അദ്ധ്യായം 71-80
ഭാഗം :- 71.
നിലംപണി നോക്കിക്കൊണ്ട് വാതില്‍ക്കല്‍ നിന്നു. പണിക്കുവന്നവര്‍ എവിടെനിന്നൊ കുടെ റ്റൈല്സിന്‍റെ കഷ്ണങ്ങള്‍ കൊണ്ടുവന്നിരുന്നു. ആദ്യം മുറിയുടെ പലഭാഗങ്ങളില്‍ അല്‍പ്പം മട്ടിവെച്ച് അതിനുമീതെ ടൈലിന്‍റെ കഷ്ണം പതിക്കും. ട്യൂബില്‍ വെള്ളം നിറച്ച് അതുവെച്ച് ലെവല് കാണും. എന്നിട്ടാണ് മട്ടിയിട്ട് നിലം ലെവലാക്കുക. പിന്നീട് മണീയാസുകൊണ്ട് തേച്ച് ഉറപ്പിക്കും. അതിനിടയില്‍ ആരെങ്കിലും കാവിയും സിമിന്‍റും കൈകൊണ്ട് യോജിപ്പിക്കും. വെള്ളത്തിലത് കലക്കി കുറേശ്ശയായി ഒഴിച്ച് കരണ്ടികൊണ്ട് മിനുപ്പിക്കും. നിലം തിളങ്ങാന്‍ തുടങ്ങുന്നതുവരെ പണിക്കാര്‍ ഉരച്ചുകൊണ്ടിരിക്കും.
സായ്‌വിന്‍റെ വീട്ടില്‍നിന്നുകൊണ്ടുവന്ന പഴയപേപ്പര്‍ ഏതാണ്ടൊക്കെ തീരാറായി. അത് വിരിച്ച് മീതെ ഇരുന്നിട്ടാണ് നിലം മിനുപ്പിക്കുന്നത്. നിലത്തിലെ വെള്ളംവെടിക്കും എന്നൊരുഗുണംകൂടി അതുകൊണ്ടുണ്ട്.
''ഇന്നെന്താ നിങ്ങക്ക് ശാപ്പാട് കഴിക്കണ്ടേ''എന്ന ദേവുവിന്‍റെ ചോദ്യം കേട്ടപ്പോഴാണ് സമയത്തെക്കുറിച്ച് ഓര്‍മ്മവന്നത്. പണി കണ്ടുകൊണ്ട് നില്‍ക്കുമ്പോള്‍ നേരം പോവുന്നത് അറിയില്ല.
''ശരി. ഞാന്‍ പോയിട്ടുവരാം''ഷര്‍ട്ടും മുണ്ടുംമാറ്റി ഇടവഴിയിലൂടെ നടന്നു.
ഇന്നലെ പെയ്ത മഴയ്ക്ക് നല്ല ശക്തിയായിരുന്നു. പൊറ്റക്കണ്ടങ്ങളില്‍ ചളിവെള്ളം കെട്ടിനില്‍ക്കുന്നുണ്ട്. ഇന്നും മഴപെയ്യും എന്ന് തോന്നുന്നു. അത്രയ്ക്ക് പുഴുക്കം തോന്നുന്നുണ്ട്. മാനത്ത് ഇപ്പോഴേ കാറ് ഉരുണ്ടു കൂടിയിട്ടുണ്ട്.
ഇനി മഴ പെയ്താലും പ്രശ്നമില്ല. പുറത്തെ പണികള്‍ മുഴുവന്‍ കഴിഞ്ഞു. ടെറസ്സില്‍ മട്ടിവെക്കണം എന്ന ദേവുവിന്‍റെ ആവശ്യവും നിറവേറ്റി. നിലം പണി നാലുദിവസംകൂടി ഉണ്ടാവും. അത് കഴിഞ്ഞാല്‍ വാതില്‍വെക്കാം. ജനല്‍പ്പാളികളുടെ പണി തീര്‍ന്നല്ലോ. അത്രയും സമാധാനം. നല്ലദിവസം നോക്കി കയറി താമസിക്കണം എന്ന് ദേവു പറഞ്ഞുതുടങ്ങി.
''കുഞ്ച്വോട്ടാ, വീട് പാലുകാച്ചുമ്പൊ നിങ്ങള് ഞങ്ങളെ വിളിക്കില്ലേ'' എന്ന് പലരും ചോദിക്കുന്നുണ്ട്.
''മക്കളടെ കല്യാണംന്ന് പറഞ്ഞ് ഒരുപിടി ചോറുകൊടുക്കാന്‍ നമുക്ക് യോഗൂല്യാ. വീടിരിക്കുണ ദിവസം നമ്മള് വേണ്ടപ്പെട്ടോരക്കൊരുസദ്യ കൊടുക്കണം''എന്ന് ദേവു പറയുകയുണ്ടായി. അവളുടെ മോഹമല്ലേ. അത് സാധിച്ചുകൊടുക്കണം.
''നമ്മടെ ആളടെ റേഷന്‍കാര്‍ഡ് ശര്യാക്കി കിട്ടി''ഉണൂവിളമ്പുമ്പോള്‍ ശങ്കരേട്ടന്‍ പറഞ്ഞു''നിന്‍റെ ആള് അവടെ ഉള്ളതോണ്ട് കാര്യം നടന്നു'' സത്യം പറഞ്ഞാല്‍ ആ കാര്യം മറന്നുകഴിഞ്ഞിരുന്നു. പല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചിലതെല്ലാം മറക്കും.
''ആ സാറ് ചെയ്യാതിരിക്കില്ല. എനിക്ക് അത്രയ്ക്ക് വേണ്ടപ്പെട്ട ആളാണ്''.
ഊണുകഴിഞ്ഞ് ദേവുവിനുള്ള ചോറുമായി ഇറങ്ങി. പണിക്കാര്‍ ഉച്ചയൂണിന്ന് പുറപ്പെടാറായി. ദേവു ഊണുകഴിഞ്ഞ് കുറച്ചുനേരം കിടന്നോട്ടെ. പണിക്കാര്‍ എത്തുമ്പോള്‍ എഴുന്നേറ്റാല്‍ മതിയല്ലോ.
''കുഞ്ച്വോട്ടോ, ഒന്ന് നില്‍ക്കിന്‍''പുറകില്‍നിന്ന് വിളികേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ രാഘവന്‍. ഇവനെ കാണണമെന്ന് വിചാരിച്ചതാണ്. വേലകമ്മിറ്റിയുടെ പ്രസിഡണ്ടാണ് ഇവന്‍. ആ കാര്യം സംസാരിക്കാന്‍ വേണ്ടിയാണോ ഇപ്പോള്‍ വിളിക്കുന്നത്.
''എന്താ രാഘവാ കാര്യം''.
''എനിക്ക് നിങ്ങളെക്കൊണ്ട് ചെറ്യോരു കാര്യൂണ്ട്''.
''എന്താച്ചാല്‍ പറ''.
''ഈ നട്ടപ്പൊരി വെയിലത്ത് നിന്ന് സംസാരിക്കണ്ടാ. നമുക്ക് നിങ്ങടെ വീട്ടില്‍ ചെന്നിട്ട് സംസാരിക്കാം''.
''എന്നാല്‍ വാ''.
''നിങ്ങള് സ്കൂട്ടറില്‍ കേറിന്‍''രാഘവന്‍റെ സ്കൂട്ടറില്‍ കയറിയിരുന്നു. അത് മുന്നോട്ട് നീങ്ങി
ഭാഗം :- 72.
''മൂച്ചിടെ ചോട്ടിലിരുന്നാ മതി. അകത്തൊന്നും വേണ്ടാ''ഷെഡ്ഡിനുള്ളില്‍ ഇരിക്കാമെന്ന് പറഞ്ഞപ്പോള്‍ രാഘവന്‍ പറഞ്ഞു. അകത്ത് ചൂടാണ്. ഇവിടെ കാറ്റ് കിട്ടും. ഷെഡ്ഡിന്‍റെ ഉള്ളില്‍നിന്ന് ഒരു സ്റ്റൂളും കസേലയും കൊണ്ടുവന്ന് പുറത്തിട്ടു. എന്നിട്ടതില്‍ ഇരുവരും ഇരുന്നു.
''ഇനി പറയിന്‍. എന്താ കാര്യം''.
''നാലുംകൂടുന്ന മുക്കില്‍ ഹോട്ടലിന്‍റെ തൊട്ടടുത്തെസ്ഥലം കുഞ്ച്വോട്ടന്‍ കണ്ടിട്ടില്ലേ . എനിക്ക് അത് കിട്ടീട്ട് ഒരു ആവശ്യൂണ്ട്''. കണ്ണായ ഭാഗത്ത് കാടുപിടിച്ച് കിടക്കുന്ന ഒരുസ്ഥലമുണ്ട്. അങ്ങാടിയുടെ നടുവിലുള്ള ആ സ്ഥലം എന്താണ് വെറുതെ കിടക്കുന്നതെന്ന് പലപ്പോഴും ചിന്തിക്കും.
''അതിനെന്താ. നിങ്ങള്‍ക്കത് വാങ്ങിക്കൂടേ''.
''വാങ്ങാന്‍ മോഹൂണ്ട്. പക്ഷെ ഉടമസ്ഥന്‍ തരണ്ടേ''.
''ആരാ അതിന്‍റെ ഉടമസ്ഥന്‍''.
''എന്‍റെ മാമന്‍ തന്നെ''.
''നിങ്ങക്ക് രണ്ട് മാമന്മാരില്ലേ. പഴണനും ഭാസ്ക്കരനും. അതില്‍ ആരടെ പേരിലാ ആ സ്ഥലം''.
''ഭാസ്ക്കരമാമന്‍റെ സ്ഥലാണ് അത്''. അതുശരി. ഇത്ര വിലയേറിയ സ്ഥലം വെറുതെയിട്ടിരിക്കുന്നത് ഭാസ്ക്കരനാണ്. അത് അറിഞ്ഞുകൂടാ. ഏതോ തറവാട് വക സ്ഥലമാണ്, കേസ്സില്‍ കിടക്കുണതാണ് എന്നൊക്കെയാണ് കരുതിയിരുന്നത്. ഇങ്ങിനെ ഒരു സ്ഥലമുള്ള കാര്യം ഭാസ്ക്കരന്‍ ഒരു തവണപോലും പറഞ്ഞിട്ടില്ല. ഇപ്പോഴാണ് യഥാര്‍ത്ഥ്യം അറിയുന്നത്.
''എന്നിട്ട് ഭാസ്ക്കരനോട് ചോദിച്ചില്ലേ''.
''ഞങ്ങള് തമ്മില്‍ ഉള്ളോണ്ട് അത്ര സുഖ്വോല്ല. മൂപ്പരുക്ക് എന്തോ ഒരു തെറ്റിദ്ധാരണ. അത് പറഞ്ഞുവലുതാക്കാന്‍ ചില നാട്ടുകാരൂണ്ട്''.
''ഭാസ്ക്കരന്‍ കുറെ ആയിട്ട് കിടപ്പിലാണല്ലോ. നിങ്ങള് പോയി കണ്ട്വോ''.
''എനിക്ക് പോണംന്നുണ്ട്. കേറിചെല്ലുമ്പൊ മാമന്‍ എന്തെങ്കിലും പറയ്യോ എന്നറിയില്ല. അതോണ്ട് പോയില്ല''.
''ഈയിടെ ഞാന്‍ ഭാസ്ക്കരന്‍റെ മകനെ കാണ്വേണ്ടായി''.
''മാമന് മൂന്ന് മക്കളുണ്ട്. നിങ്ങളതില്‍ ആര്യാ കണ്ടത്''. പട്ടാളത്തിലാണ് ഒരാള്‍, അവന്‍റെ മൂത്തത് ദുബായിലാണ്. ഒടുവിലുത്തെ ചെക്കന്‍ ജോലി ആയിട്ട് ബാംഗ്ലൂരിലായിരുന്നു.
''പട്ടാളത്തിലുള്ള മകനില്ലേ. അയാള്യാ ഞാന്‍ കണ്ടത്''.
''അവന്‍ വെറും പട്ടാളക്കാരനല്ല, ഓഫീസറാ. ലീവ് കഴിഞ്ഞു പോയീന്ന് കേട്ടു''. പട്ടാളക്കാരന്‍ കുറച്ചുകാശും കുപ്പിയും തന്നകാര്യം ഇയാളോട് പറയണ്ട.
''ശരി. ഞാനിപ്പൊ എന്താ വേണ്ടത്''.
''നിങ്ങളൊന്ന് മാമനെ കാണണം. എന്നിട്ട് ആ സ്ഥലം ഒന്ന് കച്ചോടാക്കി തരണം''.
''ഞാന്‍ വിചാരിച്ചാല്‍ നടക്ക്വോ''സംശയം ചോദിച്ചു.
''നടക്കും. നിങ്ങള് കുറെകാലം മാമന്‍റെകൂടെ നടന്നതല്ലേ. നിങ്ങള് ഈ കാര്യം പറഞ്ഞാല്‍ ഉറപ്പായിട്ടും നടക്കും''. കാര്യം ശരിയാണ്. മുമ്പ് ഒന്നിച്ചു നടക്കാറുള്ള കൂട്ടുകാരാണ്. പക്ഷെ അതൊക്കെ കഴിഞ്ഞിട്ട് എത്രയോ കൊല്ലമായി. അതുമല്ല, ഇതുപോലെയുള്ള കാര്യങ്ങളില്‍ ഭാസ്ക്കരനുമായി ഇടപെട്ടിട്ടുമില്ല. ഇപ്പോഴിതും പറഞ്ഞ് ചെന്നാല്‍ ശരിയാവുമോ എന്തോ. മാത്രമല്ല ഇവര്‍ ലോഹ്യത്തിലല്ലല്ലോ. ആദ്യം അലോഹ്യം തീര്‍ക്കണം. ബാക്കി കാര്യം എളുപ്പമാണ്.
''എന്താ കുഞ്ച്വോട്ടാ, നിങ്ങളൊന്നും പറയാത്ത്''.
''ഞാനൊരുകാര്യം പറഞ്ഞാല്‍ നിങ്ങക്ക് ദേഷ്യം തോന്ന്വോ''.
''ഇല്ല. എന്താണച്ചാലും പറയിന്‍''.
''നിങ്ങളും മാമനും തമ്മിലുള്ള ഉപ്പേരിപ്പിണക്കം നീട്ടിക്കൊണ്ട് പോണോ. ഭാസ്കരന് വയസ്സായി. പോരാത്തതിന് സുഖൂല്യാത്ത ആളും. പെട്ടെന്ന് അവനെന്തെങ്കിലും സംഭവിച്ചാല്‍ ചാവുണവരെ അതൊരു കിടപ്പാവും. അലോഹ്യം പറഞ്ഞുതീര്‍ക്കായിരുന്നു എന്ന തോന്നല്‍ നിങ്ങക്കുണ്ടാവും. എന്താ ശര്യല്ലേ ഞാന്‍ പറഞ്ഞത്''.
''ഞാന്‍ പറഞ്ഞില്ലേ. എനിക്ക് മാമനെ കാണണംന്നുണ്ട്. മൂപ്പര് എങ്ങിനെ പെരുമാറുംന്ന് അറിയാത്തതോണ്ടാ''.
''അങ്ങിന്യാച്ചാല്‍ ആദ്യം ഞാന്‍ നിങ്ങടെ അലോഹ്യം തീര്‍ക്കട്ടെ. എന്നിട്ട് സ്ഥലത്തിന്‍റെ കാര്യം ചോദിക്കാം. അത് പോരേ''.
''അതുമതി. അപ്പൊ രണ്ട് കാര്യൂം നടന്നു''.
''എന്നാല്‍ ഇന്യൊരു കാര്യം ഞാനങ്ങോട്ട് ചോദിക്കട്ടെ. ഈ നാട്ടില് നിങ്ങള് രണ്ടുകൂട്ടരേം അറിയുണ എത്ര ആള്‍ക്കാരുണ്ട്. മാത്രോല്ല രണ്ടുകൂട്ടക്കാരടീം സന്തുബന്ധുക്കളൂണ്ട്. എന്നിട്ടും അവരെ കൂട്ടി തൊടീക്കാതെ എന്തിനാ ഇതിന് നിങ്ങളെന്നെ കാണാന്‍ വന്നത്''.
''ആളൊക്കീണ്ട്. പക്ഷെ തമ്മില്‍ത്തല്ലിക്കാനല്ലാതെ കൂട്ടിച്ചേര്‍ക്കാന്‍ ഒരാളും ഉണ്ടാവില്ല. പിന്നെ ഒരുകാലത്ത് നിങ്ങള് രണ്ടാളും ഈച്ചീം വെല്ലൂംപോലെ ആയിരുന്നല്ലോ''.
''ഒരുകാര്യംകൂടി പറയാനുണ്ട്. പുത്യേ വേലക്കമ്മിറ്റി ഉണ്ടാക്കണംന്ന് പറഞ്ഞ് അഞ്ചാറ് ആള്‍ക്കാര് എന്‍റടുത്ത് വന്നിരുന്നു. എന്താ പ്രശ്നം''.
''നാലാളടെ മുമ്പില് ആളാവണം. എന്നാലോ അതിനുള്ള കഴിവൂല്യാ. അതാ പ്രശ്നം. ആട്ടെ, കുഞ്ച്വോട്ടന്‍ എന്ത് പറഞ്ഞു''.
''ഞാന്‍ പ്രസിഡണ്ടാവണം എന്നുപറഞ്ഞിട്ടാ വന്നത്. ഞാനില്ല, എനിക്ക് ഒഴിവില്ലാന്ന് ഞാന്‍ പറയുംചെയ്തു. കാശിന്‍റെ കണക്കൊന്നും ശര്യല്ല, അത് ചോദിക്കണം എന്നൊക്ക്യാ എന്നോട് പറഞ്ഞത്''.
''നൂറിന്‍റെ നോട്ടുണ്ടല്ലോ. ബാങ്കില് കാഷ്യറത് എണ്ണുണതേ അവരൊക്കെ കണ്ടിട്ടുള്ളൂ. അത് കയ്യോണ്ട് തൊടാനുള്ളയോഗം ഇല്ലാത്തോരാ ഞങ്ങളെ കുറ്റം പറഞ്ഞോണ്ട് നടക്കുണ്. നോക്കിന്‍ കുഞ്ച്വോട്ടാ, അവരൊക്കെ ഈ രാഘവന് അമ്പിട്ടന്‍ മുറിച്ചിട്ട മുടിക്ക് തുല്യാണ്''.
''കാര്യം ശര്യാണ്. പക്ഷെ അതില് ഒന്നുരണ്ട് നല്ല ആള്‍ക്കാരുണ്ട്. അവരെ കൂടെ നിര്‍ത്തിക്കൂടേ''.
''എന്താ സംശയം. കുഞ്ച്വോട്ടന്‍ അവരടെ പേര് പറഞ്ഞോളിന്‍. അടുത്ത കമ്മിറ്റിടെ പാനലുണ്ടാക്കുമ്പൊ അവരടെ പേര് ഞാന്‍ ചേര്‍ത്തോളാം''.
''രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ ഭാസ്ക്കരനെ കാണും. എന്നിട്ട് വിവരം തരാം''.
''അങ്ങിന്യാവട്ടെ. ഞായറാഴ്ച രാവിലെ നമുക്ക് കാണാം''രാഘവന്‍ പോവുന്നത് നോക്കിക്കൊണ്ടിരുന്നു. ഉച്ചഭക്ഷണംകഴിഞ്ഞ് ദേവു കൈ കഴുകി വന്നു. ഉണ്ണാന്‍ പോയ പണിക്കാര്‍ വരാറായി.
ഭാഗം :- 73.
നിലംപണി തീര്‍ന്നതിന്‍റെ സന്തോഷത്തിലാണ് ഭാസ്ക്കരനെ കാണാന്‍ പുറപ്പെട്ടത്. രണ്ടുദിവസം മുമ്പുതന്നെ പോവാമായിരുന്നു. പകല്‍ മുഴുവന്‍ പണി നോക്കിനില്‍ക്കും. വൈകുന്നേരമാവുമ്പോഴേക്ക് തീരെവയ്യ എന്ന് തോന്നും. എങ്ങോട്ടും ഇറങ്ങാതെ വീട്ടില്‍ കഴിയും. ഇന്ന് ഉച്ചഭക്ഷണത്തിന്ന് മുമ്പ് പണി തീര്‍ത്ത് പണിക്കാര്‍ ഇറങ്ങി. അവര്‍ക്ക് എവിടേയോ വേലയ്ക്ക് പോവണമത്രേ. അതുകൊണ്ട് നാലുമണിയ്ക്ക് ഭാസ്ക്കരനെ കാണാന്‍ വീട്ടില്‍നിന്ന് ഇറങ്ങാന്‍ കഴിഞ്ഞു.
ഉച്ച തിരിഞ്ഞെങ്കിലും വെയിലിന്ന് നല്ല ചൂടുണ്ട്. ഈ വെയിലത്ത് രണ്ടു കിലോമീറ്റര്‍ ദൂരം നടന്നാല്‍ ക്ഷീണിച്ച് വീഴും. ഉങ്ങിന്‍റെ തണലില്‍ നിന്നു. ഏതെങ്കിലും പരിചയക്കാര്‍ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു. കാവിന്‍റെ മുന്നിലെത്തി കിട്ടിയാല്‍ മതി. പിന്നെ സ്വല്‍പ്പം വരമ്പിലൂടെ നടന്നാല്‍ ഭാസ്ക്കരന്‍റെ വീടെത്തും. റോഡുവഴി അവന്‍റെ വീട്ടിലെത്താന്‍ കുറച്ചു കൂടി വളഞ്ഞുചുറ്റി പോണം. രണ്ടുവഴിക്കും ബൈക്കുകാര്‍ ഉണ്ടാവും. അഞ്ച് അഞ്ചര കഴിഞ്ഞാല്‍ അവരുടെ തിരക്കാണ്.
അകലെനിന്ന് വരുന്ന ഓട്ടോറിക്ഷയിലേക്ക് പ്രതീക്ഷയോടെ നോക്കി. കാലി വരുന്നതാണെങ്കില്‍ എന്തെങ്കിലും കൊടുത്താല്‍ മതി. അകത്ത് ആരോ ഉണ്ട് എന്നുകണ്ടതോടെ ആ പ്രതീക്ഷ വെടിഞ്ഞു. സ്വല്‍പ്പദൂരം മുന്നോട്ട് നീങ്ങി ഓട്ടോനിന്നു. പിന്നിലിരുന്ന ആള്‍ തല പുറത്തേക്കിട്ട് വിളിച്ചു. അടുത്ത് ചെന്നു നോക്കി. സുന്ദരനാണ് അകത്ത്. കാവിന്‍റെ തൊട്ടടുത്താണ് അവന്‍റെ വീട്. ഈയിടെ വേലക്കമ്മിറ്റിയുടെ കാര്യം സംസാരിക്കാന്‍ ഇവനും വന്നിരുന്നു.
''എങ്കിട്ടാ കുഞ്ച്വോട്ടാ''അവന്‍ ചോദിച്ചു.
''ഭാസ്ക്കരന്‍റെ വീടുവരെ പോണം. വണ്ടി വല്ലതും കിട്ട്വോന്ന് നോക്കി നിന്നതാണ്''.
''കാവിന്‍റവിടെ എത്തിച്ചാല്‍ മത്യോ''.
''മതി. അവിടുന്ന് ഞാന്‍ നടന്നോളാം''.
''എന്നാല്‍ കേറിന്‍''. ഓട്ടോയില്‍ കയറിക്കൂടി.
''ഞങ്ങള് പറഞ്ഞ കാര്യം എന്തായി''വണ്ടി നീങ്ങിയപ്പോള്‍ സുന്ദരന്‍ ചോദിച്ചു.
''വേലക്കമ്മിറ്റിടെ കാര്യോല്ലേ. ഞാന്‍ രാഘവനെ കണ്ട് സംസാരിച്ചു''.
''എന്താ അയാളടെ അഭിപ്രായം''.
''ആരുവേണച്ചാലും വേല നടത്തിക്കോട്ടേന്ന് പറഞ്ഞു''.
''അപ്പൊ പ്രശ്നോന്നൂല്യാ അല്ലേ''.
''അപ്പഴാ പ്രശ്നം ഉണ്ടാവ്വാ''.
''അതെന്താ അങ്ങനെ''.
''പ്രധാന പ്രശ്നം പണം തന്നെ. രാഘവന്‍റെ കേറോഫില്‍ ഒരുപാട് പൈസ വേലയ്ക്ക് വരുണുണ്ട്. അവന്‍ മാറ്യാല്‍ അത് നില്‍ക്കും. പിന്നെ നിങ്ങള് പണത്തിന് തെണ്ടും''.
''അത് വെറുതെ പറയുണതാണ്''.
''ആയിക്കോട്ടെ. നിങ്ങള് വേലനടത്തിക്കോ. വേലടെ പിറ്റേന്ന് ആനയ്ക്കും കൊട്ടുകാരക്കും മൈക്ക്സൌണ്ട്കാരനും പൈസ കൊടുക്കാന്‍ വീട്ടിലെ പെണ്ണുങ്ങളുടെ പണ്ടംവാങ്ങി പണയം വെച്ചോ''.
''അതിന് രാഘവന്‍ മാറണ്ടാ. അയാള് കമ്മിറ്റീല് നിന്നോട്ടെ''.
''നിങ്ങള് പറയുണപോലെ കേള്‍ക്കാന്‍ അയാള്‍ക്കെന്താ പ്രാന്തുണ്ടോ''.
''പിന്നെന്താ വഴി''.
''നിങ്ങളില്‍നിന്ന് രണ്ടുമൂന്നാളെ അയാള് കമ്മിറ്റീല് എടുക്കും. അതിന് സൌകര്യൂണ്ടെങ്കില്‍ പറയിന്‍''.
''കുഞ്ച്വോട്ടന്‍ ഞങ്ങടെകൂടെ വേണം. നിങ്ങളാവുമ്പൊ മുഖത്തുനോക്കി കാര്യം പറയും''.
''അതെന്താ നിങ്ങക്ക് കാര്യം പറഞ്ഞാല്‍. നിങ്ങടെ വായില്‍ നാവില്യേ''.
''അതല്ല. എന്നാലും..''
''ഞാന്‍ ഇതിനൊന്നൂല്യാ. എല്ലാരുംകൂടി യോജിച്ച് വേല നടത്ത്യാല്‍ നന്ന്. അല്ലെങ്കിലോ തമ്മില്‍ത്തല്ലി അത് വേണ്ടാന്ന് വെക്കാം''.
''നാളെ ഞങ്ങള് നിങ്ങടെ വീട്ടിലിക്ക് വരാം. എന്നിട്ട് സംസാരിക്കാം''.
''തിങ്കളാഴ്ച വന്നാ മതി. അതുവരെ ലേശം തിരക്കുണ്ട്''.
മെയിന്‍ റോഡില്‍നിന്ന് ഓട്ടോ പഞ്ചായത്ത് പാതയിലേക്ക് തിരിഞ്ഞു. കുറെദൂരം അതിലൂടെ ഓടി കാവിന്‍റെ മുന്നിലത് നിന്നു. സുന്ദരനോട് യാത്രപറഞ്ഞ് കൊയ്ത്തുകഴിഞ്ഞ പാടങ്ങളുടെ വരമ്പിലൂടെ നടന്ന് മെയിന്‍ റോഡിലേക്ക് വീണ്ടും കയറി. ബസ്സ് വെയിറ്റിങ്ങ് ഷെഡ്ഡിന്‍റെ തൊട്ടടുത്തുള്ള വീടിന്‍റെ ഗെയിറ്റ് തുറന്ന് അകത്തേക്ക് കയറി. മുറ്റത്ത് മരത്തണലിലിട്ട കസേലയില്‍ ഭാസ്ക്കരന്‍ കിടക്കുന്നത് കണ്ടു.
ഭാഗം :- 74.
''നിനക്കെന്നെ വേണ്ടാണ്ടായി അല്ലേടാ കുഞ്ച്വോ''പ്രതീക്ഷിച്ചപോലെ ഭാസ്ക്കരന്‍ പരിഭവം പറഞ്ഞുകൊണ്ട് സംഭാഷണം തുടങ്ങി.
''വേണ്ടാഞ്ഞിട്ടൊന്ന്വോല്ല. കൊയമ്പത്തൂരിലെ ആസ്പത്രീല്‍ ഞാന്‍ നിന്നെ വന്ന് കണ്ടശേഷം നിന്‍റെ വിവരങ്ങള്‍ അന്വേഷിക്കാറുണ്ട്. ആസ്പത്രീന്ന് ഡിസ്ചാര്‍ജ്ജായിട്ട് നീ വന്നൂന്ന് അറിഞ്ഞപ്പൊ ഞാന്‍ കാണാന്‍ വരാന്‍ നിന്നതാണ്. അപ്പഴാ നീയ്യ് നടക്കാന്‍ പറ്റാത്ത അവസ്ഥ്യാണ് എന്ന് കേട്ടത്. അങ്ങനത്തെ ചുറ്റുപാടില് നിന്നെ കാണാന്‍ വയ്യാണ്ടെ വരാതിരുന്നതാ''.
''ആ കിടക്കുണ കസേലയെടുത്തിട്ട് നീ എന്‍റടുത്തിരിയ്ക്ക്''. കുറച്ച് മാറി മരച്ചുവട്ടില്‍ കിടക്കുന്ന പ്ലാസ്റ്റിക്ക് കസേലയെടുത്തിട്ടുവന്ന് ഭാസ്ക്കരന്‍ ഇരിക്കുന്നതിനടുത്തിട്ട് അതിലിരുന്നു. ഭാസ്ക്കരന്‍ കയ്യില്‍ കടന്നു പിടിച്ചു. അവന്‍റെ കണ്ണുകള്‍ നിറഞ്ഞുതൂവിയിട്ടുണ്ട്.
''എന്തിനാ ഭാസ്ക്കരാ കരയുണ്. അതിന് മാത്രം എന്താപ്പൊ ഉണ്ടായത്''.
''ഇതില്‍ കൂടുതല്‍ എന്താ വരണ്ട്. ഒന്നിനും പറ്റാണ്ടെ ഞാന്‍ ഒരുമുക്കില് കിടപ്പായില്ലേ''.
''അത് കാര്യാക്കണ്ടാ. മനുഷ്യന് ഒരോ സമയത്ത് ഓരോന്ന് വര്വാ എന്നുണ്ട്. കുറെ കഴിയുമ്പൊ അത് വന്നപോലെ പോവും''
''അതാലോചിച്ചിട്ട് സമാധാനിക്ക്യാണ്. ഇനി നീ പറ. എന്തൊക്കീണ്ട് നിന്‍റെ വിശേഷം''ഭാസ്ക്കരന്‍ ചോദിച്ചു.
''ആദ്യം നിന്‍റെ വിശേഷം പറ. എന്നിട്ടാവാം എന്‍റെ വിശേഷം''.
''എനിക്കെന്താടാ വിശേഷം. ദിവസൂം ഒരുകൊട്ട മരുന്നുകള് കഴിക്കണം. ഫിസിയോതെറാപ്പി എന്നു പറയുണ എടവാടുണ്ട്. അത് ചെയ്യിക്കാന്‍ ഒരുത്തന്‍ വന്നിരുന്നു. ഒക്കെ ശര്യായി എന്നുപറഞ്ഞ് ഇപ്പൊ വരാറില്ല. ഭാര്യ ഒരുവൈദ്യരടെ അടുത്ത് കൊണ്ടുപോയി. ഇപ്പൊ എണ്ണീം കുഴമ്പും ഗുളികീം പൊടീം ലേഹ്യൂം ഒക്ക്യായിട്ട് കഴിയുണൂ''.
''വീട്ടിന്‍റെ ഉള്ളിലൊക്കെ നടക്കാറയില്ലേ''.
''കഷ്ടിച്ച് നടക്കും. കാലിന് ബലൂല്യാത്തപോലെ തോന്നുമ്പൊ ഇരിക്കും''
''അതാ നല്ലത്. വീഴാന്‍ ഇട വരുത്തരുത്''.
''ഇല്ല. സൂക്ഷിച്ചിട്ടേ നടക്കൂ. ഇനി നിന്‍റെ കാര്യങ്ങള് പറയ്''.
''ഞാനിതാ പണീം തൊരൂം ഇല്ലാണ്ടെ വട്ടത്തിരിഞ്ഞ് കഴിയുണൂ. എനിക്ക് പഞ്ചായത്തിന്ന് ഒരുവീട് പാസ്സായി. അതിന്‍റെ പണീലായിരുന്നു''.
''പണി കഴിഞ്ഞ് പുത്യേ വീട്ടിലിരുന്ന്വോ''.
''ഇല്ല. കുറച്ചുംകൂടി പണീണ്ട്. പത്തുദിവസം കഴിഞ്ഞാല്‍ കേറി ഇരിക്കും''.
''നല്ലദിവസം നോക്കീ ഇരുന്നോ. ഇല്ലെങ്കില്‍ പല ഭവിഷ്യത്തൂണ്ട്''.
''നീയൊന്ന് മിണ്ടാണ്ടിരിക്ക്. ജനിച്ചാല്‍ ഒരുദിവസം മനുഷ്യന്‍ ചാവും. പേടിച്ചിരുന്നിട്ട് ഒരുകാര്യൂല്യാ''.
''ഇതൊക്കെ പറയാം. അനുഭവിക്കുമ്പൊ ബോദ്ധ്യാവും. എന്‍റെ പഴേ പെരേല് രണ്ടുമുറി കൂടിക്കെട്ടി. അതിന്‍റെ കൈകണക്ക് പിഴച്ചൂന്നാ പറഞ്ഞത്. പണികഴിഞ്ഞ് താമസംതുടങ്ങി തൊണ്ണൂറ് ദിവസം തികച്ച് ആവുമ്പഴയ്ക്കും ഞാന്‍ കിടപ്പിലായി''.
''നീ വേണ്ടാത്തകൂട്ടം കൂടാതെ. അങ്ങന്യോന്നൂല്യാ. ഒക്കെ വെറും തോന്നലാണ്. നീ ആ കൂട്ടം വിട്. നമുക്ക് പഴേകാര്യങ്ങള് ഓരോന്ന് പറഞ്ഞോണ്ടിരിക്കാം''.
''അതന്ന്യാ നല്ലത്''.
കടന്നുപോയ ഒരു കാലഘട്ടം അവരുടെ മുന്നില്‍ ചുരുള്‍ നിവര്‍ന്നു. ഭാസ്ക്കരനും കുഞ്ചുവും സഹപാഠികളും ഉറ്റകൂട്ടുകാരുമായിരുന്നു. ഭാസ്ക്കരന്ന് ഭൂസ്വത്തുണ്ട്, കുഞ്ചുവിന്ന് ഒന്നുമില്ല. പഠിക്കാന്‍ രണ്ടാളും മോശക്കാര്‍. ഹൈസ്കൂളിലെത്തി അധികം വൈകാതെ കുഞ്ചുവിന്‍റെ പഠനം നിലച്ചു. ഭാസ്ക്കരന്‍ ഒമ്പതാം ക്ലാസ്സ് കടന്നതുമില്ല.
''സിനിമയ്ക്കും വേലയ്ക്കും പോവാന്‍ നമ്മള് കാശുണ്ടാക്ക്യേത് നിനക്ക് ഓര്‍മ്മീണ്ടോ''ഭാസ്ക്കരന്‍ ചോദിച്ചു.
''പിന്നില്യാണ്ടെ''. ഭാസ്ക്കരന്ന് മൂന്നുനാല തെങ്ങിന്‍തോപ്പുണ്ട്. അതിലെ തെങ്ങുകളില്‍നിന്ന് തേങ്ങ മോഷ്ടിക്കും. ഭാസ്ക്കരന്‍ താഴെനില്‍ക്കും. കുഞ്ചു തെങ്ങില്‍ കയറി നാളികേരമിടും. അത് വിറ്റുകിട്ടുന്ന പണമാണ് ഇത്തരം ചിലവിനെടുക്കുക.
''ആ കാലോക്കെ പോയി. ഇന്നിപ്പൊ എനിക്ക് ചെറ്യോരു മൂച്ചീല് കേറാന്‍ കൂടി വയ്യാണ്ടായി''.
''പറ്റാത്ത പണിയ്ക്ക് പോണ്ടാ. കയ്യോ കാലോ തെറ്റി താഴത്ത് വീണാല്‍ കിടപ്പിലാവും''.
''അതെനിക്കറിയാം. മാത്രോല്ല, എന്നെ നോക്കാന്‍ മക്കളോ കുട്ട്യേളോ ആരും ഇല്ലല്ലോ''.
''ഇടയ്ക്ക് ഞാന്‍ നിന്‍റെ കാര്യംഓര്‍ക്കും. എന്നെ കാണാന്‍ വന്നില്ലല്ലോന്ന് സങ്കടപ്പെടും''.
''സത്യം പറഞ്ഞാല്‍ കുറച്ചുദിവസം മുമ്പ് ഞാന്‍ പുറപ്പെട്ടതാണ്. നിന്‍റെ മകനെ അങ്ങാടീന്ന് കണ്ടു. അച്ഛന് കുറച്ച് ഭേദൂണ്ട് എന്നവന്‍ പറഞ്ഞു. ലേശംകൂടി ഭേദപ്പെട്ടിട്ട് കാണാന്ന് വിചാരിച്ച് വൈകിച്ചതാണ്''.
''നോക്ക് കുഞ്ച്വോ. നമ്മള് ഓടിച്ചാടി നടക്കുമ്പൊ ആരൂല്യെങ്കിലും ഒന്നും തോന്നില്ല. ഒന്ന് കിടപ്പിലായാല്‍ ആ തോന്നല് മാറും. കണ്ടു പരിചയിച്ച ആള്‍ക്കാരെ കാണണംന്ന് അപ്പൊ മോഹം വരും. ആരെങ്കിലും കാണാന്‍ വന്നാല്‍ മനസ്സിന്ന് എന്താ ഒരു സുഖംന്ന് അറിയ്യോ''. രാഘവന്‍റെ കാര്യം അവതരിപ്പിക്കാന്‍ പറ്റിയ സമയമാണ് ഇത്.
''ഈ പറയുണത് ആരും മനസ്സിലാക്കില്ല. വയ്യാത്ത അവസ്ഥേല് നിന്നെ കാണണ്ടാന്ന് ഞാന്‍ കരുതീലേ, അതുപോലെ കാണണംന്ന് മനസ്സില് മോഹൂണ്ടായിട്ടും ഒരോന്ന് വിചാരിച്ച് നിന്നെ കാണാന്‍ വരാതെ നില്‍ക്കുണ ആള്‍ക്കാരുണ്ടാവും ''.
''ഏയ്. അങ്ങിനെ ആരൂണ്ടാവില്ല''.
''ഉണ്ട്. ഒരാളടെ കാര്യം എനിക്കറിയാം''.
''ആരാ അത്. നീ പറ''.
''നിന്‍റെ മരുമോനില്ലേ, രാഘവന്‍. അവന്‍ പലകുറി നിന്നെ കാണണംന്ന് മോഹൂള്ളതായി എന്നോട് പറഞ്ഞു''.
''ഉവ്വോ. എന്നിട്ടെന്താ അവന്‍ വന്നില്ല''.
''ഉള്ളോണ്ട് അല്‍പ്പം അലോഹ്യത്തിലായിരുന്നില്ലേ നീയും അവന്‍റെ വീട്ടുകാരും. കേറി വന്നാല്‍ നീ എന്ത് പറയുംന്ന് അറിയാതെ മടിച്ച് നില്‍ക്ക്വാണ് അവന്‍''.
''കുഞ്ച്വോ, സത്യം പറഞ്ഞാല്‍ എനിക്കവനോട് ഒരുദേഷ്യൂല്യാ. എന്‍റെ പെങ്ങളല്ലേ അവന്‍റമ്മ. പിന്നീള്ളത് അളിയന്‍. എന്നെ അയാള് കുറെ ദ്രോഹിച്ചു. ആ ദേഷ്യം എനിക്കുണ്ട്. പക്ഷെ അയാള് ചത്തുപോയില്ലേ. ഇന്യെന്തിനാ ദേഷ്യം വെച്ചോണ്ടിരിക്കുണ്''.
''എന്നാല്‍ ഞാന്‍ അവനോട് വന്ന് കാണാന്‍ പറയട്ടെ''.
''ശരി. ആയിക്കോട്ടെ. ചാവുണതിന്ന് മുമ്പ് അലോഹ്യങ്ങള്‍ തീര്‍ത്തിട്ട് പോണം. നീയതിന് കാരണക്കാരനായി''.
''അതാ ശരി. പിന്നെ ചിലര് കാട്ട്യേത് മറക്കാന്‍ പറ്റില്ല. അങ്ങനീള്ളോരെ മനസ്സിന്ന് വെട്ടി മാറ്റ്വാ. ചാവുണവരെ അങ്ങനത്തോരെ അടുപ്പിക്കരുത്''.
''അതന്യാ കുഞ്ച്വോ, ഞാന്‍ അളിയനോട് ചെയ്തത്. അയാള് ചത്തൂന്ന് അറിഞ്ഞിട്ടും ഞാന്‍ പോയില്ല''
''അതിന് നിന്നെ ഞാന്‍ കുറ്റം പറയാന്‍ പറ്റില്ല. അത്രകണ്ട് അയാള് നിന്നെ വേദനിപ്പിച്ചിട്ടുണ്ട്''.
''അവന്‍ ചെയ്ത ദ്രോഹോക്കെ ആലോചിച്ചാല്‍ ഇന്നും കണ്ണ് നിറയും''
''നിന്നോട് ഒരുകാര്യം ചോദിക്കാനുണ്ട്''.
''എന്താ പറ''.
''നാലുംകൂടുണ മുക്കില് നിനക്ക് കുറച്ച് സ്ഥലൂണ്ടല്ലേ. എത്രയോ കാലം നമ്മള് ഒന്നിച്ച് നടന്നിട്ടും ആ സ്ഥലം നിന്‍റ്യാണ് എന്ന കാര്യം നീ എന്നോട് പറഞ്ഞില്ല''.
''അതെങ്ങനെ. ഏട്ടനും ഞാനും തമ്മില്‍ സ്വത്ത് ഭാഗിച്ചപ്പഴല്ലേ ആ സ്ഥലം എനിക്ക് കിട്ട്യേത്. അപ്പഴയ്ക്കും നമ്മള് തമ്മില്‍ പഴേപോലെ കാണുണ പതിവ് നിന്നില്ലേ''
''ഏതായാലും അതിങ്ങനെ കാടും പുല്ലും പിടിച്ച് കിടക്കുണത് മോശാണ്. നിനക്ക് വേണ്ടെങ്കില്‍ രാഘവനത് കൊടുത്തൂടേ''.
''എന്താ അവന്‍ ആ സ്ഥലം ചോദിച്ച്വോ''.
''അവന്‍ ചോദിച്ചില്ല. നാലുംകൂടുണ മുക്കില്‍വെച്ച് ഞാനവനെ കണ്ടപ്പൊ ഓരോന്ന് പറയുണ കൂട്ടത്തില്‍ വെറുതെ കിടക്കുണ സ്ഥലത്തിന്‍റെ കാര്യം കൂട്ടംകൂടി. അപ്പഴാ നീയാണ് സ്ഥലത്തിന്‍റെ ഉടമസ്ഥനെന്ന് ഞാനറിഞ്ഞത് നിന്‍റെ മാമന്‍റെ മുതല് ഇങ്ങനെ നശിച്ച് കെടക്കുണത് കണ്ടില്ലേ. നിനക്കത് നേരാക്കി എടുത്തൂടേ എന്ന് ചോദിച്ചു. മാമന്‍ തന്നാല്‍ എടുത്തോളാന്ന് അവനും പറഞ്ഞു''.
''എന്നാല്‍ അവന്‍ എടുത്തോട്ടെ. ഈ തവണ ലീവില് വന്നപ്പൊ മകനത് കൊടുക്കാന്‍ പറഞ്ഞു. ഞങ്ങള്‍ മക്കള് മൂന്നാളും സ്ഥലത്തില്ലാത്തതല്ലേ. വെറുതെ ഇട്ട് ആരെങ്കിലും സ്ഥലം കയ്യേറണ്ടാ എന്നവന്‍ പറഞ്ഞു''.
''അവന് വിവരൂണ്ട്. ഏതായാലും നീ സ്ഥലം വെറുതെ കൊടുക്കണ്ടാ. നാട്ടിലുള്ള വെലേല് പത്തുറുപ്പിക കൂടുതല്‍ വാങ്ങിക്കോ''.
''അതെന്ത് മര്യാദ്യാ നീ പറയുണ്. അവനോന്‍റെ ആള്‍ക്കാരോട് തൊള്ളേല്‍ തോന്ന്യേ വില വാങ്ങ്വേ''.
''അതൊക്കെ നിങ്ങള് മാമനും മരുമകനും കൂടി തീരുമാനിച്ചോളിന്‍. ഞാന്‍ വിലടെ കാര്യത്തില്‍ ഇടപെടില്ല''.
''എന്നാ അവന്‍ എന്നെ കാണാന്‍ വര്വാ''.
''ഞാനവനെ കാണട്ടെ. എന്നിട്ട് വരാന്‍ പറയാം''. പണിക്കാരിപെണ്ണ് രണ്ടു ഗ്ലാസ്സില്‍ ചായ കൊണ്ടുവന്നു
''എവിടെ നിന്‍റെ കെട്ട്യോള്''.
''അവളടെ അപ്പന്‍ വീണിട്ട് കിടപ്പിലാണ്. ഒന്ന് കണ്ടിട്ട് വരട്ടേന്ന് പറഞ്ഞ് ഉച്ചയ്ക്ക് പോയി. രാത്രിയാവുമ്പൊ എത്തും''.
''ശരി. എന്നാല്‍ ഇന്യൊരുദിവസം ഞാന്‍ വരണ്ട്''ഭാസ്ക്കരനോട് യാത്ര പറഞ്ഞ് പുറത്തിറങ്ങി.
ഭാഗം :- 75.
ദേവുവിന്ന് ഞായറാഴ്ചകളില്‍ പണിയില്ല. വീട്ടുജോലികളുമായി പകല്‍ മുഴുവന്‍ അവള്‍ കഴിയും. കഴിവതും അന്ന് അവളോടൊപ്പം വീട്ടില്‍ കൂടും. ദേവു ആഹാരം ഉണ്ടാക്കുന്നതിനാല്‍ ഹോട്ടലിലേക്ക് പോവുന്ന പണിയുമില്ല.
''നാളെ പണിക്കാര് വന്നാല്‍ മുമ്പിലിത്തീം പിന്നാലത്തീം സ്റ്റെപ്പ് പണിയട്ടെ. അതോടെ അവരെ ഒഴിവാക്കാലോ''ദേവു പറഞ്ഞു.
''അവരടെ ബാക്കി പണ്യോക്കെ തീര്‍ന്നില്ലേ. നാളെ വെല്‍ഡിങ്ങ്കാരന്‍ വാതിലും ജനലും വെക്കാന്‍ വരും. അതുകൂടി കഴിഞ്ഞാല്‍ തീര്‍ന്നു''.
''അപ്പൊ ഉമ്മറത്തെ വാതിലോ. അത് വെക്കണ്ടേ''.
''അതിന്‍റെ പണി തീര്‍ന്നിട്ടുണ്ട്. നാളെ അതും കൊണ്ടുവന്ന് വെക്കും''.
''എത്രകാലത്തെ മോഹാണ് നല്ലൊരുവീട്ടില് കഴിയണംന്നുള്ളത്. ദൈവം അത് സാധിച്ചുതന്നു''.
''എന്നാ നമ്മള് കേറി താമസിക്കുണത്''.
''ഞാന്‍ നല്ലദിവസം നോക്കിക്കട്ടെ. അന്നാവാം''.
''അതിന്‍റ്യോന്നും കാര്യൂല്യാ. എല്ലാ ദിവസൂം നല്ല ദിവസ്വോന്നെ''.
''നിങ്ങക്ക് ഒന്നിലും വിശ്വാസൂല്യാ. എനിക്കതല്ല. കുറെ കഴിഞ്ഞ് കളരിക്കല് ചെന്ന് ഞാന്‍ നോക്കീട്ട് വരും''.
''എന്തോ ചെയ്തോ. എന്നെ അതിന് വിളിക്കരുത്''.
''അതിന് നിങ്ങള് വരണ്ട. ഞാന്‍ മതി. നമ്മള് താമസിക്കുണ ദിവസം വേണ്ടപ്പെട്ടോരുക്ക് ഊണുകൊടുക്കണം''.
''ബിരിയാണി പോരേ. അതാ എളുപ്പം''.
''വേണ്ടാത്ത കൂട്ടംകൂടണ്ടാ. നല്ലോരുദിവസായിട്ട് ചത്തതിനെ തിന്നാന്‍ ഞാനില്ല''.
''സദ്യയ്ക്ക് വെക്കാനും വിളമ്പാനും വല്യേ പാടാണ് ദേവ്വോ''.
''എന്തിനാ വെക്കാന്‍ നിക്കുണ്. സ്വാമിടെ കാറ്ററിങ്ങില്‍ പറഞ്ഞാല്‍ പോരേ''.
''ശര്യടപ്പാ. അങ്ങനെ ആയ്ക്കോട്ടെ. ഇനി നിനക്ക് വേറെന്തെങ്കിലും തോന്നുണുണ്ടോ''.
''കുട്ട്യായിരിക്കിണ കൃഷ്ണന്‍റെ ഒരുഫോട്ടോ വാങ്ങണം, ദിവസൂം സന്ധ്യക്ക് അതിന്‍റെ മുമ്പില് വിളക്ക് കത്തിച്ച് വെക്കണം. ദൈവം നമുക്കൊരു കുട്ടീനെ തന്നില്ല. പടം കണ്ടിട്ടെങ്കിലും നമ്മടെ കൊതി തീര്‍ക്കാലോ''.
അത് നന്നായി. പാവം ദേവു. അവള്‍ക്ക് ഒരുകുട്ടിയെ ഓമനിക്കാനുള്ള യോഗമില്ല. അപ്പോള്‍ ഫോട്ടോ എങ്കിലും ആവട്ടെ. പ്രസവിക്കാത്തതിന്ന് ഏറെ കുറ്റപ്പെടുത്തല്‍ അവള്‍ സഹിച്ചിട്ടുണ്ട്.
അല്ലങ്കിലേ അപ്പനും അമ്മയ്ക്കും അവളെ ഇഷ്ടമല്ല. അവര്‍ക്ക് വേറെ ഏതോ കുട്ടിയോടാണ് താല്‍പ്പര്യം. ദേവുവിന്‍റെ ഭംഗി കണ്ട് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതാണ്. അമ്മയും അപ്പനും എതിരു പറഞ്ഞിട്ടും ആ വാക്കുകള്‍ ചെവിക്കൊള്ളാതെ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനിന്നു. കല്യാണം കഴിഞ്ഞ് രണ്ടുകൊല്ലം കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാവാതെ വന്നപ്പോള്‍ വീട്ടില്‍ പ്രശ്നം ഉടലെടുത്തു.
''എന്താ ഇത്ര തോനെ ആലോചിക്കുണ്. എന്‍റെ കേടോണ്ടല്ലേ നമുക്ക് കുട്ട്യേളുണ്ടാവാത്ത്. എന്നിട്ടും എന്നെ തീര്‍ത്ത് നിങ്ങള് വേറൊരു പെണ്ണിനെ കെട്ടീലല്ലോ. ആ സ്നേഹം എന്‍റെ ഉള്ളിലുണ്ട്''. ദേവുവിന്ന് മാത്രമല്ല അവളുടെ ഏടത്തിക്കും കുട്ടികളില്ലാത്തത് കുടംബത്തിന്‍റെ ശാപംകൊണ്ടാണ് എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.
''നിനെക്കെന്തിനാടാ പെറാത്ത പെണ്ണ്. അതിനെ അതിന്‍റെ വീട്ടില്‍ കൊണ്ടാക്കി നല്ലൊരു പെണ്ണിനെ കെട്ട്''എന്ന് അപ്പനും അമ്മയും പറയുമായിരുന്നു. ആദ്യമാദ്യം അവര്‍ പറയുന്നത് കേട്ടില്ല എന്ന് നടിച്ചുകഴിഞ്ഞു.
''ഞാന്‍ മര്യാദയ്ക്ക് കെട്ടീട്ടാണ് ഇവളെ കൊണ്ടുവന്നത്. ചാവുണവരെ എന്‍റെ കെട്ട്യോള് ഇവളന്നെ ആയിരിക്കും''ഒടുവില്‍ ഒരുദിവസം ഉള്ള കാര്യം വെട്ടിത്തുറന്ന് പറഞ്ഞു. പിന്നെ വീട്ടില്‍ തമ്മില്‍ത്തല്ല് ഒഴിഞ്ഞ ദിവസമില്ല. അത് മറക്കാന്‍വേണ്ടി കൂട്ടുകാരോടൊപ്പം തെണ്ടിനടന്നും കള്ളുകുടിച്ചും കഴിഞ്ഞു. അതങ്ങിനെ ശീലമായി.
''വേണ്ടാത്ത കൂട്ടം ആലോചിച്ച് കൂട്ടണ്ടാ''ദേവുവിനെ ആശ്വസിപ്പിച്ചു.
''എനിക്കറിയാം. ഞാന്‍ പെറില്ല എന്ന് പറഞ്ഞ ശേഷാണ് നിങ്ങള് കള്ളു കുടിച്ചും വട്ടത്തിരിഞ്ഞും നടക്കാന്‍ തുടങ്ങ്യേത്. അതുവരെ നിങ്ങളെത്ര നല്ല ആളായിരുന്നു. കുഞ്ച്വോട്ടനെപ്പോലെ ഭാരം ഏറ്റുണ ഒരാളില്യാന്ന് യൂണിയന്‍കാര് പറയും. രണ്ടുമൂട്ട സിമിന്‍റ് സൈക്കിളില്‍വെച്ച് നിങ്ങള് ചവിട്ടി പോണത് ഞാന്‍ കണ്ടിട്ടുണ്ട്''.
''അത് വിട്. എന്‍റെ നെഞ്ചിലെ ചൂട് തണുക്കുണവരെ നിന്നെ ഞാന്‍ ഒപ്പം നിര്‍ത്തും''.
''അതല്ലെ നിങ്ങളെന്ത് കാട്ട്യാലും ഞാന്‍ ഒരക്ഷരം പറയാത്തത്''.
''അല്ലാണ്ടെ എന്‍റെ അടി പേടിച്ചിട്ടല്ല''.
''ഇന്നേവരെ എന്‍റെ മേത്ത് പൂഴിനുള്ളി ഇടാത്ത ആളാണ്. പിന്ന്യല്ലേ തല്ലുണത്''.
''ഈ ആഴ്ച ഒരുദിവസം ഗുരുവായൂരിലിക്ക് പോയാലോ. തൊഴുത് വന്നശേഷം പുത്യേവീട്ടില്‍ പാര്‍പ്പ് തുടങ്ങാം''കുറച്ചുകഴിഞ്ഞപ്പോള്‍ ദേവു പറഞ്ഞു.
''നിനക്കങ്ങന്യൊരു മോഹൂണ്ടെങ്കില്‍ നമുക്ക് പോവാം. നല്ല ഫോട്ടോ നോക്കി അവിടുന്ന് വാങ്ങിക്കോ''.
***********************************
പത്തുമണി കഴിഞ്ഞപ്പോള്‍ ദേവു നല്ലദിവസം നോക്കാന്‍ ജോത്സ്യനെ കാണാന്‍ പോയി. മിണ്ടാനും പറയാനും ആരുമില്ല. മരത്തണലിലിട്ട ചാരുകസേലയില്‍ ചാരിക്കിടന്നു. മുമ്പിലെ കട്ടിള ഏര്‍പ്പാടാക്കാന്‍ ചെന്നപ്പോള്‍ ഫര്‍ണ്ണീച്ചര്‍ കടയില്‍ കണ്ടതാണ് ഇത്. മോഹം തോന്നി കയ്യോടെ വാങ്ങി. കുടിപാര്‍ക്കുമ്പോള്‍ കുറച്ചുപേരെ വിളിക്കണം. അവരുടെ ലിസ്റ്റ് മനസ്സില്‍ കുറിച്ചിടാന്‍ തുടങ്ങി. ആ നേരത്താണ് രാഘവന്‍ എത്തിയത്.
''കുഞ്ച്വോട്ടാ, നിങ്ങള് ഏറ്റ കാര്യം എന്തായി''എത്തിയതും അവന്‍ ചോദിച്ചു.
''ആദ്യം നിങ്ങള് ഇരിക്കിന്‍. എന്നിട്ട് പറയാം''രാഘവന്‍ തൊട്ടടുത്ത് കിടന്ന കസേലയില്‍ ഇരുന്നു.
''ഞാന്‍ പോയി ഭാസ്ക്കരനെ കണ്ടു''.
''എന്താ മാമന്‍റെ മനസ്ഥിതി''.
''നിങ്ങള് കാണാന്‍ ചെല്ലുണത് ഭാസ്ക്കരന് സന്തോഷാണ്''കഴിഞ്ഞ ദിവസം ഉണ്ടായ സംഭാഷണത്തിന്‍റെ മുഴുവന്‍ വിവരവും പറഞ്ഞു കൊടുത്തു.
''എന്നാല്‍ ഇപ്പൊത്തന്നെ ഞാന്‍ പോയി കാണുണുണ്ട്''.
''ആയിക്കോട്ടെ. സ്ഥലത്തിന്‍റെ വില നിങ്ങള് രണ്ടുകൂട്ടരുംകൂടിത്തന്നെ നിശ്ചയിച്ചാ മതി. അതിന് ഞാന്‍ വേണ്ടാ''.
''അങ്ങന്യാച്ചാല്‍ അങ്ങനെ. എന്നാലും നിങ്ങള്‍ക്കുള്ള കമ്മീഷന്‍ ഞാന്‍ തരുംട്ടോ''.
''അത് എന്തോ ചെയ്തോളിന്‍. വേലക്കമ്മിറ്റിടെ കാര്യം പറഞ്ഞില്ലേ. അതിലൊരുത്തനോട് ഞാന്‍ വിവരങ്ങള് പറഞ്ഞിട്ടുണ്ട്. ഇന്യെന്താ വേണ്ടത്''.
''നിങ്ങള് പറഞ്ഞതോണ്ട് തട്ടികളയുണില്യാ. അവരോട് എന്നെ വന്ന് കാണാന്‍ പറയിന്‍. രണ്ടുകൂട്ടരുംകൂടി ആലോചിച്ച് വേണ്ടത് ചെയ്യാം''.
''അവര് വരുമ്പൊ ഞാന്‍ പറഞ്ഞുവിടാം''.
''എന്നാല്‍ ഞാന്‍ ഇറങ്ങുണൂ''രാഘവനോടൊപ്പം പടിവരെ ചെന്നു. അവന്‍ കയറിയ സ്കൂട്ടര്‍ മറയുന്നതുവരെ അവിടെനിന്നു.
ഭാഗം :- 76.
തൊഴുതിറങ്ങുമ്പോള്‍ വാച്ചിലേക്ക് നോക്കി. ഒമ്പതര ആയിട്ടേയുള്ളൂ. പ്രസാദ ഊട്ട് തുടങ്ങാന്‍ ഇനിയും നേരമാവും. ഇപ്പോഴേ ആളുകള്‍ ക്യൂവില്‍ സ്ഥലം പിടിച്ചിട്ടുണ്ടാവും. അതിന്ന് നില്‍ക്കാതെ ഇപ്പോള്‍ പോയാല്‍ ഉണ്ണാറാവുമ്പോഴേക്കും നാടെത്താം.
''ഇവിടുന്ന് ഉണ്ണണംന്നുണ്ടോ''ദേവുവിനോട് ചോദിച്ചു.
''അതിന് ഇനീം കുറെ നേരാവും. നമുക്ക് പോവ്വാല്ലേ''അവള്‍കൂടി പറഞ്ഞതോടെ മടക്കയാത്രയ്ക്ക് ഒരുങ്ങി. ഭഗവതിയെ തൊഴുതു.
''നമുക്ക് ഒന്നുംകൂടി ഉമ്മറത്തുന്ന് തൊഴുതാലോ''ദേവുവിന്‍റെ മോഹമാണ്. അവളോടൊപ്പം കൊടിമരത്തിന്‍റെ അടുത്തുനിന്ന് ഒന്നുകൂടി തൊഴുതു. അകലെ ഭഗവാന്‍റെ മുന്നിലെ വിളക്കുകള്‍ പ്രഭചൊരിയുന്നുണ്ട്.
ഇരുവശത്തും വ്യാപാരസ്ഥാപനങ്ങളുള്ള പടിഞ്ഞാറെ നടയിലെ ഇടുങ്ങിയ വഴിയിലൂടെ നടന്നു. ബസ്സ് സ്റ്റാന്‍ഡിലില്‍നിന്ന് വരുന്ന ബസ്സുകള്‍ ഇവിടെനിന്ന് കിട്ടും. ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡും ഇവിടെ അടുത്താണ്. ബസ്സ് സ്റ്റാന്‍ഡിലേക്ക് നടക്കുന്നതിനേക്കാള്‍ സൌകര്യം ഇതാണ്. ദേവുവിനെക്കൂട്ടി ഗുരുവായുര്‍ അമ്പലത്തിലേക്ക് വന്നിട്ട് കുറച്ചുകാലമായി. വല്ലപ്പോഴും ഏതെങ്കിലും കല്യാണപാര്‍ട്ടികളുടെ കൂടെവരും. അന്നൊന്നും ഉള്ളില്‍ കയറി തൊഴാറില്ല. മണ്ഡപത്തില്‍ കെട്ടുനടക്കുന്നതിന്നുമുമ്പ് മുമ്പിലെ വലിയവിളക്കിന്‍റെ അടുത്തുനിന്ന് തൊഴുകും. ഇന്ന് അവളോടൊപ്പം അകത്തുകയറി തൊഴുതു. അവള്‍ പ്രസാദമായി ലഭിച്ച ചന്ദനം തൊട്ടുതന്നു. അവളുടെ ആഗ്രഹപ്രകാരം പഞ്ചാരയും പഴവും വാങ്ങി. എല്ലാംകൊണ്ടും സന്തോഷമായി.
''ഫോട്ടോ വാങ്ങണ്ടേ''ദേവു ഓര്‍മ്മിപ്പിച്ചു.
''നിനക്ക് പറ്റ്യേത് നോക്കിവാങ്ങിക്കോ''സമ്മതം കൊടുത്തു. ഇഷ്ടപ്പെട്ട ഒരു ഫോട്ടോയും, ചെറിയൊരു നിലവിളക്കും, ചന്ദനത്തിരി കത്തിച്ചു വെക്കുന്ന സ്റ്റാന്‍ഡും വാങ്ങി, ഹോട്ടലില്‍നിന്ന് ഭക്ഷണവും കഴിച്ച് ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു. അധികം കാത്തുനില്‍ക്കേണ്ടി വന്നില്ല. തിരക്കില്ലാത്ത ഒരു ബസ്സ് മുന്നിലെത്തി. അതില്‍ കയറി ഒരു സീറ്റില്‍ ദേവുവിനോടൊപ്പം ഇരുന്നു. കണ്ടക്ടര്‍ വന്നപ്പോള്‍ ടിക്കറ്റ് വാങ്ങി വെളിയിലേക്ക് നോക്കിയിരുന്നു. രാവിലെ നേരത്തെ ഉണര്‍ന്നതാണ്. ആ നേരത്ത് വന്നതുകൊണ്ട് ഇപ്പോള്‍ തൊഴുത് മടങ്ങാനായി.
കാറ്റ് തട്ടുമ്പോള്‍ കണ്ണടഞ്ഞുപോവുന്നു. മുന്നിലുള്ള കമ്പിയില്‍വെച്ച കയ്യിലേക്ക് തലവെച്ചുകിടന്നു. കുറച്ചകലെ പുഞ്ചിരിതൂകി ഒരുകുട്ടി നില്‍പ്പുണ്ട്. ഭംഗിയുള്ള കിരീടവും കഴുത്തില്‍ ചാര്‍ത്തിയ മാലയും ഉടുത്ത പട്ടുവസ്ത്രവും ആ അഴകിന്ന് മാറ്റുകൂട്ടുന്നു. മക്കളില്ലാത്ത എന്‍റെ മുമ്പില്‍ ഭഗവാന്‍ കുട്ടിയായി നില്‍ക്കുകയാണോ. എല്ലാം മറന്ന് ആ രൂപത്തില്‍ ലയിച്ച് കിടന്നു.
''എണീക്കിന്‍. ഇറങ്ങാറാവുണൂ''ദേവു തട്ടിവിളിച്ചപ്പോള്‍ കണ്ണുതുറന്നു നോക്കി''നല്ല ആളാണ്. ഗുരുവായൂരുന്ന് കേറ്യേപ്പൊ തുടങ്ങ്യേ ഉറക്കാ''.
വാച്ചിലേക്ക് നോക്കി. സമയം പന്ത്രണ്ടര. ഉച്ചഭക്ഷണം കഴിക്കാനുള്ള സമയമായി. സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്തിയപ്പോള്‍ ഇറങ്ങി ഹോട്ടലിലേക്ക് ദേവുവിനേയുംകൂട്ടി നടന്നു.
***********************************
''ഞങ്ങള് രാവിലെ പത്തുമണ്യോടെ വന്നിരുന്നു. അപ്പൊ വീട് പൂട്ടി കിടക്കുണതാണ് കണ്ടത്''കൂട്ടുകാരുമായി എത്തിയ സുന്ദരന്‍ പറഞ്ഞു. പുറത്തേക്കൊന്ന് ഇറങ്ങാമെന്ന് കരുതി ഒരുങ്ങിയിരിക്കുമ്പോഴാണ് അവര്‍ വന്നത്.
''ഗുരുവായൂരിലിക്ക് പോയിരുന്നു. ഉച്ചയ്ക്കാണ് ഞങ്ങള് എത്ത്യേത്''.
''ഇന്ന് വരാന്നല്ലേ പറഞ്ഞത്. അത് രാവിലെത്തന്നെ വന്നത്''.
''ആദ്യം ഉള്ള ഇടത്ത് എല്ലാരും ഇരിക്കിന്‍. എന്നിട്ടാവാം വര്‍ത്തമാനം''. ബെഞ്ചിലും പ്ലാസ്റ്റിക്ക് കസേലകളിലുമായി എല്ലാവരും ഇരുന്നു.
''ഞാന്‍ രാഘവനോട് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. എല്ലാവരുംകൂടി സഹകരിച്ച് പോവാന്‍ അവന്‍ തയ്യാറാണ്''.
''ഞങ്ങളെന്താ ചെയ്യണ്ട്''.
''സൌകര്യംപോലെ ഒരുദിവസം നിങ്ങള് അവനെ ചെന്ന് കാണിന്‍. എന്നിട്ട് എല്ലാവരുംകൂടി ആലോചിച്ച് വേണ്ടത് ചെയ്യിന്‍''.
''സംസാരിക്കാന്‍ ചെല്ലുമ്പൊ നിങ്ങളും വേണം''.
''അതിന്‍റെ ആവശ്യൂല്യാ. നിങ്ങള് സംസാരിച്ചാ മതി. പിന്നെ ഒരു കാര്യൂണ്ട്. അവിടെ ചെന്ന് കന്നാപിന്നാന്ന് കൂട്ടംകൂടി സംഗതി വഷളാക്കരുത്''.
''അതിനല്ലേ നിങ്ങളെ വരാന്‍ പറഞ്ഞത്''.
''ഒരുകാര്യം ചെയ്യിന്‍. സംസാരിക്കാന്‍ എല്ലാരുംകൂടി പോണ്ടാ. നാലോ അഞ്ചോ ആള് ചെന്നാ മതി. എന്നിട്ട് കാര്യം നടന്നില്ലെങ്കില്‍ ഞാന്‍ വരാം. അതുപോരേ''.
''കുഞ്ച്വോട്ടന്‍ പറയുണമാതിരി''സുന്ദരന്‍ സമ്മതിച്ചു. കുറെനേരം കൂടി സംസാരിച്ചിരുന്ന് സംഘം പടികടന്ന് പോയി.
''ഈ ചെക്കന്മാരുടെ കൂട്ടംകേട്ട് വേണ്ടാത്ത പുലിവാല് പിടിക്കണ്ടാ'' എല്ലാം ശ്രദ്ധിച്ച ദേവു പറഞ്ഞു.
''അതെനിക്കറിയാം. അതല്ലേ ഞാന്‍ ഒഴിവായത്''.
''രാവിലെ നേര്‍ത്തെ എണീറ്റതല്ലേ. എനിക്ക് തീരെ വയ്യാന്ന് തോന്നുണൂ. എന്തെങ്കിലും വാങ്ങീട്ട് വന്നാല്‍ അതും കഴിച്ച് നേരത്തെ കിടക്കാം''.
''എന്താ നിനക്ക് വേണ്ടത്''.
''അമ്പലത്തില്‍ പോയ ദിവസോല്ലേ. ഇറച്ചീം മീനും മുട്ടേം ഒന്നും വേണ്ടാ''.
''എന്നാല്‍ ഞാന്‍ പോയി റോസ്റ്റ് വാങ്ങീട്ട് വേഗം വരാം''ടോര്‍ച്ചെടുത്ത് അരയില്‍ തിരുകി വഴിയിലേക്കിറങ്ങി.
''വരുമ്പഴയ്ക്കും ഞാന്‍ കാപ്പി തിളപ്പിച്ച് വെക്കാം''ദേവു പറഞ്ഞത് കാതിലെത്തി. തെരുവുവിളക്കുകളുടെ വെളിച്ചം വഴിവക്കത്തുള്ള ചെറുമരങ്ങളില്‍ തട്ടി ഇടവഴിയില്‍ നിഴല്‍ വരച്ചിട്ടതും നോക്കിക്കൊണ്ട് മെല്ലെ നടന്നു.
ഭാഗം :- 77.
പുതിയ വീട്ടിലെ ആദ്യത്തെ രാത്രിയാണ്. ഉണ്ണികൃഷ്ണന്‍റെ പടത്തിന്ന് മുമ്പിലെ നിലവിളക്ക് ഇപ്പോഴും തെളിഞ്ഞുകത്തുന്നുണ്ട്. കെട്ടുപോയ ചന്ദനത്തിരിയുടെ സുഗന്ധം ഇനിയും വിട്ടുപൊയിട്ടില്ല. ഒരു മൂലയില്‍ സമ്മാനമായി ലഭിച്ച പൊതികള്‍ കിടപ്പുണ്ട്. കുറെപേര്‍ പണമിട്ട കവര്‍ തന്നിരുന്നു. എത്ര കിട്ടി എന്ന് നോക്കാന്‍കൂടി കഴിഞ്ഞില്ല. അതെങ്ങിനെ. സന്ധ്യ മയങ്ങുന്നതുവരെ ആളുകള്‍ വന്നുകൊണ്ടിരുന്നല്ലോ.
''ദേവ്വോ. എന്തൊക്ക്യാ കിട്ട്യേതേന്ന് നോക്കണ്ടേ''ഭാര്യയെ വിളിച്ചു''അത് കഴിഞ്ഞിട്ട് മതി രാത്രീലത്തെ ഭക്ഷണം''.
''കിട്ട്യേത് ഇതില്‍ എഴുതീടിന്‍. ഇങ്കിട്ട് തന്നത് അങ്കിട്ടും കൊടുക്കണ്ടി വരും''ദേവു ഒരു പുസ്തകവും പേനയുമായി എത്തി. വീടുപണി തുടങ്ങിയനാള്‍ മുതല്‍ അവള്‍ ചിലവുകള്‍ എഴുതിവെപ്പിക്കാറുണ്ട്. ഇതുകൂടി അതിന്‍റെ കൂടെ കിടക്കട്ടെ.
''ആദ്യം പൈസ കിട്ട്യേത് എഴുതാം. ഞാന്‍ കവറ് കീറി പൈസ എണ്ണി നോക്കി എഴുതിവെച്ചിട്ട് നിന്‍റടുത്ത് തരാം. നീ പൈസ ഒരുബാഗിലിട്ടോ. ഒടുക്കം ഒന്നിച്ച് എണ്ണി കണക്കുനോക്കാം''.
''മിക്ക കവറിലും നൂറിന്‍റെ നോട്ടാണ് ഉള്ളത്. ഇരുന്നൂറും അഞ്ഞൂറും തന്നവരുണ്ട്. രണ്ടുമൂന്ന് കവറില്‍ അമ്പതും ഇരുപതും ഒക്കെ കണ്ടു. പാവങ്ങള്‍. തീരെ ഗതിയില്ലാത്തവരായിരിക്കും അവര്‍. കവറുകള്‍ കഴിഞ്ഞപ്പോള്‍ പൊതികള്‍ അഴിക്കാന്‍ തുടങ്ങി.
''തന്ന ആളടെ പേരും സാധനത്തിന്‍റെ പേരും എഴുതിവെക്കാട്ടോ''ദേവു പറഞ്ഞു. പൊതികളഴിച്ച് വിവരങ്ങള്‍ എഴുതി.
''സായ്‌വിന്‍റെ വീട്ടിന്ന് തന്ന ക്ലോക്ക് നോക്ക്. നല്ല വെലീള്ള സാധനാണ്''.
''പിന്നീംണ്ട് രണ്ട് വാച്ച് . ഇതൊക്കെകൂടി എന്താ ചെയ്യാ''.
''ഒന്ന് കിടക്കുണ മുറീലും വെക്കാം. ബാക്കി ഒന്നോ''.
''ശിവന്‍റെ വീട് കുടിപാര്‍ക്കുണ ദിവസം നമുക്ക് അവന് കൊടുക്കാം''.
''കൊറെ പാത്രൂണ്ടല്ലോ. എന്തിനാ അതൊക്കെ''.
''പ്ലാസ്റ്റിക്കിന്‍റെ താലൂം ഗ്ലാസ്സും ചന്തത്തിന്ന് വെക്കാനല്ലാതെ അതോണ്ട് ഉപകാരൂണ്ടാവില്ല''.
''അതും ആരക്കെങ്കില്വോക്കെ കൊടുത്ത് തീര്‍ക്കാം''.
''എനിക്കെന്താ സന്തോഷംച്ചാല്‍ നിങ്ങള് വിളിച്ചോരൊക്കെ വന്നു. ഉച്ചയ്ക്ക് ഉണ്ണാന്‍ എത്താത്തോര് വൈകുന്നേരം വന്നു. അവര്‍ക്ക് ആവുണപോല പാര്‍ട്ടികൊടുക്കാനും പറ്റി''.
''അത് കണ്ടറിഞ്ഞിട്ടാണ് ഞാന്‍ സാധനങ്ങള് ഏര്‍പ്പാടാക്ക്യേത്''.
''ഇന്നാള് കാണാന്‍ വന്ന ആളില്ലേ. അയാള് എന്തോ സ്ഥലത്തിന്‍റെ കാര്യം പറയുണത് കേട്ടു''.
''അവന്‍ ഭാസ്ക്കരന്‍റെ മരുമകനാണ്. രാഘവന്‍. ഭാസ്ക്കരന്‍റെ സ്ഥലം അവന് കൊടുക്കാന്ന് പറഞ്ഞ കാര്യം അറിയിച്ചതാണ്''.
''മാമന്‍റെ സ്ഥലം മരുമകന് കൊടുക്കുണതില്‍ നിങ്ങക്കെന്താ കാര്യം''.
''അവര് കണ്ടാല്‍ മിണ്ടാതെ നടക്ക്വായിരുന്നു. ഞാനാ അലോഹ്യം തീര്‍ത്തത്. സ്ഥലം കൊടുക്കുണതും ഞാന്‍ പറഞ്ഞിട്ടന്യാണ്''.
''അതാ ഇത്ര കാര്യായിട്ട് സംസാരിച്ചത്''.
''മുപ്പത് സെന്‍റ് സ്ഥലൂണ്ട്. അവടെ സെന്‍റിന്ന് ഏഴും എട്ടും ഒക്കെ വെല വരും. അഞ്ചുവെച്ച് സ്ഥലം കൈമാറുംന്ന് തോന്നുണൂ. എനിക്കതിന്ന് കമ്മീഷന്‍ തരാന്ന് പറഞ്ഞതാണ്''.
''അപ്പൊ കുറച്ച് കാശ് കിട്ട്വോലോ''.
''ചുരുങ്ങ്യേത് ഒന്നൊന്നര ലക്ഷം കിട്ടുംന്ന് തോന്നുണു''.
''അത് തെറ്റില്ലല്ലോ. വേറെ ഒരുപണിക്കും ഇതുപോലെ കാശ് കിട്ടില്ല''.
''അത് ശര്യാണ്. എത്ര ആള്‍ക്കാരാ തരക് പണി ചെയ്തിട്ട് കുടുംബം പുലര്‍ത്തുണത്''.
''അതിന് മാത്രം സ്ഥലകച്ചോടൂണ്ടോ നമ്മടെ നാട്ടില്''
''സ്ഥലകച്ചോടത്തിന് മാത്രോല്ല തരക് പണീള്ളത്, കന്നുകാല്യേളെ വാങ്ങി കൊടുക്കുണതിന്ന് ഇടനിലക്കാരുണ്ട്, കല്യാണത്തിന്ന് പറ്റ്യേ ചെക്കനീം പെണ്ണിനീം ശര്യാക്കികൊടുക്കുണ ആള്‍ക്കാര്‍ക്ക് പറഞ്ഞകാശാണ് കിട്ട്വാ, വണ്ടികച്ചോടത്തിലും ബ്രോക്കര്‍ക്ക് നല്ലോണം പൈസ കിട്ടും. എന്തിനാ പറയുണ്, നമ്മടെ വേശന്‍ സ്കൂട്ടി വാങ്ങീലേ. അതിന് വര്‍ക്ക്ഷാപ്പിലെ ചെക്കന്‍ അവന്‍റേന്ന് അഞ്ഞൂറ് വാങ്ങി''.
''നിങ്ങള്‍ക്ക് മാത്രം കാര്യായിട്ട് ഒന്നൂണ്ടാക്കാന്‍ പറ്റീലാ''.
''അതെന്‍റെ തെമ്മാടിത്തരംകൊണ്ട് സംഭവിച്ചതാണ്. ഞാന്‍ കമ്മിഷന്‍ കാശായിട്ട് വാങ്ങുണതിന് പകരം കള്ളായിട്ട് വാങ്ങി. എന്തെങ്കിലും കാശ് കയ്യില്‍ വന്നാലോ, അത് കശപിശോന്ന് കളയും. പിന്നെങ്ങന്യാ കാശ് കാണ്വാ. അത്വോല്ല, ഞാന്‍ ഒരാളോടും കണക്ക് പറഞ്ഞ് ഒന്നും വാങ്ങീട്ടില്ല''.
''ഇതിലും ഇത്രതോനെ കിട്ടുംന്ന് വിചാരിച്ച് ഇരിക്കണ്ടാ. കിട്ടീല്ലെങ്കില്‍ സങ്കടപ്പെടണ്ടി വരും. എന്തെങ്കിലും കിട്ടുംന്ന് വിചാരിച്ചാല്‍ മതി''.
''അത്രേന്നെ ഉള്ളൂ. കിട്ട്യാല്‍ ആയി. ഇല്ലെങ്കില്‍ പോട്ടെ''.
''നിങ്ങള് രാഘവനോട് വര്‍ത്തമാനം പറഞ്ഞോണ്ടിരുന്ന സമയത്ത് ഞാന്‍ കൊറെ പായസം സായ്‌വിന്‍റെ വീട്ടില്‍ കൊണ്ടുകൊടുത്തു. ആ പെണ്‍കുട്ടി വയറ്റിലുണ്ടായി ഇരിക്കുണതല്ലേ''.
''അത് നന്നായി. ഉച്ചയ്ക്ക് ഉണ്ണാനിരുന്നപ്പൊ അന്‍സറിനെ ഓര്‍മ്മവന്നു. അവന്‍ ഇല്ലല്ലോ എന്ന് ആലോചിച്ച് എനിക്ക് ചോറ് ഇറങ്ങീലാ''.
''എനിക്കും അങ്ങനത്തന്നെ. ഉമ്മ രണ്ടാമത് പെറ്റ് കിടക്കുമ്പൊ അവനെ കുളിപ്പിച്ചതും ചോറ് വാരികൊടുത്തതും ഞാനല്ലേ''.
''എന്താ ചെയ്യാ. ജീവിക്കണ്ടേ. അപ്പൊ ദൂരെ പോവ്വന്നേ''.
''നമുക്ക് വല്ലതും കഴിച്ചിട്ട് കിടന്നാലോ''.
''ഒന്നും വേണംന്നില്ല. പേരിന് എന്തെങ്കിലും വിളമ്പിക്കോ''.
''അല്ലെങ്കിലും ഇപ്പൊ കൊറെ ആയി നിങ്ങള് ആഹാരം കുറച്ചിട്ടുണ്ട്''. ഭക്ഷണം കഴിഞ്ഞ് കൈകഴുകി ഉമ്മറത്തിരുന്നു. ടി. വി. യില്‍ ഏതോ സീരിയിലാണ്. ദേവുവിന്ന് അതാണ് ഇഷ്ടം. കുറച്ചു കഴിഞ്ഞപ്പോള്‍ പണികള്‍ തീര്‍ത്ത് ദേവു എത്തി.
''നാളെ ഞാന്‍ പണിക്ക് പോണില്ല. ഇവിടെ കുറെ പണീണ്ട്''അവള്‍ പറഞ്ഞു.
''എന്താ ചെയ്യണ്ട്ച്ചാല്‍ പറഞ്ഞോ. ഞാനും കൂടാം''. ആ നേരത്ത് മൊബൈല്‍ അടിച്ചു. എടുത്തുനോക്കിയപ്പോള്‍ അന്‍സര്‍. ലൌഡ് സ്പീക്കര്‍ ഓണ്‍ ചെയ്ത് സംസാരിക്കാന്‍ ഒരുങ്ങി.
''അന്‍സറേ. ഞങ്ങള് നിന്‍റെ കാര്യം പറഞ്ഞോണ്ട് ഇരിക്ക്യായിരുന്നു'' അവന്‍ എന്തെങ്കിലും പറയുന്നതിന്നുമുമ്പ് അറിയിച്ചു.
''കുഞ്ച്വോട്ടാ, എന്നെ നിങ്ങള് രണ്ടാളും മറക്കില്ലാന്ന് എനിക്കറിയില്ലേ'' അന്‍സറിന്‍റെ വാക്കുകള്‍ രണ്ടുപേരുടേയും മനസ്സില്‍ കുളിരുപകര്‍ന്നു.
''സത്യം പറഞ്ഞാല്‍ അന്‍സര്‍ ഇല്ലല്ലോ എന്നാലോചിച്ച് ഉച്ച്യ്ക്ക് ഞങ്ങള് രണ്ടാള്‍ക്കും ഊണ് ചെന്നില്ല''ദേവു പറഞ്ഞു.
''ഞാന്‍ നിങ്ങടെ ഒപ്പം തന്നീണ്ട്. ദേവ്വോടത്തി പച്ചമാങ്ങ കൊണ്ടുപോയി കൊടുത്തത് ഞാനറിഞ്ഞു''.
''ഞങ്ങടെ കുട്ടിക്ക് വയറ്റിലുണ്ടാവുമ്പൊ ഞങ്ങള് കൊണ്ടുപോയി കൊടുക്കണ്ടേ''. സംഭാഷണം നീണ്ടുപോയി.
''എന്നാല്‍ ഉറങ്ങിക്കോളിന്‍. നേരായി. ഇനി ഞാന്‍ വീട്ടിലിക്കൊന്ന് വിളിക്കട്ടെ''കാള്‍ അവസാനിച്ചു.
''ഏതോ നാട്ടിലാണെങ്കിലും നമ്മടെ കുട്ടി നമ്മളെ മറന്നില്ല''അത് പറയുമ്പോള്‍ ദേവുവിന്ന് തൊണ്ടയിടറിയതായി തോന്നി.
ഭാഗം :- 78.
വിവിധ വര്‍ണ്ണങ്ങളിലുള്ള ദീപങ്ങളുടെ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന വേലപ്പറമ്പ് അക്ഷരാര്‍ത്ഥത്തില്‍ ജനസമുദ്രമായിട്ടുണ്ട്. അമ്പലമുറ്റത്ത് തായമ്പക മുറുകിയിരിക്കുന്നു. എല്ലാം മറന്ന് അതില്‍ ലയിച്ചുനിന്നു.
വേലദിവസം ഈ നേരത്ത് ഒരിക്കലും അമ്പലത്തിലുണ്ടാവാറില്ല. വേല തലേന്നാള്‍ മുതല്‍ വേഷംകെട്ടി വീടുകള്‍തോറും ചെല്ലും. ആള്‍ക്കാരോട് ചോദിച്ചുവാങ്ങാനുള്ള കഴിവുള്ളതുകൊണ്ട് എല്ലാ വീട്ടില്‍നിന്നും കൈ നിറയെ പൈസകിട്ടും. അതില്‍നിന്ന് ചെറിയൊരു സംഖ്യ ഭണ്ഡാരത്തില്‍ നിക്ഷേപിക്കും. ബാക്കി മുഴുവന്‍ മദ്യപിച്ച് തീര്‍ക്കും. ബാന്‍ഡ് വാദ്യം, ശിങ്കാരിമേളം, വണ്ടിവേഷങ്ങള്‍, തട്ടിന്മേല്‍കൂത്ത് എന്നിവയോടൊപ്പം പ്രദേശത്തെ യുവതിയുവാക്കള്‍ ഈ സമയത്ത് അമ്പലത്തിലേക്ക് മെല്ലെ നീങ്ങുകയാവും. അതില്‍ പങ്കുചേരാതെ നേരെ കാവിലേക്ക് വന്നതാണ്. അകത്തുനിന്ന് മണിയൊച്ച കേട്ടു.
ദീപാരാധന കഴിഞ്ഞ് നടതുറന്നു. സര്‍വ്വാലങ്കാരവിഭൂഷിതയായ ദേവി ദീപപ്രഭയില്‍ മുങ്ങി ഭക്തര്‍ക്ക് അനുഗ്രഹകടാക്ഷം ചൊരിഞ്ഞുകൊണ്ട് പുഞ്ചിരിതൂകി നില്‍ക്കുന്നുണ്ട്. തൊഴുകയ്യോടെ അമ്മയെ നോക്കിനിന്നു.
''ഇവിടെ നിന്നാല്‍ വേല ശരിക്ക് കാണാന്‍ പറ്റില്ല. നമുക്ക് ഏതെങ്കിലും സൌകര്യൂള്ള സ്ഥലത്ത് നില്‍ക്കാം''ദേവു അടുത്തുവന്ന് പറഞ്ഞതും അവളോടൊപ്പം മതില്‍ക്കെട്ടിന്ന് പുറത്തേക്ക് ചെന്നു. വാദ്യഘോഷം അടുത്തുനിന്ന് കേട്ടുതുടങ്ങി. ആദ്യത്തെ വേല എത്താറായിട്ടുണ്ട്. അത് കാവുകേറി കഴിഞ്ഞിട്ടുവേണം അടുത്തവേല വരാന്‍. എല്ലാ വേലകളും കാവുകയറി കഴിയുമ്പോഴേക്ക് പതിനൊന്ന് മണിയാവും. എന്നിട്ടാണ് വെടിക്കെട്ടും മറ്റുചടങ്ങുകളും.
രണ്ടുമൂന്ന് വേലകള്‍ കണ്‍മുന്നിലൂടെ കടന്നുപോയി. എന്തോ ഒരു മടുപ്പ് തോന്നുന്നു. അല്‍പ്പനേരം വിശ്രമിക്കണം.
''ദേവ്വോ, നമുക്ക് പോയാലോ''.
''ഇപ്പൊത്തന്ന്യോ. നമ്മടവിടുത്തെ വേല എത്തിണല്ലേ ഉള്ളൂ''.
''എന്തോ എനിക്കൊരു വയ്യായ തോന്നുണൂ''
''ഞാന്‍ ലേശം പൊരീം കോലുമുട്ടായീം വാങ്ങട്ടെ. എന്നിട്ട് പോവാം''. സാധനങ്ങള്‍ വാങ്ങിയശേഷം ദേവുവിനെകൂട്ടി നടന്നു.
വേലപ്പറമ്പിലേക്ക് ജനം ഒഴുകുകയാണ്. അവര്‍ക്കിടയിലൂടെ എതിര്‍ ദിശയിലേക്ക് നടന്നുനീങ്ങി. കാവു കയറിയ വേലകളിലെ വേഷക്കാര്‍ വണ്ടികളില്‍നിന്നിറങ്ങി നടന്നുപോവുന്നുണ്ട്. കട്ടൌട്ടുകള്‍ പിടിപ്പിച്ച ട്രാക്ടറുകളും കാളവണ്ടികളും ആളുകള്‍ക്കിടയിലൂടെ മെല്ലെനീങ്ങുന്നു.
ഉച്ചയ്ക്ക് മുമ്പ് വേഷം കെട്ടി കഴിയും. അപ്പോള്‍ വണ്ടിയില്‍ കയറി നിന്നാല്‍ വേല കാവുകയറുന്നതുവരെ ഒരേ നില്‍പ്പാണ്. കഴിക്കുന്ന മദ്യത്തിന്‍റെ ലഹരിയിലങ്ങിനെ നില്‍ക്കുന്നു എന്നേയുള്ളു. അല്ലാത്ത സമയത്ത് പവന്‍ തന്നാല്‍ ഇതുപോലെ നട്ടുച്ച വെയിലത്ത് നില്‍ക്കില്ല.
''കഴിക്കാത്തതോണ്ടാണ് ഇക്കുറി നിങ്ങക്ക് വേലയ്ക്ക് ഉഷാറില്ലാത്തത്'' ദേവു പറഞ്ഞു''കഴിക്കുണതില്‍ തെറ്റില്ല, ഓവറാവാതെ നോക്ക്യാമതീന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ''.
''അതൊന്ന്വോല്ല. എന്തോ ഒരു ക്ഷീണം''.
''സാരൂല്യാ. വിട്ടിലെത്ത്യാല്‍ ഇത്തിരിനേരം കിടന്നോളിന്‍''. ദൂരെ ഒരു വാണം മേലോട്ട് കുതിച്ചുയര്‍ന്ന് പൊട്ടിത്തകരുന്നത് കണ്ടു.
''നോക്കിന്‍ . അത് നമ്മടവിടുത്തെ വേലട്യാണ്''.
''ആരട്യോ ആയിക്കോട്ടെ''.
''ഇക്കുറി നിങ്ങളല്ലാത്തതോണ്ട് വക്കീലിന്‍റെ വേഷം നന്നായില്ല''. എല്ലാ കൊല്ലവും വേലയ്ക്ക് വക്കീലിന്‍റെ വേഷം കെട്ടും. വെളുത്ത പാന്‍റും ഷര്‍ട്ടും, കറുത്ത കോട്ടും, ഷൂസും ഒക്കെ വാടകയ്ക്കെടുക്കും. വാസു വക്കീല്‍ ഗുമസ്തനാവും, വേശന്‍ പോലീസുകാരനും. മൂന്നാളും കൂടി ഒന്നിച്ചുചെയ്യുന്നതില്‍ ഒരാള്‍ മാറിയാല്‍ ആ കുറവ് അനുഭവപ്പെടും.
''ജീവനോടെ ഇരുന്നാല്‍ അടുത്തകൊല്ലം ഞാന്‍ ആ വേഷം കെട്ടും''.
''എന്നിട്ട് വേണം ഇക്കൊല്ലത്തെ കുറവ് തീര്‍ക്കാന്‍ അല്ലേ''.
ഉങ്ങിന്‍ചുവട്ടില്‍നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞു. വേലപ്പറമ്പില്‍ നിന്നുയരുന്ന ശബ്ദകോലാഹലം കേട്ടുകൊണ്ട് വീട്ടിലേക്ക് നടന്നു.
ഭാഗം :- 79.
ഉണര്‍ന്നെഴുന്നേറ്റതേ വയ്യായയുംകൊണ്ടാണ്. എന്താണ് എന്നറിയില്ല, ഒരു ശ്വാസംമുട്ടല്. നെഞ്ചത്ത് വേദനയുമുണ്ട്. മുറ്റമടി കഴിഞ്ഞ് ദേവു മടങ്ങി വരുന്നതുവരെ നോക്കാം. കുറവില്ലെങ്കില്‍ ഡോക്ടറെ കാണാം. തലയണ്ണ മാറോടുചേര്‍ത്തുവെച്ച് കിടന്നു. നേരം ചെല്ലുംതോറും വേദന കൂടുകയാണ്. എന്താണ് വേണ്ടത് എന്നറിയുന്നില്ല.
മുറ്റമടി കഴിഞ്ഞുവരുമ്പോള്‍ ദേവു സായ്‌വിന്‍റെ വീട്ടില്‍ കയറാറുണ്ട്. പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായിട്ടല്ല. കുറച്ചായിട്ട് അങ്ങിനെയൊരു പതിവുണ്ട്. അവളോട് നേരെ വരാന്‍ പറഞ്ഞാലോ? മൊബൈലെടുത്ത് ദേവുവിനെ വിളിച്ചു. ആ സാധനം ജനല്‍ത്തിട്ടിലിരുന്ന് ശബ്ദിച്ചു. ഇന്ന് പോവുമ്പോള്‍ അവളത് എടുത്തിട്ടില്ല.
ഏത് ഡോക്ടറെയാണ് കാണേണ്ടത് എന്നറിയില്ല. മുമ്പൊരിക്കല്‍ ജില്ല ആസ്പത്രിയില്‍ ചെന്ന് ഒരു ഡോക്ടറെ കണ്ടിരുന്നു. ഇപ്പോള്‍ അയാള്‍ ഉണ്ടാവുമോ എന്തോ. പരിചയമുള്ള ആരെങ്കിലുമാണെങ്കില്‍ സംഗതി എളുപ്പമാവും. കാറിടിച്ച് പിച്ചക്കാരന്‍ മരിച്ചദിവസം പരിചയപ്പെട്ട ഡോക്ടറുടെ കാര്യം ഓര്‍മ്മവന്നു. എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിച്ചോളാന്‍ അയാള്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഹാര്‍ട്ടിന്‍റെ ചികിത്സ ചെയ്യുന്ന ആളാണ് ആ ഡോക്ടര്‍. മൊബൈലില്‍ അയാളുടെ നമ്പറുണ്ട്. മൊബൈലില്‍ പരതി അത് തപ്പിയെടുത്ത് വിളിച്ചു.
''ഹല്ലോ''എന്ന് മറുവശത്തുനിന്ന് കേട്ടു.
''സാര്‍. ഞാന്‍ കുഞ്ച്വാണ്. സാറിന്‍റെ കാറിടിച്ച് പിച്ചക്കാരന്‍ മരിച്ച ദിവസം ഞാന്‍കൂടെ ഉണ്ടായിരുന്നു''.
''എനിക്ക് ഓര്‍മ്മയുണ്ട്. എന്താ വേണ്ടത് എന്ന് പറയൂ''.
''എനിക്ക് രാവിലെ ഉണര്‍ന്നമുതല്‍ക്ക് നെഞ്ച് വേദനിക്കുന്നു''.
''നിങ്ങള്‍ക്ക് വേറെ എന്തൊക്കെ പ്രയാസം തോന്നുന്നുണ്ട്''. ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നതും തളര്‍ച്ചയുമെല്ലാം വിവരിച്ചു പറഞ്ഞുകൊടുത്തു.
''എത്രയും പെട്ടെന്ന് നിങ്ങള്‍ ആസ്പത്രിയിലിക്ക് വരിന്‍. ഞാന്‍ അവിടെയുണ്ടാവും. ആസ്പത്രിയില്‍ എത്തുമ്പോള്‍ നിങ്ങളെന്നെ വിളിച്ചാല്‍ മതി''.
''ശരി സാര്‍''.
''സംസാരിച്ച് നില്‍ക്കാതെ വേഗം വരൂ''. എഴുന്നേറ്റ് പല്ലുതേച്ച് പുറപ്പെടാനൊരുങ്ങി. ആ നേരത്താണ് ദേവു എത്തിയത്.
''നോക്ക് ദേവ്വോ, എനിക്ക് തീരെ വയ്യ. ഇപ്പൊത്തന്നെ ആസ്പത്രീലിക്ക് പോണം''.
''എന്താ നിങ്ങക്ക്''.
''നെഞ്ഞ് വേദനിക്കുണൂ. ശ്വാസം വലിക്കാന്‍ പറ്റിണില്യാ. എന്തോ കുഴപ്പൂണ്ട്''.
''മുമ്പൊരിക്കല്‍ ഡോക്ടറെ കാണിച്ചപ്പൊ നാക്കിന്‍റടീല്‍ വെക്കാന്‍ ഒരു ഗുളിക തന്നില്ലേ. അതെടുത്ത് വെക്കിന്‍''.
''അതൊന്നും ഇല്യാണ്ടായിട്ട് കാലോത്ര്യായി''.
''നല്ല ആള്. അവനോന്‍റെ സൂക്കട് അവനോന്‍ അറിഞ്ഞ് പെരുമാറണ്ടേ''.
''നീ കൂട്ടംകൂടി നില്‍ക്കാതെ ആസ്പത്രീലിക്ക് കൊണ്ടുപോവാന്‍ നോക്ക്''.
''ഏത് ആസ്പത്രീലിക്കാ പോണ്ടത്''.
''ജില്ല ആസ്പത്രിക്ക് പോവാം''.
''ആരെങ്കിലും കൂടെ വേണ്ടേ''.
''നീ ചെന്ന് സായ്‌വിന്‍റെ വീട്ടില്‍ പറ. ഫോണില്‍ പറഞ്ഞാല്‍ വിവരം മനസ്സിലാവില്ല''. ദേവു ഇറങ്ങിയോടി. പാവം. എന്തെങ്കിലും പറ്റിയാല്‍ അവള്‍ക്ക് ആരുമില്ലാതാവും. അങ്ങിനെയൊന്നും വരുത്തരുതേ ദേവീ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു.
പടിക്കല്‍നിന്ന് കാറിന്‍റെ ശബ്ദം കേട്ടു. അടുത്തനിമിഷം സായ്‌വും അന്‍വറും ദേവുവും ഓടിയെത്തി. അവര്‍ക്ക് പിന്നാലെ പ്രദീപും പ്രകാശനും.
''ഇങ്കിട്ട് കാറ് വരുണത് കണ്ടിട്ട് ഓടിവന്നതാണ്''അവര്‍ പറഞ്ഞു.
''വര്‍ത്തമാനം പറഞ്ഞ് നില്‍ക്കാതെ എല്ലാരുംകൂടി കുഞ്ചൂനെ എടുത്ത് കാറിന്‍റെ ഉള്ളില്‍ കിടത്തിന്‍''സായ്‌വ് നിര്‍ദ്ദേശിച്ചു. ദേവുവിന്‍റെ മടിയില്‍ തലവെച്ച് പിന്നിലെ സീറ്റില്‍ കിടന്നു. അന്‍വറും സായ്‌വും മുമ്പില്‍ കയറി.
''വീട് പൂട്ട്യോ''ദേവുവിനോട് ചോദിച്ചു.
''വീട് പൂട്ടീട്ടാ കാറില്‍ കേറ്യേത്''അവള്‍ പറഞ്ഞു.
''പൈസ വല്ലതും എടുത്തിട്ടുണ്ടോ''
''ഉള്ള പൈസ ബാഗിലാക്കിയെടുത്തിട്ടുണ്ട്''.
''കുഞ്ച്വോ, മിണ്ടാണ്ടെ കിടക്ക്''സായ്‌വ് കര്‍ശനമായി പറഞ്ഞു. ഉങ്ങിന്‍ചോട് കടന്ന് റോഡില്‍ കയറിയ കാര്‍ കുതിച്ചുപാഞ്ഞു. എന്തൊക്കെയാണ് ഉണ്ടാവുക എന്നറിയില്ല. ഗുരുവായൂരപ്പനെ മനസ്സില്‍ വിളിച്ചുകൊണ്ട് മിണ്ടാതെ കിടന്നു.
ഭാഗം :- 80.
അഞ്ചുദിവസത്തെ ആസ്പത്രിവാസത്തിന്നുശേഷം വീടെത്തിയിട്ട് ആഴ്ച രണ്ടുകഴിഞ്ഞു. സായ്‌വിന്‍റെ വീട്ടുകാര്‍ എന്നും വൈകുന്നേരമെത്തും. വളരെനേരം വര്‍ത്തമാനം പറഞ്ഞ് ഇരുന്നിട്ടേ അവര്‍ തിരിച്ച് പോവൂ. പ്രദീപ്, പ്രകാശന്‍, കൃഷ്ണന്‍ കുട്ടി, ശിവന്‍, അവന്‍റെ ഏട്ടാനുജന്മാര്‍, എന്നിവരും ദിവസവും വന്ന് വിവരം അന്വേഷിക്കും. വേലായുധനും രാമന്‍കുട്ടിയുടെ മരുമകളും നിത്യവുമെത്തുന്ന വേറെ രണ്ടുപേരാണ്. വേശനും വാസുവും മൂന്നുനേരവും വരാറുണ്ട്. പ്രത്യേകിച്ച് യാതൊരു പണിയുമില്ലാത്തവരല്ലേ അവര്‍. എന്നാലും ഇത്രകാലം അലോഹ്യമായി നടന്ന കാശുമണി കാണാന്‍ വന്നത് ഒരുപാട് സന്തോഷം നല്‍കി. ഇത്രയേ കാര്യമുള്ളൂ മനുഷ്യരുടെ ലോഹ്യത്തിന്നും അലോഹ്യത്തിന്നുമൊക്കെ. നിസ്സാരകാര്യത്തിന് അവനോട് പിണങ്ങിയത് തെറ്റായിപ്പോയി. കുറച്ച് വേദന സഹിക്കേണ്ടിവന്നെങ്കിലും സുഖക്കേട് കാരണം അങ്ങിനെ ചില ഗുണങ്ങളുണ്ടായി. അനുഭവിച്ച വേദനയോര്‍ത്ത് വെറുതെയിരുന്നു.
''എന്താ ആലോചിച്ചോണ്ട് ഇരിക്കുണ്''ദേവു ചായയുമായി എത്തി.
''സൂക്കടിനെപ്പറ്റി ആലോചിച്ചതാണ്''.
''നിങ്ങടെ ചോര ഒഴുകുണ കുഴല് അടഞ്ഞു എന്നാ പറഞ്ഞത്. എന്തോ ഒരുസാധനം അകത്ത് കടത്തീട്ടാണ് ശര്യാക്ക്യേത് അതിന് ഒരുപാട് കാശ് വന്നു എന്നൊക്കെ സായ്‌വ് പറഞ്ഞു''.
''അതൊക്കെ ഡോക്ടര്‍ എന്നോടും പറഞ്ഞു''.
''സൂക്കട് മാറീന്ന് പറഞ്ഞ് പഴേതുപോലെ നടക്കന്‍ സമ്മതിക്കണ്ടാന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഒരുകാര്യം ഞാന്‍ പറയാം. എന്‍റെ ഏടത്തിക്ക് മക്കളില്ല. പക്ഷെ അവളടെ കെട്ട്യോന്‍റെ അനുജന് മക്കളുണ്ട്. അവരവളെ നോക്കും. നിങ്ങക്കെന്തെങ്കിലും പറ്റ്യാല്‍ എനിക്കാരാ ഉള്ളത്. അത് ഓര്‍മ്മ വേണം''.
''ഇല്യാടി. ഇനി അങ്ങന്യോന്നും ഉണ്ടാവില്ല''.
''നോക്കിന്‍ നമ്മള് പറയുണത് കേട്ടുംകൊണ്ട് ഒരാള് പിന്നാലേന്നീണ്ട്. കുട്ട്യാണെങ്കിലും അയാളക്ക് പിടക്കാത്തത് കാട്ട്യാല്‍ നിങ്ങളെ അയാള് വെറുതെ വിടില്ല''ഉണ്ണിക്കണ്ണന്‍റെ ഫോട്ടോയിലേക്ക് ചൂണ്ടിയിട്ട് ദേവു പറഞ്ഞു.
''ഭഗവാനാണെ സത്യം. ഞാനിനി പഴേമാതിരി നടക്കില്ല''.
''ഒരുപാട് ആള്‍ക്കാര് നിങ്ങക്ക് ഒന്നും വരരുതേന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്''.
''അതെനിക്കറിയാം. വയ്യാണ്ടെ ആസ്പത്രീല്‍ കിടന്നപ്പഴാണ് നമുക്കും ആള്‍ക്കാരുണ്ടെന്ന് എനിക്ക് മനസ്സിലായത്''.
''അത് പറയാനുണ്ടോ. ഞാന്‍ ഓടിച്ചെന്ന് വിവരം പറഞ്ഞതും സായ്‌വും മകനും കഴിക്കുണ ആഹാരം അങ്ങനെത്തന്നെ പ്ലേറ്റിലിട്ട് ഉടുത്ത തുണി മാറ്റുംകൂടി ചെയ്യാതെ ഓടിവര്വായിരുന്നു''.
''അവരടെ പിന്നാലെ പ്രദീപും പ്രകാശനും വന്നു''.
''കാറില്‍ സ്ഥലൂല്ലാത്തതോണ്ട് അവര് രണ്ടാളും പിന്നാലെ ബൈക്കില്‍ വിട്ടു. നമ്മള് ആസ്പത്രീല്‍ എത്ത്യേപ്പഴയ്ക്ക് അവരെത്തി''.
''എന്നെ പരിചയൂള്ളോരൊക്കെ വന്നു. അതൊന്നും ഞാന്‍ വിചാരിച്ചിട്ടേ ഇല്ല''.
''കൊറെ ആള്‍ക്കാര് കാശും തന്നു''.
''ആരെങ്കിലും വല്യേ സംഖ്യ തന്ന്വോ''.
''രാഘവന്‍ വന്ന് പത്തുറുപ്പിക തന്നു. രാവുത്തമ്മാര് ഏട്ടനും അനുജനും വന്നിരുന്നു. അവര് അഞ്ച് തന്നു''.
''അതൊന്നും എനിക്ക് ഒര്‍മ്മീല്ലാ''.
''അഞ്ഞൂറും ആയിരൂം രണ്ടായിരൂം ഒക്കെ തന്നോരുണ്ട്''.
''ആസ്പത്രീല് എത്ര ചിലവ് വന്നിട്ടുണ്ടാവും''.
''അതൊന്നും എനിക്കറിയില്ല. എന്‍റെ കയ്യില്‍ കിട്ടുണതൊക്കെ ഞാന്‍ അന്‍വറിന്‍റെ കയ്യില്‍ കൊടുത്തിട്ടുണ്ട്. അസ്പത്രീലെ ചിലവൊക്കെ അവനാ ചെയ്തത്''.
''കുറച്ചൊന്ന് ഭേദാവട്ടെ. എന്തായീന്ന് ചോദിച്ചറിഞ്ഞ് ബാക്കി അങ്കിട്ട് കൊടുക്കണം''.
''അത് വേണം. നമ്മള് ആരേം പറ്റിക്കാന്‍ പാടില്ല''.
''വീട് പണിടെ ബാക്കി കാശ് ബാങ്കിലുണ്ട്. അതിന്നെടുത്ത് കൊടുക്കാം''.
''അതൊക്കെ എന്ത് വേണച്ചാലും ചെയ്തോളിന്‍. സൂക്കട് മാറി നിങ്ങള് വീട്ടില് എത്ത്യേലോ. എനിക്ക് സമാധാനായി''.
''എന്നാ നീ പണിക്ക് പോണത്''.
''മേസ്ത്രി വന്നപ്പൊ ചോദിച്ചു. മൂപ്പരടെ വയ്യായ ഒന്ന് ഭേദാവട്ടെ. എന്നിട്ട് വരാന്ന് പറഞ്ഞു''.
''എനിക്കിപ്പൊ കുഴപ്പോന്നൂല്യാ. നീ വേണച്ചാല്‍ പണിക്ക് പൊയ്ക്കോ''.
''ഒരാഴ്ച കഴിയട്ടെ. എന്നിട്ട് നോക്കാം''.
''അപ്പഴയ്ക്കും അടമഴ്യാവും''.
''വാര്‍പ്പ് കഴിഞ്ഞ ബില്‍ഡിങ്ങ്വേളുണ്ട്. അതിന്‍റെ തേപ്പുപണി ചെയ്യാലോ. ആ പണിക്കാ പോണത്''.
''എവട്യാ, അടുത്താണോ പണീള്ളത്''.
''ടൌണില്ലാണ് പണി. അതും ഞങ്ങള് ചെയ്ത പണ്യല്ല. ഏതോ വല്യേ കോണ്ട്രാക്ടറുടെ പണ്യാത്രേ അത്''.
''പറ്റുംച്ചാല്‍ നീ പോയാ മതി. മഴക്കാലം കഴിഞ്ഞാല്‍ നാട്ടില് പണി തുടങ്ങ്വോലോ. അപ്പൊ നോക്കാം ''.
''അയ്യോ. ഒരുപാട് കാലം പണീല്ലാതെ ഇരിക്കാന്‍ പറ്റില്ല. നമുക്ക് കഴിഞ്ഞുകൂടണ്ടേ''.
''അതാലോചിച്ച് വിഷമിക്കണ്ടാ. വായകീറ്യേ തമ്പ്‌രാന്‍ അതിനുള്ള വഴീം തരും''.
''എന്താ രണ്ടാളുംകൂടി വേദാന്തം പറയുണ്''വാതില്‍ക്കല്‍ രാഘവന്‍ നില്‍ക്കുന്നത് കണ്ടു. കയ്യിലൊരു ചെറിയ ബാഗുണ്ട്. തരാമെന്നു പറഞ്ഞ കമ്മിഷന്‍ തരാന്‍ വന്നതാണോ.
''ഏയ്. ഒന്നൂല്യാ. ഞങ്ങള് ഓരോന്ന് പറഞ്ഞോണ്ടിരുന്നു. നിങ്ങള് കേറി ഇരിക്കിന്‍''. രാഘവന്‍ ഉള്ളില്‍ വന്ന് കസേലയിലിരുന്നു. എന്താണ് അയാള്‍ പറയാന്‍ പോവുന്നത് എന്നറിയാന്‍ മനസ്സ് വെമ്പല്‍ കൊണ്ടു.
Comments
Post a Comment