അദ്ധ്യായം 21-30
ഭാഗം :-21.
വക്കീലിനെ കണ്ട് തിരിച്ചെത്തുമ്പോഴേക്കും മണി പത്തര. രാവിലെ പ്രദീപും വേലായുധനും ഓട്ടോറിക്ഷയുമായി എത്തി. മുറ്റമടിച്ചു കഴിഞ്ഞ് ദേവു എത്തിയതും പുറപ്പെട്ടു. ആഹാരം കഴിക്കാനൊന്നും നിന്നില്ല. രാവിലെ നേരത്ത് ബസ്സിലൊക്കെ വലിയ തിരക്കാണ്. ഓട്ടോ വിളിക്കാന്‍ കാരണം അതാണ്. നേരത്തെ ചെന്നതുകൊണ്ട് കക്ഷികള്‍ എത്തുന്നതേയുള്ളു.
''എന്താടോ, ഇന്നേത് ആടിപിടികേസുംകൊണ്ടാ വന്നിട്ടുള്ളത്''കണ്ടതും വക്കീല്‍ ചോദിച്ചു. കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞുകൊടുത്തു.
''സാരൂല്യാ. നീ ഭാര്യയോടും ഭര്‍ത്താവിനോടും എന്നെ വന്ന് കാണാന്‍ പറ''അദ്ദേഹം അത് പറഞ്ഞിട്ടും വേലായുധന്‍റെ പരിഭ്രമം തീര്‍ന്നില്ല.
''എന്തെങ്കിലും കുഴപ്പം വര്വോ''അവന്‍ ചോദിച്ചു.
''അത് വരാതെ നോക്കാനല്ലേ എന്‍റടുത്ത് വന്നത്''.
''സാര്‍, ഇവന്‍ പേടിച്ചിട്ടാണ്. ചെക്കനീം പെണ്ണിനീം ഞാന്‍ കൂട്ടീട്ട് വരാം'' അഞ്ഞൂറിന്‍റെ ഒരുനോട്ട് കൊടുത്ത് യാത്ര പറഞ്ഞ് ഇറങ്ങി .
''കുഞ്ച്വോട്ടാ. ഇത് കഴിയുണവരെ നിങ്ങള് ഞങ്ങളടെ ഒപ്പം ഉണ്ടാവണേ'' വക്കീലാപ്പീസില്‍നിന്ന് ഇറങ്ങിയതും പ്രദീപ് പറഞ്ഞു.
''അതാലോചിച്ച് നീ വിഷമിക്കണ്ടാ. നിങ്ങടെകൂടെ ഞാന്‍ എന്നൂണ്ടാവും'' നേരെ ഹോട്ടലില്‍ ചെന്ന് ഡ്രൈവറും മൂന്നുപേരും ടിഫിന്‍ കഴിച്ചിട്ടാണ് തിരിച്ചുപോന്നത്.
''നിങ്ങള് വീട്ടിലിക്ക് പൊയ്ക്കോ. ഞാന്‍ ഇവിടെ ഇറങ്ങുണൂ. ഇവിടെ എനിക്ക് കുറച്ച് കാര്യൂണ്ട്''നാലുംകൂടുന്ന ദിക്കിലെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തിച്ച് ഇറങ്ങി. പഞ്ചായത്ത് പ്രസിഡണ്ടിനെ കണ്ട് സംസാരിക്കണം. ശിവനോട് രണ്ടുദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അവനോട് വിവരം പറയേണ്ടതാണ്.
പതിനൊന്നുമണിക്കാണ് പ്രസിഡണ്ട് വരാറ്. അയാളുടെ ബുള്ളറ്റിനേയും പ്രതീക്ഷിച്ച് റോഡോരത്ത് നിന്നു. പതിവുസമയം കഴിഞ്ഞിട്ടും അയാളെ കാണാനില്ല. ഒരുപക്ഷെ ഇന്ന് നേരത്തെ വന്നിട്ടുണ്ടാവുമോ. പഞ്ചായത്ത് ഓഫീസിലേക്ക് ചെന്നു. അവിടേയുംബുള്ളറ്റില്ല. ഇനിയെന്താണ് ചെയ്യുക. മൊബൈലെടുത്ത് പ്രസിഡണ്ടിനെ വിളിച്ചു. അപ്പുറത്ത് ഫോണെടുത്തു.
''എന്താ കുഞ്ച്വോട്ടാ''എന്തെങ്കിലും പറയും മുമ്പ് പ്രസിഡണ്ട് ഇങ്ങോട്ട് ചോദിച്ചു. ഇലക്ഷന്‍ സമയത്ത് അവനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതവന്‍ മറന്നിട്ടില്ല.
''ഞാന്‍ കാണാന്‍ വേണ്ടി പഞ്ചായത്താപ്പീസിന്‍റെ മുമ്പില്‍ നില്‍ക്ക്വാണ്''.
''അയ്യോ. ഞാന്‍ ബ്ലോക്കില് ഒരാവശ്യത്തിന് വന്നതാണ്''.
''എപ്പഴാ മടങ്ങി വര്വാ''.
''ഇവിടുത്തെ ആവശ്യം കഴിഞ്ഞാല്‍ ഞാന്‍ കലക്ടറേറ്റിലിക്ക് പോവും. തിരിച്ചുവരാന്‍ വൈകും. എന്താ കാര്യംന്ന് പറയിന്‍''.
''നമ്മടെ ഒരാള്‍ക്ക് വീടുണ്ടാക്കാനുള്ള സഹായത്തിന് അപേക്ഷ തരാനാ''.
''ആളെങ്ങനെ''.
''ഒരു അപ്പാവി. തീരെ ഗതീല്യാഞ്ഞിട്ടാണ്. സുഖൂല്യാത്ത ഭാര്യീം രണ്ട് പെട്ടകുട്ട്യേളും ഉണ്ട്. അവന്‍ കൂലിപ്പണി ചെയ്തിട്ടാ ജീവിക്കുണത്''.
''അടുത്ത ആഴ്ച എന്നെ വന്ന് കാണാന്‍ പറയിന്‍. വേണ്ടത് ചെയ്തു കൊടുക്കാം''.
''പറഞ്ഞാല്‍ പോരാട്ടോ. എന്‍റെ സ്വന്തം കേസ്സാണ്''.
''ഇങ്ങിനെ പറയരുത്. കുഞ്ച്വോട്ടന്‍ പറഞ്ഞാല്‍ എനിക്ക് തട്ടികളയാന്‍ പറ്റില്ല. അതറിയാലോ''.
''അതുമതി. അടുത്താഴ്ച അവനെ ഞാന്‍ കൂട്ടിക്കൊണ്ടുവരാം''.
''എന്നാ ശരി. പിന്നെ കാണാം''കാള്‍ കട്ടായി. ഇനിയൊന്നും ചെയ്യാനില്ല. കുറച്ചുനേരം ഇവിടെത്തന്നെ കൂടാം. ഊണുകഴിഞ്ഞിട്ടുമതി വീട്ടിലേക്ക് പോവുന്നത്.
ഹോട്ടലില്‍ കയറി ഉമ്മറത്തെ ബെഞ്ചിലിരുന്ന് പേപ്പറെടുത്തു.
ഭാഗം :-22.
''ഇന്നെന്താ നേര്‍ത്തെ വന്നത്''അകത്തുനിന്ന് വന്ന ഹോട്ടലുടമ ചോദിച്ചു.
''വെളിച്ചാമ്പൊ വിട്ടിന്ന് ഇറങ്ങ്യേതാണ്. ഒരുകാര്യായിട്ട് ഒരുവഴിക്ക് പൊവാനുണ്ടായിരുന്നു. അത് കഴിഞ്ഞ് എത്ത്യേതും പ്രസിഡണ്ടിനെ കാണാന്‍ ചെന്നു. അയാള് സ്ഥലത്തില്ല. വെറുതെ വീടുവരെ പോയിട്ട് പിന്നീം ഇങ്കിട്ട് വരണ്ടേന്ന് കരുതി ഇവിടെത്തന്നെ നിന്നു''.
''എപ്പൊ നോക്ക്യാലും നിനക്ക് ആരടേങ്കിലും ഓരോ കാര്യൂണ്ടാവും. അതൊണ്ടെന്താ ഗുണം''.
''ശങ്കരേട്ടാ, ഇന്നും ഇന്നലീം അല്ല എന്നും ഞാന്‍ സഹായം വേണ്ടോരടെ കൂടെ നിന്നിട്ടുണ്ട്. എനിക്കെന്തെങ്കിലും ഉണ്ടാക്കാന്‍ വേണ്ടീട്ടല്ല ഞാന്‍ അതൊക്കെ ചെയ്യുണ്. അത് നാട്ടുകാരക്കും ദൈവത്തിനും അറിയും''.
''എന്നാല്‍ നിന്നെക്കൊണ്ടൊരു കാര്യൂണ്ട്. എന്‍റെ വകേലൊരു മരുമകന് റേഷന്‍കാര്‍ഡില്ല. നീ വിചാരിച്ചാല്‍ ഒരുകാര്‍ഡ് ഉണ്ടാക്കി കിട്ട്വോ''.
''അതിനെന്താ പ്രയാസം. നമ്മടെ പഴേ ഗോപാലേട്ടന്‍റെ മകന്‍ സപ്ലൈ ഓഫീസിലുണ്ട്. മരുമകനോട് വരാന്‍ പറയിന്‍. ഞാന്‍ ശര്യാക്കിച്ച് കൊടുക്കാം''.
''എന്നാല്‍ വല്യേ ഉപകാരാവും. അവന് ഈ നാട്ടില് പരിചയൂല്യാ''.
''പരിചയത്തിന്‍റെ ആവശ്യോന്നൂല്യാ. എവടെ ചെന്നാലും നമ്മടെ ഒരാളുണ്ടാവണം. എന്നാ സംഗതി റെഡി''.
''നീ ഉണ്ണാനിരുന്നോ. തിരക്ക് വരുമ്പഴയ്ക്കും കഴിച്ചിട്ട് പോവാം''കൈ കഴുകി ഉണ്ണാനിരുന്നു
''ഇന്നലെ പോലീസുകാരോട് നീ കയര്‍ത്ത് സംസാരിച്ചത് ഞാനറിഞ്ഞു. തല്‍ക്കാലം അവര് മടങ്ങിപോയാലും നിന്നോട് നല്ല ദേഷ്യൂണ്ടാവും. എന്തെങ്കിലും ഒരുകാരണം കിട്ട്യാല്‍ നിന്നെ അവര് തല്ലി ഊറയ്ക്കിടും''.
''അതൊക്കെ വെറുതെ തോന്ന്വാണ്. ഒന്നാമത് ഞാന്‍ കേസ്സില്‍പെടുണ പണിയൊന്നും ചെയ്യില്ല. പിന്നെ ഈ നാട്ടില് ചില നിയമോക്കെ ഉണ്ട്. വേണ്ടാണ്ടെ എന്‍റെ ദേഹത്ത് ഏതെങ്കിലും പോലീസുകാരന്‍ തൊട്ടാല്‍ തൊട്ടോന്‍റെ തൊപ്പി ഞാന്‍ ഊരിക്കും''.
''എന്തായാലും നിങ്ങടെ ആള്‍ക്കാരുക്ക് നിന്നെ വല്യേ കാര്യായിട്ടുണ്ട്. എന്നാലും കുറ്റം പറയാനും അളുണ്ട്. അത് ഓര്‍മ്മവെച്ചൊ''.
''എന്നെ കുറ്റം പറയാന്‍ ആരാ ഉള്ളത്''.
''നീ ഊണുകഴിക്ക്. ഞാന്‍ വിശദമായി പറഞ്ഞുതരാം''. ആരോ എന്തോ പറഞ്ഞോട്ടെ. ദേഹത്ത് തട്ടില്ലോ. ചോറും കറികളും അതിന്ന് പുറമേ കിട്ടിയ ഉരുളക്കിഴങ്ങ് ബോണ്ടയും രുചിയോടെ കഴിച്ച് കൈകഴുകി.
''ഇനി പറയിന്‍. എന്നെ ആരാ കുറ്റം പറഞ്ഞത്''.
''ശേഖരന്‍റെ മകന്‍ അനന്തന്‍ വന്നിട്ടുണ്ട്. കൂടെ ഒരു പെണ്ണൂണ്ട്. രണ്ടാളും കൂടി ചായ കുടിക്കാന്‍ കേറ്യാതാ. അപ്പഴാണ് നിന്‍റെ ആള്‍ക്കാര് ഇന്നലെ നടന്ന സംഭവം പറയുണത്. അത് കേട്ടോണ്ട് നിന്ന അനന്തനാണ് നിന്നെ കുറ്റം പറഞ്ഞത്''.
''എന്താ അവന്‍ പറഞ്ഞത്''.
''നിങ്ങള് കുഞ്ചൂനെ വല്ലാണ്ടെ പൊക്കി പറയണ്ടാ. ഈ നാട്ടിലെ നമ്പര്‍ വണ്‍ തരികിട്യാണ് ആ ചങ്ങാതി എന്നു പറഞ്ഞു''.
''ഓഹോ, അങ്ങിനീണ്ടയൊ. എന്നിട്ട് അവനെവിടെ''അനന്തനെ കണ്ട് നാല് പറയണം.
''ഇവിടുന്നിറങ്ങി ഫേന്‍സീഷോപ്പിലിക്ക് പോണത് കണ്ടു. അവിടുന്ന് എങ്കിട്ടാ പോയതേന്ന് അറിയില്ല''. എന്നെങ്കിലും ഒരുദിവസം അവനെ നേരില്‍ കാണും. അന്ന് മുതലും പലിശയും ചേര്‍ത്ത് കൊടുത്തോളാം. ഹോട്ടലിലേക്ക് ആളുകള്‍ വരാറായി. ഇനി നില്‍ക്കണ്ടാ. ശങ്കരേട്ടനോട് യാത്രപറഞ്ഞിറങ്ങി. നട്ടപ്പൊരിവെയിലത്ത് വീട്ടിലെത്താനാണ് പാട്. പരിചയക്കാര് ആരെങ്കിലും വണ്ടിയുമായി ഈ വഴിക്ക് പോവുന്നത് കണ്ടാല്‍ അതിന്‍റെ പിന്നില്‍ കയറി ഉങ്ങിന്‍ചോട് വരെ പോവാം. അതും പ്രതീക്ഷിച്ച് മരച്ചുവട്ടില്‍ നിന്നു.
''കുഞ്ച്വോ, എന്തൊക്കീണ്ട് വിശേഷം''പിന്നില്‍ നിന്ന് ആരോ ചോദിച്ചു. അനന്തനാണ്. തുണിക്കടയില്‍നിന്നുള്ള വരവാണ്. അവന്‍റെകൂടെ ഒരു സ്ത്രീയുമുണ്ട്. ഉദ്ദേശിച്ച ആളെ കയ്യോടെ പിടികിട്ടി. ചോദിക്കാനുള്ളത് ആദ്യംതന്നെ ചോദിക്കണ്ട. മയത്തില്‍ പറഞ്ഞുതുടങ്ങാം.
''കൊറെകാലായല്ലോ നിന്നെ കണ്ടിട്ട്. എപ്പഴാ നീ വന്നത്''.
''ഞാന്‍ വന്നിട്ട് അഞ്ചാറ് ദിവസായി''.
''ആരാ കൂടേള്ള സ്ത്രീ''.
''എന്‍റെ ഭാര്യ''.
''എപ്പഴാ നീ ഇവരെ കല്യാണം കഴിച്ചത്''.
''ഒരുകൊല്ലം കഴിഞ്ഞു''.
''ഒരു കൊല്ലോ. അങ്ങനെ വരാന്‍ വഴീല്ലല്ലോ''.
''അതെന്താ നിങ്ങളങ്ങനെ പറയുണത്''.
''ഇതിനുമുമ്പ് കൂടെകൊണ്ടുനടന്ന പെണ്‍കുട്ട്യേളെ ഒരുമാസം തികയും മുമ്പ് നീ വേണ്ടാന്ന് വെക്കാറല്ലേ പതിവ്. അതോണ്ട് ചോദിച്ചതാ''.
''എന്‍റടുത്ത് വേണ്ടാത്ത കൂട്ടംകൂടാന്‍ വരണ്ടാ. ഞാനാള് ശര്യല്ല''.
''നീ ശര്യല്ലാന്ന് എനിക്കറിയില്ലേ. അത് ഈ പെണ്‍കുട്ടിക്ക് അറിയില്ല. അതോണ്ട് ഒരുസാമ്പിള്‍ പറയാന്‍ പോവ്വാണ്. ഇവര് ആ കഥ ശ്രദ്ധിച്ച് കേട്ടോട്ടെ''ഉറക്കെയുള്ള സംഭാഷണംകേട്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും അത്യാവശ്യം വഴിപോക്കരും കൂടി.
''നിങ്ങള് ചായകുടിക്കാന്‍ ചെന്നപ്പോ ഒരാള് തരികിട്യാണെന്ന് ഇവന്‍ പറഞ്ഞില്ലെ. ഞാനാ അത്. കുഞ്ചു. നിങ്ങളാരാണെന്ന് എനിക്കറിയില്ല. ഒരുകാര്യം ഞാന്‍ പറയാം. ഈ ലോകത്തിലെ ഏറ്റവും വല്യേ തട്ടിപ്പ് വീരനാണ് നിങ്ങടെ കൂടേള്ളത്''.
''കുഞ്ച്വോ, നീ വെറുതെ വേണ്ടാത്ത വര്‍ത്തമാനം പറയണ്ടാ''.
''വേണ്ടാത്തത് പറഞ്ഞത് നീയാണ്. ഉസ്സനാരടെ വീട്ടില് വിരുന്നുകാര് വന്നദിവസം രണ്ടുകിലോ ആട്ടിറച്ചി വാങ്ങീട്ട് വരാന്‍ അയാള് ആളെ നോക്കി നില്‍ക്ക്വായിരുന്നു. അപ്പഴാണ് ഇവന്‍ ആ വഴിക്ക് വരുണത്. ഇവന്‍റടുത്ത് ആ സാധുമനുഷ്യന്‍ ഇറച്ചി വാങ്ങി കൊടുക്ക്വോന്ന് കേട്ടു. ഇവന്‍ ശരീന്നും പറഞ്ഞ് കാശ് വാങ്ങി. എന്നിട്ട് എന്താ ചെയ്തത്. ആ കാശുംകൊണ്ട് തൃശ്ശൂര്‍പൂരം കാണാന്‍ ബസ്സ് കയറി. ആട്ടിറച്ചി വാങ്ങി ഇപ്പൊ ഇവന്‍ വരുംന്ന് കാത്ത് ഉസ്സനാരും വീട്ടുകാരും ഇരിക്ക്യേന്നെ. ഇവനെവിടെ വരുണ്. അത്രയോഗ്യനാ ഇവന്‍''. കേട്ടുനിന്നവര്‍ ഉറക്കെ ചിരിച്ചു. അനന്തന്‍ വല്ലാതായിട്ടുണ്ട്.
''ഇനീണ്ട് ഒരുപാട് കഥകള്‍. അതൊക്കെ ഞാന്‍ വിളമ്പണോ''.
''വേണ്ടാ''.
''എന്നാല്‍ ഇപ്പൊ ഹോട്ടലില്‍ ചെന്ന് കുഞ്ചൂനെ പറഞ്ഞത് തെറ്റായീന്ന് പറ. ഇല്ലെങ്കില്‍ ഓരോന്നായി ബാക്കീംകൂടി ഞാന്‍ പറയും''.
''ഞാന്‍ പറഞ്ഞോളാം''ആ സ്ത്രീയെക്കൂട്ടി അനന്തന്‍ ഹോട്ടലിലേക്ക് നീങ്ങി. എന്താണ് അവന്‍ പറയുക എന്നറിയാന്‍ ഒപ്പം നടന്നു. ഓട്ടോ ഡ്രൈവര്‍മാര്‍ പുറകെ വരുന്നുണ്ട്.
ഭാഗം :-23.
''ചക്ക വാങ്ങിത്തന്ന് സ്ഥലംവിട്ട കുഞ്ചൂനെ പിന്നെ കണ്ടിട്ടില്ലാന്ന് സായ്‌വിന്‍റെ ഭാര്യ പറഞ്ഞു''രാവിലെ മുറ്റമടിക്കാന്‍പോയ ദേവു തിരിച്ചുവന്നപ്പോള്‍ പറഞ്ഞു. ശരിയാണ്. ഓരോരോ തിരക്കുകള്‍ കാരണം പോവാന്‍ കഴിഞ്ഞില്ല. രാവിലെ അവിടെ ചെന്നിട്ടേ വേറെ എന്തെങ്കിലും ചെയ്യൂ.
ദേവു പണിക്ക് പോവുന്നതുവരെ മടിപിടിച്ചിരുന്നു. പിന്നെ എഴുന്നേറ്റ് ധൃതിയില്‍ കുളിച്ചു. ദേവു കൊണ്ടുവന്ന ആഹാരം കഴിച്ചതും ഷര്‍ട്ടും മുണ്ടും മാറ്റി വീടുപൂട്ടിയിറങ്ങി.
ഗെയിറ്റ് തുറന്ന് സായ്‌വിന്‍റെ വീട്ടിലേക്ക് കയറി. ഗെയിറ്റടച്ച് കുറ്റിയിട്ട് ഉമ്മറത്തേക്ക് നടന്നു. പൂച്ചട്ടികളില്‍ വെച്ചുപിടിപ്പിച്ച പൂച്ചെടികള്‍ ആട് തിന്നതിന്നുശേഷം ഗെയിറ്റ് തുറന്നിടാറില്ല. അന്‍സര്‍ കാറ് കഴുകുകയാണ്. അവന്‍റെ ഭാര്യ അടുത്ത് നില്‍ക്കുന്നുണ്ട്. എന്താണാവോ ഇപ്പോള്‍ കാറ് കഴുകുന്നത്. എങ്ങോട്ടെങ്കിലും പോവാനാണോ അതോ പോയി തിരിച്ചു വന്നതാണോ എന്നറിയില്ല.
''എന്താ ഈ നേരത്ത് കാറ് കഴുകുണ്''അവനോട് ചോദിച്ചു.
''ഉച്ചയ്ക്ക് ഒരുവഴിക്ക് പോവാനുണ്ട്. അതാ കഴുകി വൃത്തിയാക്കുന്ന്''. എങ്ങോട്ടാണ് എന്തിനാണ് എന്നൊന്നും പറഞ്ഞില്ല. ചിലപ്പോള്‍ പറയാന്‍ പറ്റാത്ത എന്തെങ്കിലും കാര്യമായിരിക്കും.
''ദൂരത്തിക്കാണോ''.
''അത്ര ദൂരോന്നൂല്യാ. പത്തമ്പത് കിലോമീറ്ററ്. അത്രേന്നെള്ളൂ''. ഇനി ഈ കാര്യം ചോദിക്കുന്നില്ല എന്ന് നിശ്ചയിച്ചു.
''ഞാനെന്തെങ്കിലും സഹായിക്കണോ''.
''ആദ്യം ഞാനിത് വെള്ളോഴിച്ച് കഴുകട്ടെ. നിങ്ങള് തുടയ്ക്കാന്‍ കൂട്യാല്‍ മതി''. കഴുകി കഴിഞ്ഞതും അന്‍സറോടൊപ്പം കീറത്തുണികൊണ്ട് കാറ് തുടയ്ക്കാന്‍ തുടങ്ങി.
''അനിയന് ഒരു പെണ്ണുനോക്കാന്‍ പോവ്വാണ്. ചെര്‍പ്ലശ്ശേരി കഴിഞ്ഞു പിന്നീം പോണം''കാര്‍ തുടയ്ക്കുന്നതിനിടെ അന്‍സര്‍ പറഞ്ഞു.
''ചേര്വാണച്ചാല്‍ പെട്ടെന്ന് ഉണ്ടാവ്വോ''.
''അതാ ഉദ്ദേശം. ചെക്കന് ഫോട്ടോ അയച്ചുകൊടുത്തു. ഇഷ്ടപ്പെട്ടൂന് അവന്‍ പറഞ്ഞു. ബാക്കിയൊക്കെ ചേരുംച്ചാല്‍ ഉടനെ അവനെ വരാന്‍ പറയും. എന്‍റെ ലീവ് കഴിഞ്ഞുപോകും മുമ്പ് നിക്കാഹ് നടത്താനാ പ്ലാന്‍''.
''അത് നന്നായി. ആ ഒരു ബാദ്ധ്യതീംകൂടി ഉണ്ടേന്ന് എന്‍റടുത്ത് വാപ്പ എപ്പഴും പറയും''.
''വാപ്പടെ കാര്യം പറഞ്ഞപ്പഴാ ഓര്‍മ്മവന്നത്. മറ്റന്നാള്‍ കുഞ്ച്വോട്ടന് തരാന്ന് പറഞ്ഞ മൊബൈല്‍ കിട്ടും''.
കാര്‍ തുടച്ച് ഷെഡ്ഢില്‍ കയറ്റിനിര്‍ത്തി. ഇനി പണിയൊന്നുമില്ല. നാലും കൂടുന്നമുക്കില്‍ ചെന്നാല്‍ ആരെയെങ്കിലും കാണാം. അതല്ലെങ്കില്‍ നേരെ കള്ളുഷാപ്പിലിക്ക് വിടാം. ചിലപ്പോള്‍ ചീട്ടുകളി തുടങ്ങിയിട്ടുണ്ടാവും. ഒരു നിമിഷം എന്താ വേണ്ടത് എന്ന് ചിന്തിച്ചു.
''അന്‍സറേ, ഞാന്‍ പോണൂട്ടോ''അവനോട് യാത്ര പറഞ്ഞു.
''ഒരുമിനുട്ട് നിക്കിന്‍. ചായ വരുണുണ്ട്''. അന്‍സറിന്‍റെ ഭാര്യ കൊണ്ടു വന്നുതന്ന ചായ കുടിച്ചു. അവന്‍ തന്ന നൂറിന്‍റെ നോട്ട് കീശയിലിട്ടു. ഗെയിറ്റടച്ച് വഴിയിലേക്കിറങ്ങി. ഉങ്ങിന്‍റെ ചുവട്ടില്‍ ലോട്ടറിക്കാരന്‍ ചന്ദ്രനുണ്ട്.
''കുഞ്ച്വോട്ടാ, നിങ്ങടെ കയ്യിലെ ടിക്കറ്റൊന്ന് തരിന്‍''അവന്‍ പറഞ്ഞു.
''എന്താടാ, ആളില്ലാത്ത ഒന്നാം സമ്മാനം വല്ലതൂണ്ടോ''.
''അതല്ല. ഞാന്‍ വിറ്റ ഒരുടിക്കറ്റിന് ഒരുലക്ഷം രൂപടെ മൂന്നാംസമ്മാനം കിട്ടീട്ടുണ്ട്. ആരക്കാ കിട്ട്യേത് എന്നറിയില്ല''.
''ആളില്ലെങ്കില്‍ എനിക്കന്നെ''.
''വര്‍ത്തമാനം പറയാതെ ടിക്കറ്റെടുക്കിന്‍''. ഡ്രായര്‍ പോക്കറ്റില്‍നിന്ന് പേഴ്സെടുത്ത് അതില്‍നിന്ന് ടിക്കറ്റെടുത്ത് നീട്ടി.
''അടിസക്കേ. അടിച്ച്വോലോ കുഞ്ച്വോട്ടാ ഒരുലക്ഷം''സന്തോഷത്തോടെ ചന്ദ്രന്‍ പറഞ്ഞു.
''എവിടെ. ഞാനൊന്ന് നോക്കട്ടെ''ടിക്കറ്റും റിസള്‍ട്ട് രേഖപ്പെടുത്തിയ കടലാസ്സും വാങ്ങി ഒത്തുനോക്കി. സംഗതി ശരിയാണ്. ജീവിതത്തില്‍ ഇത്രയും വലിയതുക ആദ്യമായിട്ടാണ് കിട്ടുന്നത്. വല്ലാത്ത പരിഭ്രമം തോന്നുന്നു. എന്തുവേണമെന്നറിയാതെ അങ്ങിനെത്തന്നെ നിന്നു.
ഭാഗം :-24.
''ഈ ടിക്കറ്റ് എന്താ ചെയ്യണ്ട്''ആദ്യത്തെ അമ്പരപ്പ് ഒന്നടങ്ങിയപ്പോള്‍ ചന്ദ്രനോട് ചോദിച്ചു. ചെറിയ സമ്മാനങ്ങള്‍ കിട്ടിയാല്‍ ആ തുകയ്ക്ക് ലോട്ടറിടിക്കറ്റ് വാങ്ങാറാണ് പതിവ്. അയ്യായിരം കിട്ടിയപ്പോഴൊക്കെ ചന്ദ്രന്‍ ടിക്കറ്റുകള്‍ കൊണ്ടുപോയി പൈസകൊണ്ടുവന്ന് തന്നു. ഇത്ര വലിയ തുകയാവുമ്പോള്‍ എന്താണ് ചെയ്യുക.
''ബേജാറാവണ്ടാ കുഞ്ച്വോട്ടാ. അതിനൊക്കെ വഴീണ്ട്''.
''ഒരുലക്ഷം അക്കൌണ്ടില്‍ ഇട്ടുതര്വോ''.
''അതിന് ഒരുലക്ഷം കയ്യില്‍ കിട്ടില്ല''.
''അതെന്താ അങ്ങനെ''.
''ഒരുലക്ഷത്തിന് പത്തായിരം ഏജന്‍റിനുള്ള കമ്മീഷന്‍ പോവും''.
''അപ്പൊ തൊണ്ണൂറായിരേ കയ്യില്‍ കിട്ടുള്ളൂ''.
''അതും കിട്ടില്ല. തൊണ്ണൂറായിരത്തിന് ഇരുപത്തേഴായിരം ടാക്സ് പോവും. ബാക്കി അറുപത്തിമൂന്നേ കിട്ടൂ''.
''പിന്നെന്തിനാ ഒരുലക്ഷം സമ്മാനംന്ന് പറയുണ്. ഉള്ളത് പറഞ്ഞാല്‍ പോരേ''.
''അതൊക്ക്യാണ് നിയമം. കുഞ്ച്വോട്ടന്ന് വേണ്ടി അത് മാറ്റാന്‍ പറ്റ്വോ''.
''അതെങ്കിലത്. കിട്ട്യേത് പോരട്ടെ''. ആ നേരത്താണ് മീന്‍ പിടുത്തം കഴിഞ്ഞു മടങ്ങിയ വേശനും പണിയൊന്നുമില്ലാത്ത വാസുവുംകൂടി കള്ളുഷാപ്പില്‍നിന്ന് ആ വഴി വന്നത്.
''വേശേട്ടോ. നമ്മടെ കുഞ്ച്വോട്ടന് ഒരുലക്ഷം അടിച്ചു''ചന്ദ്രന്‍ അവരെ അറിയിച്ചു.
''നീ കാര്യായിട്ട് പറയിണതാണോ''വാസുവിന്ന് വിശ്വാസം വന്നില്ല..
''സത്യായിട്ടും കിട്ടി. വേണച്ചാല്‍ നിങ്ങടെ നെറുകേല് കൈവെച്ച് ഞാന്‍ സത്യം ചെയ്യാം''.
''എന്‍റെ തലേല് വേണ്ടാ. നിന്‍റെ തലേല്‍ത്തന്നെ കൈവെച്ചാ മതി''.
''എന്താ എല്ലാരുംകൂടി ഇവടീങ്ങനെ നില്‍ക്കിണ്''എന്ന് ചോദിച്ചുകൊണ്ട് കാശുമണിയെത്തി. ഒരിക്കല്‍ക്കൂടി ലോട്ടറി അടിച്ച വിവരം പറഞ്ഞു.
''പതിനായിരം ഉറുപ്പികടെ ആവശ്യൂണ്ട്. ആരോടാ ചോദിക്കണ്ട് എന്ന് വിചാരിച്ച് നടക്ക്വായിരുന്നു. കുഞ്ച്വോട്ടന്‍റെ കയ്യില്‍ കാശുണ്ടാവുമ്പൊ വേറെ ആളെ നോക്കാതെ കഴിഞ്ഞു''കാശുമണി പറഞ്ഞു.
''ആ കട്ടില് കണ്ടിട്ട് എന്‍റെ കുട്ടി പനിക്കണ്ടാ. അതിന്ന് ഒരുപൈസ നിനക്ക് ഞാന്‍ തരില്ല''.
''രണ്ടുമാസത്തെ കാര്യേള്ളൂ. അതിന്‍റെടേല്‍ ഞാന്‍ മടക്കിതരും''.
''തന്നാലല്ലേ മടക്കി തരണ്ടൂ. ഞാന്‍ തരാന്‍ പോണില്ല''.
''എന്താനും നിങ്ങളിങ്ങനെ പറയുണ്''.
''ചീട്ടുകളിച്ച് തോറ്റപ്പൊ ഞാന്‍ ഇരുന്നൂറുറുപ്പിക നിന്നോട് കടംപറഞ്ഞു. പിറ്റേദിവസം നേരം പുലര്‍ന്നതും നീയത് പിരിക്കാനെത്തി. രണ്ടുദിവസം കഴിഞ്ഞിട്ട് തരാന്ന് പറഞ്ഞപ്പൊ എന്‍റെ വാച്ചും മൊബൈലും പിടുങ്ങും എന്ന് നീ പറഞ്ഞു. അങ്ങനീള്ള നിനക്ക് ഞാന്‍ തരില്ല''.
''തെറ്റ് എന്‍റെ ഭാഗത്താ. എരപ്പാളികളോട് കടം വാങ്ങാന്‍ പാടില്ലാന്ന് കേട്ടിട്ടുണ്ട്. ഞാനത് മറന്നു''.
''നീ പോടാ. ഇങ്ങനീണ്ടോ ഒരു പ്രമാണി''.
''ഈ ജന്മം നിങ്ങള് നന്നാവില്ല. നോക്കിക്കോ, വെള്ളം കിട്ടാതെ നിങ്ങള് ചാവും''.
''എടാ, എനിക്ക് നിന്‍റെ അനുഗ്രഹം വേണ്ടാ. നീ ശപിച്ചാല്‍ എനിക്കൊട്ട് ഏല്‍ക്കൂല്യാ''. നീട്ടിത്തുപ്പി എന്തോ പിറുപിറുത്തുകൊണ്ട് കാശുമണി പോയി.
''നോക്കിനേ കുഞ്ച്വോട്ടാ, കാശ് കയ്യിലുണ്ട് എന്നുകണ്ടാല്‍ ചോദിക്കാന്‍ നൂറാള് വരും. ആരക്കും കൊടുക്കണ്ടാ. കൊടുത്താല്‍ മടക്കി കിട്ടില്ല''.
''എനിക്കറിയില്ലേ. എന്താ വേണ്ടത്ന്ന് ആലോചിച്ചിട്ടേ ചെയ്യുള്ളൂ''.
''ഒരു വണ്ടി വാങ്ങണംന്ന് നിങ്ങള് എപ്പഴും പറയാറില്ലേ. നമുക്കൊന്ന് നോക്ക്യാലോ''വേശന്‍ ചോദിച്ചു.
''വരട്ടെ. കാശ് കയ്യില്‍ കിട്ടീട്ട് മതി എന്താ വേണ്ട് എന്ന് നിശ്ചയിക്കാന്‍''.
''എന്നാ വരിന്‍. നമുക്ക് ഷാപ്പിലിക്ക് പൊവാം''.
''ആദ്യം ഞാനെന്‍റെ വീട്ടിലിക്കൊന്ന് ചെല്ലട്ടെ''.
''അതിന് നിങ്ങടെ വീട്ടിലിപ്പൊ ആരാ ഉള്ളത്. ഭാര്യ പണിക്ക് പോയില്ലേ''.
''വീട്ടില് അരളിടെ ചോട്ടില് വിളക്ക് വെക്കാറുണ്ട്. അപ്പനും അമ്മേം അവിടീണ്ട്ന്നാ വിശ്വാസം. ഞാന്‍ പോയി അവരെ തൊഴുതിട്ട് വരട്ടെ''.
''എന്നാ പോയിട്ട് വേഗം വരിന്‍. ഞങ്ങള് ഇവിടെത്തന്നെ ഉണ്ടാവും''.
ലോട്ടറിടിക്കറ്റ് പേഴ്സില്‍വെച്ച് ഡ്രായര്‍ പോക്കറ്റിലിട്ടു. എന്നിട്ട് വീട് ലക്ഷ്യമാക്കി നടന്നു.
ഭാഗം :-25.
ഉങ്ങിന്‍ചുവട്ടില്‍ ചന്ദ്രന്‍, വേശന്‍, വാസു എന്നിവരെക്കൂടാതെ മൂന്നു നാലുപേര്‍ കൂടിയുണ്ട്. ടൂവീലര്‍ മെക്കാനിക്ക് സഹദേവന്‍ ബൈക്കില്‍ ഇരുന്നുകൊണ്ട് എല്ലാവരോടുമായി എന്തോ കാര്യമായി പറയുകയാണ്.
''വരിന്‍ കുഞ്ച്വോട്ടാ, നിങ്ങടെ കാര്യാണ് ഞങ്ങള്‍ സംസാരിക്കുണത്'' വാസു പറഞ്ഞു.
''എന്‍റെ കാര്യോ. എന്തുകാര്യം''.
''നിങ്ങക്ക് വണ്ടി വാങ്ങുണ കാര്യം തന്നെ''. അപ്പോള്‍ അത്രത്തോളമെത്തി കാര്യങ്ങള്‍. ഏതായാലും ഇവര്‍ പറയുന്നത് കേള്‍ക്കാം.
''ആദ്യം പുത്തന്‍ വേണോ പഴശ് വേണോന്ന് തീരുമാനിക്കണം. എന്നിട്ട് പൊരേ ഏതാ വേണ്ടത്ന്ന് നിശ്ചയിക്കാന്‍''സഹദേവന്‍ പറഞ്ഞു.
''നീയ് പുതുശിന്‍റെ കാര്യം പറയ്. പറ്റില്ലെങ്കില്‍ പഴേത് നോക്ക്യാപോരേ'' വാസു അവന്‍റെ അഭിപ്രായം പറഞ്ഞു.
''എന്നാല്‍ ഏത് വണ്ടി വേണംന്ന് പറയിന്‍''.
''നീ നല്ലൊരു വണ്ടിടെ വില പറയ്''.
''ബുള്ളറ്റ് നല്ല വണ്ട്യാണ്. പക്ഷെ ഒന്നേമുക്കാല് വില വരും. ലോട്ടറി കിട്ട്യേ അറുപത്തിമൂന്ന് കഴിച്ചാലും ഒന്ന് പന്ത്രണ്ട് വേണ്ടിവരും. അത് സാരൂല്യാ. നമുക്ക് ലോണെടുക്കാം''.
''എന്താ കുഞ്ച്വോട്ടാ. അങ്ങിനെ ആക്കാല്ലേ''വാസു ചോദിച്ചു.
''എനിക്ക് കുഴപ്പോന്നൂല്യാ. മാസാമാസം നിങ്ങളരെങ്കിലും അടവ് അടച്ചാ മതി''.
''എന്നാല്‍ പഴേത് നോക്ക്യാലോ''.
''ഒരു ഡ്യൂക്ക് കൊടുക്കാനുണ്ട്. അത് വാങ്ങ്യേ ചെക്കന്‍ ആക്സിഡണ്ടില് ചത്തു. ഇപ്പൊ വണ്ടി വെറുതെ ഇരിക്ക്യാണ്. എന്തെങ്കിലും കൊടുത്താല്‍ അത് കിട്ടും''.
''നല്ല വര്‍ക്കത്തുള്ള സാധനം. അതന്നേ കണ്ടുള്ളൂ''.
''വേണ്ടെങ്കില്‍ വേണ്ടാ. അറുപത്തിമൂന്ന് കൊടുത്താല്‍ സെക്കനാന്‍ഡ് യൂനികോണ്‍ കിട്ടും. ഒരുവണ്ടി ഇപ്പൊ കൊടുക്കാനുണ്ട്''.
''കിട്ട്യേത് മുഴുവന്‍ തുടച്ച് കൊടുത്താല്‍ നമുക്ക് വെള്ളംവാങ്ങിത്തരാന്‍ എന്താ ചെയ്യാ. മാത്രോല്ല നിനക്ക് കമ്മിഷനും തരണ്ടേ''.
''അങ്ങന്യാച്ചാല്‍ സ്കൂട്ടറ് വാങ്ങാം. അമ്പത് കൊടുത്താല്‍ നല്ല ആക്ടീവ കിട്ടും''.
''ഞാനൊരു കാര്യം പറയട്ടെ. കുഞ്ചോട്ടന് ടി. വി. എസ്. മതി''വേശന്‍ പറഞ്ഞു''അതാവുമ്പൊ ഒരുനേരം നമ്മടെ ആവശ്യത്തിന് എടുക്കാലോ''.
''എന്താ കുഞ്ച്വോട്ടാ, അത് മത്യോ''സഹദേവന്‍ ചോദിച്ചു.
''ഇന്യെന്തെങ്കിലും അഭിപ്രായൂണ്ടെങ്കില്‍ അതുംകൂടി കേക്കട്ടെ. എന്നിട്ട് തീരുമാനിക്കാം''.
''ഇനീള്ള കാലം ബാറ്ററീല്‍ ഓടുണ വണ്ടിടെ കാലാണെന്നാ പറയുണ്. അത് നോക്ക്യാലോ''അത്രനേരം അഭിപ്രായം ഒന്നുംപറയാത്ത ചന്ദ്രന്‍ പറഞ്ഞു..
''ഫൂ''സഹദേവന്‍ നീട്ടിത്തുപ്പി ''അതൊക്കെ ഒരു വണ്ട്യാണോ. അതിന് പുള്ളിങ്ങ് എന്നുപറയുണ സംഗതി ഉണ്ടാവില്ല''.
''എന്നിട്ടാണോ ബാറ്ററീല് ഓടുണ കാറ് വന്നത്''.
''രണ്ടുകൊല്ലം കഴിയട്ടെ. ആ കാറ് വാങ്ങ്യോര് തലേല് കൈവെക്കും''.
''നീ പെട്രോള്‍ വണ്ടി നന്നാക്കുണതോണ്ടല്ലേ ഇങ്ങിനെ പറയുണ്''.
''നിങ്ങള് രണ്ടാളുംകൂടി ഇതുപറഞ്ഞ് തമ്മില്‍ത്തല്ലണ്ടാ. എന്താ വേണ്ടത് എന്ന് കുഞ്ച്വോട്ടന്‍ പറയട്ടെ''വേശന്‍ ഇടപ്പെട്ടു.
''ഇന്ന് ചൊവ്വാഴ്ച്ച്യല്ലേ. ബുധന്‍, വ്യാഴം, വെള്ളി. അടുത്തതിന്‍റെ അടുത്ത വെള്ളിയാഴ്ച ഈ നേരത്ത് ഇവിടെവെച്ച് ഞാന്‍ വിവരം പറയാം''. എല്ലാവരുടേയും ആവേശം തണുത്തതുപോലെ തോന്നി.
''അങ്ങന്യാച്ചാല്‍ ഇന്യേന്താ പരിപാടി''.
''നമ്മളൊക്കെ ഓരോ വഴിക്ക് പോണൂ''. സഹദേവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.
''നിക്കെടാ. നാലുംകൂടുണ മുക്കിലിക്ക് ഞാനൂണ്ട്''അവന്‍റെ ബൈക്കിന്‍റെ പുറകില്‍ കയറികൂടി.
ഭാഗം :-26.
നാലുംകൂടുന്ന മുക്കില്‍ സഹദേവന്‍ ബൈക്ക് നിര്‍ത്തി. അവനോട് യാത്ര പറഞ്ഞ് ഹോട്ടലില്‍ ചെന്നതേയുള്ളൂ.
''എന്താടോ ഭാഗ്യവാന്‍. കോളടിച്ചല്ലോ''എന്ന് ശങ്കരേട്ടന്‍ പറഞ്ഞപ്പോള്‍ ലോട്ടറികിട്ടിയ കാര്യം അയാള്‍ അറിഞ്ഞുവെന്ന് മനസ്സിലായി. വല്ലാത്ത ഒരു നാട്. എത്ര പെട്ടെന്നാണ് ഇവിടെ വാര്‍ത്തകള്‍ പരക്കുന്നത്. ഇയാള്‍ മിക്കവാറും എന്തെങ്കിലും കടംചോദിക്കും. എന്നും പാഴ്യാരം പറയുന്ന ഗതികെട്ട മനുഷ്യനാണ്. കൊടുത്തില്ലെങ്കില്‍ അതുമതി എന്നും പരിഭവം പറയാന്‍. തല്‍ക്കാലം ഒരു സൂത്രം പ്രയോഗിക്കാം.
''എന്‍റെ ശങ്കരേട്ടാ. ഒരു ഗതീം ഇല്ലാത്തോനെ ദൈവം കൈവിടില്ലാന്ന് കേട്ടിട്ടില്ലേ. അതുപോലാണ് എന്‍റെ അവസ്ഥ''.
''നിനക്കെന്താ പ്രശ്നം''.
''ആധാരം പണയംവെച്ച് കുറച്ച് കാശ് കടം വാങ്ങീട്ട് കൊല്ലം മൂന്ന് കഴിഞ്ഞു. മുതലും പലിശീംകൂടി പത്തറുപത്തഞ്ച് ആയിട്ടുണ്ട്. കേസ്സ് കൊടുക്കാന്‍ പോവ്വാണെന്നാ പറഞ്ഞത്. എന്‍റേല് എവിടുന്നാ കാശ്. ആ നേരം നോക്കി ദൈവം ഈയൊരു വഴീണ്ടാക്കിത്തന്നു''.
''എന്നാലും പത്തുമുപ്പത്തഞ്ച് ബാക്കീണ്ടാവില്ലേ''.
''എവടെ. കടം വീട്ടാന്‍ തികയില്ലാന്നാ തോന്നുണ്''.
''കടം അറുപത്തഞ്ച് വരുംന്നല്ലേ നീ പറഞ്ഞത്. ഒരു ലക്ഷം ലോട്ടറി അടിച്ചില്ലേ. അപ്പൊ ബാക്കി കാണില്ലേ''.
''അതാണോ. ഒരു ലക്ഷത്തിന്ന് പത്തായിരം ഏജന്‍റിന് കമ്മീഷന്‍ പോവും. ബാക്കീള്ളതിന്ന് ഇരുപത്തേഴായിരം ടാക്സ്. ബാക്കി അറുപത്തിമൂന്ന് കയ്യില്‍ കിട്ടും''.
''അപ്പൊ നിന്നെക്കൊണ്ടെനിക്ക് ഒരുകാര്യത്തിന് ഉപകരിക്കില്ല''. ചോറും കൂട്ടാനും വിളമ്പുമ്പോഴും അയാളുടെ മുഖത്ത് നീരസം ഉണ്ടായിരുന്നു. ഏതായാലും ഊണു കഴിഞ്ഞതും ഇറങ്ങി വീട്ടിലേക്ക് നടന്നു. കൂടുതല്‍ ആവശ്യക്കാരെ കാണാതെ വീടെത്തിയത് ഭാഗ്യമായി. സമ്മാനം കിട്ടിയ പണംകൊണ്ട് എന്താണ് ചെയ്യേണ്ടത് എന്നാലോചിച്ചുകൊണ്ട് കിടന്നു.
കൂട്ടുകാര് പറയുന്നതുപോലെ വണ്ടി വാങ്ങിച്ചാലോ. ഉള്ള കാശില്‍ ഒതുങ്ങുന്നത് മതി. പക്ഷെ അത് ഓടിക്കാന്‍ പെട്രോള്‍ വേണ്ടേ. അതിന് ദേവുവിന്‍റെ കാല് പിടിക്കണം. അത് വയ്യ. മോപ്പഡ് വാങ്ങാന്‍ പറഞ്ഞ വേശന്‍റെ മനസ്സിലിരുപ്പ് അവന്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. ആ വണ്ടിക്ക് നാട്ടുകാരടെ ആവശ്യത്തിന്ന് ഓടാനേ സമയംകാണൂ. അതിലും നല്ലത് ആ പരിപാടി വേണ്ടാ എന്ന് വെക്കുന്നതാണ്.
അടിച്ച ടിക്കറ്റുംകൊണ്ട് ഏജന്‍റിന്‍റെ അടുത്ത് ചെന്നാല്‍ മതി, അവര് വേണ്ടതൊക്കെ ചെയ്തുതരും എന്ന് ചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ദേവു പണിമാറി വന്നാല്‍ ടിക്കറ്റ് അവളെ കാട്ടണം. എന്നിട്ടുമതി ബാക്കി കാര്യങ്ങള്‍. എന്തൊക്കെ പറഞ്ഞാലും അവള്‍ക്ക്നല്ല സ്നേഹമുണ്ട്. ഒരുബുദ്ധിമുട്ടും കൂടാതെ കഴിയുന്നത് അവളുള്ളതുകൊണ്ടാണ്. ആ കാര്യം മറക്കാന്‍ പാടില്ല.
ദേവുവിനോട് പറഞ്ഞാല്‍ കിട്ടുന്ന കാശ് ബാങ്കിലിടാനേ പറയൂ. അത് നല്ല കാര്യം തന്നെ. പക്ഷെ എന്തെങ്കിലും ആവശ്യംവന്നാല്‍ ഓടിപ്പോയി അതിന്ന് എടുക്കും. ആ പൈസ തിരിച്ചിടാന്‍ പറ്റിയില്ലെങ്കിലോ. നാലഞ്ച് പ്രാവശ്യം എടുത്താല്‍ പിന്നെ ബാക്കിയൊന്നും ഉണ്ടാവില്ല. വേറെ വല്ല വഴിയും നോക്കണം.
ആലോചനയ്ക്കൊടുവില്‍ ഒരുവഴി മനസ്സില്‍ തെളിഞ്ഞു. ദേവുവിനെ ജ്വല്ലറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അവള്‍ക്ക് ഇഷ്ടപ്പെട്ട രണ്ട് വള വാങ്ങി കൊടുക്കാം. മുക്കാല്‍ പവന്‍റെ രണ്ടെണ്ണം വാങ്ങാന്‍ ആ പണം തികയും. അനാവശ്യമായി അത് വില്‍ക്കാനോ പണയം വെക്കാനോ അവള്‍ സമ്മതിക്കില്ല. അതാ നല്ലത്.
''കുഞ്ച്വോട്ടാ, നിങ്ങള് എവട്യാ''വേശനാണ് മൊബൈലില്‍ വിളിച്ചത്.
''ഞാന്‍ വീട്ടിലുണ്ടെടാ''.
''ഇപ്പൊ എവടെക്കെങ്കിലും പൊവ്വോ''.
''ഈ നേരത്ത് എവടയ്ക്കും പോവില്ല''.
''എന്നാ ഞാന്‍ വരുണുണ്ട്''.
''എന്താ വിശേഷിച്ച്''.
''ഒരു അത്യാവശ്യകാര്യം പറയാനുണ്ട്''.
''എന്നാല്‍ വന്നോ''ഏതായാലും ഇന്ന് ഉച്ചയ്ക്കുള്ള മയക്കം നടക്കില്ല. എന്താണ് ഇത്ര അത്യാവശ്യം എന്ന് അറിയാലോ. അഞ്ചുമിനുട്ടിനകം വേശനും വാസുവുമെത്തി.
''എന്താണ്ടാ സംഗതി''അവരോട് ചോദിച്ചു.
''നമ്മള് സ്കൂട്ടറും ബൈക്കും വാങ്ങാഞ്ഞത് നന്നായി. അതിലും വല്യേ കോളുണ്ട്''.
''എന്താടാ അത്ര വല്യേ കോള്''.
''നാല്‍പ്പതിനായിരം കൊടുത്താല്‍ കാറ് കിട്ടും. നമുക്കത് മതി''.
''കാറോ. ഏത് കാറ്''.
''മാരുതി എണ്ണൂറ്. നീല കളറ്. കഴുകി വൃത്തിയാക്കി നിര്‍ത്തീരിക്കുണു. കണ്ടാല്‍ പുത്തന്‍ പോലീണ്ട്''.
''ചെറുതാണ് എന്ന് തോന്നുണുണ്ടെങ്കില്‍ വേറീണ്ട്. പ്രീമിയര്‍ പത്മിനി. ഇരുപത്തഞ്ച് കൊടുത്താല്‍ അത് കിട്ടും''വാസു കിട്ടാനുള്ള അടുത്ത വാഹനത്തിന്‍റെ വിവരം അറിയിച്ചു.
''അതാവുമ്പൊ നിങ്ങള് രണ്ടാള്‍ക്കും ഒരു പണ്യായി''.
''എന്തു പണി''.
''കാറ് ഉന്തല്. ജാംബവാന്‍റെ മുത്തപ്പന്‍റെ കാലത്തെ ആ കാറ് മര്യാദയ്ക്ക് ഓടില്ലാന്ന് എനിക്കറിയില്ലേ''.
''എന്നാല്‍ എണ്ണൂറ് മത്യല്ലേ. അതാവുമ്പൊ നമുക്ക് കുടുംബത്തോടെ എവടെങ്കെങ്കിലും പോവാന്‍ ആരടേം കാല് പിടിക്കണ്ടാ''.
''എട്ടുപത്താളക്ക് ഇരിക്കാനുള്ള വണ്ട്യാണ് ഞാന്‍ നോക്കുണ്. ഒന്ന് കിട്ടാന്ന് വെച്ചിട്ടുണ്ട്. മാരുതി വാങ്ങ്വാണച്ചാല്‍ അതെന്താ ചെയ്യാ''.
''എന്നാ അത് വാങ്ങിന്‍''.
''വാങ്ങും. ഈ മാസം കഴിഞ്ഞിട്ട് മതീന്നാ പണിക്കര് പറഞ്ഞത്. അപ്പൊ വാങ്ങും''.
''എന്നിട്ട് വേണം നമ്മുക്കൊക്കെക്കൂടി കൊടുങ്ങല്ലൂര്‍ ഭരണിക്ക് അതില് പോവാന്‍''. കൂട്ടുകാര്‍ക്ക് സന്തോഷമായി. വിവരം കെട്ടവര്‍ പറഞ്ഞത് അപ്പടി വിശ്വസിച്ചിരിക്കുന്നു.
''എന്നാ വൈകുന്നേരം കാണാം''രണ്ടാളും തിരിച്ചുപോയി. ഒരാളുടെ കയ്യില്‍ പത്തുറുപ്പിക വരുന്നു എന്നറിയുമ്പോഴേക്കും ചിലവാക്കാന്‍ എന്തെന്ത് വഴികളാണ് ഓരോരുത്തര്‍ കണ്ടെത്തുന്നത്. കുഞ്ച്വോട്ടാ, ആ കാശോണ്ട് തിരുവനന്തപുരം ഡെല്‍ഹി കേരള എക്സ്പ്രസ്സ് വാങ്ങാന്ന് പറഞ്ഞില്ലല്ലോ. അതന്നെ സമാധാനം. വിരിച്ചിട്ട പായില്‍ വീണ്ടുംകിടന്നു.
''കുഞ്ച്വോ''വെളിയില്‍നിന്ന് ആരോ ഉറക്കെ വിളിക്കുന്നത് കേട്ടു. ഈ നേരത്ത് ആരാണാവോ കാണാന്‍ വന്നിരിക്കുന്നത്. എഴുന്നേറ്റ് വാതില്‍ തുറന്ന് പുറത്തിറങ്ങി.
ഭാഗം :-27.
''എന്താ മണ്യേട്ടാ പതിവില്ലാത്ത ഒരുവരവ്'' മുറ്റത്തുനില്‍ക്കുന്ന ആളോട് ചോദിച്ചു. അത്രവലിയ അടുപ്പമൊന്നുമില്ലാത്ത ആളാണ്. എന്താണാവോ ഈ വരവിന്‍റെ ഉദ്ദേശം.
''കുഞ്ചൂനെ കാണാന്‍ വരാന്‍ നേരൂം കാലൂംനോക്കണ്ട കാര്യൂണ്ടോ. ഒന്ന് കാണണംന്ന് തോന്നി. വന്നു. അത്രേന്നെ''.
''ശരി. വന്ന കാലില്‍ നില്‍ക്കണ്ടാ. തിണ്ടിലിരിക്കാം''. വീട്ടില്‍വന്ന ആളെ സ്വീകരിച്ചില്ലാന്ന് തോന്നണ്ടാ. മണിയന്‍ വന്ന് അടുത്തിരുന്നു.
''ഇനി പറയിന്‍ . എന്തെങ്കിലും വിശേഷൂണ്ടോ''.
''നമുക്കെന്ത് വിശേഷം. ഇങ്ങിനെ കഴിഞ്ഞുപോണൂ. കുറച്ചുദിവസായി നിന്നെ കാണണംന്ന് വിചാരിക്കാന്‍ തുടങ്ങീട്ട്. അതാ ഇറങ്ങ്യേത്''.
''നന്നായി. എന്തെങ്കിലും ആവശ്യായിട്ട് വന്നതാണെന്ന് വിചാരിച്ചൂ''.
''ആവശ്യം ഇല്ലാന്ന് പറയാന്‍ പറ്റില്ല. എന്നാലും ഇപ്പൊവന്നത് കാണാന്‍ വേണ്ടീട്ടന്യാണ്''.
''എന്താ കാര്യം. അത് പറയിന്‍''.
''ഞാന്‍ ആകെക്കൂടി പെട്ടുവട്ടത്തിരിഞ്ഞിരിക്ക്യാണ്''മണിയന്‍ അതു മാത്രമേ പറഞ്ഞുള്ളു.
''എന്താ സംഗതി''അയാള്‍ ഒന്നും പറയാതിരിക്കുന്നതു കണ്ട് വീണ്ടും ചോദിച്ചു.
''പണീന്ന് പിരിഞ്ഞശേഷം ആകെസുഖൂല്യാ. എനിക്ക് പെന്‍ഷനൊന്നും ഇല്ലാന്ന് നിനക്കറിയാലോ''.
''അതൊക്ക്യറിയാം. എന്താ ഇപ്പഴത്തെ പ്രശ്നം. അത് കേക്കട്ടെ''.
''വീട്ടിലെ കാര്യങ്ങള്‍ മക്കള് രണ്ടാളുംകൂടി നോക്കുണുണ്ട്. അത് മാത്രം പോരല്ലോ. നമുക്ക് എന്തൊക്കെ സ്വന്തം ആവശ്യങ്ങളുണ്ട്. അതിന് വേണ്ട പൈസ മക്കളോട് ചോദിക്ക്യാന്‍ പറ്റ്വോ''.
അപ്പോള്‍ അതാണ് കാര്യം. മൂന്നുനേരം സുഖമായി ആഹാരം കഴിച്ച് വിട്ടില്‍ കൂടാന്‍ പ്രയാസമില്ല. ഇവന് അതുപോരാ. നല്ല കാലത്ത് എന്ത് പത്രാസില്‍ നടന്ന ആളാണ്. അന്ന് കാണുമ്പോള്‍ ഇവന്‍ മുഖം തിരിച്ചു നടക്കാറുള്ളത് മറന്നിട്ടില്ല. കിട്ടുന്നതിന്‍റെ നല്ലപങ്ക് അന്ന് കണ്ണില്‍ക്കണ്ട പെണ്ണുങ്ങള്‍ക്ക് കൊടുത്തുതുലച്ചു. ഭാര്യയും മക്കളും നല്ലവരായത് കാരണം ഉണ്ണാനും ഉടുക്കാനും കൊടുക്കുന്നുണ്ട്. അവരുടെ സ്ഥാനത്ത് വേറെ ആരെങ്കിലുമാണെങ്കില്‍ ഈ മനുഷ്യനെ വളപ്പിനകത്ത് കയറ്റില്ല. വരുമാനം നിലച്ച് പോക്കറ്റ് കാലിയായപ്പോള്‍ എല്ലാ അന്തസ്സും പോയി.
''നിങ്ങള് പറഞ്ഞത് ശര്യാണ്. അവനോന്‍റെ ആവശ്യത്തിന് അവനോന്‍റെ കയ്യില്‍ പത്ത് കാശ് വേണം. അതില്ലെങ്കില്‍ ഗതികേടന്നെ''.
''പലരുടേന്നും അമ്പതും നൂറുമായിട്ട് കൈനീട്ടി വാങ്ങി. ഇപ്പൊ ആരും തരുണില്ല''.
''കഴിയുണതും ആ പണിക്ക് നിക്കരുത്. ആള്‍ക്കാര് ആദ്യം നൂറ് തരും. പിന്നെ അമ്പതാവും. പിന്നെ പത്ത് തരും. ഒടുക്കം കയ്യില്‍ ഒന്നൂല്യാന്ന് പറയും''.
''പിന്നെ തരാന്ന് പറഞ്ഞ് ചിലരോട് അഞ്ഞൂറും ആയിരൂം ഒക്കെ വാങ്ങീട്ടുണ്ട്. അവരെ കാണുമ്പൊ ഒളിഞ്ഞുനടക്കണ്ട ഗത്യായി''.
''അതിന് എന്താ വഴി കണ്ടിരിക്കുണ്''.
''കുറെ അനാമത്ത് പണം നിന്‍റേല് വന്നൂന്ന് കേട്ടു. തല്‍ക്കാലം കുറച്ച് പണം നിന്‍റേന്ന് കടംവാങ്ങാന്ന് നിശ്ചയിച്ച് വന്നതാ''. ഇയാള്‍ക്ക് പണം കൊടുത്താല്‍ അത് പോയതുതന്നെ.
''അതോണ്ട് നിങ്ങടെ പ്രശ്നം തീരാന്‍ പോണില്ല. എന്‍റേന്ന് കാശ് വാങ്ങ്യാല്‍ അത് മടക്കി തരാന്‍ വേറെ ആരടേങ്കിലും കയ്യിന്ന് കടം വാങ്ങണ്ടി വരും. എന്താ കാരണം. നിങ്ങള്‍ക്കിപ്പൊ ഒരു വരുമാനൂല്യാ. ആദ്യം അതിനൊരു വഴി കാണണം. അത് ഞാന്‍ പറഞ്ഞുതരാം''.
''എന്ത് വഴി''.
''ഇഷ്ടംപോലെ വഴീണ്ട്. നിങ്ങള് ഏതെങ്കിലും കടേല് കണക്കെഴുതാന്‍ നില്‍ക്കിന്‍. മാസം തികഞ്ഞാല്‍ ശമ്പളം കയ്യിലെത്തും''.
''അതൊന്നും ശര്യാവില്ല. എനിക്ക് കണക്കെഴുതി പരിചയൂല്യാ''.
''ചെയ്തിട്ടല്ലേ പരിചയാവ്വാ. ആദ്യം ശ്രമിച്ച് നോക്കിന്‍''.
''അത് പറ്റില്ല. വേറെ വല്ലതും പറഞ്ഞുതാ''.
''പിന്നീള്ളത് ബ്രോക്കര്‍ പണ്യാണ്. വണ്ടി കച്ചോടം, സ്ഥല കച്ചോടം ഒക്കത്തിനും ബ്രോക്കറുണ്ട്. നല്ല കാശാ അവര്‍ക്ക്''.
''അതൊക്കെ മിനക്കെട് പിടിച്ച പണ്യാണ്. വണ്ട്യേപ്പറ്റി നല്ല അറിവ് ഉണ്ടെങ്കിലേ വണ്ടിബ്രോക്കര്‍ ആവാന്‍ പറ്റൂ. ഇല്ലെങ്കില്‍ കുടുങ്ങും. സ്ഥലത്തിന്‍റെ കാര്യാണെങ്കില്‍ മൈനര്‍ അവകാശം ഉണ്ടോന്നൊക്കെ നോക്കണം ഇല്ലെങ്കില്‍ കുടുങ്ങുണത് എടേല്‍ നില്‍ക്കുണ ആളാവും ''.
''എന്നാല്‍ കല്യാണബ്രോക്കറായിക്കോളിന്‍. ചെക്കനോ പെണ്ണോ ഉള്ള ഏത് വീട്ടിലും ധൈര്യായിട്ട് കേറിച്ചെല്ലാം. താല്പര്യം കാട്ട്യാല്‍ ഒരു ഡയറീല്‍ വിവരം കുറിച്ചിട്വാ. ഒരുഫോട്ടോ വാങ്ങി കയ്യില്‍ പിടിക്ക്യാ. നിങ്ങടെ വട്ടചിലവിനുള്ള കാശ് അപ്പത്തന്നെ കിട്ടും. കല്യാണം നടത്ത്യാല്‍ കൈ നിറയെ കാശ് വരും''.
''അതത്ര എളുപ്പ്വോല്ല. കല്യാണം കഴിച്ചുകൊടുത്ത് എന്തെങ്കിലും ഒരു തകരാറ് വന്നാല്‍ രണ്ടുകൂട്ടരടെ കയ്യിന്നും അടികിട്ടും''.
''എങ്കില്‍ കുറച്ച് ലോട്ടറി ടിക്കറ്റ് വാങ്ങി വില്‍ക്കിന്‍. നല്ല കമ്മീഷനുണ്ട്. പ്രൈസടിച്ചാലോ, അപ്പഴും കാശ് കിട്ടും''.
''അത് പറ്റില്ല. വിറ്റ് കിട്ടുണതിന്‍റെ ചെറ്യോരുഭാഗം മാത്രേ നമുക്ക് എടുക്കാന്‍ പറ്റൂ. ബാക്കി കാശ് അടുത്ത ടിക്കറ്റ് വാങ്ങാന്‍ വേണ്ടി മാറ്റിവെക്കണം''. നല്ല ചങ്ങാതി. കിട്ടുന്നത് മുഴുവനും വേണം എന്ന മനസ്ഥിതിയാണ് ഇയാള്‍ക്ക്. അതിന് ഒരുവഴിയേ ഉള്ളൂ.
''മണ്യേട്ടാ, നിങ്ങടെ തൊട്ടവീട്ടിലെ ഗോവിന്ദന്‍റെ ചെക്കനല്ലേ അച്ചായന്‍റെ പ്രസ്സില്‍ പണിക്ക് പോണത്''.
''അതെ. അതോണ്ടെന്താ കാര്യം''.
''വേലടീം പൂരത്തിന്‍റീം കാലം വര്വായി. അവനോട് പറഞ്ഞ് ഏതെങ്കിലും ഉത്സവക്കമ്മിറ്റിക്ക് റസീറ്റ് ബുക്ക് അടിക്കുമ്പൊ കമ്മിറ്റിക്കാരറിയാതെ അഞ്ചാറെണ്ണം അധികം അടിച്ച് നിങ്ങക്ക് തരാന്‍ പറയിന്‍''.
''എന്നിട്ട് എനിക്കെന്താ കാര്യം''.
''അതുംകൊണ്ട് നടന്ന് പൈസ പിരിച്ചോളിന്‍. കമ്മിറ്റിക്കാരടേന്നല്ലല്ലോ നിങ്ങള് ബുക്ക് വാങ്ങുണത്. പിരിച്ചുകിട്ടുണ പൈസ മുഴുവന്‍ നിങ്ങള് പോക്കറ്റിലിട്ടോളിന്‍. ആരും ചോദിക്കാന്‍വരില്ല. പക്ഷെ ഒരുകാര്യൂണ്ട്. നാട്ടില് പിരിക്കാന്‍ പാടില്ല. സംഗതി പ്രശ്നാവും. ദൂരെ പോയി കിട്ടുണ കാശ് പിരിച്ചോളിന്‍. നിങ്ങടെ സാമര്‍ത്ഥ്യംപോലെ കാശുണ്ടാക്കാം''
''നല്ല ഉപദേശം. നാട്ടുകാരുടെ തല്ലുകൊള്ളാന്‍ എനിക്ക് വയ്യ''മണിയന്‍ എഴുന്നേറ്റ് നടന്നു. അയാളുടെ പോക്ക് കണ്ടപ്പോള്‍ ചിരിവന്നു.
ഭാഗം :-28.
പണി കഴിഞ്ഞ് ദേവു വരാറാവുന്നു. വരുന്ന വഴിക്ക് സായ്‌വിന്‍റെ വീട്ടില്‍ കയറിയിട്ടേ അവള്‍ വരൂ. അപ്പോഴേക്കും അവിടെ ചെല്ലാം. മുഖം കഴുകി വസ്ത്രം മാറ്റുമ്പോഴാണ് പുറത്തുനിന്ന് ശബ്ദം കേട്ടത്. ''കുഞ്ച്വോട്ടാ''എന്ന വിളി കേട്ടപ്പോഴേ ശിവന്‍ ആണെന്ന് മനസ്സിലായി.
''വാ ഇരിക്ക്''അവനെ ഇരിക്കാന്‍ ക്ഷണിച്ചു.
''എന്‍റെ കാര്യം എന്തെങ്കിലും ആയ്യോ''അവന്‍ ചോദിച്ചു.
''പേടിക്കണ്ടടാ. നിന്‍റെ കാര്യം പ്രസിഡണ്ടിനോട് സംസാരിച്ചിട്ടുണ്ട്. ഉറപ്പായിട്ടും ചെയ്തുതരും. അടുത്താഴ്ച ഒരുദിവസം അയാളെ ചെന്നുകാണണം''.
''എനിക്ക് മൂപ്പരെ നല്ല പരിചയൂല്യാ''.
''അതുവേണ്ടാ. നിന്‍റെകൂടെ ഞാന്‍ വരും''.
''എങ്ങനേങ്കിലും ഒരു വീടായാല്‍ സമാധാനായി. ഭാര്യേം പെണ്‍മക്കളീം കൂട്ടി പാതപ്പള്ളേല് കിടക്കാന്‍ പറ്റ്വോ''.
''പേടിക്കണ്ടാന്ന് നിന്‍റടുത്ത് പറഞ്ഞില്ലേ. പിന്നെന്തിനാ ഒരു ബേജാറ്''.
''ബേജാറൊന്നൂല്യാ. വല്യേപ്പന്‍ പറഞ്ഞപ്പോ സമാധാനായി''.
''വീടുണ്ടാക്കാന്‍ നിന്‍റെ പേരില് സ്ഥലൂണ്ടോ''.
''ഉള്ള സ്ഥലം ഏട്ടനും അനിയനും കൊടുക്കും. നിനക്ക് ഒരുതുണ്ട് സ്ഥലം തരില്ലാന്നാ അമ്മ പറയുണ്''.
''അത് ശര്യല്ലല്ലോ. നീയും അയമ്മടെ മകനല്ലേ''.
''പറഞ്ഞിട്ടെന്താ. അമ്മയ്ക്ക് എന്‍റെ കെട്ട്യോളെ ഇഷ്ടൂല്യാ. അവര്‍ക്ക് മറ്റേ രണ്ട് മരുമക്കള്‍ മതി''
''എന്താണ്ടാ അങ്ങനെ ആവാന്‍''.
''കാശന്നെ കാര്യം. അവര് രണ്ടാളും കാശുള്ള വീട്ടിന്നാണ്. അവരടെ കെട്ട്യോന്മാര്‍ക്കും വരുമ്പടീണ്ട്. എന്‍റെ കെട്ട്യോള്‍ക്ക് ഇത് രണ്ടൂല്യാ''.
''എന്നാല്‍ നിനക്കും കാശുള്ള വീട്ടിന്ന് പെണ്ണെടുക്കായിരുന്നില്ലേ. നിന്‍റെ അമ്മ അതെന്താ ചെയ്യാഞ്ഞ്''.
''അവളെ ഞാന്‍ ഇഷ്ടപ്പെട്ട് കെട്ട്യേതാ. അമ്മടെ ഇഷ്ടം നോക്കീലാ''.
''എന്നാല്‍ ഇനി പറഞ്ഞിട്ട് കാര്യൂല്യാ. പെണ്ണുങ്ങളടെ കാര്യം അങ്ങന്യാ''.
''ഞാനെന്താ ചെയ്യാ. വല്യേപ്പന്‍ പറയിന്‍''.
''നോക്ക്, ആ ഭൂമി നിന്‍റപ്പന്‍ പണം കൊടുത്ത് വാങ്ങ്യേതല്ല. അയാള്‍ക്ക് അയാളടെ അപ്പന്‍റേന്ന് കിട്ട്യേതാണ്. അങ്ങിനെ വരുമ്പൊ നിനക്കും ആ സ്വത്തില്‍ അവകാശൂണ്ട്. തരില്ലാന്ന് പറഞ്ഞാല്‍ പറ്റില്ല''.
''അതും പറഞ്ഞോണ്ട് ചെന്നാല്‍ അവരെന്നെ തല്ലിക്കൊല്ലും''.
''നീ പോണ്ടാ. നാട്ടില് മദ്ധ്യസ്ഥം പറയാന്‍ നാലാളെ കിട്ടില്ലേ. അപ്പന്‍റടുത്ത് അവരെക്കൊണ്ട് പറയിക്ക്. കാര്യംനിശ്ചയിക്കണ്ടത് അമ്മ്യല്ലല്ലോ''.
''എന്നെക്കൊണ്ട് അതിനൊന്നും വയ്യ. വല്യേപ്പന്‍തന്നെ എന്തെങ്കിലും ഒരു വഴീണ്ടാക്കണം''.
''നിങ്ങടെ തൊടീല് എത്ര സ്ഥലൂണ്ട്''.
''മുപ്പത്തഞ്ചോ നാല്‍പ്പതോ സെന്‍റ് ഉണ്ട് എന്നാ കേട്ടിട്ടുള്ളത്''.
''ധാരാളായി. അതിന്‍റെ മൂന്നിലൊന്ന് നിനക്കുള്ളതാണ്''.
''വല്യേപ്പാ, വീട്ട് തൊടീല് എനിക്ക് സ്ഥലം വേണ്ടാ. പിന്നീം അത് തമ്മില്‍ത്തല്ലിന് വഴ്യാവും''.
''പിന്നെ എന്താണ്ടാ ചെയ്യാ''.
''ഞങ്ങക്ക് പുഴമ്പള്ളേല് കുറച്ച് സ്ഥലൂണ്ട്. അത് കിട്ട്യാ മതി''.
''അതെത്ര സ്ഥലൂണ്ട്''.
''പത്തുപന്ത്രണ്ട് സെന്‍റ് ഉണ്ടാവും. ഒന്നും ചെയ്യാതെ ഇട്ടിട്ട് കാട് പിടിച്ച് കിടക്ക്വാണ്''.
''തോടിന്‍റെ അപ്പറത്ത് കിടക്കുണ സ്ഥലാണോ നീ പറയുണത്''.
''അതെ. അതന്നെ''.
''എന്‍റെ പൊട്ടച്ചെക്കാ. അവിടയ്ക്ക് മര്യാദയ്ക്കൊരുവഴീം കൂടീല്ലാ''.
''അത് സാരൂല്യാ. അവിട്യാവുമ്പൊ വീട്ടുകാരടെ ശല്യൂല്യാതെ ഞങ്ങക്ക് സമാധാനത്തോടെ കഴിയാലോ''.
''അതൊന്നും വേണ്ടാ. ആ സ്ഥലത്തിന്‍റെ തൊട്ടത് രാവുത്തമ്മാരട്യാണ്. ഈ സ്ഥലം അവര്‍ക്ക് കൊടുക്കാം. പഞ്ചായത്ത് പാതടെ അരികില് അവര്‍ക്ക് കുറെ സ്ഥലൂണ്ട്. അതിന്ന് നാലോ അഞ്ചോ സെന്‍റ് സ്ഥലം പകരം വാങ്ങാം''.
''അതൊക്കെ വല്യേപ്പന്‍ പാകംപോലെ ചെയ്തുതരണം''.
''ഞാന്‍ നാള്യോ മറ്റന്നാളോ നിന്‍റെ അപ്പന്‍റടുത്ത് സംസാരിക്കട്ടെ. എന്നിട്ട് വേണ്ടത് ചെയ്യാം''.
''വല്യേ ഉപകാരം വല്യേപ്പാ. ഇത് കയ്യിലിരിക്കട്ടെ''അഞ്ഞൂറിന്‍റെ ഒരു നോട്ടെടുത്ത് ശിവന്‍ നീട്ടി.
''എന്താടാ ഇത്''അവനോട് ചോദിച്ചു.
''വട്ടച്ചിലവിന് കയ്യില്‍ വെക്കിന്‍. ഇപ്പൊ ഇതേ എന്‍റേലുള്ളൂ''.
''എടാ കുട്ടിച്ചെക്കാ. ഉള്ളോന്‍റെ കയ്യിന്ന് കാശ് വാങ്ങാം. കള്ളത്തരം കാണിക്കുന്നോരടേന്ന് വാങ്ങാനും എനിക്ക് മടീല്യാ. തരംകിട്ട്യാല്‍ അവരെ പറ്റിക്കാം. അറിഞ്ഞു തരുണോരെ പറ്റിക്കാന്‍ പാടില്ല. അതു പോലെ പാവങ്ങളടെ കയ്യിന്ന് വാങ്ങാനും പാടില്ല. ആ രണ്ടു കാര്യൂം ഞാന്‍ ചെയ്യാറൂല്യാ. അതോണ്ട് ഈ കാശ് എന്‍റെകുട്ടി കയ്യില്‍ത്തന്നെ വെക്ക്''.
''എന്നാല്‍ ഞാന്‍ പൊയ്ക്കോട്ടെ''ശിവന്‍ യാത്ര പറഞ്ഞു. അവന്‍ പോവുന്നത് നോക്കിക്കൊണ്ട് നിന്നു. പാവം. ഒരുവഴിയുമില്ലാതെ വിഷമിച്ച് നടക്കുകയാണ്. അവനെ സഹായിക്കണം. എത്രയോ ആളുകളെ സഹായിച്ചിരിക്കുന്നു. ഇതും അതുപോലെ ഒന്നായിട്ട് കണക്കാക്കാം.
ദേവു എത്തിയിട്ടുണ്ടാവും. വാതില് പൂട്ടിയിറങ്ങി. സായ്‌വിന്‍റെ വീട് ലക്ഷ്യമാക്കി നടന്നു.
ഭാഗം :-29.
പലതരത്തിലുള്ള ഒരുപാട് പൂച്ചെടികള്‍ വാങ്ങിച്ചിരിക്കുന്നു. പ്ലാസ്റ്റിക്ക് കൂടയില്‍ വളര്‍ത്തിയ ചെടികളെ അന്‍സറും ഭാര്യയുംകൂടി മണ്ണിന്‍റെ പൂച്ചട്ടികളിലേക്ക് മാറ്റിവെക്കുകയാണ്. അവരെ സഹായിച്ചുകൊണ്ട് ദേവു ഒപ്പമുണ്ട്. സായ്‌വും ഭാര്യയും എല്ലാം നോക്കിനില്‍ക്കുകയാണ്.
''നിങ്ങള് നല്ല ആളാണ്. ഒരുലക്ഷം പ്രൈസടിച്ച വിവരം ആരോ വന്ന് പറഞ്ഞിട്ടാണ് ഞങ്ങളറിഞ്ഞത്. അത് പറയാന്‍കൂടി വന്നില്ലല്ലോ'' അന്‍സര്‍ പരിഭവം പറഞ്ഞു.
''ഈ നേരത്ത് ഞാന്‍ എന്തായാലും ഇങ്കിട്ട് വരും. അപ്പൊ പറയാലോന്ന് വിചാരിച്ചിട്ടാ വരാഞ്ഞത്''.
''പ്രൈസ് കിട്ട്യേപ്പൊ ആളാകെ മാറ്യോന്ന് കരുതി''സായ്‌വിന്‍റെ ഭാര്യ പറഞ്ഞു.
''നോക്കിന്‍, ഒരു ലക്ഷോല്ല, പത്തുകോടികിട്ട്യാലും എനിക്കൊരു മാറ്റൂം ഉണ്ടാവില്ല''.
''എന്നിട്ട് ഏത് വണ്ട്യാ നീ വാങ്ങുണ്''സായ്‌വ് ചോദിച്ചു.
''വണ്ട്യോ, ഏതു വണ്ടി''.
''നീ മൂടിവെക്കാന്‍ നോക്കണ്ടാ. സമ്മാനം കിട്ടുണ കാശുംകൊടുത്ത് ബാക്കി ലോണും വാങ്ങി നീ ബൈക്ക് വാങ്ങുണൂന്ന് കേട്ടല്ലോ''.
അപ്പോള്‍ ആ വിവരം ഇവിടേയും എത്തിക്കഴിഞ്ഞു. മനസ്സില്‍ വിചാരിക്കും മുമ്പാണ് ഏതുകാര്യവും നാട്ടുകാര്‍ അറിയുന്നത്.
''ഒരുവണ്ടീം വാങ്ങുണില്ല. അതൊക്കെ ഓരോരുത്തര് വെറുതെ പറയുണതാണ്''.
''എന്നിട്ട് ആ കാശോണ്ട് നീ എന്താ ചെയ്യാനാ ഭാവം''.
''ദേവൂന്‍റെ കയ്യിലിക്ക് മുക്കാല്‍ പവന്‍റെ രണ്ട് വള വാങ്ങണംന്നാ എന്‍റെ ഉദ്ദേശം''.
ഭാര്യയുടെ മുഖം സന്തോഷംകൊണ്ട് വിടര്‍ന്നതുപോലെ തോന്നി. മറ്റുള്ളവരിലേക്ക് അത് സംക്രമിച്ചിട്ടുണ്ട്.
''സത്യം പറയാലോ. ഞങ്ങള്‍ക്ക് നിന്നോടിപ്പോള്‍ മുമ്പത്തെക്കാളും ഇഷ്ടം തോന്നുണുണ്ട്''.
''ഒരു ലക്ഷം കിട്ട്യേതല്ലേ. എന്തിനാ ചെറുതാക്കുണ്. ഓരോ പവന്‍റെ രണ്ടെണ്ണം വാങ്ങിക്കൊടുക്ക്''സായ്‌വിന്‍റെ ഭാര്യ ശുപാര്‍ശ ചെയ്തു.
''അതിന് കാശ് തികയില്യാ ഉമ്മാ. ഒരുലക്ഷത്തില് പത്തായിരം ഏജന്‍റിന് കമ്മീഷന്‍ പോവും. ബാക്കീള്ള സംഖ്യേന്ന് ഇരുപത്തേഴായിരം ആദായ നികുതി പിടിക്കും. അറുപത്തിമൂന്നേ കയ്യില്‍ കിട്ടൂ''.
''പ്രൈസടിക്കുമ്പഴേക്കും നിങ്ങള് എല്ലാകാര്യൂം മനസ്സിലാക്ക്യേലോ'' അന്‍സര്‍ പറഞ്ഞു.
''അല്ലെങ്കിലും മൂപ്പര് ഇങ്ങിനെ ഇരിക്കുണതൊന്നും കണക്കാക്കണ്ടാ. കാഞ്ഞ ബുദ്ധ്യാണ്''ദേവു കൂട്ടിച്ചേര്‍ത്തു.
''മുക്കാല്‍ പവന്‍റെ വളയ്ക്ക് തീരെ ബലം കാണില്ല. അത് എളുപ്പം വളയും പൊട്ടും ഒക്കെ ചെയ്യും''ഉമ്മ അറിയിച്ചു.
''അതിന് ഞാനെന്താ ചെയ്യാ. എന്‍റേല് അതില്‍ കൂടുതല്‍ വഴീല്ലാ''.
''എന്നാല്‍ ഒരുകാര്യം ചെയ്യ്. നല്ല കനത്തില് ഒന്നരപവന്‍റെ ഒരു വള വാങ്ങിക്കൊടുക്ക്''.
''അവള്‍ക്ക് എന്താ ഇഷ്ടംച്ചാല്‍ അങ്ങനെ ചെയ്യട്ടെ''.
''എപ്പഴാ കയ്യില്‍ കാശ് കിട്ട്വാ''.
''ടിക്കറ്റ് കൊടുത്ത് കാശാക്കണ്ടേ. നാളെ രാവിലെ ചന്ദ്രന്‍കൂടെ വരാന്ന് പറഞ്ഞിട്ടുണ്ട്. എങ്ങന്യാന്ന് എനിക്കറിയില്ല''.
''വിവരംപോലെ ചെയ്യ്''.
''ഉച്ചയ്ക്ക് ഒരുവഴിക്ക് പോണൂന്ന് പറഞ്ഞില്ലേ. പെണ്ണിന്‍റെ വീട് കണ്ട്വോ. എപ്പഴാ മടങ്ങിവന്നത്''.
''നാലുമണി കഴിഞ്ഞതും ഞങ്ങളെത്തി''.
''പോയകാര്യം ശര്യാവോ''.
''ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അത് പോരല്ലോ. അവര്‍ക്കുംകൂടി ഇഷ്ടാവണ്ടേ. അതറിഞ്ഞിട്ട് എന്താച്ചാല്‍ ചെയ്യാന്നാ തീരുമാനം''.
''അപ്പൊ ഒരു ബിരിയാണി കിട്ടാറായീന്ന് തോന്നുണൂ''.
''ബിരിയാണി വേണച്ചാല്‍ അത് പറ. അതിന് നിക്കാഹ് ആവുണവരെ കാത്തിരിക്കണ്ടാ''.
''ഏയ്. ഞാന്‍ വെറുതെ പറഞ്ഞതല്ലേ''.
''ഇന്നിത്ര മതി. വരിന്‍ ചായ കുടിക്കാം''ഉമ്മ പറഞ്ഞതോടെ അന്‍സറും ഭാര്യയും ചെയ്തുകൊണ്ടിരുന്ന പണി നിര്‍ത്തിവെച്ചു. കൈകാലുകള്‍ പൈപ്പിന്‍ചുവട്ടില്‍ കഴുകി അവര്‍ അകത്തേക്ക് നടന്നു.
''നിങ്ങളും വന്നോളിന്‍''ഉമ്മ പറഞ്ഞു. ദേവുവിന്‍റെ പിന്നാലെ വീടിന്‍റെ പിന്‍വശത്തേക്ക് നടന്നു.
ഭാഗം :-30.
''നിങ്ങക്ക് എന്നെ ഇത്യധികം സ്നേഹൂണ്ട്ന്ന് ഞാന്‍ വിചാരിച്ചില്ല'' വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ ദേവു പറഞ്ഞു.
''അതെന്താ അങ്ങനെ പറയാന്‍''.
''ലോട്ടറി കിട്ട്യേ പൈസേക്കൊണ്ട് എനിക്ക് രണ്ട് വള വാങ്ങിക്കാന്ന് തോന്നീലേ''.
''അതോ. നിനക്കല്ലാതെ വേറെ ആരക്കാ എനിക്ക് കൊടുക്കാനുള്ളത്''.
''എന്നാലും അതല്ല. ആ കാശോണ്ട് കൂടേള്ളോര് പറയുണപോലെ മോട്ടോര്‍ സൈക്കിള്‍ വാങ്ങിക്കായിരുന്നില്ലേ''.
''അത് ശര്യാവില്ല. ഒന്നാമത് പെട്രോളിനുള്ള കാശ് നീ തരണ്ടിവരും. രണ്ടാമത് നാട്ടിലെ സര്‍വ്വ ആപ്പ ഊപ്പകള്‍ക്കും എന്‍റെ വണ്ടി വേണ്ടി വരും''.
''പെട്രോളിന്ന് ഞാന്‍ തരില്ലേ. നിങ്ങക്ക് വണ്ടി വേണം എന്ന മോഹൂള്ളത് എനിക്കറിയാം''.
''അതൊന്നും പറയണ്ട. ഈ കാശ് വള വാങ്ങാന്‍. വേറെ ഒന്നിനും ഞാന്‍ ചിലവാക്കില്ല''.
''നോക്കിക്കോളിന്‍. നിങ്ങക്ക് ഞാനൊരുവണ്ടി അടവിന് വാങ്ങിത്തരും''.
''നമ്മള് ആള്‍ക്കാരടെ ബുദ്ധിമുട്ട് അറിയാത്തതോണ്ട് അങ്ങിനെ ഓരോന്ന് വേണംന്ന് വിചാരിക്ക്യാണ്. ഇരിക്കാന്‍ ഒരു വീടില്ലാതെ ഓരോരുത്തര് കഷ്ടപ്പെടുണുണ്ട്''. ശിവന്‍ കാണാന്‍ വന്നതും അവന്‍റെ അവസ്ഥയും പറഞ്ഞുകൊടുത്തു.
''അവനെ സഹായിക്കണ്ടതന്യാണ്. ഒപ്പം നമ്മടെ കാര്യംകൂടി നിങ്ങള് ആലോചിക്കണം''.
''നമുക്കെന്താ പ്രശ്നം''.
''നമ്മടെ വീടിന്‍റെ അവസ്ഥ അറിയില്ല അല്ലേ''.
''എന്തവസ്ഥ്യാണ്. മനസ്സിലാവുണമാതിരി പറ''.
''പറയ്യേല്ല. കാട്ടിത്തരാ".വീട്ടിലെത്തി വാതില്‍ തുറന്ന് അകത്ത് കയറി.
''ഒന്നിങ്കിട്ട് വരിന്‍. ഇതൊന്ന് നോക്കിന്‍''ദേവു അടുക്കളയില്‍നിന്ന് വിളിച്ചു. ഷര്‍ട്ടും മുണ്ടുംമാറ്റി അവളുടെ അടുത്തേക്ക് ചെന്നു.
''ഇതു കണ്ട്വോ നിങ്ങള്. എന്നാ ഈ അടുക്കള വീഴാന്ന് പറയാന്‍ പറ്റില്ല''
മണ്ണുകൊണ്ട് കെട്ടിപ്പൊക്കിയ വീടാണ്. ചുമര് വിണ്ട് അടര്‍ന്നു നില്‍ക്കുന്നു. ആരുടേയോ കുരുത്തംകൊണ്ട് അത് വീഴുന്നില്ല എന്നുമാത്രം.
''ആരേങ്കിലും വിളിച്ച് വിണ്ടഭാഗം അടപ്പിക്കാം''.
''അതോണ്ടെന്താ കാര്യം. കഴിക്കോല് പകുതി ദ്രവിച്ചിട്ടുണ്ട്. പട്ടികടെ കാര്യം പറയും വേണ്ടാ. ഈ വീട് അധികകാലം നില്‍ക്കില്യാട്ടോ''.
അപ്പന്‍റെ അപ്പന്‍റെ നല്ലകാലത്ത് ഉണ്ടാക്കിയ വീടാണ്. അന്ന് പനമ്പട്ട മേഞ്ഞതായിരുന്നു. അപ്പനാണ് വീട് ഓടുമേഞ്ഞത്. അപ്പനും അമ്മയും മരിച്ചശേഷം ആകെക്കൂടി ചെയ്ത പണി വയറിങ്ങാണ്.
''ലോട്ടറി കിട്ടിയ കാശോണ്ട് വീട് നന്നാക്കാന്‍ ഇറങ്ങ്യാല്‍ തികയില്ല. പണി മുഴുമിക്കാന്‍ പറ്റാതെ തെണ്ടണ്ടി വരും''.
''നാട്ടില്‍ എല്ലാരുക്കും വീട് പണിയാനുള്ള കാശ് നിങ്ങള് ഇടപെട്ട് വാങ്ങി കൊടുക്കുണില്യേ. നമുക്കും കിട്ടില്ലേ അതുപോലെ ധനസഹായം''. സത്യം പറഞ്ഞാല്‍ അങ്ങിനെയൊരുകാര്യം ഇന്നേവരെ ചിന്തിച്ചിട്ടില്ല. സഹായം ആവശ്യപ്പെട്ടുവന്ന പലര്‍ക്കും അത് സാധിച്ചുകൊടുത്തിട്ടുമുണ്ട്. ഒരു വീട് ഉണ്ടാക്കാന്‍ സഹായിക്കണമെന്ന് പ്രസിഡണ്ടിനോട് പറയണം.
''നോക്ക്. ഞാന്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ കൂട്ടിക്കൊണ്ടുവന്ന് ഈ വീട് കാട്ടിക്കൊടുക്കാം. അയാളെന്നെ സഹായിക്കാതിരിക്കില്ല''.
''എലക്ഷന്‍സമയത്ത് അയാള് ജയിക്കാന്‍ നിങ്ങള് കൊറെ കഷ്ടപ്പെട്ടതല്ലേ. അയാള്‍ക്ക് നിങ്ങളെ സഹായിക്കണ്ട കടമീണ്ട്''.
''എന്ത് കാര്യം ഞാന്‍ പറഞ്ഞാലും ചെയ്തുതരുണുണ്ട്. ഇതും ചെയ്യും''.
''ഇപ്പൊ തുടങ്ങ്യാല്‍ മഴക്കാലം ആവുമ്പഴയ്ക്ക് പണികഴിക്കാം''.
''പുത്യേവീടുണ്ടാക്കുമ്പൊ ഈ വീട് പൊളിക്കണ്ടേ. നമ്മളപ്പൊ എവിടെ കിടക്കും''.
''രണ്ടുമൂന്ന് പ്ലാസ്റ്റിക്ക് ഷീറ്റ് വാങ്ങി കെട്ടാം. തല്‍ക്കാലം നമുക്കതില്‍ കഴിയാം''.
''അതൊന്നും വേണ്ടാ. സായ്‌വിനോട് അവരുടെ വീടിന്‍റെ പിന്നിലത്തെ ഷെഡ്ഢില്‍ കൂടിക്കോട്ടെന്ന് ചോദിക്കാം''.
''വേണ്ടാത്ത ബുദ്ധി തോന്നണ്ടാ. അവരടെ മകന്‍റെ കല്യാണം വരുമ്പൊ നമ്മളവിടെ താമസിച്ചാല്‍ ശര്യാവില്ല''.
''എന്നാ പിന്നെ നീ പറഞ്ഞപോലെ ചെയ്യാം''.
''ഞാനൊന്ന് മേല് കഴുകീട്ട് വരട്ടെ. എന്നിട്ട് രാത്രീലിക്ക് കഴിക്കാന്‍ എന്തെങ്കിലും ഉണ്ടാക്കാം''.
''ഇനി അടുപ്പ് കത്തിക്കാനൊന്നും നിക്കണ്ടാ. ഞാന്‍ പോയി പോറോട്ടീം ചിക്കന്‍കറീം വാങ്ങീട്ട് വരാം''.
അഴിച്ചുവെച്ച ഷര്‍ട്ടും മുണ്ടും എടുത്ത് ധരിച്ചു. എന്നിട്ട് ഇറങ്ങിനടന്നു. ഉങ്ങിന്‍ ചോട്ടിലെത്തിയപ്പോള്‍ കൃഷ്ണന്‍ കുട്ടിയെ കണ്ടു. ശിവന്‍റെ അപ്പനാണ് അവന്‍. ശിവന്‍ പറഞ്ഞകാര്യം അവനോട് സംസാരിക്കാം.
''കൃഷ്ണന്‍ കുട്ടി, വാ. ഒരുകാര്യം പറയാനുണ്ട്''അവനെ അടുത്തേക്ക് വിളിച്ചു.
Comments
Post a Comment