അദ്ധ്യായം 81-84

 ഭാഗം :- 81. 


മന്ദഗതിയില്‍ ദിവസങ്ങള്‍ കടന്നുപൊയ്ക്കൊണ്ടിരുന്നു. ജീവിതം പഴയ മട്ടിലേക്ക് തിരിച്ചെത്തി. ദേവു പണിക്ക് പോയാലുണ്ടാവുന്ന ഏകാന്തത ഒഴിവാക്കാന്‍ പുറത്തേക്കിറങ്ങും. മിക്കവാറും സായ്‌വിന്‍റെ വീട്ടില്‍ ചെന്ന് തിരിച്ചുപോരും. യു ട്യൂബില്‍ കയറി പഴയ മലയാള സിനിമ ഗാനരംഗങ്ങള്‍ കാണും. കൂട്ടുകാര്‍ കള്ളുഷാപ്പിലേക്ക് ക്ഷണിക്കാറുണ്ട്. പക്ഷെ അവിടേക്ക് ചെല്ലുകയോ ചീട്ടുകളിക്കുകയോ ചെയ്യാറില്ല.


''നിങ്ങള് ഇങ്ങനെ മാറുംന്ന് ഞാന്‍ സ്വപ്നത്തിലുംകൂടി വിചാരിച്ചിട്ടില്ല'' എന്ന് ദേവു എപ്പോഴും പറയും.


തിരുവാതിര ഞാറ്റുവേലയില്‍ പെയ്യാന്‍ മറന്ന മഴ പുണര്‍തത്തിന്‍റെ പിന്നേഴില്‍ ആ കോട്ടം തീര്‍ക്കുന്നുണ്ട്. വൈകിയെത്തിയ മഴക്കാലം ആസ്വദിച്ചുകൊണ്ട് വീട്ടില്‍തന്നെ ചടഞ്ഞുകൂടുകയാണ്. 


''കലക്ടറടെ പണ്യോന്ന്വൊല്ലല്ലോ നിനക്ക്. മഴകൊണ്ട് നനഞ്ഞ് പിതുങ്ങ്യേ തുണ്യായിട്ട് വൈകുന്നേരംവരെ നില്‍ക്കണ്ടേ. നാല് ദിവസം വെറുതെ വീട്ടിലിരിക്ക്''എന്ന് ദേവുവിനോട് പറഞ്ഞുനോക്കി.


''മഴ്യാണ് എന്നും പറഞ്ഞ് കുടീല് വെറുതെ കുത്തിരുന്നാല്‍ ആരാ നമുക്ക് തിന്നാന്‍ തരാനുള്ളത്''എന്നവള്‍ പറഞ്ഞപ്പോള്‍ ഒന്നും തിരിച്ചുപറയാന്‍ ഉണ്ടായിരുന്നില്ല. മഴക്കാലം ഒന്നുവിടട്ടെ. എന്നിട്ട് എന്തെങ്കിലും പണിക്ക് പോണം. വെറുതെയിരുന്ന് മടുപ്പുതോന്നാന്‍  തുടങ്ങി. ഇനിയൊരിക്കലും കൂട്ടുകാരുടെ കൂടെ തെണ്ടിത്തിരിയുന്ന പരിപാടിക്ക് നില്‍ക്കില്ല. അത് ആസ്പത്രിയില്‍ കിടക്കുമ്പോള്‍ ദേവുവിന്ന് വാക്കുകൊടുത്തതാണ്.


രാവിലെ എട്ടരമണി എന്നുണ്ടെങ്കില്‍ കോണ്‍ട്രാക്ടറുടെ ജീപ്പെത്തും. എട്ടുപത്ത് പെണ്ണുങ്ങളും ഒന്നോരണ്ടോ മേസന്മാരും അതില്‍ കയറും. രാവിലത്തെ ചായ മാത്രമല്ല ഉച്ചഭക്ഷണവും അവരുടെ വകയാണ്. കൂലിയിലും കുറവില്ല. എങ്ങിനെയാണ് അയാള്‍ക്ക് മുതലാവുന്നത് എന്നറിയുന്നില്ല. 


''തേപ്പൊക്കെ ഒരുവക്യാണ്. സിമിന്‍റ് പേരിന് ചേര്‍ത്തുണുന്നേയുള്ളു'' എന്നാണ് ദേവു പറഞ്ഞത്. കോണ്‍ട്രാക്റ്റ് പണി ആവുമ്പോള്‍ അതേ മുതലാവൂ. എത്ര ആള്‍ക്ക് പൈസ കൊടുത്താലാണ് ബില്ല് മാറികിട്ടുക. ആരുടേയോ കുരുത്തംകൊണ്ട് കെട്ടിടങ്ങള്‍ ഇടിഞ്ഞുകുത്തി വീഴാതെ നില്‍ക്കുന്നുണ്ട്. 


''കുഞ്ച്വോട്ടാ, പൊഴേല് വെള്ളംകൂടി തോട്ടിലിക്ക് ഏന്തീട്ടുണ്ട്. കുറച്ചു കഴിയുമ്പഴയ്ക്ക് പാടം ഒക്കെമൂടി റോഡിലിക്ക് കേറും''വാസുവും വേശനും വാര്‍ത്തയുമായി എത്തി.


''ഇങ്ങനെ മഴ പെയ്താല്‍ ഡാമൊക്കെ തുറക്കും. അപ്പൊ പുഴവക്കത്ത് വീടുള്ളോരൊക്കെ സ്ഥലം വിടണ്ടി വരും''വാസു കൂട്ടിച്ചേര്‍ത്തു.


''വെള്ളം കലങ്ങി മറിഞ്ഞിട്ടുണ്ട്. മീനുകള് മയങ്ങീട്ടുണ്ടാവും. വല എടുത്തിട്ട് ഇറങ്ങ്യാലോന്ന് ആലോചിക്ക്യാണ്''വേശന്‍ മനസ്സിലുള്ള ആഗ്രഹം അറിയിച്ചു.


''മിണ്ടാണ്ടെ കുടീലിരിക്കാതെ മഴ നനഞ്ഞ് മീന്‍ പിടിക്കാന്‍ പോവ്വാണോ  നീ''.


''നിങ്ങക്ക് ദേവ്വോടത്തി സമ്പാദിച്ച് കൊണ്ടുവരാനുണ്ട്. ഞങ്ങള്‍ക്ക് ആരാ തരാനുള്ളത്''.


''ഞാനൊന്നും പറയുണില്യാ. നീ നിന്‍റെ ഇഷ്ടംപോലെ ചെയ്തോ. അടുത്ത മാസം ഡോക്ടറെ ഒന്നുംകൂടി കാണാനുണ്ട്. അത് കഴിഞ്ഞാല്‍ ഞാനും പണിക്ക് പോവും''.


''അതിന് നിഴല് കടത്തലല്ലാതെ നിങ്ങക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റ്വോ''.


''എന്താ എനിക്ക് ചെയ്യാന്‍ പറ്റ്വാന്ന് നോക്കിക്കോ''.


''നിങ്ങള് ഇങ്ങനത്തന്നെ കഴിഞ്ഞാ മതി. അതാ കാണാന്‍ രസം''.


''നല്ലകാലത്ത് ഞാന്‍ ചുമട്ട് തൊഴിലാളി ആയിരുന്നു. ഇപ്പൊ അതിന് വയ്യ. ആരെങ്കിലും കെട്ടുപണിക്കാരടെ കൂടെ കയ്യാളായി പണിക്ക് പോവാന്ന് വിചാരിക്ക്യാണ്''.


''അങ്ങന്യാച്ചാല്‍ പ്രദീപിന്‍റെ അടുത്ത് പറയിന്‍. അവന്‍ എന്തെങ്കിലും വഴീണ്ടാക്കും''വാസു മാര്‍ഗ്ഗം കണ്ടെത്തി


''ഉണ്ണാന്‍ പോയിട്ട് വരുമ്പൊ തോട്ടിന്‍പള്ളേലിക്ക് വരിന്‍. ഞങ്ങളവിടെ മീന്‍ പിടിക്കു ണുണ്ടാവും''വേശന്‍ അടുത്ത പ്ലാന്‍ പറഞ്ഞു.


''ശരി. നോക്കട്ടെ''. കൂട്ടുകാര്‍ പോവുന്നതും നോക്കിയിരുന്നു.  ഉണ്ണാന്‍ പോവാന്‍ ഇനിയും നേരമുണ്ട്. അപ്പോഴേക്കും മഴ മാറിയാല്‍ മതി. മൊബൈലില്‍ പാട്ടുംകേട്ട് ചാരുകസേലയില്‍ കിടന്നു. മഴ തോരുന്ന ലക്ഷണമില്ല. ഇതുംകൊണ്ട് നടന്ന് ഊണുകഴിക്കണ്ടാ. അടുക്കളയില്‍ ചെന്നുനോക്കി. കുറച്ച് ഉപ്പുമാവ് ഇരിപ്പുണ്ട്. ഇന്നലെ രാത്രി ദേവു ഉണ്ടാക്കിയതാണ്. അത് ചൂടാക്കി കാപ്പിയുംവെച്ച് കഴിക്കാം.


ഒരുമണി കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിച്ചു. വെറുതെയിരുന്ന് മടുത്തു. കുറച്ചുനേരം ഉറങ്ങാം. ഉമ്മറത്തളത്തില്‍ പായവിരിച്ച് കിടന്നു.  


''അയ്യോ''എന്ന് ഉറക്കെ നിലവിളിച്ചതുപോലെ തോന്നി. ദേവുവിന്‍റെ ശബ്ദമാണ്. ഞെട്ടിയുണര്‍ന്നു. സ്വപ്നം കണ്ടതാണെങ്കിലും ഉള്ളിലൊരു ഭീതി. എന്താ ഈശ്വരാ എന്‍റെ ദേവുവിന്ന് പറ്റിയത്.


''കുഞ്ച്വോട്ടാ, വേഗം എണീക്കിന്‍''പുറത്തുനിന്ന് വേശന്‍റെ ശബ്ദം കേട്ടു. എഴുന്നേറ്റ് വാതില്‍ തുറന്നു. വേശനോടൊപ്പം വാസുവുമുണ്ട്.


''എന്താ നിങ്ങള് മീന്‍ പിടിക്കാന്‍ പോയില്ലേ''.


''അതല്ല. വേറൊരു കാര്യുണ്ട്''.


''എന്താച്ചാല്‍ പറഞ്ഞുതുലയ്ക്ക്''.


''ദേവ്വോടത്തി പണ്യെടുക്കുണ കെട്ടിടം പൊട്ടി വീണൂന്ന് കേട്ടു. കൊറെ പണിക്കാര്‍ക്ക് അടിപറ്റീട്ടുണ്ട് എന്നാ പറയുണ്. ചിലരൊക്കെ ചത്തു പോയീന്നും പറയുണുണ്ട്''. 


''ആരാ നിങ്ങളടടുത്ത് ഇത് പറഞ്ഞത്''.


''ടൌണിന്ന് വന്ന ആരോ കൂട്ടുമുക്കിലിറങ്ങ്യേപ്പൊ പറഞ്ഞതാണ്. ഇപ്പൊത്തന്നെ കൊറെപേര് അങ്കിട്ട് പോയിട്ടുണ്ടത്രേ''.


''ഞാനൊന്ന് അവളെ വിളിച്ചുനോക്കട്ടെ. രണ്ടാലൊന്ന് അറിയാലോ'' ദേവുവിനെ മൊബൈലില്‍ വിളിച്ചു. മറുവശത്ത് ബെല്ലടിക്കുന്നുണ്ട്. ആരും എടുക്കുന്നില്ല. മനസ്സില്‍ ഭീതി പടര്‍ന്നു. ഒരിക്കല്‍ക്കൂടി വിളിച്ചു. നോക്കി. ഫലം തഥൈവ.


''നോക്കെടാ, അവള് ഫോണെടുക്കുണില്ല'' കൂട്ടുകാരോട് പറഞ്ഞു.


''കുഞ്ച്വോട്ടാ, എന്നാ ദേവ്വോടത്തിക്ക് എന്തോ പറ്റീട്ടുണ്ടാവും''വേശന്‍ പറയുന്നത് കേട്ടു. തല ചുറ്റുന്നതുപോലെ തോന്നുന്നു. കുഴഞ്ഞ് താഴെ വീഴുംമുമ്പ് വാതില്‍പ്പടിയിലിരുന്നു.


''വേഗം എണീക്കിന്‍. നമുക്ക് പോയി നോക്കാം''വാസു പറഞ്ഞു.


''അപ്പഴയ്ക്കും ഞാന്‍ ഓടിപോയി സായ്‌വിന്‍റെ വീട്ടില് പറയട്ടെ'' വേശന്‍ ഇറങ്ങിയോടി.


ഷര്‍ട്ടെടുത്തിട്ട് വാസുവിന്‍റെ കയ്യുംപിടിച്ച് പുറത്തിറങ്ങി നിന്നു. വാതില്‍ പൂട്ടി താക്കോലുമായി വന്ന അവന്‍റെ കയ്യില്‍പ്പിടിച്ച് മെല്ലെ നടന്നു.


ഭാഗം :- 82. 


സായ്‌വിന്‍റെ വീടിന്‍റെ മുന്നിലെത്തുമ്പോള്‍ അന്‍വര്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് പുറത്തേക്ക് ഇറക്കുകയാണ്. 


''വേഗം കേറി ഇരിക്കിന്‍''സായ്‌വ് പറഞ്ഞു. മുന്നിലെ സീറ്റില്‍ അയാള്‍ സ്ഥലം പിടിച്ചു. വേശനോടും വാസുവിനോടുമൊപ്പം പുറകിലിത്തെ സീറ്റിലിരുന്നു.


''എങ്ങന്യാ സംഭവംന്ന് വല്ല വിവരൂണ്ടോ''സായ്‌വ് ചോദിച്ചു.


''ഇല്ല മുതലാളീ, അപകടം പറ്റീന്ന് മാത്രേ കേട്ടുള്ളു''വേശന്‍ അറിയിച്ചു.


''പടച്ചോന്‍ സഹായിച്ച് ഒന്നും ഇല്ലാണ്ടിരുന്നാല്‍ മത്യായിരുന്നു''സായ്‌വ് പ്രാര്‍ത്ഥിച്ചു.


''നമ്മള് എങ്ങട്ടാ പോണ്ടത്''അന്‍വര്‍ കാര്‍ ഓടിക്കുന്നതിനിടെ ചോദിച്ചു.


''ജില്ല ആസ്പത്രിക്ക് വണ്ടി വിട്. അപകടം പറ്റ്യാല്‍ ആദ്യം അവടയ്ക്കാ കൊണ്ടുപോവ്വാ''.


''കുഞ്ച്വോ, കൂടെപണ്യെടുക്കുണ ആരടേങ്കിലും ഫോണ്‍നമ്പര്‍ അറിയ്യോ''.


''ഇല്ല. ദേവൂനെ വിളിച്ച് നോക്കി. അവള് ഫോണെടുത്തില്ല''.


''എപ്പഴും ഒന്നുരണ്ട് ആള്‍ക്കാരടെ നമ്പര്‍ വാങ്ങിവെക്കണം. എപ്പഴാ  വേണ്ടിവര്വോന്ന് പറയാന്‍ പറ്റില്ല''.


''ഇങ്ങനെ വരുംന്ന് ആരെങ്കിലും വിചാരിക്ക്വോ''.


''അതും ശര്യാണ്. സംഭവം സത്യോ നുണ്യോന്ന് അറിയില്ലല്ലോ. അതാ ബേജാറ്''.


''ബസ്സില് നാലുംകൂടുണ മുക്കില്‍ വന്നിറങ്ങിയ ഒരാള് പറഞ്ഞതാണ്. അയാള് ബസ്സിന്ന് അറിഞ്ഞ വര്‍ത്തമാനാണ്''.


''കേട്ടതിന്ന് മീതെ കേട്ട് നമ്മള് ചെല്ല്വാണ്. അങ്ങിന്യോന്നും ഉണ്ടാവാതെ ഇരിക്കട്ടെ''.


ജില്ല ആസ്പത്രിയിലേക്ക് എത്തിയതും നാട്ടുകാരായ മൂന്നുനാലുപേര്‍ ഉമ്മറത്ത് നില്‍ക്കുന്നത് കണ്ടു. കാറില്‍ നിന്നിറങ്ങി കൂട്ടുകാരോടൊപ്പം അവരുടെ അടുത്തേക്ക് ഓടി.


''എന്താ സംഭവം''വേശന്‍ അവരോട് ചോദിച്ചു. 


''പണിതോണ്ടിരിക്കുണ ബില്‍ഡിങ്ങ് വീണതാണ്''.


''ആര്‍ക്കെങ്കിലും അപായൂണ്ടോ''.


''ഒരുത്തന് നല്ല പരിക്കുണ്ട്. അവനെ ഇവിടുന്ന് കൊയമ്പത്തൂരിലിക്ക് കൊണ്ടുപോയി''.


''പെണ്ണുങ്ങള്‍ക്കോ''.


''അവര്‍ക്കും അടി പറ്റീട്ടുണ്ട്. ചിലരൊക്കെ കാഷ്വാലിറ്റീലിണ്ട്''.


''വരിന്‍. കുഞ്ച്വോട്ടാ, നമുക്ക് കേറി നോക്കാം''.


നിരനിരയായി ഇട്ടിരിക്കുന്ന കട്ടിലുകളിലൊന്നില്‍ ദേവു ഒരുവശത്തേക്ക് ചെരിഞ്ഞ് കിടപ്പുണ്ട്. അവളുടെ അടുത്തുചെന്ന് തൊട്ടുവിളിച്ചു.


''എനിക്കൊന്നും പറ്റീട്ടില്ലാട്ടോ''അവള്‍ മുഖത്ത് പുഞ്ചിരി വരുത്തി.


''എവടേങ്കിലും വേദനീണ്ടോ''.


''കാല് ഊന്നാന്‍ വയ്യ. നല്ല വേദനീണ്ട്''.


''നമുക്ക് ഡിസ്ചാര്‍ജ്ജ് വാങ്ങി എങ്ങിട്ടെങ്കിലും കൊണ്ടുപോയാലോ'' അന്‍വര്‍ ചോദിച്ചു.


''എല്ല് ഡോക്ടര്‍ വന്നുനോക്കി. ഫോട്ടം പിടിച്ചിട്ടുണ്ട്. അതിലെന്താന്ന് അറിയട്ടെ''ദേവു പറഞ്ഞു.


''എങ്ങന്യാ സംഭവം''സായ്‌വ് ചോദിച്ചു.


''ഉച്ചയ്ക്ക് ഉണ്ണണ്ട നേരായിരുന്നു. കൊറെപേര് അതിന് പോയി. ഞങ്ങള് പത്തുപന്ത്രണ്ട് ആളുകള് മാത്രേ ഉള്ളിലുള്ളു. അപ്പഴാ ഇടിഞ്ഞ് വീണത്''.


''നിങ്ങളൊക്കെ അടീല്‍ പെട്ടു അല്ലേ''.


''സംഭവം പന്തികേടാണേന്ന് തോന്ന്യേപ്പൊ ഞങ്ങള് ഓടി. വെളീലിക്ക് കടന്നതും ഞാന്‍ വീണു. അപ്പഴയ്ക്കും ഒക്കെകൂടി ഇടിഞ്ഞുവീണു.    വെളീല് എത്ത്യേതോണ്ട് തെറിച്ച് വീണത് മാത്രേ മേത്ത് കൊണ്ടുള്ളു''.


''നിനക്ക് കുടിക്കാനെന്തെങ്കിലും വേണോ''.


''കിട്ട്യാല്‍ കുടിക്കായിരുന്നു. നല്ല ദാഹൂണ്ട്''. ക്ഷീണമുണ്ടാവും. അതാവും ദാഹം തോന്നുന്നത്. അല്ലാതെ ഈ അടമഴക്കാലത്ത് ദാഹം തോന്നില്ലല്ലോ. അന്‍വറും വാസുവുംകൂടി വെള്ളം വാങ്ങാന്‍ ഓടി. 


''ഞാനൊന്ന് നടന്ന് നോക്കട്ടെ. പരിചയൂള്ള ആരെങ്കിലും ഉണ്ടാവും'' വേശന്‍ അന്വേഷിക്കാന്‍ ചെന്നു.


''നീ അവളുടെ അടുത്തിരിക്ക്. ഞാനും ഒന്ന് നോക്കട്ടെ''സായ്‌വും നടന്നു. ദേവുവിന്‍റെ അടുത്തായി കട്ടിലിന്‍റെ ഓരത്തിരുന്നു.


''എനിക്ക് ഒന്നും പറ്റില്ല. നിങ്ങളെ വിട്ട് എനിക്ക് പോവാന്‍ പറ്റ്വോ''ദേവു കയ്യില്‍ പിടിച്ചു. കണ്ണുകള്‍ നിറഞ്ഞത് അവളറിയാതെ തുടച്ചുമാറ്റണം.  എഴുന്നേറ്റ് വാതിലിനുനേരെ നടന്നു.


ഭാഗം :- 83. 


വലത്തെകാലിന്‍റെ മുട്ടുമുതല്‍ പാദംവരെ പ്ലാസ്റ്ററിട്ടിട്ടാണ് ദേവുവിനെ റൂമിലേക്ക് കൊണ്ടുവന്നത്.


''ഭാഗ്യത്തിന് എല്ലിന് ചെറ്യോരു പൊട്ടേ ഉള്ളൂ. അല്ലെങ്കില്‍ ഓപ്പറേഷന്‍ വേണ്ടിവന്നേനെ''അന്‍വര്‍ ആശ്വാസം കൊണ്ടു.


''ഇതിനാണ് വൈകുന്നേരംവരെ അവടെ പിടിച്ച് കിടത്ത്യേത്''സായ്‌വ് നീരസം മറച്ചുവെച്ചില്ല.


കാര്യമായ നോട്ടവും ചികിത്സയും കിട്ടുന്നില്ല എന്ന് തോന്നിയതുകൊണ്ട് ദേവുവിനെ ഡിസ്ചാര്‍ജ്ജ് ചെയ്യിച്ച് ഒരുപ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു.


''കഷ്ടകാലം പിടിച്ചോന്‍ തലമൊട്ടീട്ട ദിവസം കല്ല് മഴ പെയ്യുംന്ന് കേട്ടിട്ടേ ഉള്ളു. ഇത് അതുപോലായി''വേശന്‍ അതിനുള്ള കാരണം കണ്ടെത്തി. ആസ്പത്രിക്കാരെ കുറ്റം പറയാനാവില്ല. ബില്‍ഡിങ്ങ് തകര്‍ന്ന് വീണ് പരിക്കേറ്റ തൊഴിലാളികളെ അവര്‍  ചികിത്സിക്കുന്നതിനിടയിലാണ് ബസ്സപകടത്തില്‍പ്പെട്ട യാത്രക്കാരെ കൊണ്ടുവരുന്നത്. അതോടെ ശ്രദ്ധ അങ്ങോട്ടായി.


''ഇന്യെന്താ വേണ്ടത്''അന്‍വര്‍ ചോദിച്ചു.


''നാളെ വീട്ടിലിക്ക് പോവാനല്ലേ പറഞ്ഞത്. അപ്പൊ വന്ന് കൂട്ടീട്ട് പോയാല്‍ പോരേ. അതുവരെ എന്തിനാ എല്ലാരുംകൂടി ഇവിടെ കെട്ടിത്തിരിയുണത്''. സായ്‌വ് ആ പറഞ്ഞതിനോട് എല്ലാവരും യോജിച്ചു.


''അതാ ശരി. രാവിലെ ഞങ്ങളും വരാം''വാസു അറിയിച്ചു.


''എന്തെങ്കിലും ആവശ്യൂണ്ടെങ്കില്‍ വിളിച്ചോ. ഏത് രാത്ര്യാണെങ്കിലും ഞങ്ങള് വരും''സായ്‌വ് സമാധാനിപ്പിച്ചു.


''നേരം ഏഴര്യായി. നിങ്ങക്ക് കഴിക്കാനെന്തെങ്കിലും വാങ്ങണോ'' വേശന്‍ ചോദിച്ചു.


''കുറച്ചു കഴിഞ്ഞ് ഞാന്‍ കാന്‍റിനിന്ന് എന്തെങ്കിലും വാങ്ങിച്ചോളാം''.


''കുഞ്ച്വോട്ടാ, അപ്പൊ പറഞ്ഞപോലെ''അന്‍വര്‍ തോളില്‍തട്ടി പറഞ്ഞു.


''നീയിത് കയ്യില്‍വെക്ക്''ഇറങ്ങാന്‍ നേരം സായ്‌വ് നീട്ടിയ നോട്ടുകള്‍ വാങ്ങി പോക്കറ്റിലിട്ടു. എല്ലാവരും പോയതോടെ മുറിയുടെ വാതില്‍ ചാരി. മുതുക് വല്ലാതെ വേദനിക്കുന്നു. ഇത്രനേരം നിന്നതുകൊണ്ടാവും. തൊട്ടടുത്തുള്ള ചെറിയ കട്ടിലില്‍ കിടന്നു.


ദേവു പറയാറുള്ളതുപോലെ ആരുമില്ലാത്തവന് ദൈവംതന്നെ തുണ. കണ്ണില്‍ തട്ടേണ്ടത് പുരികത്തില്‍ തട്ടി എന്ന മാതിരി അവസാനിച്ചല്ലോ. അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തനിക്ക് ആരുമില്ല. വയസ്സാന്‍ കാലത്ത് അനാഥനായി കഴിയേണ്ടിവരും. അങ്ങിനെയാവാതെ ദേവി കാത്തു. ദേവുവിന് സുഖമാവട്ടെ. എന്നിട്ട് അവളെ കൊടുങ്ങല്ലൂരില്‍ കൊണ്ടുപോയി തൊഴുവിക്കണം.


''കാലിലിക്ക് കോണ്‍ക്രീറ്റ് വീണപ്പൊ ഞാന്‍ നിങ്ങള്യാണ് ആലോചിച്ചത്'' ദേവു പറയുന്നത് കേട്ടു''ഒന്നിനും വയ്യാത്ത ആളാണ്. അതിനെ ഒറ്റയ്ക്ക് ആക്കരുതേന്ന് ഞാനപ്പൊ പ്രാര്‍ത്ഥിച്ചു''. ദേവുവിന്‍റെ വാക്കില്‍ നിറഞ്ഞ കരുതല്‍ മനസ്സിലെവിടേയോ കൊണ്ടു. ഇനി ഇവളെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചു.


''നിനക്കെന്താ കഴിക്കാന്‍ വേണ്ടത്. ചപ്പാത്തി വേണോ അതോ ചോറോ''.


''ഇത്തിരി കഞ്ഞി കിട്ട്യാല്‍ മതി''പോവുന്നതിന്ന്മുമ്പ് വേശന്‍ വാങ്ങി ഏല്‍പ്പിച്ച തൂക്കുപാത്രമെടുത്തു. അപ്പോഴാണ് മൊബൈല്‍ അടിച്ചത്. എടുത്തുനോക്കിയപ്പോള്‍ അന്‍സര്‍.


''കുഞ്ച്വോട്ടാ, ദേവ്വോടത്തിക്ക് എങ്ങനീണ്ട്''.


''കുഴപ്പോന്നൂല്യാ. കാലില് പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. നാളെ വീട്ടിലിക്ക് വിട്ടാക്കും എന്ന് പറഞ്ഞു''.


''ഞാന്‍ ഡ്യൂട്ടി കഴിഞ്ഞ് മൊബൈലെടുത്ത് നോക്ക്യേപ്പൊ വീട്ടിന്ന് ആറേഴ് പ്രാവശ്യം വിളിച്ചിരിക്കുണു. എന്താന്ന് വിചാരിച്ച് വിളിച്ചപ്പഴാ ഈ വിവരം അറിഞ്ഞത്''.


''ഒന്നും പറയണ്ടാ എന്‍റെ കുട്ട്യേ. വലുതായിട്ട് വരണ്ടത് ചെറുക്കനെ പോയീന്ന് പറഞ്ഞാ മത്യേലോ''.


''ദേവ്വോടത്തി എന്ത് ചെയ്യുണൂ''.


''ഇതാ എന്‍റടുത്തുണ്ട്. അവളടെ അടുത്ത് കൊടുക്കട്ടെ''.


''കൊടുക്കിന്‍. ഞാന്‍ വിവരം ചോദിക്കട്ടെ''മൊബൈല്‍ ദേവുവിന്ന് കൈമാറി. അവള്‍ സംസാരിക്കുന്നതും കേട്ട് കട്ടിലിലിരുന്നു.

*****************************

ദേവുവിനെ ഡിസ്ചാര്‍ജ്ജ് ചെയ്ത് വീട്ടിലെത്തിയിട്ട് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പഞ്ചായത്ത് പ്രസിഡണ്ടെത്തി.


''ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ലെ കുഞ്ച്വോട്ടാ. ഇന്ന് രാവിലെ വീട്ടില് വന്നപ്പഴാണ് വിവരം അറിഞ്ഞത്''അയാള്‍ പറഞ്ഞു. അപകടത്തിന്‍റെ വിശദവിവരവും ചികിത്സയെക്കുറിച്ചും അയാള്‍ ചോദിച്ചറിഞ്ഞു.


''കോണ്‍ട്രാക്ടര്‍ നിങ്ങക്ക് ചിലവിന് എന്തെങ്കിലും പൈസ തന്ന്വോ'' പോവാന്‍ നേരം പ്രസിഡണ്ട് ചോദിച്ചു.


''ഒന്നും തന്നില്ല''ഉള്ളകാര്യം അയാളോട് പറഞ്ഞു.


''അത് പറ്റില്ലല്ലോ. എന്തെങ്കിലും വഴീണ്ടോ നോക്കട്ടെ''അതും പറഞ്ഞ് അയാള്‍ പോയി. മൂന്നാം പക്കം കോണ്‍ട്രാകടര്‍ വന്നു, ഒപ്പം സ്ഥിരമായി പണിചെയ്യിക്കുന്ന മേസ്ത്രിയും. 


''തല്‍ക്കാലം ഇത് കയ്യില്‍ വെക്കിന്‍. ആസ്പത്രീല്‍ കൊടുത്തതിന്‍റെ ബില്ലൊന്നും കളയണ്ടാ. ഇന്‍ഷൂറന്‍സ് ഉള്ളതാണ്. കാശ് കിട്ടും''. 


''ഞങ്ങള് ബില്ലൊന്നും കളഞ്ഞിട്ടില്ല''.


''ഞാന്‍ ചോദിക്കുമ്പൊ തരണം''എന്നുപറഞ്ഞ് അയാള്‍ പോയി. പിന്നെ അതിന്‍റെ വിവരമൊന്നും കിട്ടിയില്ല.

*******************************************

മിഥുനമാസം അവസാനിക്കാന്‍ രണ്ടുദിവസം ബാക്കിയുള്ളപ്പോഴാണ് ശിവനും കുടുംബവും പുതിയ വീട്ടില്‍ താമസം തുടങ്ങിയത്. കാലില്‍ പ്ലാസ്റ്ററുള്ളതുകൊണ്ട് ദേവു വരുന്നില്ല എന്ന് പറഞ്ഞതാണ്. ശിവനും ഭാര്യയും നിര്‍ബ്ബന്ധിച്ചതുകൊണ്ട് അവളെ ഓട്ടോറിക്ഷയില്‍ അവിടെ കൊണ്ടുപോയി തിരിച്ചുകൊണ്ടുപോന്നു. കൃഷ്ണന്‍കുട്ടിയും ഭാര്യയും മറ്റു മക്കളും അവരുടെ കുടുംബവും ചടങ്ങില്‍ സംബന്ധിച്ചത് ഏറെ സന്തോഷം നല്‍കി.


''കുഞ്ച്വോട്ടന്‍ ഒരാള് ഇടപെട്ടതോണ്ടാണ് ഇവരൊക്കെ വന്നത്''എന്നു പറയുമ്പോള്‍ ശിവന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. 


''ഒക്കെ ദൈവം നിശ്ചയിക്കുണതാണ്. ഞാനതിന് കാരണക്കാരനായി. അത്രേള്ളൂ''.  തലചായ്ക്കാന്‍ ഇടമില്ലാതെ കഷ്ടപ്പെട്ടിരുന്ന ശിവന് ഒരു കൂരയുണ്ടാക്കാന്‍ സഹായിച്ചതിന്‍റെ സംതൃപ്തി തിരിച്ചുപോരുമ്പോള്‍ ഉണ്ടായിരുന്നു



ഭാഗം :- 84. 


ഡിസ്ചാര്‍ജ്ജായി ദേവു വീട്ടില്‍ വന്നതുമുതല്‍ പ്ലാസ്റ്റര്‍ വെട്ടുന്നതുവരെ അവളെ വിട്ട് ദൂരെ എങ്ങോട്ടും പോയില്ല. വീട്ടിലെ അവസ്ഥ ശങ്കരേട്ടന്ന് അറിവുള്ളതിനാല്‍ ഒരു പയ്യന്‍റെ കയ്യില്‍ ഉച്ചഭക്ഷണം എത്തിച്ചുതരും. രാവിലെ സായ്‌വിന്‍റെ വീട്ടില്‍നിന്ന് എന്തെങ്കിലും കൊടുത്തയയ്ക്കും. രാത്രിയിലെ ആഹാരം വാസുവും വേശനും വാങ്ങിക്കൊണ്ടുവരും.


''ബന്ധുക്കള്‍ എന്നുപറയാന്‍ നമുക്ക് ആരൂല്യെങ്കിലും എത്ര ആളാ ആപത്ത് വന്നപ്പൊ നമ്മടെ ഒപ്പൂള്ളത്''ദേവു സന്തോഷം മറച്ചുവെച്ചില്ല.


''അങ്ങനെ പറയണ്ടാ. നമ്മടെ വീട് കുടിപാര്‍ക്കുമ്പഴും നീ കിടപ്പിലായീന്ന് കേട്ടപ്പഴും നിന്‍റെ ഏടത്തീം കെട്ട്യോനും വന്നല്ലോ''.


'ഇല്ലാന്ന് പറയില്ല. ഓരോ കിലോ ആപ്പിളും മുന്തിരീം വാങ്ങി കാണാന്‍ വന്നു. പത്തുമിനുട്ട് ഇരുന്ന് പോവും ചെയ്തു''.


''പിന്നെന്താ ചെറ്യേ കുട്ട്യേളെ കാണാന്‍ വരുമ്പൊ കൊണ്ടുവരുണ മാതിരി മുട്ടായീം ബിസ്ക്കറ്റും വാങ്ങീട്ട് വരണോ. അതോ നിന്‍റെ കാലിന് ഭേദായി എണീക്കുണവരെ അവര് രണ്ടാളും ഇവിടെ താമസിക്കണോ'' 


''അതല്ല ഞാന്‍ പറഞ്ഞത്. ഞാന്‍ അവളടെ അനുജത്ത്യല്ലേ. രാവിലെ വന്ന് വൈകുന്നേരംവരെ എന്‍റടുത്തിരുന്നാല്‍ എത്ര നഷ്ടൂണ്ട്. എന്‍റെ അപ്പനും അമ്മയും ചത്തപ്പൊ വീട് വിറ്റ് രണ്ടാളുംകൂടി എടുത്തോളാന്‍ ഞങ്ങടെ ബന്ധുക്കാര് പറഞ്ഞതാ. എനിക്കിത്തിരി കഷ്ടപ്പാടുണ്ട് ദേവ്വോ. ഞാനത് എടുത്തോട്ടേന്ന് ചോദിച്ചപ്പോ എന്താ വേണ്ട്ന്ന് ഞാന്‍ നിങ്ങളോട് കേട്ടു. നിന്‍റെ ഇഷ്ടംപോലെ ചെയ്തോന്ന് നിങ്ങള് പറഞ്ഞപ്പൊ ഒരുപൈസ വാങ്ങാതെ ഒപ്പിട്ടുകൊടുത്തു. അന്ന് ഞാന്‍ പകുതി കാശ് വാങ്ങ്യാലോ''.


''എന്നാല്‍ ഈ മുന്തിരീം ആപ്പിളും കിട്ടില്ല''രണ്ടുപേരും ചിരിച്ചതിന്‍റെ അലകള്‍ വീട്ടിനകത്ത് കുറെനേരം മുഴങ്ങി.


''കല്യാണം കഴിഞ്ഞ് ഇത്ര കാലത്തിന്‍റെ എടേല് ഇങ്ങിനെ പിരിയാണ്ടെ നമ്മള് ഇരുന്നിട്ടില്ല''എന്ന് ഇടയ്ക്കിടയ്ക്ക് ദേവു പറയും.


''കഴിഞ്ഞുകൂടാന്‍ പണ്യെടുക്കാതെ പറ്റില്ലല്ലോ. പിന്നെങ്ങന്യാ വീട്ടില് കുത്തിരിക്ക്യാ''എന്ന് മറുപടിയും നല്‍കും.


''പുത്യേവീട് പണിത് കേറിത്താമസിച്ചതും നിങ്ങള്‍ക്ക് വയ്യാണ്ട്യായി. അത് ഒരുവിധത്തില്‍ മാറുമ്പഴയ്ക്ക് എനിക്ക് ഇങ്ങനീം പറ്റി. പുത്യേ വീടിന്‍റെ വര്‍ക്കത്ത്‌കേടോണ്ടാണോ എന്നൊന്ന് നോക്കിക്കണം''ദേവു ഒരുദിവസം അവളുടെ മനസ്സിലുള്ളത് അറിയിച്ചു.


''എന്ത് ആവശ്യത്തിന്ന്. വീടിന് കേടൊന്നൂല്യാ. കേട് നമ്മള് രണ്ടാളുക്കും ആണ്. പുത്യേവീട്ടില്‍ താമസം തുടങ്ങ്യേപ്പൊ ആ കേടൊക്കെ പുറത്തിക്ക് വന്നു. അതൊക്കെ അതിന്‍റെ വഴിക്ക് പോവുംചെയ്തു. ഒരു കണക്കില് നോക്ക്യാല്‍ വീടിന്‍റെ വര്‍ക്കത്തോണ്ടാണ് ഉള്ളകേട് നീങ്ങികിട്ട്യേത്. ഇനി നമുക്ക് നല്ല കാലാണേന്ന് കരുതിക്കോ''അവളെ സമാധാനിപ്പിച്ചു.


അങ്ങിനെയിരിക്കുമ്പോഴാണ് ഒരുദിവസം രാഘവന്‍ വന്നത്. അവന്‍ വാങ്ങിയ സ്ഥലത്തിന്‍റെ റജിസ്ട്രേഷന്‍ കഴിഞ്ഞതാണ്. കമ്മിഷനായി തരാമെന്ന് ഏറ്റതുക ഒരുപൈസ കുറയാതെ കഴിഞ്ഞതവണ അവന്‍ വന്നപ്പോള്‍ തരികയുംചെയ്തതാണ്. അത് രണ്ടാളുടേയും പേരില്‍ ബാങ്കിലിട്ടിട്ടുണ്ട്. ഇപ്പോഴെന്തിനാണ് വന്നത് എന്ന് മനസ്സിലായില്ല.


''കുഞ്ച്വോട്ടാ, എനിക്ക് ഒരുകാര്യത്തില്‍കൂടി നിങ്ങടെ സഹായം വേണം'' ദേവുവിന്‍റെ ആരോഗ്യസ്ഥിതി അന്വേഷിച്ചശേഷം അവന്‍ പറഞ്ഞു.


''എന്താ നിങ്ങക്ക് വേണ്ടത്''.


''പാടത്തെ പണിക്ക് പുറമെ റബ്ബര്‍ തോട്ടത്തില് ചെന്ന് വെട്ടുണത് നോക്കണം. റൈസ്മില്ലില് പണിക്ക് ആളുണ്ടെങ്കിലും എന്‍റെ നോട്ടം ഇല്ലാതെ പറ്റില്ല. അതിനൊക്കെ പുറമ്യാണ്  ഇപ്പൊ വാങ്ങ്യേസ്ഥലത്ത് സൂപ്പര്‍ മാര്‍ക്കറ്റ് പണിയുണത്. എല്ലാംകൂടി നോക്കിവരാന്‍ എനിക്ക് പറ്റാണ്ട്യായി''.


''അതിനെന്താ ചെയ്യാ''.


''എല്ലാദിക്കിലും ചെന്നുനോക്കാന്‍ പറ്റ്യേ ഒരാളെ എനിക്ക് വേണം''. 


''ഒരു കാര്യസ്ഥനെ വേണംന്ന് പറയിന്‍''.


''കാര്യസ്ഥനോ ഉടമസ്ഥനോ എന്ത് പണ്ടാരോ ആവട്ടെ. എന്‍റെ സ്വന്തം ആളായിട്ട് കൂടെ നിക്കാന്‍ പറ്റുണ ആളാവണം''.


''ആവൂ. ഇന്നത്തെ കാലത്ത് അങ്ങനീള്ളോരെ കിട്ടാന്‍ ബുദ്ധിമുട്ടാണ്''.


''അതല്ലേ ഞാന്‍ നിങ്ങടടുത്ത് പറയുണ്''.


''ആരേങ്കിലും നിങ്ങള് മനസ്സില്‍ കണ്ടിട്ടുണ്ടോ''.


''ഉണ്ട്. ആ ആള് എന്താ പറയ്യാന്ന് അറിയില്ല''.


''ആളടെ പേരിങ്കിട്ട് പറയിന്‍. ഞാനവനെ പറഞ്ഞ് ശര്യാക്കിത്തരാം''.


''വേറാര്വോല്ല. നിങ്ങളന്ന്യാ ഞാന്‍ മനസ്സില്‍ കണ്ട ആള്''.


''എന്ന്യോ. നല്ല കാര്യായി. എന്നെക്കൊണ്ട് ഇതിനൊക്കെ ആവ്വോ''.


''കുഞ്ച്വോട്ടാ. നിങ്ങള്‍ക്ക് പറ്റാത്ത പണീല്യാ. നിങ്ങള് എന്‍റെകൂടെ കൂടിന്‍. നിങ്ങക്ക് കഴിയാനുള്ളത് ഞാന്‍ തരാം. പറ്റില്ലാന്ന് മാത്രം പറയരുത്''.


''എന്നെക്കൊണ്ട് ആവുമ്പോലെ വല്ലത്വോക്കെ ചെയ്യാം. നിങ്ങക്കെപ്പൊ എന്നെ ശര്യാല്ലാന്ന് തോന്നുണ്വോ ആ നിമിഷം നിങ്ങളെന്നെ വേണ്ടാന്ന് വെക്കണം. അല്ലാണ്ടെ ഒന്നും രണ്ടും പറയാന്‍ ഇട വരരുത്''.


''അങ്ങന്യോന്നും വരില്ല. കുഞ്ച്വോട്ടന്‍ എന്നെക്കാള്‍ നന്നായി എല്ലാം നോക്കി നടത്തുംന്ന് എനിക്ക് ഉറപ്പുണ്ട്''.


''എല്ലാടത്തും എത്താന്‍ ഒരു സൈക്കിള് വേണ്ടിവരും. ഞാനത് വാങ്ങാം''.


''എന്തിനാ കുഞ്ച്വോട്ടാ സൈക്കിള്. നമുക്ക് ബാറ്ററീല്‍ ഓടുണ സൈക്കിള്  വാങ്ങാം. അതാവുമ്പൊ പെട്രോളും ലൈസന്‍സും ഒന്നും വേണ്ടാ. അത് മാത്രോല്ല. അതിന് ചിലവും കുറവാണ്''. 


''അങ്ങന്യാച്ചാല്‍ അങ്ങനെ. എന്താ ഞാന്‍ ചെയ്യണ്ട പണി''


''എല്ലാവടീം നിങ്ങള് ചെന്നുനോക്ക്വാ. എവടേങ്കിലും എന്തെങ്കിലും തകരാറ് കണ്ടാല്‍ എന്‍റടുത്ത് പറയ്യാ. അത് മതി. ബാക്കി കാര്യം ഞാനായി''.


''അങ്ങന്യാച്ചാല്‍ എപ്പഴാ ഞാന്‍ പണിക്ക് വരണ്ട്''.


''ഏതായാലും ഇത്രീം ആയില്ലേ. ഓണം കഴിഞ്ഞിട്ട് തുടങ്ങാം''.


''നിങ്ങള് ആ പണിക്ക് പോവ്വന്ന്യാണ് നല്ലത്''രാഘവന്‍ പോയതും ദേവു പറഞ്ഞു''പണീം തൊരൂം ഇല്ലാണ്ടെ നടക്കുമ്പഴാ ചങ്ങാതികളുടെ കൂടെ കൂടി വേണ്ടാത്തതൊക്കെ ചെയ്യാന്‍ തോന്നുണ്''.


''അല്ലെങ്കിലും എന്തെങ്കിലും പണിക്ക് പോണംന്ന് കരുതീരിക്ക്യായിരുന്നു. ഇനി കുറെകാലം നീ വീട്ടില് വെറുതെ ഇരിക്ക്. ഞാന്‍ പണിചെയ്തിട്ട് നിന്നെ പുലര്‍ത്തട്ടെ''.


''കുറച്ചുംകൂടി ഭേദായാല്‍ ഞാന്‍ പണിക്ക് പോവും. ആവുണകാലത്ത് പണിചെയ്ത് എന്തെങ്കിലോക്കെ ഉണ്ടാക്കിവെച്ചാല്‍ വയ്യാണ്ട്യാവുമ്പൊ തെണ്ടാതെ കഴിയാലോ''.


കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങമെത്തി. ഓണത്തിന്ന് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഓണം കഴിഞ്ഞ പിറ്റേന്ന് അന്‍വര്‍ ജോലിസ്ഥലത്തേക്ക് മടങ്ങി പോവുമെന്നാണ് പറഞ്ഞത്. അതോടെ സായ്‌വിന്‍റെ വീട്ടിലെ ഒച്ചയും അനക്കവും തീരും. ഇപ്പോഴേ സായ്‌വത് പറയാന്‍ തുടങ്ങി.


''നോക്കെടാ കുഞ്ച്വോ. മക്കള് വന്ന് കേറുമ്പൊ സന്തോഷാണ്. അവര് ഇറങ്ങിപോവുമ്പൊ നെഞ്ചിലൊരു നീറല് വരും'' അത് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകയായിരുന്നു. മക്കളില്ലെങ്കിലും ആ ദുഃഖം മനസ്സിലാവുന്നുണ്ട്.


അത്തം മുതല്‍ മുറ്റത്ത് പൂവിടണം എന്ന് ദേവുവിന്ന് ഒരേ നിര്‍ബ്ബന്ധം. രാവിലെ എവിടെനിന്നെങ്കിലും കുറെപൂക്കള്‍ കൊണ്ടുവന്ന് കൊടുക്കും. അവള്‍ ഭംഗിയില്‍ പൂവിടും. അത് നോക്കി നില്‍ക്കും. 


''നോക്കിന്‍. നമുക്കൊന്ന് ജവുളികടേല് ചെന്നാലോ''ഒരു ദിവസം ദേവു ചോദിച്ചു.


''നിനക്ക് വേണച്ചാല്‍ പോവാം''.


''പുത്യേവീട്ടിലെ ആദ്യത്തെ ഓണോല്ലേ. നമുക്കത് കൊണ്ടാടണ്ടേ''ദേവു അവളുടെ ഇഷ്ടപ്രകാരം രണ്ടാള്‍ക്കും വേണ്ട തുണിത്തരങ്ങള്‍ വാങ്ങി. ഓണം ഗംഭീരമാക്കാന്‍ അവള്‍ ഒരുങ്ങുകയാണ്. വേണ്ട ഒത്താശകള്‍ ചെയ്ത് അവളോടൊപ്പം കൂടി. ഓണത്തിന്ന് ഒരാഴ്ചയുള്ളപ്പോഴാണ് പഞ്ചായത്ത് പ്രസിഡണ്ട് വന്നത്.


''കുഞ്ച്വോട്ടാ. നമ്മള് ഓണച്ചന്ത തുടങ്ങുണുണ്ട്. നാലഞ്ച് ദിവസം നിങ്ങള് സഹായിക്കാന്‍ വരണംട്ടോ''അയാള്‍ പറഞ്ഞതനുസരിച്ച് പിറ്റേദിവസം മുതല്‍ ഓണച്ചന്തയിലേക്ക് പോയിത്തുടങ്ങി.. സന്ധ്യകഴിഞ്ഞ് വരുമ്പോള്‍ ദേവുവിന്ന് എന്തെങ്കിലും വാങ്ങിക്കൊണ്ടുവരും. ഉത്രാടത്തിന്നുപോലും വീട്ടിലിരിക്കാന്‍ പറ്റിയില്ല. അന്ന് പതിവിലും തിരക്കായിരുന്നു. ഉച്ചയ്ക്ക് ഊണുകഴിഞ്ഞുചെന്നിട്ട് തിരിച്ചുവരുമ്പോള്‍ രാത്രിയായി.


''കൊറെ കാലായി ഇതിവിടെ ഇരിക്ക്യാണ്. ഇത് ഇത്തിരി കുടിച്ചിട്ട് കിടന്നോളിന്‍. പകലന്ത്യോളം പണീണ്ടായിരുന്നതല്ലേ''പകുതിയായ ബ്രാണ്ടിക്കുപ്പി ദേവു അകത്തുനിന്ന് കൊണ്ടുവന്ന് നീട്ടി''അത്വോല്ല നല്ലോരു ഓണായിട്ട് ഇത്തിരി സന്തോഷോക്കെ വേണ്ടേ. ഓണത്തിനും വിഷൂനും കുടിച്ച് ലെവലുകെട്ട് നടക്കുണ നിങ്ങള് ഇതിവിടെവെച്ചിട്ട് കുടിക്കാണ്ടിരിക്കുണത് കാണുമ്പൊ എനിക്കന്നെ സങ്കടം വരുണൂ''. 


ദേവു നീട്ടിയ കുപ്പി വാങ്ങി തിരിഞ്ഞുനോക്കിയത് ഉണ്ണികൃഷ്ണന്‍റെ പടത്തിലേക്കായി.


 ''ഞാനൊരു കുട്ടിയില്ലേ ഇവിടെ. അതാലോചിക്കാതെ കുടിക്കാന്‍ പാട്വോ''ചിരിച്ചുകൊണ്ട് ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നതുപോലെ തോന്നി.


''എനിക്ക് വേണ്ടാടി. ഞാനിത് കളയ്യാണ്. ഞാനിനി കുടിക്കുണില്യാ'' അതും പറഞ്ഞ് വെളിയിലിറങ്ങി കുപ്പി ദൂരത്തേക്ക് നീട്ടിയെറിഞ്ഞു. വേലിയുംകടന്ന് അപ്പുറത്തെ തൊടിയില്‍ ചെന്ന് അത് വീണുടഞ്ഞു.


(അവസാനിച്ചു)

Comments

Popular posts from this blog

അദ്ധ്യായം 61-70

അദ്ധ്യായം 1-10