൂ''.
''എവിട്യായിരുന്നു ഇത്രനേരം''.
''ശങ്കരേട്ടന്‍റെ ബന്ധൂന്‍റെകൂടെ താലൂക്ക് സപ്ലെ ഓഫീസിലിക്ക് പോയി''.
''എന്താ അവടെ കാര്യം''.
''അയാള്‍ക്ക് റേഷന്‍കാര്‍ഡില്ല. കുറച്ചുദിവസം മുമ്പ് അത് ശര്യാക്കി കൊടുക്ക്വോന്ന് എന്‍റടുത്ത് ചോദിച്ചു. ശരീന്ന് ഞാനും പറഞ്ഞു. ഇന്ന് ഉണ്ണാന്‍ ചെന്നപ്പൊ അയാള് ഹോട്ടലില്‍ എന്നെ കാത്ത് നില്‍ക്ക്വാണ്. പിടിച്ചപിട്യാലെ എന്നെ അയാളടെ വണ്ടീല്‍ കേറ്റീട്ട് പോയി''.
''എന്നിട്ട് ശര്യായോ''.
''അവടെ എനിക്ക് വേണ്ടപ്പെട്ട ആളുണ്ട്. ആ സാറിനെ അയാള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. ഇനി അവര് തമ്മിലായിക്കോട്ടെ''.
''ഇങ്ങനെ ഓരോരുത്തരടെ കാര്യത്തിന്ന് നടക്കും. നമുക്കൊരു വീടുണ്ടാക്കാന്‍ വയ്യ''.
''ഇന്ന് രാവിലെ പ്രസിഡണ്ട് വന്ന് നമ്മടെ വീട് നോക്കി. പുത്യേവീട് പാസാക്കിത്തരാന്ന് പറഞ്ഞു''.
''കാര്യം നടക്കുണവരെ അയാളെ ബുദ്ധിമുട്ടിച്ചോണ്ടിരിക്കിന്‍''. ഷര്‍ട്ടും മുണ്ടും മാറ്റി ഇപ്പോള്‍ വരാമെന്ന് ഭാര്യയോട് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങി. കൃഷ്ണന്‍കുട്ടിയുടെ മക്കള്‍ രണ്ടുപേരും എത്തിയിരിക്കുന്നു. അച്ഛനും മക്കളുംകൂടി കാര്യമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കയറിചെന്നത്.
''വല്യേപ്പന്‍ വന്നത് നന്നായി''മൂത്ത മകന്‍ കണ്ടതും പറഞ്ഞു''നാളെ രാവിലെ ഞങ്ങള്‍ വന്ന് കാണണംന്ന് പറഞ്ഞോണ്ടിരിക്ക്യാണ്''.
''എന്താ വിശേഷിച്ച്''.
''ഭാഗപത്രം എഴുതാന്‍ ഏല്‍പ്പിച്ചു. അത് പറയാനാണ്''.
''നിങ്ങള് രണ്ടാളും അവന് കൊടുക്കുണ പൈസ അതില്‍ കാണിക്കണ്ടേ''.
''എന്തിനാ അതൊക്കെ കാട്ടുണ്''.
''മനുഷ്യാവസ്ഥ്യാണ്. എപ്പഴാ ബുദ്ധിമാറ്വാന്ന് പറയാന്‍ പറ്റില്ല. അവന്‍റെ വീതം കുറഞ്ഞുപോയീന്ന് ആരെങ്കിലും പറഞ്ഞുണ്ടാക്കാന്‍ നിങ്ങളായിട്ട് ഇടവെക്കണ്ടാ''.
''ഞങ്ങള് രണ്ടാളും കൊടുക്കുണത് മുഴുവനും കാട്ടണോ''.
''അത് വേണംന്നില്ല. എന്നാലും ഒരുസംഖ്യ അതില്‍ എഴുതിചേര്‍ക്കുണത് നല്ലതാണ്''.
''എന്നാല്‍ ഇപ്പൊത്തന്നെ എഴുത്തുകാരനെ വിവരം വിളിച്ച് പറയാം''.
''ആ സ്ഥലത്തിന്‍റെ ആധാരൂണ്ടോ ഇവിടെ''.
''ഇല്ല. എല്ലാംകൂടി എഴുത്തുകാരന്‍റെ കയ്യില്‍ കൊടുത്തിരിക്ക്യാണ്''.
''ശരി. ഞാന്‍ നാളെ അയാളെ കാണാന്‍ പോണുണ്ട്. വേണച്ചാല്‍ നിങ്ങളും വരിന്‍ ''.
''ഞങ്ങള് രണ്ടാള്‍ക്കും പണീണ്ട്. അപ്പന്‍ വന്നാ മത്യാവ്വോ''ചെറിയവന്‍ ചോദിച്ചു.
''മതി. എന്താ അയാള് എഴുത്യേത് എന്ന് നോക്കണോലോ. നാളെ മേലാല്‍ ദോഷം വരാന്‍ പാടില്ല''.
''ഒക്കെ വല്യേപ്പന്‍ വേണ്ടപോലെ ശര്യാക്കിത്തരണം''.
''അത് എന്‍റെ ചുമതലേല്ലേ''കൃഷ്ണന്‍കുട്ടിയോട് രാവിലെ വീട്ടിലേക്ക് വരാന്‍ ഏല്‍പ്പിച്ച് തിരിച്ചുനടന്നു.
രാവിലെ ചായ ഉണ്ടാക്കാന്‍ ചായപ്പൊടീം പഞ്ചസാരയും ഇല്ല എന്ന് ദേവു പറഞ്ഞതാണ്. ഉച്ചയ്ക്ക് ഉണ്ണാന്‍ ചെല്ലുമ്പോള്‍ വാങ്ങാമെന്ന് കരുതി. സപ്ലെ ഓഫീസിലേക്ക് പോയതുകൊണ്ട് ആ കാര്യം മറന്നു. ഇപ്പോഴെങ്കിലും അത് വാങ്ങിയില്ലെങ്കില്‍ പറ്റില്ല. വേറെ എന്തെങ്കിലും വാങ്ങാനുണ്ടോ എന്ന് ദേവുവിനോട് ചോദിച്ചിട്ട് അങ്ങാടിയിലേക്ക് പോയാലോ എന്ന് ചിന്തിച്ചു. വേണ്ടാ, നേരം കളയാതെ സാധനങ്ങള്‍ വാങ്ങിയിട്ടു വരാം. ഉങ്ങിന്‍റെ ചുവട്ടിലെത്തുമ്പോള്‍ വേശനും വാസുവും ധൃതിയില്‍ വരുന്നത് കണ്ടു.
''എന്താ രണ്ടാളുംകൂടി ധൃതീല്''.
''കാശുമണി കള്ളുഷാപ്പില്‍ വന്ന ഒരാളെ തല്ലി. സംഗതി ആകെക്കൂടി പുലിവാലായിട്ടുണ്ട്''.
''എന്തിനാ അവന്‍ തല്യേത്''.
''അതറിയില്ല. ഞങ്ങള് പൊഴേന്ന് വരുണവഴിക്ക് ഷാപ്പില്‍ ചെന്നതാണ്. അപ്പൊ ഇതാ വിശേഷം''.
''നിങ്ങള്‍ക്ക് കാര്യം ചോദിക്കായിരുന്നില്ലേ''.
''ഞങ്ങള് കുഞ്ച്വോട്ടനെ കൂട്ടീട്ട് ചെന്ന് സംസാരിക്കാന്ന് വിചാരിച്ച് വന്നതാ''.
''നോക്കിന്‍, ഒരുകാര്യം ഞാന്‍ പറയാം. കാശുമണിടെ വിഷയത്തില് ഞാന്‍ ഇടപെടില്ല''.
''എന്നാലും ഒരാപത്ത് വരുമ്പൊ സഹായിക്കണ്ടേ കുഞ്ച്വോട്ടാ''.
''വേണം. പക്ഷെ ഈ മാതിരി സാധനങ്ങളെ സഹായിക്കാന്‍ ഞാനില്ല. അതോണ്ട് വരുണ ദോഷം ഞാന്‍ അനുഭവിച്ചോളാം''.
''നിങ്ങള് മാറിനില്‍ക്ക്വാണച്ചാല്‍ ഞങ്ങളൂല്യാ. എന്താച്ചാല്‍ അവന്‍ അനുഭവിച്ചോട്ടെ''.
''എനിക്ക് വേണ്ടീട്ട് നിങ്ങളവനെ സഹായിക്കാണ്ടെ ഇരിക്കണ്ടാ. ഞാന്‍ എന്‍റെ കാര്യം പറഞ്ഞു. അത്രേന്നെ''.
''ഞങ്ങള്‍ക്ക് അവനേക്കാളും വേണ്ടത് നിങ്ങളാണ്. നിങ്ങള്‍ക്കവനെ വേണ്ടെങ്കില്‍ ഞങ്ങള്‍ക്കും വേണ്ടാ''.
''എന്നാ ശരി. ഞാന്‍ കടേലിക്ക് പോട്ടെ. ഒന്നുരണ്ട് സാധനങ്ങള് വാങ്ങണം''.
''ഞങ്ങളും വരുണുണ്ട്. തട്ടുകടേന്ന് എണ്ണക്കടീം ചായീം വാങ്ങി കഴിക്കാം''. അവരോടൊപ്പം നാലുംകൂടുന്ന മുക്കിലേക്ക് നടന്നു
ഭാഗം :-43.
ഒമ്പതുമണി കഴിഞ്ഞിട്ടും കൃഷ്ണന്‍കുട്ടിയെ കാണാനില്ല. യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത സാധനം. ഒരുകാര്യം പറഞ്ഞാല്‍ അതു പോലെ ചെയ്യണ്ടേ. കുറച്ചുനേരം കൂടി നോക്കാം. കണ്ടില്ലെങ്കില്‍ ആ പൊലംകെട്ടവന്‍റെ വീട്ടില്‍ പോയി വിളിയ്ക്കാം.
''വീടിനുള്ള അപേക്ഷ കൊടുക്കണ്ടേ''എന്ന് ദേവു പറഞ്ഞിരുന്നു. ഇന്ന് പഞ്ചായത്തില്‍ ചെന്ന് അതിന്ന് വെണ്ടതൊക്കെ അന്വേഷിക്കണം. ഒരു അപേക്ഷാഫോം വാങ്ങി പൂരിപ്പിച്ച് കൊടുക്കാനുണ്ട്. വീട് അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റില്‍ കൂടാന്‍ പാടില്ല, കിട്ടുന്ന ധനസഹായം നാലു ലക്ഷം രൂപയാണ് എന്ന രണ്ടുകാര്യങ്ങളറിയാം. ബാക്കി കാര്യങ്ങളൊക്കെ ചോദിച്ചറിയാനുണ്ട്.
അഞ്ഞൂറ് സ്ക്വയര്‍ ഫീറ്റ് വീടുതന്നെ ധാരാളമാണ്. ആകെയുള്ളത് രണ്ടുപേര്‍. മക്കളും പേരമക്കളും ഒന്നുമില്ല. വരാനും പോവാനും ആരുമില്ല. കിടക്കാന്‍ ഒരുമുറി, അതിനോട് ചേര്‍ന്ന് കുളിമുറിയും കക്കൂസും. ഒരു അടുക്കള, കുറച്ചുനേരം ടി.വി. കണ്ടിരിക്കാനൊരു വലിയമുറി. ആരെങ്കിലും വന്നാല്‍ ഉമ്മറത്തിരുന്ന് വര്‍ത്തമാനം പറയാന്‍ ചെറുക്കനെ ഒരുസ്ഥലം. ഇതൊക്കെ മതി. പ്ലാന്‍ വരപ്പിച്ച് പ്രസിഡണ്ടിന്ന് കാണിച്ചുകൊടുക്കാം. പിന്നീട് അവിടെ തകരാറുണ്ട്, ഇവിടെ തകരാറുണ്ട് എന്നൊന്നും പറയാന്‍ ഇടവരരുത്.
ചാമി ആശാരിയെ കൂട്ടീട്ടുവന്ന് കുറ്റി തറയ്ക്കണം. പഴയ ആളാണ്. പഠിപ്പും പത്രാസും ഇല്ല എന്നേയുള്ളു. എന്നാലും നല്ല വിവരമുണ്ട്. എട്ടുപത്ത് വീടുകള്‍ക്ക് കുറ്റി തറയ്ക്കാന്‍ അയാളെ ഏര്‍പ്പാടാക്കി കൊടുത്തിട്ടുണ്ട്. ആരോടും ഇന്നത് വേണം എന്നയാള്‍ ചോദിക്കില്ല. കൊടുത്തത് വാങ്ങി സന്തോഷത്തോടെ പോവും. ആധാറും റേഷന്‍ കാര്‍ഡും വീടിന്‍റെ ആധാരവും ഇരുമ്പുപെട്ടി തുറന്നെടുത്തു. എന്ത് കാര്യത്തിനും ആധാര്‍കാര്‍ഡ് വേണം. എല്ലാറ്റിന്‍റേയും ഫോട്ടോസ്റ്റാറ്റ് എടുത്തുവെക്കാം.
''കുഞ്ച്വോ''മുറ്റത്തുനിന്ന് കൃഷ്ണന്‍കുട്ടിയുടെ ഒച്ച കേട്ടു.
''നിന്നെ കാണാതായപ്പോള്‍ അന്വേഷിച്ചു വരണ്ടിവര്വോന്ന് വിചാരിച്ചു''.
''നീ രാവിലെ എണീറ്റ് പുറപ്പെടണ്ടേ. അത് കണക്കാക്കി വന്നതാണ്''.
''ഞാന്‍ എന്തെങ്കിലും ഏറ്റാല്‍ നേരം വൈകിക്കില്ല. ഇത്രനേരം നിന്നെ കാത്തിരിക്ക്യായിരുന്നു.
''എന്നാ വാ. ഇനി നേരം കളയണ്ടാ''വീടുപൂട്ടി അവനോടൊപ്പം നടന്നു. പോവുന്നവഴിക്ക് രേഖകളുടെ ഫോട്ടോസ്റ്റാറ്റ് എടുത്തുവെച്ചു. ആധാരം എഴുത്തുകാരന്‍റെ ഓഫീസില്‍ നാലഞ്ചുകൂട്ടര്‍ കാത്തുനില്‍പ്പുണ്ട്.
''ഇന്നലെ എഴുതാന്‍ തന്ന ഭാഗപത്രത്തില്‍ ഒരുകാര്യം ചേര്‍ത്താനുണ്ട്'' കൃഷ്ണന്‍കുട്ടി അയാളോട് പറഞ്ഞു.
''എന്താ സംഗതി''. മൂന്നുമക്കള്‍ക്കും സ്വത്ത് തുല്യമായി വീതം വെച്ചു എന്നുവരുത്താന്‍ രണ്ടാമന് മറ്റുരണ്ടുപേര്‍ പണംകൊടുക്കുന്നകാര്യം ആധാരത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞുമനസ്സിലാക്കി.
''ഇന്നലെ ഇയാളുടെ മകന്‍ ഫോണ്‍ ചെയ്ത് ഇതിനെക്കുറിച്ചെന്തോ പറഞ്ഞു. എന്താ പറഞ്ഞത് എന്ന് അവനും അറിയില്ല, എനിക്കും അറിയില്ല''.
''അതല്ലേ ഞാന്‍ തന്നെ വന്നത്''.
''നിങ്ങള് കാര്യങ്ങള്‍ മുന്‍കൂര്‍ കണ്ടത് നന്നായി. ഞാനത് ചേര്‍ത്തോളാം'' അയാള്‍ സമ്മതിച്ചു. പുഴവക്കത്തെ ഭൂമിയുടെ ആധാരം വാങ്ങി നോക്കി. അതും പിന്‍തുടര്‍ച്ചാവകാശപ്രകാരം കൈവന്നതാണ്. ആധാരം വാങ്ങി അതിന്‍റെ ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ കൃഷ്ണന്‍കുട്ടിയെ ഏല്‍പ്പിച്ചു.
''നിങ്ങളുടെ ആരാണ് ഇവര്''കൃഷ്ണന്‍കുട്ടി ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ പോയപ്പോള്‍ ആധാരമെഴുത്തുകാരന്‍ ചോദിച്ചു.
''ഒരേ കുടുംബ്വാണ്. അത്രേള്ളൂ''.
''പണം കൊടുക്കുന്നകാര്യം ചേര്‍ക്കണം എന്ന് നിങ്ങള് പറഞ്ഞതോണ്ട് ഞാന്‍ പറയ്യാണ്. ഇതെന്താ ഇങ്ങനെ ഒരുഭാഗംന്ന് എനിക്ക് തോന്നീരുന്നു. രണ്ടാള്‍ക്ക് കൂടുതലും ഒരുത്തന് കുറവും. ആ രണ്ടാള്‍ക്ക് വീട്ട് തൊടീല് സ്ഥലം. മറ്റോന് ദൂരെ ഒരു ദിക്കില്. അതൊക്കെ കണ്ടപ്പൊ എന്തോ ഒരു യോജിപ്പില്ലാത്തപോലെ തോന്നി. പിന്നെ എനിക്കെന്താ അതില്. അവര് എഴുതാന്‍ പറയുണത് എഴുതികൊടുക്കുണൂ. അല്ലാതെന്താ''.
''അത് കണക്കാക്കീട്ടാ അവന് രണ്ടാളും പൈസ കൊടുക്കുണത്''.
''മദ്ധ്യസ്ഥം പറയുന്ന ആള് നിങ്ങളെപ്പോലെ ആവണം. അല്ലെങ്കില്‍ വീതംവെപ്പ് ശരിയാവില്ല''.
''എന്നയ്ക്കാ ഭാഗപത്രം റജിസ്ട്രാക്ക്വാ''.
''എപ്പൊ വേണച്ചാലും റെഡി. ഇപ്പൊ പണ്ടത്തെപ്പോലെ തിരക്കില്ല. സ്ഥലകച്ചോടം വളരെ കമ്മ്യാണ്''.
''എന്നാല്‍ നാളയ്ക്കന്നെ ആക്കിക്കോളിന്‍''. ശിവന് പഞ്ചായത്തില്‍ അപേക്ഷ കൊടുക്കാനുള്ളതാണ്. ഈ സ്ഥലം കിട്ടിയിട്ടുവേണം അത് രാവുത്തന്മാര്‍ക്ക് കൊടുക്കാന്‍. അവരുടെ സ്ഥലം കയ്യില്‍ വന്നാലേ അപേക്ഷ കൊടുക്കാന്‍ പറ്റൂ.
കൃഷ്ണന്‍കുട്ടി ഫോട്ടോസ്റ്റാറ്റ് എടുത്തിട്ടുവന്നു. അത് കയ്യില്‍ വാങ്ങി ബാക്കി എഴുത്തുകാരനെ ഏല്‍പ്പിച്ച് അവനോടൊപ്പം തിരിച്ചുനടന്നു.
ഭാഗം :-44.
''ഇന്യേന്താ നിന്‍റെ പരിപാടി''നടക്കുമ്പോള്‍ കൃഷ്ണന്‍കുട്ടി ചോദിച്ചു.
''പഞ്ചായത്ത് ഓഫീസില്‍ പോവാനുണ്ട്. പ്രസിഡണ്ടിനെ കാണണം''.
''ഞാന്‍ വീട്ടിലിക്ക് പൊയ്ക്കോട്ടെ''.
''ശരി.പൊയ്ക്കോ. ഞാന്‍ വരാന്‍ വൈകും''.
''എന്നാ വാ. ഹോട്ടലില്‍ കേറി ഒരുചായ കുടിച്ചിട്ട് നമുക്ക് പിരിയാം''.
''അതിന് വേണ്ടി ഹോട്ടലിലൊന്നും കേറണ്ടാ. ഈ ചായപ്പീടീന്ന് മതി''. അവനോടൊപ്പം വഴിവക്കത്തെ ടീ സ്റ്റാളിലേക്ക് ചെന്നു. ഭാഗപത്രം റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞ് വെവ്വേറെ പിരിഞ്ഞാല്‍ ശിവന്‍റെ കാര്യം എന്താവും എന്ന ആശങ്ക കൃഷ്ണന്‍കുട്ടിക്കുണ്ട്. അവനത് പറഞ്ഞു.
''മൂന്നാളിലുംവെച്ച് കഴിവ് കുറഞ്ഞത് അവനാണ്. അതാ എനിക്ക് സങ്കടം''.
''ദൈവം എന്തെങ്കിലും ഒരുവഴി കണ്ടിട്ടുണ്ടാവും. അതാലോചിച്ച് സമാധാനിക്ക്യാ''.
റോഡില്‍നിന്ന് ഏതോ ഒരു വാഹനം പെട്ടെന്ന് ബ്രേക്കിടുന്നതിന്‍റെ ശബ്ദം ഉറക്കെ കേട്ടു. എഴുന്നേറ്റ് അങ്ങോട്ടേക്ക് നോക്കി. ഒരു കാര്‍ നിര്‍ത്തിയിരിക്കുന്നു. ആളുകള്‍ അതിനരികിലേക്ക് ഓടുകയാണ്. അപകടം നടന്നുവെന്ന് തോന്നുന്നു.
''വാടാ, എന്താന്ന് നോക്ക്വാ''ചായയ്ക്ക് നില്‍ക്കാതെ കൃഷ്ണന്‍കുട്ടിയെ കൂട്ടിക്കൊണ്ട് അങ്ങോട്ടേക്ക് ഓടി. റോഡില്‍ ഒരാള്‍ വീണുകിടപ്പുണ്ട്. കാറിടിച്ചതാവും. അടുത്ത് ചെന്നുനോക്കി. അങ്ങാടിയില്‍ പതിവായി കാണുന്ന ഭിക്ഷക്കാരന്‍ കിഴവനാണ്.
''കെഴവന്‍ എങ്കിട്ടും നോക്കാതെ ഓടി കടന്നതാണ്''ആരോ പറയുന്നത് കേട്ടു.
''കാറുകാരന്‍റെ ഭാഗത്ത് തെറ്റില്ല. അയാള്‍ ബ്രേക്ക് നന്നായി ചവിട്ടീട്ടുണ്ട്''. ദൃക്ഷാക്ഷികള്‍ പറയുന്നത് കേട്ടു. സംഗതി ശരിയാവും. റോഡില്‍ ടയറിന്‍റെ അടയാളം പതിഞ്ഞത് കാണാനുണ്ട്. റോഡില്‍ കിടക്കുന്ന വയസ്സന്‍റെ മൂക്കില്‍നിന്നും ചെവിയില്‍നിന്നും രക്തം ഒഴുകുന്നുണ്ട്. തലയ്ക്ക് അടിപറ്റിയതാണ്.
''വേഗം ആസ്പത്രിക്ക് കൊണ്ടുപോവിന്‍''കൂടിയവര്‍ പറഞ്ഞു.
''അയാളെ കാറില്‍ കേറ്റിക്കോളിന്‍''കാറുകാരന്‍ കൊണ്ടുപോവാന്‍ തയ്യാറാണ്. പക്ഷെ സഹായത്തിന്ന് ആരെങ്കിലും കയറണം. ഒരാളും അതിന്ന് തയ്യാറല്ല.
''കൃഷ്ണന്‍കുട്ട്യേ വാടാ, നമുക്കയാളെ കൊണ്ടുപോവാം''കൂട്ടുകാരനെ വിളിച്ചു.
''നീ വേണ്ടാത്ത പണിക്ക് നിക്കണ്ട. കേസ്സും കൂട്ടൂം പൊലീസും ഒക്കെ ആയി തൂങ്ങിത്തിരിയും''അവന്‍ പറഞ്ഞു,
''ഒരാള് അടിപെട്ട് കിടക്കുമ്പഴാ ഇതൊക്കെ നോക്ക്വാ. നാളെ നിനക്ക് ഇങ്ങന്യൊരു അവസ്ഥ വരില്യാന്ന് ആര് കണ്ടു''. ആ പറഞ്ഞതൊന്നും ഏശിയില്ല.
''ശരി. ഞാന്‍ വരാം. അയാളെ കേറ്റിത്തരിന്‍''രേഖകള്‍ സൂക്ഷിച്ച സഞ്ചി കൃഷ്ണന്‍കുട്ടിയെ ഏല്‍പ്പിച്ച് കാറിന്‍റെ പിന്‍സീറ്റില്‍ കയറി. പരിക്ക് പറ്റിയ ആളെ കുറെപേര്‍ ചേര്‍ന്ന് മടിയില്‍ കിടത്തി. വാഹനം സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് കുതിച്ചു.
''ആരാ ഇയാള്''കുറച്ചുദൂരം പിന്നിട്ടപ്പോള്‍ കാറോടിക്കുന്ന ആള്‍ പിന്നാക്കം തിരിഞ്ഞ് ചോദിച്ചു. കാഴ്ചയ്ക്ക് പരമയോഗ്യന്‍. ഏതോ വലിയ ഉദ്യോഗസ്ഥനാണെന്ന് തോന്നുന്നു.
''ഇവിടെ അലഞ്ഞുതിരിഞ്ഞ് പിച്ചയെട്ക്കുന്ന ആളാണ് സാറേ''.
''പെട്ടെന്ന് ഓടികടന്നതാണ്. ബ്രേക്ക് ചെയ്ത് കാറ് നില്‍ക്കാനുള്ള ഗ്യാപ്പ് കിട്ടണ്ടേ''.
''ശ്രദ്ധിക്കാതെ കടന്നതാവും''.
''ഇവിടുത്തെ ആള്‍ക്കാര്‍ നല്ലവരാണ്. ചില ദിക്കില്‍ അപകടം നടന്നാല്‍ വാഹനം നിര്‍ത്താന്‍ പറ്റില്ല. അടി കഴിഞ്ഞിട്ടേ എന്തെങ്കിലും ചോദിക്കൂ''.
''ഒക്കെ കണക്കന്നെ സാറേ. ഈ വണ്ടീല് കേറാന്‍ ഒരാള് വന്ന്വോ. തടീല് തട്ടുണത് ചെയ്യാന്‍ ആരും വരില്ല. ആള്‍ക്കാരുക്ക് കേസ്സ് ആവ്വോന്നാ പേടി''.
''നിങ്ങള് പേടിക്കണ്ടാ. നിങ്ങള്‍ക്ക് ബുദ്ധിമുട്ട് വരാതെ ഞാന്‍ നോക്കും''.
''എനിക്ക് അങ്ങനത്തെ പേട്യോന്നൂല്യാ സാറേ. ഞാന്‍ സഹായിക്കാന്‍ വന്നൂന്നല്ലാതെ ഒരുതെറ്റും ചെയ്തിട്ടില്ലല്ലോ''.
''ഇയാള്‍ക്ക് എങ്ങനെയുണ്ട്''. അപ്പോഴാണ് അയാളെ ശ്രദ്ധിച്ചത്. ആള് ചലനമൊന്നുമില്ലാതെ കിടപ്പാണ്. കൈത്തണ്ടയില്‍ പിടിച്ചുനോക്കി. മിടിപ്പ് തോന്നുന്നുണ്ട്.
''മിടിപ്പുണ്ട്''. ജില്ല ആസ്പത്രിയിലേക്ക് കാര്‍ കയറി. കാറ് ഓടിച്ച ആള്‍ അകത്തേക്ക് ചെന്നു. മിനുട്ടുകള്‍ക്കകം സ്ട്രെച്ചര്‍ വന്ന് പരിക്കേറ്റ ആളെ അതില്‍കിടത്തി അകത്തേക്ക് നീങ്ങി. അത്യാഹിത വിഭാഗത്തിലേക്ക് ആ സംഘത്തോടൊപ്പം നടന്നു. ഷര്‍ട്ടും മുണ്ടും ചോരയില്‍ കുതിര്‍ന്നിട്ടുണ്ട്. ആരൊക്കേയോ ചുറ്റുംകൂടി വിവരങ്ങള്‍ അന്വേഷിക്കുകയാണ്. കാര്‍ ഓടിച്ച ആള്‍ അല്‍പ്പനേരം കഴിഞ്ഞതും വന്നു.
''അയാളുടെ കണ്ടീഷന്‍ ശരിയല്ല. കഴിയാറായീന്നാ തോന്നുന്നത്. ഞാന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോവ്വാണ്. എന്തെങ്കിലും ആവശ്യം വന്നാല്‍ ഇതിരിക്കട്ടെ''അയാള്‍ പേഴ്സില്‍നിന്ന് അഞ്ഞൂറിന്‍റെ കുറച്ച് നോട്ടുകള്‍ എടുത്തുനീട്ടി.
''സാറുംകൂടി പോയാല്‍ ഞാനെന്താ ചെയ്യാ''അയാളോട് ചോദിച്ചു.
''പേടിക്കണ്ടാ. ഞാനൊരു ഡോക്ടറാണ്. വൈകാതെ ഞാന്‍ തിരിച്ചു വരും. എന്തെങ്കിലും വേണമെങ്കില്‍ നിങ്ങളെന്നെ വിളിച്ചോളൂ. എന്‍റെ മൊബൈല്‍ നമ്പര്‍ ഈ കാര്‍ഡിലുണ്ട്''.
''സാറേ, അയാള് കാഞ്ഞാല്‍ കേസ്സാവില്ലേ''.
''ആവും. അത് അറിയുന്നതുകൊണ്ട് വേണ്ട നടപടികള്‍ ചെയ്യാനാണ് പോവുന്നത്''അയാള്‍ തുടര്‍ന്നു''എന്‍റെ ഒരമ്മാമന്‍ ഡി.വൈ.എസ്.പി ആണ്. ഇളയച്ഛന്‍ വക്കീലാണ്. അവരെ കണ്ട് വേണ്ടത് ചെയ്യണം''.
''അവരെ ഫോണില്‍ വിളിച്ച് പറഞ്ഞാല്‍ പോരേ''.
''പോരാഞ്ഞിട്ടല്ല. എന്നാലും നേരില്‍ പറയുന്നമാതിരിയാവില്ല. വേറൊരു കാര്യം കൂടിയുണ്ട്. നിങ്ങളുടെ വസ്ത്രങ്ങള്‍ ചോരയില്‍ മുങ്ങിയിട്ടുണ്ട്. അത് മാറ്റാന്‍ വേറെ തുണി വാങ്ങണ്ടേ''.
അയാള്‍ നീട്ടിയ കാര്‍ഡും പൈസയും വാങ്ങി പോക്കറ്റിലിട്ടു. മുറ്റംവരെ അയാളോടൊപ്പം നടന്നു. ഗെയിറ്റ് കടന്ന് കാര്‍ റോഡിലിറങ്ങുന്നതുവരെ നോക്കിനിന്നു.
ഭാഗം :-45.
ഉങ്ങിന്‍ചുവട്ടില്‍ കാറില്‍ വന്നിറങ്ങുമ്പോള്‍ സമയം രാത്രി എട്ടുമണി. രാവിലെ വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. കാണാഞ്ഞിട്ട് ദേവു പരിഭ്രമിച്ച് ഇരിക്കുന്നുണ്ടാവും.
''വീട്ടിലെത്തിക്കണോ''ഡോക്ടര്‍ ചോദിച്ചു.
''വേണ്ടാ സാര്‍. ഇനി കുറച്ച് ദൂരേള്ളൂ. അത്വോല്ല, എന്‍റെ വീട്ടിലിക്ക് കാറ് പോവില്ല''.
''എന്നാല്‍ ഞങ്ങള്‍ പോവുന്നു''കാറ് തിരിച്ചുപോവുന്നതും നോക്കി നിന്നു. ഡോക്ടറുടെ അളിയനാണ് കാറോടിക്കുന്നത്. അയാളും ഒരു ഡോക്ടറാണ്. കാറ് മാറിയതുകണ്ട് ചോദിച്ചപ്പോള്‍ അളിയന്‍റെ കാറാണെന്ന് പറഞ്ഞു. നല്ല ചുറ്റുപാടുള്ളവരാണ് ഇവര്‍. മരിച്ച ആളോ ? അനാഥനായ പിച്ചക്കാരന്‍. കേസ്സ് എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
തെരുവുവിളക്കുകളുള്ളതുകൊണ്ട് വഴി കാണാന്‍ ബുദ്ധിമുട്ടില്ല. രാത്രിനേരത്ത് പുറത്തിറങ്ങുമ്പോള്‍ ടോര്‍ച്ച് കയ്യില്‍ കരുതും. ഇത് പ്രതീക്ഷിക്കാത്തതല്ലേ.
''ഇതേതാ ഷര്‍ട്ടും മുണ്ടും''അകത്തേക്ക് കയറുംമുമ്പേ ദേവു ചോദിച്ചു.
''ഞാനിട്ട ഷര്‍ട്ടും മുണ്ടും ചോരേല് മുങ്ങി. ഇത് പുതുതാണ്''.
''അയാള് ചത്ത്വോല്ലേ. ഞാന്‍ വിവരം അറിഞ്ഞു. പിന്നെന്താ നിങ്ങളിത്ര വൈക്യേത്''.
''അങ്ങിനെ ഇട്ട് വരാന്‍ പറ്റ്വോ. പോലീസ് കേസായില്ലെ. അവര് എന്‍റെ മൊഴിയെടുക്കാന്‍ വന്നൂ''.
''നിങ്ങള്‍ക്ക് കുഴപ്പാവ്വോ''.
''എനിക്കെന്താ കുഴപ്പം''വസ്ത്രം മാറുന്നതിനിടയില്‍ പറഞ്ഞു''പോലീസ് എന്‍റടുത്ത് അപകടം കണ്ട്വോന്ന് ചോദിച്ചു. ഞാനും കൃഷ്ണന്‍കുട്ടീംകൂടി ചായ കുടിക്ക്യായിരുന്നു. സഡന്‍ ബ്രേക്കിടുന്ന ശബ്ദംകേട്ട് നോക്ക്യേപ്പൊ കാറ് നില്‍ക്കുണതാണ് കണ്ടത്. ഓടിച്ചെന്ന് നോക്ക്യേപ്പൊ കാറ് തട്ട്യേ ആള് റോഡില് കിടക്കുണത് കണ്ടു. ഇതാ ഞാന്‍ പറഞ്ഞത്''.
''പിന്നെ എന്തെങ്കിലും ചോദിച്ച്വോ''.
''മരിച്ച ആളെ പരിചയൂണ്ടോന്ന് ചോദിച്ചു. എനിക്ക് അടുപ്പോന്നൂല്യാ. അയാള് പിച്ച തെണ്ടുണത് കാണാറുണ്ടെന്ന് പറഞ്ഞു''.
''ഇനി ഇതിന് കോടതി കേറണ്ടി വര്വോ''.
''സമന്‍സ് വന്നാല്‍ പോണ്ടിവരും''.
''എന്താ ഉണ്ടാവ്വാന്നാ എനിക്ക് പേടി''.
''എന്തിനാ പേടിക്കുണത്. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പരിക്ക് പറ്റ്യേ ആളെ ആസ്പത്രിക്ക് കൊണ്ടുപോവാന്‍ സഹായിച്ചു. അത്ര്യല്ലേ ഉള്ളൂ. അതിന് തൂക്കിക്കൊല്ലാന്‍ വിധിക്കില്ല''.
''നിങ്ങള് എന്തെങ്കിലും കഴിച്ച്വോ''.
''ഇല്ല. എന്തെങ്കിലും വേണോന്ന് കാറ് ഓടിച്ച ആളും കൂടേള്ള അയാളടെ അളിയനും ചോദിച്ചു. അവര് രണ്ടാളും ഡോക്ടര്‍മാരാണ്. നമ്മള് ചായ കുടിക്കാന്‍ അവരടൊപ്പം ചെല്ലുണത് ശര്യല്ല''.
''ഡോക്ടറടെ പേരില്‍ കേസാവില്ലേ''.
''ആവും. അതിനെന്താ. മൂപ്പരുടെ അമ്മാമന്‍ ഡി.വൈ.എസ്.പി ആണ്, ഇളയച്ഛന്‍ വക്കീലും. ചത്തതോ പിച്ചക്കാരന്‍. തെറ്റ് അവന്‍റെ ഭാഗത്ത്. ഒന്നും ഉണ്ടാവാന്‍ പോണില്ല''.
''കഞ്ഞി വിളമ്പട്ടെ''.
''വിളമ്പ്. ഉച്ചയ്ക്ക് ഹോട്ടലിന്ന് ഒരുപിടി ചോറ് ഉണ്ടതാണ്. നമുക്ക് വേണ്ടപ്പെട്ട ആളല്ലെങ്കിലും മരിക്കുണതിന്ന് മുമ്പ് അയാള് എന്‍റെ മടീല് കിടന്നതല്ലേ. ആ മുഖം ആലോചിച്ചപ്പൊ ചോറ് ഇറങ്ങീലാ''.
''സാരൂല്യാ. അയാളോട് അങ്ങന്യൊരു കടം ഉണ്ട് എന്ന് കരുത്യാല്‍ മതി''. ചെറുപയറ് കൂട്ടാനും പയറിന്‍ കൊണ്ടാട്ടവുംകൂട്ടി കഞ്ഞി കുടിക്കാന്‍ തുടങ്ങി.
''നിങ്ങള് ചെയ്തത് നല്ല കാര്യായി എന്നെങ്കിലും ദൈവം അതിന് പ്രതിഫലം തരും എന്നൊക്കെ സായ്‌വിന്‍റെ ഭാര്യ പറഞ്ഞു''.
''രാവിലെ ആസ്പത്രീല് വെച്ചിട്ട് ആ ഡോക്ടറ് അഞ്ഞൂറിന്‍റെ കുറച്ച് നോട്ടുകള് എന്‍റേല് തന്നു. വല്ല ആവശ്യൂം വന്നാല്‍ ചിലവാക്കാന്‍ തന്നതാ. ഞാന്‍ എണ്ണിനോക്ക്യേപ്പൊ അതില് പത്ത് നോട്ടുണ്ട്. ആസ്പത്രീല് ഒരു പൈസ ചിലവ് വന്നില്ല. ഞാനത് മടക്കി കൊടുത്തപ്പൊ വേണ്ടാ, കയ്യില് വെച്ചോളിന്‍ എന്നുപറഞ്ഞു''.
''വല്യേ ആള്‍ക്കാരക്ക് അതൊന്നും കാര്യാവില്ല''.
''കുഞ്ചൂന്ന് എന്തെങ്കിലും ആവശ്യൂണ്ടെങ്കില്‍ എന്നെ വന്ന് കാണണംന്ന് പറഞ്ഞു. മൂപ്പര് ഹാര്‍ട്ടിന് ചികിത്സിക്കുണ ആളാണത്രേ''.
''ഒരു ആവശ്യൂം വരാതെ ദൈവം കാത്താല്‍ മതി''.
''ഞാന്‍ കൃഷ്ണന്‍കുട്ടിടെ കയ്യില് ഒരുസഞ്ചി കൊടുത്തുവിട്ടിരുന്നു''.
''കടലാസ്സ് വെച്ച സഞ്ച്യല്ലേ. അത് കൊണ്ടുവന്ന് തന്നിട്ടുണ്ട്''.
''പഞ്ചായത്തില്‍ പോണംന്ന് വിചാരിച്ചതാ. അത് മുടങ്ങി''.
''അത് നാളെ പോവാം. ഇന്ന് സമാധാനായിട്ട് കിടക്കിന്‍''.
ഊണു കഴിഞ്ഞ് പായ വിരിച്ചുകിടന്നു. മരിച്ച പിച്ചക്കാരന്‍റെ മുഖമാണ് മനസ്സില്‍. പാവം. രാവിലെ ഭിക്ഷയ്ക്ക് ഇറങ്ങുമ്പോള്‍ ഇന്ന് ഇങ്ങിനെ വരുമെന്ന് അയാള്‍ കരുതീട്ടുണ്ടാവില്ല. ഇത്രയേ ഉള്ളൂ മനുഷ്യന്‍റെ അവസ്ഥ. ആരും അത് ആലോചിക്കുന്നില്ല. ദേവുവിന്‍റെ നേര്‍ത്ത കൂര്‍ക്കംവലി കേള്‍ക്കാനുണ്ട്. പാവം. പകലന്തിയോളം പണിയെടുക്കുന്നതല്ലേ. ഉറക്കം വരുന്നതും കാത്ത് കിടന്നു
ഭാഗം :-46.
ഗെയിറ്റ് കടന്നതും ടോര്‍ച്ച് കത്തിച്ചു. അതിന്‍റെ പ്രകാശത്തില്‍ കൊയ്ത്ത് കഴിഞ്ഞ പാടവരമ്പിലൂടെ നടന്നു. പാടങ്ങള്‍ക്കക്കരെ പാതയോരത്തുള്ള തെരുവുവിളക്കുകള്‍ പ്രകാശിക്കുന്നത് കാണാനുണ്ട്. ചുറ്റും കൂരിരുട്ട് ആവരണം തീര്‍ത്തിരിക്കുന്നു. കറുത്തവാവാണെന്ന് തോന്നുന്നു. താഴെ നോക്കിക്കൊണ്ട് മെല്ലെ നടന്നു.
ഇടയ്ക്ക് ഓരോ തവളകള്‍ ചാടുന്നത് കാണാനുണ്ട്. പകലത്തെ ചൂട് മാറിയതല്ലേ. ഇഴജന്തുക്കള്‍ പുറത്തിറങ്ങും. ഏതെങ്കിലും ഒന്നിന്‍റെ വായില്‍ ചെന്നുചാടാനാവും ഇവയുടെ യോഗം. ഏതായാലും വഴി നടക്കുന്നത് സൂക്ഷിച്ചുവേണം.
ദേവു പണിമാറിവന്നതും ഇറങ്ങിയതാണ്. രാവുത്തന്മാരെ കാണണം, ആധാരത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് കൊടുക്കണം, കാര്യം സംസാരിക്കണം, ഇതൊക്കെയായിരുന്നു വരവിന്‍റെ ഉദ്ദേശം. പക്ഷെ വന്നപ്പോള്‍ അനിയന്‍ സ്ഥലത്തില്ല. അയാളില്ലാതെ ഏട്ടന്‍ ഒന്നും പറയില്ല. ഇപ്പോള്‍ വരുമെന്ന് പറഞ്ഞതുകൊണ്ട് കാത്തുനിന്നു. മടുത്തപ്പോള്‍ ഞാന്‍ നാളെ വരാമെന്ന് പറഞ്ഞുനോക്കി. ഇതാ എത്തും എന്നുപറഞ്ഞ് അവിടെനിര്‍ത്തി. നേരം വൈകിയാലും കാര്യം നടന്നു. അതാണ് സമാധാനം.
''പന്ത്രണ്ടര സെന്‍റ് സ്ഥലാണ് ഇതില്‍ കാണുണത്''അനിയന്‍ രാവുത്തര്‍ ആധാരം നോക്കി പറഞ്ഞു''പകരം നാല് സെന്‍റ് തരാം. അതുപോരേ''.
''പത്ത് സെന്‍റ് കൊടുക്കിന്‍''എന്ന് പറഞ്ഞുനോക്കി. സമ്മതിച്ചിട്ടു വേണ്ടേ. ശിവന് കിട്ടുന്ന സ്ഥലം വാങ്ങുന്നതിനുള്ള ചിലവ് ഞങ്ങള് വഹിക്കാം, ഞങ്ങള് കൊടുക്കുന്ന സ്ഥലം റജിസ്റ്റര്‍ ചെയ്യാനുള്ള ചിലവ് അവന്‍ വഹിക്കണം എന്നായി അടുത്ത ആവശ്യം. അത് ന്യായം തന്നെ. പക്ഷെ ശിവന്‍റെ കയ്യില് ഒന്നുമില്ല എന്ന് ഇവര്‍ക്കറിയില്ലല്ലോ. കിട്ടിയ നാലു ലക്ഷത്തില്‍നിന്ന് ഇതിനുവേണ്ടി എടുത്താല്‍ ശരിയാവില്ല. ആ ചിലവ് കണക്കാക്കി അതിനനുസരിച്ച് സ്ഥലംകൊടുത്താല്‍ മതി എന്ന ആവശ്യം അവരെക്കൊണ്ട് അംഗീകരിപ്പിച്ചു. അങ്ങിനെ അഞ്ചുസെന്‍റ് കൊടുക്കാമെന്ന് നിശ്ചയിച്ചു.
രാവിലെയാണ് ഭാഗപത്രം റജിസ്റ്റര്‍ ചെയ്തത്. അത് കിട്ടിയിട്ടുവേണം സ്ഥലംകൊടുത്തുവാങ്ങുന്ന പ്രമാണം ശരിയാക്കാന്‍. അതും കഴിഞ്ഞിട്ടേ വീടിനുള്ള ധനസഹായത്തിന്ന് അപേക്ഷിക്കാന്‍ പറ്റൂ. രണ്ടോ മൂന്നോ ആഴ്ച വേണ്ടിവരും എല്ലാം ശരിയാവാന്‍.
കുന്നില്‍പള്ളയുടെ ചുവട്ടിലെത്തിയപ്പോള്‍ പറങ്കിമാവിന്‍ തോട്ടത്തിന്‍റെ അകത്തുനിന്ന് ആരൊക്കേയോ സംസാരിക്കുന്നത് കേട്ടു. കള്ളചാരായം കുടിക്കാനെത്തിയവരാവും. കുറച്ചായിട്ട് അങ്ങിനെയൊരു ഏര്‍പ്പാട് ഇവിടെ നടക്കുന്നുണ്ടത്രേ. ആരോ എന്തോ ചെയ്തോട്ടെ. അത് നോക്കാന്‍ ചെന്ന് വേറൊരു പുലിവാല് പിടിക്കണ്ടാ. പെട്ടെന്ന് മൊബൈല്‍ റിങ്ങ് ചെയ്തു. എടുത്തുനോക്കിയപ്പോള്‍ നമ്പറാണ്.
''ഹല്ലോ''കാള്‍ എടുത്ത് പറഞ്ഞു.
''കുഞ്ചൂ, ഇന്നലെ അപകടം ഉണ്ടായ കാറോടിച്ച ഡോക്ടറാണ് ഞാന്‍'' മറുവശത്തുനിന്ന് കേട്ടു.
''എന്താ സാര്‍ പ്രശ്നം''.
''ഒന്നൂല്യാ. നാട്ടുകാര് എന്താ പറയുന്നത് എന്നറിയാന്‍ വിളിച്ചതാണ്''.
''ആ കിഴവന്‍റെ അരി തീര്‍ന്നു. അതാ അയാള് ഇങ്ങനെ പോയത് എന്നാണ് ആള്‍ക്കാരടെ അഭിപ്രായം''.
''അതല്ല. എന്നെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ എന്നറിയാനാ''. അത് ശരി. വലിയ ആള്‍ക്കാരാണെങ്കിലും ഉള്ളില്‍ ഭയമുണ്ട്. അതാണ് അന്വേഷിക്കാന്‍ കാരണം.
''സാറ് പേടിക്കണ്ടാ. ആരെങ്കിലും ഏടാകൂടം പറഞ്ഞാല്‍ അവരെ ഞാന്‍ പറഞ്ഞ് ശരിയാക്കാം''.
''വളരെ താങ്ക്സ്. എന്തെങ്കിലും ഉണ്ടെങ്കില്‍ വിളിക്കൂ''കാള്‍ കട്ടായി.
മനുഷ്യന്‍റെ അവസ്ഥ ആലോചിച്ചാല്‍ അന്തമില്ല. പിച്ചക്കാരനാണെങ്കിലും ആര്‍ക്കും ഒരുശല്യവും ചെയ്യാത്ത മനുഷ്യന്‍ പെട്ടെന്ന് ഈ ലോകം വിട്ടു. വലിയനിലയിലുള്ള ഡോക്ടര്‍ക്ക് വിഷമിക്കാന്‍ അതൊരു കാരണമായി. മാത്രമല്ല,നിസ്സാരനായ തന്നോട് വിളിച്ച് വിവരം അന്വേഷിക്കുവാനും ആ മനുഷ്യനെ തനിക്ക് ആശ്വസിപ്പിക്കാന്‍ കഴിഞ്ഞതും ദൈവനിശ്ചയം.
''പോയ കാര്യം സാധിച്ച്വോ''വീട്ടിലെത്തിയതും ദേവു ചോദിച്ചു.
''പിന്നല്ലാതെ. ഇന്നങ്ങന്യാണ്. ആദ്യം കൃഷ്ണന്‍കുട്ട്യേം മക്കളേം കൂട്ടീട്ടു പോയി ഭാഗപത്രം റജിസ്റ്ററാക്കി. പിന്നെ പഞ്ചായത്തില്‍ ചെന്ന് വീടിന്‍റെ അപേക്ഷ കൊടുത്തു. ഇപ്പൊ ദാ, രാവുത്തന്മാരെ കണ്ട് ആ കാര്യൂം സാധിച്ചു''. അകത്തുചെന്ന് ഷര്‍ട്ടും മുണ്ടും മാറ്റി ഉമ്മറത്തെത്തി.
''സ്ഥലം റയിഷാക്ക്യേപ്പൊ അവരെന്തെങ്കിലും തന്ന്വോ''.
''അഞ്ചുറുപ്പിക കയ്യില്‍ തന്നു. വല്യേപ്പാ, ഇപ്പൊ ഇതേള്ളൂന്ന് പറഞ്ഞു. അവരടെ കാര്യം കഴിഞ്ഞില്ലേ. ഇനീപ്പൊ എന്‍റെ സഹായം വേണ്ടല്ലോ''.
''ഒന്നും മോഹിച്ചിട്ടല്ല ഇതൊക്കെ ചെയ്യുണ് എന്നല്ലേ പറഞ്ഞത്. പിന്നെ എന്തിനാ ഒരു വിഷമം''.
''വിഷമോല്ല. ഞാന്‍ ഒന്നും മോഹിച്ചിട്ടല്ല ചെയ്തതും. പക്ഷെ കാര്യം നടത്ത്യാല്‍ പാകംപോലെ ചെയ്യാന്ന് അവര് പറഞ്ഞതോണ്ട് ഒരാശ തോന്നീരുന്നു''.
''ശിവനെ ആലോചിച്ച് ചെയ്തതാണെന്ന് കരുത്യാല്‍ മതി''.
''അത്രേന്നെ ഉള്ളൂ''ബാഗില്‍നിന്ന് ഡോക്ടര്‍ തന്ന അഞ്ഞൂറിന്‍റെ പത്തുനോട്ടുകളും കൃഷ്ണന്‍കുട്ടിയുടെ മക്കള്‍ തന്ന അഞ്ഞൂറിന്‍റെ പത്തുനോട്ടുകളും ചേര്‍ത്ത് ദേവുവിനെ ഏല്‍പ്പിച്ചു.
''ഇതിവിടെ വെക്കണ്ടാ. ഇതിന്‍റെ കൂടെ അന്നുതന്ന കാശും എന്‍റേല് കുറച്ച് കാശുള്ളതുംചേര്‍ത്ത് നാളെത്തന്നെ പതിനഞ്ച് ബാങ്കിലിടിന്‍''ദേവു പറഞ്ഞു.
''രാവിലെ പോവുമ്പൊ പാസ്സ്ബുക്കും പൈസീംകൂടി താ. ഇല്ലെങ്കില്‍ ഞാന്‍ മറക്കും''.
''അതൊക്കെ ചെയ്യാം. വരിന്‍. കഞ്ഞികുടിക്ക്യാ. എനിക്ക് തിരെ വയ്യാ. ഇത് കഴിഞ്ഞ് പാത്രംമോറീട്ട് വേണം കിടക്കാന്‍. രാവിലെ എണീറ്റാല്‍ തുടങ്ങുണ പണ്യല്ലേ''. അവളോടൊപ്പം കഞ്ഞികുടിക്കാന്‍ എഴുന്നേറ്റു
ഭാഗം :-47.
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നുപോവുന്നത്. കാലത്ത് കാണാറുള്ള മഞ്ഞ് ഇല്ലാതായി. ശിവരാത്രി കഴിഞ്ഞാല്‍ ''കാറ്റും മഞ്ഞും ശിവ ശിവ'' എന്നു പറഞ്ഞ് പോവുമെന്ന് പറയുന്നത് എത്ര ശരിയാണ്
അന്‍വറും എത്തിയതോടെ സായ്‌വിന്‍റെ വീട്ടില്‍ തിരക്കായി. നിക്കാഹ് ആവാറാവുന്നു. പെയിന്‍റര്‍മാര്‍ വീട് മോടിപിടിപ്പിക്കുന്നുണ്ട്. പ്ലംബര്‍ ചില പൈപ്പുകള്‍ മാറ്റിയിടുകയും പുതുതായി ചിലത് പിടിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ ഇലക്ട്രീഷ്യന്മാര് പഴയ സ്വിച്ച് ബോക്സുകള്‍, ഫാനുകള്‍, ലൈറ്റ് ഫിറ്റിങ്ങ്സ് എന്നിവ മാറ്റി പുതിയവ ഇടുകയാണ്.
''കുഞ്ച്വോട്ടാ, ഈ പഴയ സാധനങ്ങള് എന്താ ചെയ്യണ്ട്''എന്ന് അന്‍സര്‍ ചോദിച്ചിരുന്നു. പഴയ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് അതെല്ലാം കൊടുത്താല്‍ എന്തെങ്കിലും പൈസ കിട്ടും. ആ വിവരം അറിയിച്ചു.
''എന്നാല്‍ നിങ്ങളത് കൊടുത്ത് കിട്ടുണത് വാങ്ങിച്ചോളിന്‍''എന്നവന്‍ പറഞ്ഞു.
''നക്കാപ്പിച്ച കാശിന് അതൊന്നും വില്‍ക്കണ്ടാ. നമ്മടെ വീട് പൊളിച്ച് പണിയുമ്പൊ അതൊക്കെ അതിലിക്ക് എടുക്കാം. അപ്പൊ വാങ്ങാണ്ടെ കഴിഞ്ഞില്ലേ''എന്ന് ദേവു പറഞ്ഞുതന്നു. അഴിച്ചുമാറ്റിയ സാധനങ്ങള്‍ ഷെഡ്ഡില്‍ അടുക്കിവെച്ച് പ്ലാസ്റ്റിക്ക് ഷീറ്റുകൊണ്ട് മൂടിവെക്കാനാണ് ഉദ്ദേശം.
പ്രത്യേകിച്ച് പണിയില്ലെങ്കിലും ആളെ അവിടെ കാണണം. സായ്‌വും, അന്‍സറും, അന്‍വറും മാറിമാറി വിളിക്കും അതിനിടയിലാണ് മറ്റു കാര്യങ്ങള്‍ ചെയ്യാറ്. വീടിനുള്ള പൈസ പാസ്സായി, അതുടനെ കയ്യില്‍ കിട്ടും. ശിവന് രാവുത്തന്മാരടെ സ്ഥലം വാങ്ങികൊടുത്തു, അവര്‍ക്ക് അവന്‍റെ സ്ഥലവും. എല്ലാം കഴിഞ്ഞപ്പോള്‍ ഏട്ടന്‍ രാവുത്തര്‍ ''നീയിത് പിടിച്ചോ'' എന്നുപറഞ്ഞ് പതിനായിരംതന്നു. കണക്കൊന്നും പറയാന്‍ നിന്നില്ല. കിട്ടിയത് ലാഭം. ശിവന് വീടിനുള്ള കാശ് വാങ്ങി കൊടുക്കണം. അപേക്ഷ കൊടുത്തിട്ടുണ്ട്. പ്രസിഡണ്ടിനോട് പെട്ടെന്നത് ശരിയാക്കാന്‍ പറയണം.
വീടിന് കുറ്റിതറയ്ക്കുംമുമ്പ് ഇപ്പോഴുള്ള വീട് പൊളിച്ചുമാറ്റണം. അതിനുപറ്റിയ ആള്‍ക്കാരെ വേശന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. വീട് പൊളിച്ചാല്‍ താമസിക്കുന്നതിന്ന് സൌകര്യപ്പെടുത്തണം. കുറച്ചു ദിവസത്തേക്കല്ലേ, നീലഷീറ്റ് കെട്ടിയാല്‍ മതി എന്നാണ് ദേവുവിന്‍റെ അഭിപ്രായം. അങ്ങാടിയില്‍ചെന്ന് നല്ലഷീറ്റ് നോക്കി ഇന്ന് വാങ്ങാം. കനമില്ലാത്തതാണെങ്കില്‍ നല്ല കാറ്റടിച്ചാല്‍ കീറും.
ഷീറ്റ് വാങ്ങി വന്നിട്ട് മതി സായ്‌വിന്‍റെ വീട്ടിലേക്ക് പോവുന്നത് ഷര്‍ട്ടും മുണ്ടും മാറ്റി വാതില്‍പൂട്ടി പുറത്തിറങ്ങി. ദേവു രണ്ടായിരം ഉറുപ്പിക ഏല്‍പ്പിച്ചിട്ടുണ്ട്. എത്ര വേണ്ടിവരുമെന്ന് അറിയില്ല. പണം തികയാതെ വന്നാല്‍ ബാക്കി കടം ചോദിക്കാം. വിശ്വാസം ഇല്ലെങ്കില്‍ മൊബൈല്‍ പണയം വെക്കാം. ഓരോന്ന് ആലോചിച്ചുകൊണ്ട് നടന്നു.
ഉങ്ങിന്‍ചുവട്ടിലെത്തുമ്പോഴേക്ക് വിയര്‍ത്തുകുളിച്ചു. സൂര്യന്‍ ഉദിച്ചു പൊങ്ങുമ്പോഴേക്കും വെയിലിന് എന്ത് ചൂടാണ്. ആരെങ്കിലും ബൈക്ക് ഓടിച്ച് വരും. അവരുടെ പുറകില്‍ കയറി പോവാം. വടക്കോട്ട് നോക്കി മരച്ചുവട്ടില്‍ നിന്നു.
''എങ്കിട്ടാ വല്യേപ്പാ പോണത്''നോക്കിയപ്പോള്‍ പ്രദീപാണ്. പ്ലാസ്റ്റിക് ഷീറ്റ് വാങ്ങാന്‍ പോവുന്ന കാര്യം അവനോട് പറഞ്ഞു.
''നിങ്ങക്കെന്താ പ്രാന്തുണ്ടോ''അവന്‍ ചോദിച്ചു''ഒരുവീടുണ്ടാക്കാന്‍ എത്രമാസം വേണംന്ന് നിങ്ങള്‍ക്കറിയ്യോ. ചുരുങ്ങാണ്ടെ അഞ്ചാറ് മാസം വേണം. അത്രകാലം ഷീറ്റ് കെട്ടി കഴിയാന്‍ പറ്റ്വോ''.
''അതിനെന്താ കുഴപ്പം''.
''നല്ല രണ്ട് വേനല്‍മഴ പെയ്താല്‍ ഷീറ്റും നിങ്ങളുംകൂടി ഒഴുകിപോവും. അത്വോല്ല, ചുട്ടിട്ട് അതിന്‍റെ അടീല്‍ കിടക്ക്വോ''.
''പിന്നെന്താ വഴി''.
''വീട് പൊളിച്ചാല്‍ കഴിക്കോലും പട്ടികീം ഓടും ഉണ്ടാവ്വോലോ. കുറച്ച് തേക്കിന്‍കുഴ വാങ്ങീട്ട് നമുക്ക് തല്‍ക്കാലം ഒരു ഷെഡ്ഡുണ്ടാക്കാം. രണ്ടടി പൊക്കത്തില്‍ ചുറ്റോടും ചുമര് കെട്ട്യാ മഴപെയ്താലും ഉള്ളില്‍ വെള്ളം കടക്കില്ല''.
''അതിനൊക്കെ ആളെ അന്വേഷിച്ച് നടക്കണ്ടേ''.
''ഒരാളും വേണ്ടാ. ആളെ കൂട്ടീട്ട് വന്ന് ഞാനത് ചെയ്തുതരാം''.
''എന്നാല്‍ ചെയ്തുതാ. എന്താ വേണ്ട്ച്ചാല്‍ ഞാന്‍ തരാം''.
''നല്ല കൂട്ടായി. നിങ്ങടേന്ന് ഞാന്‍ കാശ് വാങ്ങിക്ക്വേ. ഞങ്ങള് പെട്ട് വട്ടത്തിരിഞ്ഞപ്പൊ സഹായിക്കാന്‍ നിങ്ങളെ ഉണ്ടായിരുന്നുള്ളൂ''.
''അതൊന്നും സാരൂല്യാടാ. മനുഷ്യരാവുമ്പൊ അതൊക്കെ വേണ്ടിവരും. പോട്ടെ, നിന്‍റെ അനിയത്ത്യേമ്മ എന്ത് പറയുണൂ''.
''കുഴപ്പോന്നൂല്യാ. അവളൂണ്ട്, അവളടെ കാര്യൂണ്ട്''.
''പിന്നെ വക്കീലിനെ കണ്ട്വോ''.
''രണ്ട് തവണ പ്രകാശനും അവളുംകൂടി പോയിരുന്നു. നമ്മടെ വക്കീലും അവരടെ വക്കീലുംകൂടി എഴുതികൊടുത്ത് പ്രശ്നം തീര്‍ന്നൂ''.
''അത് നന്നായി. ആ പെണ്‍കുട്ട്യേ നല്ലോണം നോക്കണം. പെറ്റ തള്ളേം ഉണ്ടാക്ക്യേ അപ്പനീം വേണ്ടപ്പെട്ടോരേം ഒക്കെവിട്ടിട്ട് വന്ന പെണ്ണാണ്. അത് സങ്കടപ്പെടാന്‍ ഇടവരുത്തിക്കൂടാ''.
''ഇല്ല വല്യേപ്പാ. ഞങ്ങള് പ്രത്യേകം നോക്കുണുണ്ട്''.
''എന്നാ പൊയ്ക്കോ''.
''എന്നാ വീട് പൊളിക്കുണത്''.
''നാളെ പൊളിക്കാന്‍ ആള് വരും''.
''എന്നാ മറ്റന്നാള്‍ ഞാന്‍ ആളേംകൂട്ടി വരാം''. പ്രദീപ് തെക്കോട്ടേക്ക് നടന്നു.
ഇപ്പോള്‍ പ്രത്യേകിച്ച് പണിയില്ല. സായ്‌വിന്‍റെ വീട്ടിലൊന്ന് ചെല്ലണം. പിന്നെ കള്ളുഷാപ്പിലേക്ക് പോവാം. കൂട്ടുകാര്‍ കളിക്കുന്നതുനോക്കി ഉച്ചവരെ അവിടെ നില്‍ക്കാം. വന്നവഴിക്ക് തിരിച്ചുനടന്നു.
ഭാഗം :-48.
സായ്‌വിന്‍റെ വീട്ടില്‍ പെയിന്‍റര്‍മാരെ കാണാനില്ല. ഇവിടുത്തെ പണി ബാക്കിവെച്ച് എവിടെയെങ്കിലും പൊയിട്ടുണ്ടാവും. ഇതാണ് ഏതു പണിക്കാരുടേയും തകരാറ്. ഇങ്ങിനെ പോയാല്‍ നിക്കാഹിന്ന് മുമ്പ് ഇവര്‍ പണി കഴിക്കുമോ എന്നറിയില്ല. വീടിന്ന് ചുറ്റും നടന്നുനോക്കി. പുറംചുമരുകളുടെ പണിതീര്‍ന്നിരിക്കുന്നു. ആകപ്പാടെ നല്ലഭംഗിയുണ്ട്. ഇന്നലെ സ്വന്തം കാര്യങ്ങള്‍ കാരണം ഇങ്ങോട്ട് വരാനായില്ല. അതിന് ഇവര്‍ പരിഭവം പറയുന്നത് കേള്‍ക്കേണ്ടിവരും. പുറത്ത് ആരേയും കാണാനില്ല. കാളിങ്ങ്ബെല്ലിന്‍റെ സ്വിച്ചമര്‍ത്തി.
''കുഞ്ച്വോട്ടാ, ഇന്നലെ നിങ്ങളെ ഇങ്കിട്ട് കണ്ടതേ ഇല്ലല്ലോ''പുറത്തെത്തിയ അന്‍സര്‍ പറഞ്ഞു.
''ഇന്നലെ വേറെ കൊറെ തിരക്കുണ്ടായിരുന്നു. അതാ വരാന്‍ പറ്റാഞ്ഞ്''.
''അല്ലെങ്കിലും നിങ്ങക്ക് എപ്പഴും തിരക്കാണ്''.
''ഇന്നെന്താ പെയിന്‍റര്‍മാര് വന്നില്ലേ''.
''വെളീലെ പെയിന്‍റ് പണീം പ്ലംബറുടെ പണീം കഴിഞ്ഞു. ഇലക്ട്രീഷ്യന്‍റെ പണി ഇന്നുംകൂടീണ്ട്. അവരടെ കുത്തലും പൊളിക്കലും കഴിഞ്ഞിട്ടുമതി അകത്തെ പെയിന്‍റ് പണി തുടങ്ങാന്‍''.
''ഉള്ളില് പെയിന്‍റ് ചെയ്യുമ്പഴാ മിനക്കേട്. സാധനങ്ങളോക്കെ മാറ്റീടണം. പെയിന്‍റടി കഴിഞ്ഞാല്‍ പഴേപോലെ വെക്കുംവേണം''.
''അത് ശര്യാണ് കുഞ്ച്വോട്ടാ. കൂടാണ്ട് കഴിയില്ലല്ലോ''.
''അപ്പൊ നാളെ ഉള്ളില് പെയിന്‍റടിക്കാന്‍ തുടങ്ങ്വോ''.
''ഉവ്വ്. ഇന്നിപ്പൊ അവരില്ലാത്തത് നന്നായി. അന്‍വറും ഞാനും എന്‍റെ ഭാര്യീംകൂടി കുറച്ച് കഴിഞ്ഞാല്‍ ടൌണിലിക്ക് പോവും. എന്തൊക്ക്യോ കുറെ സാധനങ്ങള്‍ വാങ്ങാനുണ്ട്''.
''എന്നാല്‍ ചെല്ലിന്‍. വൈകുന്നേരം കാണാം''. അവിടെനിന്നിറങ്ങി ചെന്ന് ഉങ്ങിന്‍ചോട്ടില്‍ നിന്നു. ഹോട്ടലിലേക്ക് പോവാന്‍ ഇനിയും നേരമുണ്ട്. കള്ളുഷാപ്പിലേക്ക് പോയാലോ. റോഡിന്‍റെ മറുഭാഗത്തേക്ക് കടക്കാന്‍ നോക്കുമ്പോള്‍ തെക്കുനിന്ന് ഒരു ബൈക്ക് വന്നു. അത് ഓടിക്കുന്നവന്‍ ഹെല്‍മെറ്റ് ഇട്ടിട്ടില്ല. ചിലരങ്ങിനെയാണ്. ഏത് നിയമവും അവര്‍ക്ക് പുല്ലാണ്. അടുത്തെത്തിയപ്പോള്‍ ആളെ സൂക്ഷിച്ചുനോക്കി. ഓട്ടോറിക്ഷ ഓടിക്കുന്നവനാണ്. ലുങ്കിയും ഷര്‍ട്ടുമാണ് വേഷം. സ്വതവേ പത്രാസ്സില്‍ അണിഞ്ഞൊരുങ്ങി നടക്കുന്ന ചെക്കനാണ്. ഇതെന്താ ഇവനിങ്ങനെ.
ബൈക്ക് മരച്ചുവട്ടില്‍വെച്ച് അവന്‍ തോട്ടിലേക്കിറങ്ങി. അപ്പുറത്ത് ശിവന്‍ വിറ്റ സ്ഥലമാണുള്ളത്. ഇവനെന്താ അവിടെ കാര്യം. എന്തോ തുലഞ്ഞുപോട്ടെ. വീണ്ടും നടക്കാനൊരുങ്ങുമ്പോള്‍ നാല് ആടിനേയും ആട്ടിക്കൊണ്ട് ഒരുപെണ്ണ് വരമ്പിലൂടെ വരുന്നത് കണ്ടു. കണ്ണുപൊട്ടന്‍ രാമന്‍കുട്ടിടെ മകന്‍റെ ഭാര്യയാണ് ഇവള്‍. വെയില് മൂത്ത ഈ നേരത്ത് ആരെങ്കിലും ആടിനെമേക്കാന്‍ പുറപ്പെടുമോ. പെണ്ണ് തോട്ടിലേക്കാണ് പോവുന്നത്. എന്തോ ഒരു അരുതായ്മ മനസ്സില്‍ തോന്നി.
സംഗതി എന്താണെന്ന് അറിയണം. വേഗം ചെന്ന് പുഴയിലേക്കിറങ്ങി. പുഴവക്കിലൂടെ തോടിന്‍റെ നേരെ നടന്നു. പെണ്ണ് ആടിനെ തോടരികില്‍ വിട്ടിരിക്കുകയാണ്. നാലുഭാഗവും നോക്കി അവള്‍ വേലിപൊളിഞ്ഞ ഭാഗത്തുകൂടി തൊടിയിലേക്ക് കയറി. അപ്പോള്‍ ഊഹിച്ചത് ശരിയാണ്. അവളുടെ കെട്ടിയവന്‍റെ കാര്യം മനസ്സിലോര്‍ത്തു. പാവം. ഒരു അപ്പാവി ചെക്കനാണവന്‍. തമിഴ്നാട്ടില്‍ എന്തോ പണിയാണ് അവന്. ഇവള്‍ ആ സാധുവിനെ ചതിക്കുകയല്ലേ ചെയ്യുന്നത്. ആണായാലും പെണ്ണായാലും കല്യാണം കഴിഞ്ഞിട്ട് ഇമ്മാതിരി തെണ്ടിത്തരം കാട്ടാന്‍ പാടില്ല. നേരെ ചെന്ന് രണ്ടിനീം നാല് പറയുകയാണ് വേണ്ടത്. പക്ഷെ അത് ശരിയല്ല. വരട്ടെ. ഇന്നവളോട് രണ്ട് വര്‍ത്തമാനം പറയുന്നുണ്ട്. അവള്‍ നേരെ ചെന്ന് വേറെന്തെങ്കിലും പറഞ്ഞുണ്ടാക്കിയാലോ. അതിന് വഴിയുണ്ട്. വര്‍ത്തമാനം പറയുന്നത് മുഴുവന്‍ മൊബൈലില്‍ റിക്കോര്‍ഡ് ചെയ്യാം.
കുറെനേരം കഴിഞ്ഞപ്പോള്‍ ഓട്ടോറിക്ഷക്കാരന്‍ തൊടിയില്‍നിന്നിറങ്ങി. ഇടംവലം നോക്കാതെ അവന്‍ നടന്നകന്നു. മെല്ലെ തോട്ടിന്‍പള്ളയിലൂടെ നടന്നു. വേലിപൊളിഞ്ഞ ഭാഗത്തുകൂടി മാക്സി പൊക്കിപിടിച്ചുകൊണ്ട് പെണ്ണ് പുറത്തിറങ്ങി. അവളെ കൈകൊട്ടിവിളിച്ചു.
''എന്താ''അവള്‍ അടുത്തേക്ക് വന്നു.
''കുട്ട്യേ, ഈ പരിപാടി അത്ര ശര്യല്ലാട്ടോ''.
''എന്ത് പരിപാടി''.
''ഇപ്പൊ ആ ഓട്ടോറിക്ഷക്കാരനും നീയുംകൂടി തൊടിടെ ഉള്ളില്‍കേറി ചെയ്ത പരിപാടീല്ലേ. അതന്നെ''.
''നിങ്ങള് എന്‍റടുത്ത് വേണ്ടാത്ത കൂട്ടംകൂടാന്‍ വരണ്ടാ''.
''കൂട്ടംകൂട്യേതില് എന്താ തെറ്റ്. കെട്ട്യോനുള്ള നീ കണ്ണില്‍കണ്ട ആണിനെ പിടിക്കുണത് നല്ല പണ്യാണോ''.
''ഞാന്‍ എന്‍റെ സൌകര്യംപോലെ ചെയ്യും. നിങ്ങളാരാ ചോദിക്കാന്‍''.
''നിനക്ക് ഞാന്‍ ആരാന്ന് പഠിപ്പിച്ചുതരാം. ഇപ്പൊ നീ ചെയ്ത ഈ പണി നാട്ടുകാരോടൊക്കെ ഞാന്‍ പറയും''.
''പറഞ്ഞോളിന്‍. അതിന് മുമ്പ് നിങ്ങളെന്നെ പിടിക്കാന്‍ വന്നൂന്ന് ഞാനും പറയും''.
''നീ ഇങ്ങന്യോക്കെ പറയുംന്ന് എനിക്കറിയാം. അതോണ്ട് ഞാനൊരു മുന്‍കരുതല്‍ ചെയ്തു. നമ്മള് സംസാരിച്ചതൊക്കെ ഈ മൊബൈലില്‍ ഞാന്‍ പിടിച്ചിട്ടുണ്ട്. കേക്കണോ നിനക്ക്'' മൊബൈലെടുത്ത് കാണിച്ചു. ആ നിമിഷം പെണ്ണിന്‍റെ മുഖത്ത് ഭീതി പടര്‍ന്നു. അവള്‍ കരയുമെന്ന മട്ടായി.
''ഞാന്‍ കെട്ടിത്തൂങ്ങി ചാവും''അവള്‍ കരഞ്ഞു.
''പൊട്ടത്തരം കാട്ടാതെ പെണ്ണേ. നീ ചത്താല്‍ നിന്‍റെ രണ്ട് കുട്ട്യേളടെ കഥ എന്താവും. ആരാ അവരെ നോക്ക്വാ''.
''എന്നാലും വിരോധൂല്യാ. നാണംകെട്ട് ജീവിക്കാന്‍ എനിക്ക് വയ്യ''.
''നാണംകെടാനുള്ള പണി ചെയ്തൂന്ന് തോന്നീട്ടാണോ അതോ വേറെ എന്തെങ്കിലൂണ്ടോ ചാവാന്‍ തോന്നാന്‍''.
''നാട്ടുകാര് ഇതറിഞ്ഞാല്‍ ഞാനെങ്ങന്യാ അവരടെ മുഖത്ത് നോക്ക്വാ''.
''ഞാന്‍ പറഞ്ഞാലല്ലേ നാട്ടുകാരറിയൂ. ഞാന്‍ പറയില്ല. അതുപോരേ''.
''ഞാന്‍ എന്തുവേണച്ചാലും തരാം. എന്നെ മാനം കെടുത്തരുത്''അവള്‍ കണ്ണുതുടച്ചു.
''എനിക്ക് നിന്‍റെ ഒരു സാധനൂം വേണ്ടാ''.
''എന്നാ ഞാന്‍ പൊയ്ക്കോട്ടെ''.
''പോവാന്‍ വരട്ടെ. നിന്‍റടുത്ത് ചിലത് പറയാനുണ്ട്''.
''എന്താദ്''അവള്‍ തലകുനിച്ചുനിന്നു.
''നിന്‍റെ കെട്ട്യോന്‍ ഒരു തമിഴത്തിപ്പെണ്ണിനെ വെച്ചോണ്ടിരിക്കുണുണ്ട് എന്ന് വിചാരിക്ക്. നീയത് സമ്മതിക്ക്വോ''.
''ആ മൂപ്പര് അങ്ങന്യോന്നും ചെയ്യില്ല''.
''എന്നിട്ടാണോ നീ ഈ പണി കാട്ട്യേത്. സ്നേഹിക്കുണ കെട്ട്യോനെ നീ ചതിക്കാന്‍ പാട്വോ. ഇനി വേറൊരു കാര്യൂണ്ട്. ഇപ്പൊ ചെയ്തത് ആ ചെക്കന്‍റെ കെട്ട്യോള് അറിഞ്ഞാലോ. അവള് ചൂലും കെട്ടോണ്ട് നിന്നെ പെരുമാറും. അതുപോലെ നിന്‍റെ കെട്ട്യോന്‍റെ ചെവീല് നീ ഈ കാട്ട്യേത് എത്ത്യാലോ'' പെണ്ണ് തേങ്ങിത്തേങ്ങി കരയാന്‍ തുടങ്ങി. ഇവളെ കാര്യം പറഞ്ഞ് മനസ്സിലാക്കണം. മേലാല്‍ ഇമ്മാതിരി തെറ്റ് ചെയ്യരുത്.
''നീ ഒന്ന് ആലോചിച്ച് നോക്ക്. എന്‍റെ സ്ഥാനത്ത് ഏതെങ്കിലും തെമ്മാടി ഇത് കണ്ടാലോ. അവന്‍ നിന്നെ ഇതുവെച്ച് ഭീഷണിപ്പെടുത്തും. അവന്‍റെ വായകെട്ടാന്‍ നീ അവന് വഴിപ്പെടണ്ടി വരും. അവിടംകൊണ്ട് തീര്വോ. ഇല്ല. കണ്ടുംകേട്ടും ഓരോരുത്തര് നിന്‍റടുത്ത് വരും. ആരേം പിണക്കാന്‍ നിനക്ക് പറ്റില്ല. അങ്ങിനെ ഒരാളായി രണ്ടാളായി നാലാളായി കൂടിവരും. അതോടെ നിനക്ക് തേവിടിശ്ശീന്നിള്ള പേരുംകിട്ടും ഉള്ള കുടുംബജീവിതം പോവും ചെയ്യും''.
''ഇനി ഞാനെന്താ ചെയ്യാ''പെണ്ണിന്‍റെ കരച്ചിലിന്ന് ശക്തികൂടി.
''കുട്ട്യേ, നീ ചെറുപ്പാണ്. കെട്ട്യോന്‍ കൂടെവേണംന്ന് തോന്നുണപ്രായം. അതോണ്ട് ഒന്നുകില്‍ അവന്‍ ജോലി കളഞ്ഞ് ഇവിടെവന്ന് നിന്‍റെകൂടെ കഴിയട്ടെ. അല്ലെങ്കിലോ നീ കുട്ട്യേളേംകൂട്ടി അവന്‍റടുത്തേക്ക് ചെല്ല്''.
''അത് രണ്ടും നടക്കില്ല. പണി കളഞ്ഞിട്ട് ഇവിടെ വന്നാല്‍ എങ്ങന്യാ ജീവിക്ക്യാ. അതുപോലെ കണ്ണുകാണാത്ത അപ്പനെ വിട്ട് എനിക്ക് പോവാന്‍ പറ്റ്വോ''.
''രണ്ടും ശര്യാണ്. അപ്പൊ ഒരൊറ്റ വഴ്യേള്ളൂ''.
''എന്താദ്. നിങ്ങള് പറയുണപോലെ ഞാന്‍ ചെയ്യാം''.
''കല്യാണംകഴിഞ്ഞതും എനിക്കൊരു മകളുണ്ടായിട്ടുണ്ടെങ്കില്‍ അത് നിന്നേക്കാളും വലുതായിട്ടുണ്ടാവും. എനിക്കതിന് യോഗൂല്യാ. ഒരു പെണ്‍കുട്ട്യേ കണ്ടാല്‍ മകളെപ്പോല്യാണ് ഞാനതിനെ കാണ്വാ. ഇപ്പൊ മകളടടുത്ത് അപ്പന്‍ പറയുണപോലെ ഞാന്‍ പറയ്യാണ്. എന്‍റെ മകള് മേലാല്‍ ഈ തെറ്റ് ചെയ്യരുത്''.
''എന്‍റെ രണ്ട് മക്കളാണെ ഞാനിനി ചെയ്യില്ല''.
''കുട്ട്യേളെ ഇതിലിക്ക് വലിച്ചിടണ്ടാ. തെറ്റ് പറ്റാത്ത ആരൂല്യാ ഈ ലോകത്തില്. പറ്റ്യേ തെറ്റ് പിന്നീം പിന്നീം ചെയ്യാണ്ടിരുന്നാല്‍ മതി. അതിനുള്ള മനസ്സ് ദൈവം തരണം. നീ ദൈവത്തിന്‍റെ പേരില്‍ സത്യം ചെയ്തോ. അപ്പൊ പിന്നെ ചെയ്യാന്‍ പേടീണ്ടാവും''.
''കൊടുങ്ങല്ലൂരമ്മ്യാണെ ഇനിമേലാല്‍ ഞാനൊരു തെറ്റ് ചെയ്യില്ല''.
''എന്നാല്‍ എന്‍റെ കുട്ടി ആടിനെ ആട്ടീട്ട് പോ''.
ആടിനെ ആട്ടിക്കൊണ്ട് പെണ്‍കുട്ടി നടന്നു. അവള്‍ കണ്ണില്‍നിന്ന് മറയുന്നതുവരെ നോക്കിനിന്നു. പിന്നെ പുഴയിലിറങ്ങി കയ്യും കാലും മുഖവും കഴുകി. പരുവക്കൂട്ടം കടന്ന് പടികള്‍ കയറി റോഡിലെത്തി.
ഭാഗം :-49.
മുറ്റമടികഴിഞ്ഞ് ദേവു വരുമ്പോഴേക്കും വീടിനകത്തുള്ള സാധനങ്ങള്‍ കുറെയൊക്കെ പ്ലാവിന്‍ചുവട്ടില്‍ അടുക്കിവെച്ചു. വീട് പൊളിക്കാന്‍ ആള് വരുമ്പോഴേക്ക് എല്ലാം മാറ്റിയാല്‍ അവര്‍ക്ക് പണി മിനക്കെടാതെ കഴിയും.
അടുക്കളയിലെ പാത്രങ്ങള്‍ ഒതുക്കിവെച്ചു. അത്യാവശ്യം വേണ്ടത് മാറ്റി വെച്ച് ബാക്കിയെല്ലാം ചാക്കില്‍ കെട്ടിവെക്കണം . ഇനി എന്നാണാവോ എല്ലാം വീടിനകത്ത് എത്തുന്നത്.
പണിയെല്ലാം കഴിഞ്ഞ് ഉമ്മറത്തിണ്ടിലിരുന്നു. ജനിച്ചുവളര്‍ന്ന വീടാണ് ഇന്ന് ഇല്ലാതാവാന്‍ പോവുന്നത്. അപ്പനും അമ്മയും മാത്രമല്ല അപ്പന്‍റെ അപ്പനും അമ്മയും ഈ വീട്ടിലാണ് ജീവിച്ചതും അവസാനത്തെ ശ്വാസം വലിച്ചതും. എല്ലാറ്റിനും ഒരു അവസാനമുണ്ട്, ജീവനുള്ളതിനും അത് ഇല്ലാത്തതിനും. ദേവു വന്നതും ഉടുത്തത് മാറ്റി വീട്ടിലുടുക്കുന്നത് ചുറ്റി.
''നീ പണിക്ക് പോണില്ലേ''അവളോട് ചോദിച്ചു.
''ഇവിടെ പണീണ്ടാവുമ്പൊ ഞാന്‍ പോയാല്‍ ശര്യാവില്ല''.
''കുറച്ച് സാധനങ്ങള്‍ ഞാന്‍ പ്ലാവിന്‍റെ ചോട്ടില് വെച്ചിട്ടുണ്ട്''.
''ആദ്യം അവിടോക്കെ അടിച്ച് വൃത്ത്യാക്കി വെള്ളം തളിക്കട്ടെ. മരത്തിന്‍റെ ചോട്ടിലാണ് കിടക്കുണതെങ്കിലും വൃത്തീം വെടുപ്പും വേണം''.
ദേവു മുറ്റമടിക്കുമ്പോഴേക്ക് പ്ലാസ്റ്റിക്ക് കുടത്തില്‍ പൈപ്പില്‍നിന്ന് വെള്ളം പിടിച്ച് കൊണ്ടുവന്നു. ഒരുകപ്പില്‍ വെള്ളമെടുത്ത് അവള്‍ അവിടമാകെ തളിച്ചു. ഈ തണുപ്പ് പോവുന്നതുവരെ പൊടിയടിക്കില്ല. എട്ടര കഴിഞ്ഞതും വേശനെത്തി.
''എവിടെ നിന്‍റെ പണിക്കാര്''.
''ഇപ്പൊ എത്തും. പണിയായുധം എടുക്കാന്‍ പോയിരിക്ക്യാണ്''. ഇതാണ് ഇവരുടെ സ്ഥിരം പരിപാടി. ആദ്യത്തെ ദിവസം പണിക്ക് വരുമ്പോള്‍ പണിയായുധങ്ങള്‍ വേറെ എവിടെയെങ്കിലും ആയിരിക്കും ഉണ്ടാവുക. പിന്നെ അതന്വേഷിച്ച് ഒരു പോക്കാണ്.
വൈകാതെ രണ്ടുബൈക്കിലായി നാലുപേരെത്തി. ഇട്ട വസ്ത്രങ്ങള്‍ മാറി പണി ചെയ്യുമ്പോള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് ഒരുങ്ങുമ്പോഴേക്ക് ഒമ്പതര.
''ആദ്യം ഉള്ളിലൊന്ന് കേറി നോക്കിന്‍''വേശന്‍ പറഞ്ഞു. പണിക്കാര്‍ അകത്തുകയറി സൂക്ഷ്മമായി പരിശോധിച്ചു.
''ആരുട്യോ കുരുത്തംകൊണ്ടാണ് ഇത്രകാലം ഇത് തലേല് ഇടിഞ്ഞു കുത്തി വീഴാത്തത്''അതില്‍ ഒരുവന്‍ പറഞ്ഞു.
''പൊളിക്കാന്‍ തുടങ്ങ്വേല്ലേ ദിവാകരാ''വേശന്‍ അയാളോട് ചോദിച്ചു.
''അതിനല്ലേ വന്നത്. ആദ്യം ഓട് ഇറക്കാം. അതിന് മോളില് കേറണ്ട കാര്യൂല്യാ. അത്രേല്ലേ പെരയ്ക്ക് പൊക്കൂള്ളൂ''.
''പിന്നെന്താ വഴി കണ്ടിരിക്കുണത്''.
''കേറി നില്‍ക്കാന്‍ പറ്റ്യേ എന്തെങ്കിലൂണ്ടോന്ന് നോക്കട്ടെ. എന്നാല്‍ ഓട് എടുക്കാന്‍ എളുപ്പൂണ്ട്''. കേറിനില്‍ക്കാന്‍ പറ്റിയ എന്തെങ്കിലുമുണ്ടോ എന്ന്പണിക്കാര്‍ വീടിനകത്ത് തിരയാന്‍ തുടങ്ങി. മൂച്ചിപ്പലകകൊണ്ട് തട്ടിക്കൂട്ടിയ പഴയൊരുമേശ ഇരിപ്പുണ്ട്. അതിന്‍റെ മുകളില്‍ വെച്ചാണ് എന്തെങ്കിലും എഴുതുക. അതിന്‍റെ മീതെ സ്റ്റൂളിട്ടപ്പോള്‍ സംഗതി റെഡി.
ഒരാള്‍ ഓട് എടുത്ത് താഴെ നില്‍ക്കുന്ന ആള്‍ക്ക് കൊടുത്തു. അയാളത് അടുത്ത ആള്‍ക്കും. അങ്ങിനെ ഓട് പുറത്തെത്തി. ദേവു അതുവാങ്ങി ഒരുഭാഗത്ത് അടുക്കിവെച്ചു. ഒന്നൊന്നര മണിക്കൂര്‍കൊണ്ട് ആ പണി തീര്‍ന്നു.
''വേശേട്ടാ, ചായ കുടിക്കാന്‍ വരുണ്വോ''ദിവാകരന്‍ വേശനെ ക്ഷണിച്ചു.
''ഇത്രനേരം നിങ്ങടെകൂടെ പണ്യെടുത്തതല്ലേ. ഞാനൂണ്ട്''. ഒരു ബൈക്കില്‍ മൂന്നുപേരും ഒന്നില്‍ രണ്ടുപേരുമായി അവര്‍ സ്ഥലം വിട്ടു.
''എനിക്കും വിശക്കുണുണ്ട്. ഞാന്‍ പോയി പൊറോട്ട വാങ്ങീട്ട് വരാം'' ദേവു പോവാനൊരുങ്ങി..
''നീ ചായീണ്ടാക്ക്. അപ്പഴയ്ക്കും ഞാന്‍ വാങ്ങീട്ട് വരാം''. ഷര്‍ട്ടും മുണ്ടും മാറ്റി കാശെടുത്ത് പോക്കറ്റിലിട്ട് നടന്നു.
****************************************
പകലന്തിയോളമുള്ള പണികാരണം നല്ലക്ഷീണം തോന്നുന്നുണ്ട്. പ്ലാവിന്‍റെ ചുവട്ടില്‍ ചെറിയൊരു പ്ലാസ്റ്റിക്ക് ഷീറ്റിട്ട് അതിനുമീതെ പായവിരിച്ച് കിടന്നു.
മുകളില്‍ നീലാകാശത്ത് നക്ഷത്രങ്ങളെ നോക്കി പാതി ചന്ദ്രന്‍ പുഞ്ചിരി പൊഴിക്കുന്നുണ്ട്. വെള്ളമേഘങ്ങള്‍ അലസമായി നീങ്ങി ചന്ദ്രനെ തഴുകി കടന്നുപോവുന്നു. എത്രയോ തവണ ആകാശത്തിന്നുകീഴെ ഇതുപോലെ ഉറങ്ങിയിട്ടുണ്ട്. പക്ഷെ ആദ്യമായിട്ടാണ് ദേവുവിന്‍റെ കൂടെ ഇങ്ങിനെ കിടക്കുന്നത്.
പാവം. എന്തെല്ലാം കഷ്ടപ്പാടുകളാണ് അവള്‍ സഹിക്കുന്നത്. എന്നിട്ടും ഒരു പരാതിയും പറയാറില്ല. അവള്‍ക്ക് വിഷമമുണ്ടാക്കുന്ന ചിലത് ഇടയ്ക്ക് ചെയ്യാറുണ്ട്. എന്നിട്ടും അവള്‍?
''പകല് വെയില് കൊണ്ടതല്ലേ. കുറച്ച് കുടിച്ചോളിന്‍''എന്നുപറഞ്ഞ് ജവാന്‍ തന്നതിന്‍റെ ബാക്കി അവളെടുത്തുതന്നു.
''ദേവൂ, എന്നേക്കാള്‍ കൂടുതല്‍ നീ വെയില് കൊണ്ടില്ലേ. ഞാന്‍ അത്ര കഷ്ടപ്പെട്ടില്ലല്ലോ. എനിക്കും വേണ്ടാ ആ സാധനം''കുപ്പി തുറക്കാതെ തിരിച്ചുകൊടുത്തു.
''എനിക്ക് സന്തോഷായി''എന്നുപറഞ്ഞ് അവളത് എടുത്തുവെച്ചു.
''എന്താ ആലോചിക്കുണ്''ദേവു ചോദിച്ചു.
''നിന്നെ ഇങ്ങനെ വെളീല് കിടത്തണ്ടി വന്നില്ലേന്ന് ആലോചിക്ക്യാണ്''.
''അത് സാരൂല്യാ. നമുക്ക് നല്ലൊരു വീടുണ്ടാവാന്‍ വേണ്ടീട്ടല്ലേ''.
''ശരി. ഉറങ്ങിക്കോ. നാളെ പണിക്ക് പോണ്ടതല്ലേ''.
''വീട് പണീള്ള ദിവസം ഞാന്‍ പണിക്ക് പോണില്ല. ഇവിടെ നിന്നാല്‍ ഒരാളടെ കൂലി ലാഭാവ്വോലോ''.
''അത് നോക്കണ്ടാ. നീ വെയിലുകൊണ്ട് കഷ്ടപ്പെടണ്ടാ''.
''ഇതാപ്പൊ നന്നായത്. വെയിലും മഴീം ഒക്കെ കൊണ്ടിട്ടല്ലേ ഞാന്‍ എന്നും പണി ചെയ്യാറ്''.
''അതല്ല. ഞാനിവിടെ ഉണ്ടല്ലോന്ന് വെച്ച് പറഞ്ഞതാ''.
''നിങ്ങള് പതിവുപോലെ ഒരോ കാര്യങ്ങളായി നടന്നോളിന്‍. ഇവിടെ ഞാന്‍ നോക്കാം. അത്വോല്ല സായ്‌വ് നിങ്ങളെ അവടെ കണ്ടില്ലെങ്കില്‍ അന്വേഷിക്കും''.
പപ്പടപ്പൊട്ടുപോലെയുള്ള ചന്ദ്രന്‍ മാഞ്ഞുതുടങ്ങി. ഉറക്കം കണ്ണിലേക്ക് വരുന്നുണ്ട്. ദേവുവിന്‍റെ നേര്‍ത്ത കൂര്‍ക്കംവലി കേട്ട് കണ്ണടച്ചുകിടന്നു.
ഭാഗം :-50.
രാവിലെ ദേവുവിനോടൊപ്പം എഴുന്നേറ്റു. നേരം വെളുത്തിട്ടേയുള്ളൂ. ചൂലെടുത്ത് അവള്‍ മുറ്റമടിക്കാന്‍ തുടങ്ങി. പുര പൊളിച്ചിട്ട ഓടുകളും മരസ്സാമാനങ്ങളും അവിടവിടെ അടുക്കിവെച്ചിട്ടുണ്ട്. അതുകൊണ്ട് തീരെ കുറച്ച് സ്ഥലം മാത്രമേ അടിക്കാനുള്ളു. അടുക്കളയുടെ ചുമര്‍ തട്ടിയിടാന്‍ അത്ര ബുദ്ധിമുട്ട് ഉണ്ടായില്ല. എന്നാല്‍ മറ്റു ചുമരുകള്‍ അതു പോലെയല്ല. മണ്‍ചുമര് എന്ന പേരെയുള്ളൂ. ഇരുമ്പുപോലെ ബലമുണ്ട് ചുമരിന്ന്. ഇന്നെങ്കിലും അത് പൊളിക്കുന്ന പണി തീര്‍ന്നുകിട്ടിയാല്‍ മതി.
''കമ്പിറാന്തലും കുറച്ചു മണ്ണണ്ണേം വാങ്ങണം''മുറ്റമടിക്കുന്നതിനിടയില്‍ ദേവു പറഞ്ഞു.
ഇലക്ട്രിസിറ്റി ഓഫീസില്‍ ചെന്ന് വീട് പൊളിക്കുന്ന കാര്യം പറഞ്ഞു. തല്‍ക്കാലം കറണ്ട് വേണ്ടാ എന്നെഴുതികൊടുത്ത് കണക്ഷന്‍ അഴിച്ചു വിട്ടു. മീറ്റര്‍ അഴിച്ച് സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
''പിന്നെ എന്തെങ്കിലും വേണോ''.
''ഒരു ചൂട്ടടുപ്പ് വാങ്ങണം. എന്നെക്കാ വീടുപണി കഴിയ്യാന്ന് അറിയില്ല. അതുവരെ എന്തെങ്കിലും ഉണ്ടാക്കി കഴിക്കണ്ടേ''.
''പണിക്കാരുള്ളപ്പൊ എങ്ങന്യാ ദേവൂ ചോറ് വെക്ക്വാ''.
''ഉച്ചയ്ക്ക് നിങ്ങള് ഉണ്ണാന്‍ പോവില്ലേ. വരുമ്പൊ എനിക്കൊരു ചോറ് വാങ്ങീട്ട് വന്നാ മതി''. അങ്ങിനെ ആ കാര്യം തീരുമാനമായി. പൈപ്പില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് വെച്ചിട്ടുണ്ട്. അതെടുത്ത് പല്ലുതേച്ചു.
''ഇന്ന് വെള്ളം ചൂടാക്കിത്തരാന്‍ വഴീല്യാ. തണുത്ത വെള്ളത്തില്‍ കുളിക്ക്വോ''ദേവു ചോദിച്ചു.
''വേനല്‍ക്കാലോല്ലേ. തണുത്തവെള്ളം മതി''.
''എന്നാ ഞാന്‍ പോയി മുറ്റമടിച്ച് വേഗം വരാം''ദേവു യാത്രയായി.
പ്രദീപ് തല്‍ക്കാലത്തേക്ക് ഒരുഷെഡ്ഡുണ്ടാക്കി തരാമെന്ന് പറഞ്ഞിട്ടുണ്ട്. അവന്‍ വരുമോ എന്നറിയില്ല. എത്ര ദിവസമാണ് മരത്തിന്‍റെ ചുവട്ടില്‍ കിടന്നുറങ്ങുക. പൈപ്പില്‍നിന്ന് രണ്ടുകുടം വെള്ളം കൊണ്ടുവന്ന് പട്ട കൊണ്ട് കുത്തിമറച്ചതിനകത്തെ തൊട്ടിയിലൊഴിച്ചു. തണുത്തവെള്ളം ദേഹത്ത് തട്ടുമ്പോള്‍ മേലാകെ പൊട്ടിത്തരിക്കുന്നുണ്ട്. കുളിച്ച് തലയും ദേഹവും തോര്‍ത്തി പുറത്തിറങ്ങി. മരച്ചോട്ടില്‍വെച്ച പെട്ടിയില്‍നിന്ന് വസ്ത്രങ്ങളെടുത്ത് ധരിച്ചു. ഈറന്‍തുണികള്‍ മുറ്റത്തെ അയക്കോലില്‍ ഉണങ്ങാനിട്ടു.
പതിവിലും നേരത്തെ ദേവുവെത്തി. വീട് പൊളിക്കുന്ന കൂട്ടത്തില്‍ അടുക്കളയിലെ അടുപ്പ് പൊട്ടിക്കാഞ്ഞത് നന്നായി. ദേവു വേഗത്തില്‍ ചായയുണ്ടാക്കി. അവള്‍ കൊണ്ടുവന്ന ആഹാരം രണ്ടുപേരുംകൂടി കഴിച്ചു. കൈകഴുകി മരച്ചുവട്ടിലിട്ട കസേലയിലിരുന്നു
''എന്താ കുഞ്ച്വോട്ടാ, പൊളിക്കുണ പണി ഇനീം തീര്‍ന്നില്ലേ'' തിരിഞ്ഞു നോക്കിയപ്പോള്‍ പ്രദീപാണ്.
''വിചാരിച്ച് മാതിര്യല്ല. ചുമരിന്ന് നല്ല ഉറപ്പ്''.
''ഇന്നലെ എവിട്യാ കിടന്നത്''.
''പൊളിച്ച വീടിന്‍റെ ഉള്ളില് കിടക്കണ്ടാന്ന് കരുതി മരച്ചോട്ടില്‍ കിടന്നു''.
''അത് കഷ്ടായി. ഇന്ന് കിടക്കാന്‍ പാകത്തില്‍ ഷെഡ്ഡുണ്ടാക്കാം''.
''അതിന് തേക്കിന്‍കൊഴ വാങ്ങണ്ടേ''.
''ഇതിലുള്ളതോണ്ട് പറ്റ്വോന്ന് നോക്കട്ടെ''.
''നോക്കിന്‍. ചെറുക്കന്യോന്ന് ഉണ്ടാക്ക്യാ മതി''ദേവു അറിയിച്ചു.
''അത്രേ ചെയ്യുണുള്ളൂ ഏടത്ത്യേ''.
''എന്തെങ്കിലും വാങ്ങീട്ട് വരണോ''.
''കുറച്ച് പട്ടിക്യാണി വേണ്ടിവരും. അതുപോലെ ആറിഞ്ചാണീം വേണം''.
''എന്താച്ചാല്‍ വാങ്ങിക്കോ. പൈസ തരാം''.
''പൈസടെ കാര്യം ഇരിക്കട്ടെ. ആദ്യം ഷെഡ്ഡ് കെട്ടാന്‍ പറ്റ്യേ ഒരു സ്ഥലം നോക്കട്ടെ. വീടിന് അസ്തിവാരം കീറുമ്പൊ ബുദ്ധിമുട്ട് വരാത്ത ഭാഗത്ത് വേണോലോ ഷെഡ്ഡ് കെട്ടുണത്''.
പ്രദീപ് പറ്റിയ സ്ഥലവും മരസ്സാമാനങ്ങളും നോക്കാന്‍ ചെന്നു. വേശന്‍ വീട് പൊളിക്കുന്ന ആളുകളുമായി വരുന്നുണ്ട്. മതി ഇന്നത്തെ വിശ്രമം. കസേലയില്‍നിന്ന് എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.
Comments
Post a Comment